കവിത ഒന്ന്
കുപ്പായങ്ങള്‍
....................
പ്രണയം വിവാഹത്തില്‍ അവസാനിച്ച ദിവസം
അവന്‍ കാമുകന്റെ കുപ്പായം
വലിച്ചെറിഞ്ഞു
ഭര്‍ത്താവിന്റെ കുപ്പായം എടുത്തണിഞ്ഞു,
അവള്‍ ഒരിക്കലും കാമുകിയുടെ കുപ്പായം ഊരിയതേയില്ല
പക്ഷേ, അവളുടെ നിറമുള്ള കാമുകിക്കുപ്പായത്തിന്റെ
മുകളിലായി
പാചകക്കാരിയുടെയും,
അലക്കുകാരിയുടെയും
ജോലിക്കാരിയുടെയും
അടിച്ചു തളിക്കാരിയുടെയും
കൂടെക്കിടപ്പുകാരിയുടെയും
കാര്യസ്ഥയുടെയും
പൂന്തോട്ടക്കാരിയുടെയും
വാഹനം ഓടിക്കുന്നയാളുടെയും
ഭാര്യയുടെയും
അമ്മയുടെയും കുപ്പായങ്ങള്‍ അവളെങ്ങിനെയൊക്കെയോ വലിച്ചു കയറ്റി !
അതിനാല്‍ കാമുകിക്കുപ്പായം അവള്‍ പോലും
കാണാതെ മറഞ്ഞു കിടന്നു.
..........
അയാള്‍ വരുന്നിടം വരെ !
..........................................
കവിത 2
ഒരൊറ്റ ചിന്ത മാത്രം -
മീനു എലിസബത്ത്..
.........................
ആദ്യ കാഴ്ചയിലെ ആകര്‍ഷണം
ആദ്യാനുരാഗം - പ്രണയം
ആദ്യസ്പര്‍ശം ....
ആദ്യ ചുംബനം ...
ആദ്യ രതി ...
ആദ്യ വിരഹം...
ആദ്യത്തെ പിണക്കം .. കുറുമ്പ് ... വീണ്ടും ഒന്നാകല്‍...
എല്ല്‌ലാം ...എല്ലാം
അവള്‍ മറന്നു !
അവന്റെ കൈപ്പത്തി ആദ്യമായ് കരണത്ത് വീണപ്പോള്‍
നിനക്ക് നാല് തല്ലിന്റെ കുറവാണെന്നവന്‍ പ്രസ്താവിച്ചപ്പോള്‍!
വയറ്റത്ത് തൊഴി കിട്ടിയപ്പോള്‍!
കൊരവള്ളിക്കു പിടിച്ചു ശ്വാസം നിലക്കാറായപ്പോള്‍!
അവള്‍ എല്ലാം മറന്നു....
ഇപ്പോള്‍ ഒരൊറ്റ ചിന്തയെ അവള്‍ക്കുള്ളു
എപ്പോളാവും അടുത്ത അടി വരുന്നതെന്ന്
ആ ഒരൊറ്റ ചിന്ത.
..........................
കവിത 3
ആര്‍ക്കു വേണം ?
...::................:......
മീനു എലിസബത്ത്
.........................:::
നിന്നോടെനിക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞ ദിവസം നമ്മള്‍ സുഹൃത്തുക്കള്‍ അല്ലതെയായി!
നീ എന്നില്‍ നിന്നും അകന്നു.
വ്യത്യസ്തനായിരുന്നു പിന്നീടുള്ള നമ്മള്‍ !
എന്റെ ഫോണ്‍ കോളുകള്‍ നീ ഗൗനിക്കാതെയായി!
മെസ്സേജുകള്‍ക്കു മറുപടികള്‍ അയക്കാതെയായി ..
എന്നെ നീ വെറുക്കാന്‍ തുടങ്ങിയിരുന്നോ എന്ന് പോലും സംശയം തോന്നിത്തുടങ്ങി..
പറയരുതായിരുന്നു !
ഒരിക്കലും പറയരുതായിരുന്നു !
ഒരു ശപ്ത മുഹൂര്‍ത്തത്തില്‍ അതെന്നില്‍ നിന്നും നീ
നിര്‍ബന്ധിച്ചു പറയിക്കുകയായിരുന്നു..
അന്ന് മുതല്‍ ഒരു നല്ല സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടോ?
നിനക്കെന്നോട് പ്രണയം ഉണ്ടെന്നോ ഇല്ലെന്നോ ഞാന്‍ ചിന്തിച്ചിരുന്നില്ല
നീ എന്നെങ്കിലും എന്നെ പ്രണയിക്കുമെന്നോ നമ്മള്‍ ഒരുമിക്കുമെന്നോ ഒന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല
സ്വപ്നം പോലും കണ്ടിരുന്നില്ല !
കാരണം
എന്റെ പ്രണയം ....
അത്
നിന്റെ ശബ്ദത്തോടായിരുന്നു
പാട്ടിനോടായിരുന്നു
കവിതയോടായിരുന്നു
അത് ചൊല്ലുന്ന ഈണങ്ങളോടായിരുന്നു ...
പക്ഷെ .. പ്രണയം എന്ന് കേട്ടപ്പോളെ നീ ഓടി മറഞ്ഞു കഴിഞ്ഞു ..
ആര്‍ക്കു വേണം അല്ലങ്കിലും നിന്നെ ?
..........................
കവിത 4
പ്രണയവും പ്രളയവും - മീനു എലിസബത്ത്
------------------
വാക്കുകളുടെ പ്രാസഭംഗിയല്ലാതെ പ്രണയത്തിനും പ്രളയത്തിനും തമ്മിലെന്ത്?
പ്രണയവും പ്രളയവും എപ്പോള്‍ എങ്ങിനെ സംഭവിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല..
തീര്‍ത്തും അപ്പ്രതീക്ഷിതമായാവും രണ്ടും വരിക!
രണ്ടിലും കാറ്റും പേമാരിയുമുണ്ട്
തീവ്രതയും കണ്ണുനീരും കടപുഴുക്കലും താണ്ഡവനൃത്തവുമുണ്ടാകും ..
എടുത്തു ചാട്ടവും ഇളക്കവും അത്ഭുതവുണ്ടാകും
വകതിരിവില്ലായ്മയും പ്രാന്തും ഉണ്ടാകും
രണ്ടും ജീവിതഗന്ധിയും ഒപ്പം നശീകരണ പ്രവണതയുമുള്ളതുമാണ്..
പ്രണയത്തിനും പ്രളയത്തിനും ചില
ഒരുമകളൊക്കെയുണ്ടെങ്കിലും
ചില വിരുദ്ധതകളുമുണ്ട് ..
പ്രണയത്തില്‍ വിരഹവും കാത്തിരിപ്പും അലിവും
സ്‌നിഗ്ധതയുണ്ട്
ശാന്തതയും സമാധാനവുമുണ്ട്
കാണാതിരിക്കുമ്പോള്‍ കത്തുന്ന നോവുണ്ട്
കാണുമ്പോള്‍ നറുനിലാവ് പൊഴിക്കുന്ന പുഞ്ചിരികളും ആരും കാണാത്ത കണ്ണേറുകളും
പറയാതെ കേള്‍ക്കുന്ന ഉത്തരങ്ങളും
വരികള്‍ക്കിടയിലെ വായനയും
താനെ കവിത മൂളുന്ന ചുണ്ടുകളുമുണ്ട്
ഒന്നാവാനുള്ള ആഗ്രഹവും
ഹൃദയങ്ങള്‍ ഒരുമിക്കുമ്പോള്‍ സമാധാനവും
പിരിയുമ്പോള്‍ ആത്മാവിന്റെ അടങ്ങാത്ത നോവും പിടച്ചിലും തകരുന്ന നെഞ്ചകങ്ങളുമുണ്ടാകും
ഒരേ തൂക്കത്തില്‍ തുലാസിലാടുന്ന നിസ്വാര്‍ത്ഥ പ്രണയത്തില്‍
ചതിയൊ വഞ്ചനയോ അധമവികാരങ്ങളൊയില്ല
മറിച് സുതാര്യതയും നിര്മലതയും
നിസ്വാസര്‍ത്ഥതയും മാത്രം
ഇടക്കെവിടെയോ പ്രണയമാപിനി തകിടം മറിയുമ്പോള്‍ തുലാസിന്റെ കട്ടിയൊന്നുയിര്‍ന്നു
താഴുമ്പോള്‍
ചിലര്‍ക്കെങ്കിലും, ചിലപ്പോഴെങ്കിലും
പ്രണയം- പ്രളയം പോലെ ഭീകരമാകാറുണ്ട്!
ആകാശം മുട്ടെ വളര്‍ന്ന ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും
മഹാവൃക്ഷങ്ങളെ കടപുഴുക്കിഎറിഞ്ഞു
കരയും കാടും മേടും കവിഞ്ഞു പ്രണയം
വഴി മാറിയൊഴുകുമ്പോള്‍
അട്ടഹാസവും ഭീഷണി സ്വരങ്ങളും അസ്വാരസ്യങ്ങളും
കൊലക്കയറുകളും, രാകി മൂര്‍ച്ച കൂട്ടിയ കൊലക്കത്തികളും, വാടകക്കൊലയാളികളും
നിറ തോക്കുകളും ആസിഡാഭിഷേകവും
അകമ്പടി പോകാറുണ്ട്
പെരുംപെയ്ത്തൊഴിഞ്ഞു , കൊടുംകാറ്റകന്നു
നാടും കാടും കരയും മേടും കവിഞ്ഞൊഴുകി
പ്രളയം ശാന്തമാകുമ്പോള്‍
മണല്‍തിട്ടയിലടിയുന്ന ശവങ്ങളിലൊന്ന്
തീര്‍ച്ചയായും പ്രണയത്തിന്റേതായിരിക്കും
...............................
മീനു എലിസബത്ത്