കൂട്ടബലാത്സംഗത്തിനുശേഷം ഒരു സ്ത്രീയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്ന നാലു പ്രതികളെ, വിചാരണക്കു മുമ്പേ വെടിവെച്ചുകൊന്നു, തെലുങ്കാന പോലീസ്. ഈ സംഭവം വൈകാരികമായ ഒട്ടേറെ പ്രതികരണങ്ങള്‍ക്കിടയാക്കി. എല്ലാവരും തന്നെ പോലീസ് നടപടിയെ പ്രകീര്‍ത്തിച്ചു. ഉയര്‍ന്നു കത്തിയ വികാരം, അല്‍പമൊന്നു ശാന്തമാകട്ടെയെന്നു കരുതിയാണ് ഈ കുറിപ്പ് ഇത്രയും വൈകിയത്.
നിസ്സഹായയായ ഒരു യുവതിയെ കൂട്ടബലാത്സംഗത്തിനുശേഷം പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന ക്രൂരന്‍മാരായ നാലുപേരെ തെലുങ്കാനാ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ നാലു പ്രതികളെ, കൂടുതല്‍ തെളിവെടുക്കാന്‍ പോലീസ്‌കാവലില്‍ കൊണ്ടുപോയി. അവിടെവച്ച് പ്രതികള്‍, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അവരുടെനേരെ പോലീസിന്റെ തോക്ക് 'തീ തുപ്പി'. നാലുപേരും മരിച്ചുവീണു. ഒരാള്‍ക്ക് നാലോ അഞ്ചോ തവണ വെടിയേറ്റിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തെലുങ്കാനാ പോലീസ് നടപടിയെ അഭിനന്ദിച്ചു കൊണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടും 'തീ തുപ്പിയ തോക്കിനൊരുമ്മ' കൊടുക്കുന്നവരുണ്ട്. ബലാത്സംഗക്കേസിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിലുള്ള ആത്മരോഷമാണ് ഈ പ്രതികരണത്തിനു കാരണം. ഉദാഹരണങ്ങള്‍ പതലുണ്ട്. സിസ്റ്റര്‍ അഭയയുടെ ആത്മാവ്, മൂന്നു പതിറ്റാണ്ടോളമായി നീക്കുവേണ്ടി അലയുകയാണ് കോടതി വരാന്തകളില്‍. വെയിലില്‍ വിയര്‍ക്കാതെ, മഴയില്‍ നനയാതെ നല്ല ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കുന്നു ഗോവിന്ദ അച്ചാമി! നിര്‍ഭയയുടെ കൊലയാളികള്‍ക്കുള്ള വധശിക്ഷ, നിയമത്തിന്റെ നൂലാമാലകളില്‍ ഉടക്കിക്കിടക്കുന്നു. ഇതൊക്കെ കാണുമ്പോള്‍, ഏതൊരു മനുഷ്യനും ആദരിച്ചു പോകും തെലുങ്കാനാ പോലീസിനെ.
പെട്രോള്‍തീയില്‍ കത്തിയെരിഞ്ഞ് ജീവനുള്ള ഒരു ശരീരമാണ്. അതു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഒരാള്‍ താഴ്ചയില്‍ കുഴികുഴിച്ച് അവരെ അതില്‍ പിടിച്ചുനിര്‍ത്തി, കഴുത്തോളം ഉയരത്തില്‍ ഉമി നിറച്ച് ഇഞ്ചിഞ്ചായി അവരെ കരിച്ചുകൊല്ലണം. എന്നാല്‍ പോലും ആ സ്ത്രീ അനുഭവിച്ച വേദനയുടെ ഒരംശം പോലും ആകുന്നില്ല.
പക്ഷേ, കുറ്റാമ്പേഷണത്തിലെ അനുഭവങ്ങള്‍ തമ്മില്‍ ചില ചോദ്യങ്ങളുയര്‍ത്തും. കുറ്റാരോപിതനായ ഒരു പ്രതിയെ തല്‍ക്ഷണം വെടിവെച്ചു കൊല്ലുന്നത് ഒരു പരിഷ്‌കൃതരാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കു ചേര്‍ന്നതാണോ? കുറ്റം ചെയ്യാത്തവര്‍പോലും സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരായി കുറ്റം ഏറ്റു പറയാറില്ലേ? ഉണ്ടെന്നുള്ളതിന് അനുഭവങ്ങള്‍ പലതുണ്ട്. 2017 ഫെബ്രുവരി ഏഴാം തീയതി, കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലില്‍ പതിനാറു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി പ്രസവിച്ചു. ഉടന്‍തന്നെ കുഞ്ഞിനെ വയനാട്ടിലുള്ള ഹോളി ഇന്‍ഫന്റ് ഓര്‍ഫനേജിലേക്ക് മാറ്റുകയും ചെയ്തു. ഇതിലെന്തൊക്കെയോ ദുരൂഹതയുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പരാതി, കണ്ണൂര്‍ ചൈല്‍ഡ് ലൈനിനു കിട്ടി. പോലീസ് അന്വേഷിച്ചു. പ്രസവിച്ച, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടവളാണെന്നു കണ്ടെത്തി, ഈ കേസിന്റെ ഒരു ഘട്ടത്തില്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, താനാണ് ഈ കൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ, ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ തന്ത! തെലുങ്കാന പോലീസിന്റെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍, ഈ മനുഷ്യനെ തലശ്ശേരി കവലയില്‍ കൊണ്ടു നിറുത്തി വെടിവെച്ചു കൊല്ലണമായിരുന്നു. പക്ഷേ, കേരളപോലീസിന്റെ തോക്ക് തീ തുപ്പിയില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടര്‍ന്നു. ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് ഈ ഹീനകൃത്യത്തിന്റെ കുറ്റവാളിയെന്ന് കണ്ടെത്തി. 2019 ഫെബ്രുവരി 16-ാം തീയതി ഫാദര്‍ റോബിന്‍ ശിക്ഷിക്കപ്പെട്ടു. ഇന്ന് അദ്ദേഹം ജയിലിലാണ്. പൗരോഹിത്യത്തിന്റെ അപ്രതിരോധ്യമായ സമ്മര്‍ദം മൂലമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ചെയ്യാത്ത കുറ്റത്തിന്റെ കുരിശ് സ്വന്തം തോളില്‍ കയറ്റിവച്ചത്. അവഹേളനത്തിന്റെ മുള്‍മുടി സ്വയം തലയില്‍ തറച്ച ആ വിശ്വാസി സഭക്കു വേണ്ടി ജീവിക്കുന്ന രക്തസാക്ഷിയാകുകയായിരുന്നു. കേരളത്തില്‍, 25 വര്‍ഷം മുന്‍പു നടന്ന തൊഴിയൂര്‍ സുനില്‍ വധക്കേസിലും ശിക്ഷിക്കപ്പെട്ടത് നിരപരാധികളാണെന്ന് ഈയിടെ തെളിയിക്കപ്പെട്ടു.
പ്രതിഫലത്തിനുവേണ്ടി, പ്രലോഭനങ്ങളില്‍പെട്ട്, ഭീഷണിക്കു വഴങ്ങി, പീഡനത്തിന്റെ കാഠിന്യംകൊണ്ട്, ചെയ്യാത്ത കുറ്റം ചെയ്‌തെന്ന് ഏറ്റുപറയുന്നവരുണ്ട്. അവരുടെയൊക്കെ നേരെ തോക്കുകള്‍ തീ തുപ്പിയാല്‍? അമേരിക്കയില്‍ 2019-ല്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 463 പേര്‍ നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അവരില്‍ 24 പേര്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവര്‍! ഇവരുടെയൊക്കെ നേരെ തെലുങ്കാന മോഡലില്‍ തോക്കുകള്‍ തീ തുപ്പിയിരുന്നെങ്കില്‍?
തെലുങ്കാനയില്‍ സംഭവിച്ചതെന്ത്? നാലുപേരെ വെടിവച്ചു കൊന്നത്, തെളിവെടുപ്പുസമയത്ത് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ടാണ്! ഇവര്‍ക്ക് കൈവിലങ്ങില്ലായിരുന്നോ? വേണ്ടത്ര പോലീസ് കാവല്‍ ഇല്ലായിരുന്നോ? ഈ നാലുപേര്‍ ഏതെങ്കിലും ബലാത്സംഗ മാഫിയയുടെ അടിമജോലിക്കാര്‍ മാത്രമാണോ? ഉന്നതര്‍ക്കെതിരെ തെളിവു പുറത്തുവരാതിരിക്കാന്‍ മാഫിയയ്ക്കുവേണ്ടി പോലീസ് പ്രവര്‍ത്തിച്ചതാണോ? അന്വേഷണം തുടരേണ്ടിയിരുന്നു.
അധികാരത്തിന്റെയും സമ്പത്തിന്റെയും പൗരോഹിത്യത്തിന്റെയും പിന്‍ബലത്തില്‍, തികച്ചും ആദരണീയരായി വിലസുന്ന ക്രിമിനല്‍സ് ധാരാളമുണ്ട്. അവരുടെയൊന്നും നേരെ പോലീസിന്റെ തോക്ക് തീ തുപ്പാറില്ല. അവരുടെ മുമ്പില്‍ പോലീസ് വെക്കുന്നത് ആചാരവെടിയാണ്!
'തീ തുപ്പിയ തോക്കിനൊരുമ്മ' കൊടുക്കുന്നവര്‍, മറക്കരുത്, ആ തീ പലപ്പോഴും ചാമ്പലാക്കുന്നത് നിരപരാധികളെയാണ്. ആ പുകമറയില്‍ രക്ഷപ്പെടുന്നത് യഥാര്‍ത്ഥ കുറ്റക്കാരാണ്.