MediaAppUSA

അവസരങ്ങള്‍ കിട്ടിയാല്‍ ന്യൂജെന്‍ മാസ്സാണ് കിടുവാണ് (മിനി വിശ്വനാഥന്‍)

Published on 08 February, 2020
അവസരങ്ങള്‍ കിട്ടിയാല്‍ ന്യൂജെന്‍ മാസ്സാണ് കിടുവാണ് (മിനി വിശ്വനാഥന്‍)
അഞ്ചാംപാതിര എന്ന നല്ലസിനിമ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ന് വീണ്ടുമൊരു സിനിമ കാണാന്‍ പുറപ്പെട്ടത്.വരനെആവശ്യമുണ്ട് പ്രതീക്ഷകള്‍ തെറ്റിച്ചില്ല.ഒരു പാട് സംഘര്‍ഷങ്ങളും പ്രതിസന്ധികളുമൊന്നുമില്ലാത്ത വളരെ നല്ല സിനിമ.
എപ്പോഴും സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ നിറയെ നല്ല മനുഷ്യരുണ്ടായിരിക്കും. ജീവിതം ഇത്രയൊക്കെയേ ഉള്ളൂ; അതങ്ങിനെ നന്നായിത്തന്നെ പോവട്ടെ എന്ന ഒരു മട്ടില്‍ ജീവിക്കുന്ന കുറെ മനുഷ്യര്‍.

അതുപോലെ അനൂപ്‌സത്യനും സ്‌നേഹിക്കാനറിയുന്ന കുറച്ച് മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്നു.
കോംപ്ലിക്കേറ്റഡ് ആയ കുറെയേറെ ബന്ധങ്ങള്‍ ഒരു നേര്‍രേഖയില്‍ കൃത്യമായി ഭംഗിയായി ഒതുക്കിച്ചേര്‍ത്തുവെച്ചിരിക്കുന്നു.

കുറുമ്പുകളും കുസൃതികളും ഒപ്പം പ്രായോഗികമായി ചിന്തിക്കുന്ന യൗവനവും , അപ്രായോഗികമെന്ന് തോന്നിപ്പിക്കുന്ന വിധം പ്രണയിക്കുന്ന മദ്ധ്യവയസ്കരുമുണ്ട് ഈ സിനിമയില്‍.

സിനിമാനടി ശോഭനയെ പ്രണയിച്ചിരുന്നു എന്ന് മേജര്‍ ഉണ്ണികൃഷ്ണന്‍ തുറന്നു പറയുമ്പോള്‍ ഞാനും എന്ന് ഓര്‍ക്കുന്നു അടുത്ത സീറ്റിലിരുന്നയാള്‍. സുരേഷ് ഗോപിയെ ആരാധിച്ചിരുന്ന പെണ്‍തലമുറ ചിരിച്ചു കൊണ്ടതിനെ അംഗീകരിക്കുന്നു.
ഞങ്ങളുടെ തലമുറയ്ക്കിത് തിരിഞ്ഞുനോട്ടം കൂടിയായിരുന്നു. വൈശാഖ സന്ധ്യയുടെ പ്രണയമധുരം അനുഭവിച്ച ഞങ്ങളുടെ പ്രായക്കാര്‍ക്ക് പ്രത്യേകിച്ചും...

സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും, മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയുമൊക്കെയായിരുന്നു ഞങ്ങളുടെ സിനിമാ ചര്‍ച്ചകളിലും, പ്രണയത്തിന്റെ നിര്‍വ്വചനങ്ങളിലും അന്ന് നിറഞ്ഞ് നിന്നിരുന്നത്.
അവരുടെ മക്കള്‍ വീണ്ടും ഒന്നിച്ച് മുന്നിലേക്ക് കടന്ന് വന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു....

അഭിനയിക്കുമ്പോള്‍,
ശോഭനയും, സുരേഷ് ഗോപിയും എത്ര മനോഹരമായാണ് തങ്ങളുടെ പ്രണയം പങ്ക് വെച്ചത് !
എത്ര കൈയൊതുക്കത്തിലാണ് അഭിനയിച്ചത്!
കല്യാണിയും ദുല്‍ഖറുമടങ്ങുന്ന പുതുതലമുറ എത്ര ആയാസരഹിതമായാണ് ,സ്വാഭാവികമായാണ് അഭിനയിച്ചിരിക്കുന്നത് !

ഉര്‍വ്വശിയും, കെ.പി.എ.സി ലളിതയും, ശോഭനയും .....
എത്ര തരം പെണ്ണുങ്ങളാണീ സിനിമയില്‍ !
അപ്രധാന കഥാപാത്രങ്ങള്‍ ആരുമില്ല ഇതില്‍..

സൈക്യാട്രിസ്റ്റും, കുക്കറമ്മയും (ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ശ്രീജാ രവി ) ശോഭനയുടെ സ്റ്റുഡന്റും, വിവാഹബ്യൂറോയിലെ പെണ്‍കുട്ടിയുമടക്കം ഒന്നോ രണ്ടോ രംഗങ്ങളില്‍ മിന്നി മറയുന്ന ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം.

ലാല്‍ജോസ് ഒന്നു രണ്ട് രംഗങ്ങളിലാണെങ്കിലും പുതിയ ടെക്‌നോളജികളും സംസ്കാരവുമൊന്നുമറിയാത്ത ഗ്രാമീണനായ അച്ഛനായി തിളങ്ങി.

പ്രഭാകരനായി മാറിയ ജിമ്മിപ്പട്ടി പോലും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു...
കെ. എഫ്.സി കോഴിക്കുട്ടിയും.
ഏറെയൊന്നും പറയാനില്ല; ധൈര്യമായി കുടുംബസമേതം കാണാവുന്ന നല്ലൊരു സിനിമയാണിത്.

പ്രണയമൊഴുകാന്‍ പ്രായഭേദമില്ലെന്ന് യുവതലമുറ പറഞ്ഞു തരുമ്പോള്‍ കേള്‍ക്കാന്‍ നല്ല സുഖമുണ്ട്.
കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകളും, സന്ദര്‍ഭങ്ങള്‍ക്കിണങ്ങുന്ന പശ്ചാത്തല സംഗീതവും, വികാരങ്ങള്‍ കൃത്യമായ ഫ്രെയിമിലൊതുക്കി നല്ല കാഴ്ച സമ്മാനിച്ച ഫിലിമോട്ടോഗ്രഫിയും ഈ പടത്തിന്റെ ആസ്വാദനം കൂടുതല്‍ ഭദ്രമാക്കുന്നു.

ആശംസകള്‍, ആശീര്‍വാദങ്ങള്‍ അനൂപ്‌സത്യനും ടീമിനും.

പ്രതീക്ഷകള്‍ ഉണ്ട്, പുതു തലമുറയുടെ പുതു സിനിമകളില്‍.
അവസരങ്ങള്‍ കിട്ടിയാല്‍ ന്യൂജെന്‍ മാസ്സാണ്.
കിടുവാണ്.BENNY KURIAN 2020-02-09 22:24:34
നല്ല റിവ്യൂ. സിനിമ കാണണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക