ദില്ലിയില്‍ എഎപിയില്‍ നിന്നേറ്റ ആഘാതം ബിജെപിയ്ക്ക് കരകയറാനാവാത്ത പതനത്തിന്റെ ആരംഭമായിരിക്കും. സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാര്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന അഹന്തയുടെ മസ്തകം തകരാന്‍ ഇനി അധികകാലമില്ല. മോദിയും അമിത്ഷായും നേരിട്ടിറങ്ങി പതിനെട്ടടവും പയറ്റിയിട്ടും ജനം ബിജെപിയെ സമ്പൂര്‍ണമായി തിരസ്‌കരിച്ചതിന്റെ സന്ദേശം വ്യക്തമാണ്.തെരഞ്ഞെടുപ്പില്‍ മോഡിയും അമിത് ഷായും കെജ്‌രിവാളും നേര്‍ക്കുനേര്‍നിന്ന് മാറ്റുരയ്ക്കുകയായിരുന്നു. എന്തായിരുന്നു ബിജെപിയുടെ യുദ്ധസന്നാഹം ഡല്‍ഹി പിടിക്കുവാനായി? നരേന്ദ്ര മോഡിയും അമിത് ഷായും വിഷം ചീറ്റുന്ന പ്രസ്താവനകളുമായി മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാരും 250ല്‍പരം എംപിമാരും 11 മുഖ്യമന്ത്രിമാരും അരലക്ഷത്തോളം ആര്‍എസ്എസ് വളന്റിയര്‍മാരും സര്‍വസന്നാഹവുമായി രംഗത്തിറങ്ങിയിട്ടും ബിജെപിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.
തീവ്രവര്‍ഗീയതയും വിദ്വേഷവും ഇളക്കിവിട്ടും വോട്ടര്‍മാര്‍ക്ക് പണമടക്കം സമ്മാനങ്ങള്‍ വിതരണംചെയ്തും നടത്തിയ പ്രചാരണം ജനംതള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റില്‍ ജയവും 56.58 ശതമാനം വോട്ടും നേടിയ ബിജെപിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തോളം വോട്ട് നഷ്ടപ്പെട്ടു.
മതത്തെ മാത്രമല്ല, സേനയെപ്പോലും വോട്ടിനായി ദുരുപയോഗപ്പെടുത്തിയ ചരിത്രവും. എന്താണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് നോക്കുക. ''നിങ്ങള്‍ ഇന്ത്യയുടെ സായുധസേനയെ അപമാനിക്കുന്നവരെ ശിക്ഷിക്കണം. നിങ്ങള്‍ നിങ്ങളുടെ അരിശം വോട്ടിലൂടെ രേഖപ്പെടുത്തണം. അങ്ങനെ ദേശവിരുദ്ധ രാഷ്ട്രീയത്തിന് അറുതിവരുത്തണം,കെജ്‌രിവാളിനെ ഭീകരവാദി എന്നാണ് അമിത് ഷായുടെ ആര്‍മി ചിത്രീകരിച്ചത്. മറ്റൊരു കേന്ദ്രമന്ത്രി ദേശദ്രോഹികളെ (ബിജെപി വിരുദ്ധരെ) വെടിവച്ചു കൊല്ലാനാണ് ആഹ്വാനം ചെയ്തത്. കെജ്‌രിവാളിനെ നട്‌വര്‍ലാല്‍ എന്ന് വിളിച്ചതും ഷാഹീന്‍ബാഗ് സമരക്കാരെ ഒന്നടങ്കം ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും വിളിച്ചതും ഈ തെരഞ്ഞെടുപ്പ് ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് തുല്യമാണെന്ന് പറഞ്ഞതും വേറെ.മാത്രമല്ല ഇന്ത്യയില്‍ വിക്കാന്‍ ഇനി ഒന്നുമില്ല സാമ്പത്തികമായി ഇന്ത്യ ബംഗ്‌ളാദേശിനേക്കാള്‍ പിന്നിലായി . ആദായ വില്പന സ്‌റ്റോക്ക് തീരും വരെ എന്നായി സ്ഥിതി , കൂടാതെ സ്വന്തം പൗരന്മാരെ നാടുകടത്തുമെന്നു പറയുന്ന ഭരണകൂടത്തിന്റെ വെളിവില്ലായ്മ ഇതിനൊക്കെ ഉള്ള ഉത്തരമാണ് ബിജെപി ക്കു ഡെല്‍ഹില്‍ കിട്ടിയത്.
എന്നാല്‍ സദ്ഭരണത്തിന് ലഭിച്ച അംഗീകാരമാണ് കെജ്‌റിവാളിന്റെ വിജയം. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലെല്ലാം ജനങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം സേവനം നല്‍കാന്‍ ആം ആദ്മി ഭരണത്തിനു കഴിഞ്ഞു. പൊതുവേ പരാതിയില്ലാത്തതും അഴിമതിരഹിതവുമായ ഭരണം കെജ്‌റിവാളിനും ആം ആദ്മിയ്ക്കും ചെറിയ മേല്‍ക്കൈയല്ല നല്‍കിയത്. ഭരണവിരുദ്ധവികാരം തെല്ലുമേ ഉണ്ടായിരുന്നില്ല എന്നാണ് ഈ മഹാഭൂരിപക്ഷത്തില്‍ നിന്ന് മനസിലാക്കേണ്ടത്.
കഴിഞ്ഞ പാര്‌ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഫലപ്രദമായ സഖ്യം ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലി ബിജെപി തൂത്തുവാരിയത്. അതില്‍ നിന്ന് ആം ആദ്മി പാഠം പഠിച്ചു. ജയിക്കാന്‍ അവര്‍ നന്നായി ഗൃഹപാഠം ചെയ്തു. അതിനനുസരിച്ച് അധ്വാനിച്ചു ഇത്തവണ ഫലം കണ്ടു .ബിജെപി യുടെ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ ആദ്മി പാര്‍ട്ടി വികസനത്തിന്റെ കഥപറഞ്ഞു ജനം ഇത്തവണ അത് സ്വീകരിച്ചു .അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ടുമാത്രം ലഭിച്ച എഎപിയുടെ വോട്ടുവിഹിതം ഇപ്പോള്‍ മൂന്നിരട്ടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍പ്പോലും മുന്നിലെത്താന്‍ എഎപിക്ക് കഴിഞ്ഞിരുന്നില്ല.
ഈ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമത്തെ പ്രധാന കക്ഷി കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ ഇന്ത്യ ഭരിച്ചവരും ഡല്‍ഹി ഭരിച്ചവരുമാണ് കോണ്‍ഗ്രസ്. പതിവുപോലെ വര്‍ഗീയതയും വിദ്വേഷപ്രചരണവുമായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ടുകള്‍. പക്ഷേ, ജനം മൈന്‍ഡു ചെയ്തില്ല. കെജ്‌റിവാളിനെ ഭീകരവാദിയെന്നു വിളിച്ച അറ്റകൈ പ്രയോഗത്തിനും രക്ഷ കിട്ടിയില്ല. ബിജെപിയുടെ ഹിന്ദുത്വക്കാര്‍ഡിന്റെ നിറവും പ്രസക്തിയും മങ്ങുകയാണ്. തുടര്‍ച്ചയായി അവര്‍ നേരിടുന്ന പരാജയങ്ങളുടെ സൂചന അതാണ്. ശക്തമായ ബദലുണ്ടെങ്കില്‍ ബിജെപി പരാജയപ്പെടുത്താന്‍ കഴിയുന്ന ശക്തി തന്നെയാണ് ഇന്ത്യയില്‍.
ബിജെപി അപ്രതിരോധ്യരല്ല എന്ന് ഇനിയും മനസിലാകാത്തത് കോണ്‍ഗ്രസിനാണ്. സ്വയം ദയനീയ പരാജയം ഏറ്റുവാങ്ങിയെന്നു മാത്രമല്ല, ഇന്ത്യയിലെ ബിജെപി വിരുദ്ധ മുന്നണിയില്‍ അതിവേഗം കോണ്‍ഗ്രസ് അപ്രസക്തമാവുകയുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ പത്തൊമ്പതു ശതമാനം വോട്ടില്‍ നിന്ന് വെറും നാലു ശതമാനത്തിലേയ്ക്കാണ് കോണ്‍ഗ്രസ് ഇത്തവണ മുതലക്കൂപ്പു നടത്തിയത്.സ്വന്തം ശക്തിയിലുള്ള അമിതമായ വിശ്വാസവും ഗര്‍വും മൂലം വ്യാജമായ അവകാശവാദങ്ങളിലും അടിസ്ഥാനമില്ലാത്ത വിലപേശലും വഴി സ്വന്തം ശവക്കുഴി വെട്ടുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ദില്ലിയില്‍ ഏറ്റവും വലിയ കക്ഷി ആം ആദ്മിയാണ് എന്ന് അംഗീകരിച്ചുകൊണ്ട്, തിരഞ്ഞെടുപ്പു സഖ്യത്തിനു തയ്യാറായിരുന്നെങ്കില്‍, ഇന്ന് പൂജ്യം നേടിയ കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ബിജെപിയെ നമുക്കു കാണാമായിരുന്നു. ആ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതിന് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തോട് കോണ്‍ഗ്രസ് കണക്കു പറയേണ്ടി വരും. മറ്റൊന്ന് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 63 സീറ്റും ബിജെപിക്കു 7 സീറ്റും കിട്ടുമായിരുന്നെങ്കില്‍ ഒരുപക്ഷെ ബിജെപി ഡല്‍ഹി ഭരിച്ചേനെ കാരണം കോണ്‍ഗ്രസ് പുതിയ പാരമ്പര്യം അനുസരിച്ചു സ്വയം വില്കപ്പെടാനോ വാങ്ങാനോ നിന്ന് കൊടുക്കാന്‍ സാധ്യത ഉണ്ടായിരുന്നു ജനത്തിന് ഇത് മനസിലായത് കൊണ്ടുമാണ് 63 സീറ്റില്‍ കോണ്‍ഗ്രസിന് കെട്ടിവച്ചു കാശു കൊടുക്കാതെ ജനം തോല്പിച്ചത് .ഇതിനടയില്‍ ഇടതുപക്ഷത്തെ നിലയെന്നു ചോദിച്ചാല്‍ പട്ടരുടെ സദ്യക്കു പോയിട്ട് കോഴി ബിരിയാണി ചോദിക്കുന്നപോലെയാണ് ഇടതുപക്ഷം ഈ രാജ്യം ഭരിച്ചിട്ടില്ല. ചില ഇടങ്ങളില്‍ പേരിനു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതല്ലാതെ ബാക്കിയുള്ളയിടങ്ങളില്‍ ബിജെപി യെ തോല്‍പിക്കാന്‍ വോട്ട് ചെയ്യുകയായിരുന്നുഇടതുപക്ഷം .എന്നാല്‍ കോണ്‍ഗ്രസ് ഡല്‍ഹി ഭരിച്ചു മുടിച്ചു. സാധാരണക്കാരന്റെ ജീവിതത്തില്‍ പുരോഗതി കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഴിമതിയും, ആദര്‍ശം ഇല്ലായ്മയും. രാജ്യത്തോട് ഉത്തരവാദിത്തം ഇല്ലാതെയും ഭരിച്ചു മുടിച്ചു കോണ്‍ഗ്രസ് അതിന്റെ ഫലം അവര്‍ അനുഭവിക്കുന്നു ചുരുക്കത്തില്‍ കോണ്‍ഗ്രസ്സ് ഗതകാലപ്രൌഢിയുടെ വീരസ്യം പറഞ്ഞ്, ഇല്ലാത്ത ശക്തി അഭിനയിച്ച് സ്വയം അസ്തമിക്കാന്‍ തയ്യാറെടുക്കുന്നു. ആര്‍ക്കും അവരെ രക്ഷിക്കാന്‍ കഴിയില്ല.
ബിജെപിയെ തൂത്തെറിഞ്ഞ ദില്ലിയിലെ ജനങ്ങള്‍ക്കും ആം ആദ്മി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അരവിന്ദ് കെജ്‌റിവാളിനും അഭിനന്ദനങ്ങള്‍ .