"എന്റെ വാവ ഉയരത്തില്‍ പറക്കുക ..... നീ പറന്നകന്നിട്ട് ആറാം വര്‍ഷം , ആ വേദന ഇപ്പോഴും അങ്ങനെതന്നെ നില്ക്കുന്നു .നിന്റെ ശബ്ദം കേള്‍ക്കാന്‍ പുഞ്ചിരിക്കാനും ഞാനാണ് നിന്റെ ഫോണ്‍ ശബ്ദം കേട്ടുകൊണ്ടേയിരിക്കുന്നു .നീ ഇത് മാറ്റാതിരുന്നതില്‍ എനിക്ക് സന്തോഷമുണ്ട് ... ഞങ്ങളുടെ വാവേ ഞങ്ങള്‍ക്ക് വേണ്ടി എന്തെല്ലാമാണ് അവശേഷിപ്പിച്ചത് ...നീ ഇല്ലാതെ ഈ ലോകത്ത് ജീവിക്കുന്നതില്‍ ഞങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നു, പക്ഷേ ഞാന്‍ ആ 19 വര്‍ഷത്തിനിടയില്‍ നിന്റെ ജീവിതം എത്രമാത്രം വിലപ്പെട്ടതും അര്‍ത്ഥവത്തായതുമായിരുന്നുവെന്നും നീ ഇതിനോടകം എരത്രയധികം ജീവിതങ്ങളെ സ്വാധീനിച്ചുവെന്നും അവരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും മനസ്സിലാക്കണം. അതാണ് എനിക്ക് ഏക ആശ്വാസം. ഞാന്‍ നിന്നെ ഇപ്പോള്‍ 25 വയസ്സില്‍ സങ്കല്‍പ്പിക്കുന്നു ... ഒരു പോലീസ് യൂണിഫോമില്‍ .. .നിനക്കുണ്ടായിരുന്ന ശൈലി ....
നീ എപ്പോഴും ചോദിക്കുമായിരുന്നില്ലേ
ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ?
ഞങ്ങള്‍ക്ക് നിന്നെ നഷ്ടമായി എന്നന്നേക്കുമായി ..
ഞങ്ങള്‍ നിന്നെ വീണ്ടും കണ്ടുമുട്ടുന്നത് വരെ സമാധാനത്തോടെ വിശ്രമിക്കുക എന്റെ വാവാച്ചി .."
ഒരമ്മയുടെ ഹൃദയഭേദകമായ കുറിപ്പാണിത് ..
അകാലത്തില്‍ പൊലിഞ്ഞു പ്രവീണ്‍ വര്‍ഗീസിന്റെ 'അമ്മ ലൗലി വര്‍ഗീസ് തന്റെ എഫ് ബി പേജില്‍ കുറിച്ച വാക്കുകള്‍ ആണിത് ...
നെഞ്ചകം കീറി വിളിക്കുന്ന വിളിയാണത് .ഒരിക്കലും മകന് തിരിച്ചുവരില്ല എന്നറിഞ്ഞിട്ടും മകന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ സദാ സജീവമായി മകന്റെ ഘാതകന് തക്കതായ ശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരാന്‍ തയാറെടുത്ത ഈ അമ്മയെയും കുടുംബത്തെയും നമുക്കറിയാം,അമേരിക്കന്‍ മലയാളികള്‍ക്കറിയാം .
പ്രവീണ്‍ വര്‍ഗീസ് എന്ന് കേള്‍ക്കുമ്പോള്‍ ചിക്കാഗോയിലെ ഒരു വനാന്തരത്തില്‍ മരിച്ചു കിടന്ന ഒരു ചെറുപ്പക്കാരനെയും പിന്നീടയാള്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ ചര്ച്ചവിഷയവുമായ സംഭവ ബഹുലമായ കഥകള്‍ക്ക് പിന്നില്‍ കരുത്തോടെ പോരാടിയ ഒരു അമ്മയുടെയും ,പിതാവ് വര്‍ഗീസിന്റെയും ,കുടുംബത്തിന്റെയും കഥ കൂടി നമ്മള് അറിയേണ്ടതുണ്ട് .
2014 ല്‍ കാര്‍ബണ്‍ഡലിലെ ബഫലോ വൈല്‍ഡ്വിങ്സിനടുത്തുള്ള വനാന്തരങ്ങളില്‍ നിന്നാണ് പ്രവീണിന്റെ മൃതദേഹം കണ്ടെടുക്കപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൈപോതെര്‍മിയ ബാധിച്ചു മരണപ്പെട്ടു എന്ന് വിലയിരുത്തിയെങ്കിലും അപ്രതീക്ഷിതമായ വഴിത്തിരിവിലൂടെ അതൊരു സാധാരണ മരണമല്ലെന്ന് വര്‍ഗീസ് കുടുംബം തിരിച്ചറിഞ്ഞു. അന്നുമുതല്‍ മകന് നീതിലഭിക്കാന്‍, അവന്റെ മരണത്തിനുത്തരവാദിയായവനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ലൗലിയും കുടുംബവും പ്രയത്നിച്ചു കൊണ്ടിരുന്നു. ലൗലിക്ക് വലിയൊരു കൈത്താങ്ങായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണും രംഗത്തെത്തി. അന്വേഷണത്തിനൊടുവില്‍ ഗേജ് ബത്തൂണ്‍ എന്ന 23 കാരനെ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിലെ വിചാരണയില്‍ വെച്ച് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് റോബിന്‍സണ്‍ തെളിയിക്കുകയും ചെയ്തു. എല്ലാറ്റിന്റെയും അവസാനമെന്നോണം നീതി ലഭിച്ചുവെന്ന് വിശ്വസിച്ചു കോടതിമുറിയില്‍ വിധിയും കാത്തിരുന്ന ലൗലി വര്‍ഗീസിന് പക്ഷെ കണ്ണീരോടെ മടങ്ങേണ്ടി വന്നു. ചാര്‍ജ് ഷീറ്റില്‍ റോബിന്‍സണ്‍ എഴുതിയ "നോവിങ്ലി" എന്ന വാക്കില്‍ ആശയക്കുഴപ്പമുണെന്ന് ആരോപിച്ച് ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക് ഗേജിനെ വെറുതെ വിട്ടു. എന്ത് ചെയ്യണമെന്നറിയാതെ നാടൊട്ടുക്കും പകച്ചുപോയി. എന്നാല്‍ മകന്റെ മരണത്തില്‍ മനംനൊന്ത്, നിസ്സഹായയായി നിന്ന ആ അമ്മക്ക് കൂട്ടായി ആയിരക്കണക്കിന് ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും ഓടിയെത്തിയത്.
ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന്റെ അന്യായ വിധിക്കെതിരെ റോബിന്‍സണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് അതിനായുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. 6 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രവീണ്‍ വധക്കേസ് ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്നത് എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തുന്നു. ഗേജ് ഇന്ന് സ്വതന്ത്രനാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ പ്രവീണിനെ തലക്കടിച്ചു കൊന്ന അയാള്‍ ഇന്ന് ആരെയും ഭയക്കാതെ സമൂഹത്തില്‍ വിലസി നടക്കുന്നു.
2014 ല്‍ ആരംഭിച്ച നീതിക്ക് വേണ്ടിയുള്ള പോരാട്ടയാത്രയില്‍ ഇന്നുവരെ പല പരീക്ഷണങ്ങളും വര്‍ഗീസ് കുടുംബത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴും ദൈവം ഇട്ട് തന്ന ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചു കയറി ആ പോരാട്ടം തുടരുകയാണുണ്ടായത്. പ്രവീണ്‍ വധക്കേസ് നിര്‍ണ്ണായകവഴിത്തിരിവിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ഫ്യൂണറല്‍ ഹോം ഡയറ്കടര്‍ മാര്‍ക്ക് റിസോ മുതല്‍ പ്രവീണിനെ സ്നേഹിക്കുന്നവരുടെയും ഈ കേസില്‍ സത്യം വിജയിക്കണമെന്ന് പ്രവീണിനായി കൈകോര്‍ത്തവര്‍ ,നീതിക്കായി വര്‍ഗീസ് കുടുംബത്തിനൊപ്പം അണിനിരന്നവര്‍ ,അവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല എന്നുറപ്പാണ് ..
എന്തെല്ലാം പ്രതിസന്ധികള്‍ ഈ കേസില്‍ ഉണ്ടായപ്പോഴും സത്യത്തിനായി ഒരു കിളിവാതില്‍ എപ്പോഴും ദൈവം തുറന്നിടും..പ്രവീണ്‍ വര്‍ഗീസ് കേസില്‍ ആത്യന്തിക വിജയം വര്‍ഗീസ് കുടുംബത്തിന് തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല .ആ ദിവസം ഒരു പക്ഷെ ,മലയാളിയുടെ വിജയം കൂടി ആയിരിക്കും അത് .ലോകപൊലീസ് എന്ന് നമ്മള് വിശേഷിപ്പിക്കുന്ന അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ തന്നെ അനീതിക്കൊപ്പം കൈകോര്‍ത്ത സാഹചര്യത്തിലും ലൗലി വര്‍ഗീസ് എന്ന ആ അമ്മയെ ഒറ്റപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല . കാരണം ലൗലിയും പ്രവീണും ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ നെഞ്ചിലെ വേദനയായി ജീവിക്കുകയാണ്. ആ വേദനക്ക് പകരം ചോദിക്കാനും പറയാനും നമ്മള് ഉണ്ടാവണം .മനസ്സാക്ഷി മരിക്കാത്ത ജനങ്ങള്‍.