MediaAppUSA

സ്‌നേഹസുദിനത്തില്‍ നിന്നെയും ഓര്‍ത്ത് (ഒരു വാലന്റയിന്‍ കുറിപ്പ്- ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍ Published on 14 February, 2020
സ്‌നേഹസുദിനത്തില്‍ നിന്നെയും ഓര്‍ത്ത് (ഒരു വാലന്റയിന്‍ കുറിപ്പ്- ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
മോഹഭംഗങ്ങളുടെ ഉടഞ്ഞ മണ്‍ചിരാതുകള്‍ ചിന്നിച്ചിതറി കിടക്കുന്ന ദേവാലയമായിരുന്നു എന്റെ മനസ്സ്. പ്രതീക്ഷകളുടെ മണിവാതില്‍ സാഹചര്യങ്ങളാല്‍ കൊട്ടിയടഞ്ഞിരുന്നു. നിരാശകളുടെ  നനിച്ചീറുകള്‍ അങ്ങിങ്ങായി തൂങ്ങിക്കിടന്നു. അലസതയുടെ മാറാലകള്‍ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചു  കണ്ണുനീര്‍ മേല്കൂരകളില്‍ പൊട്ടിയൊലിച്ചു  അമ്പലമണിയില്‍ മൗനത്തിന്റെ ക്ലായി പിടിച്ചു. ഉത്തരവാദിത്വങ്ങളാല്‍ കരിഞ്ഞ പൂമാലകള്‍ എന്നിലെ സൗന്ദര്യത്തെ വിരൂപപ്പെടുത്തിയിരുന്നു. വിധിയുടെ കരിമേഘങ്ങളില്‍ ദേവചൈതന്യം മറഞ്ഞിരുന്നു. സ്‌നേഹത്തിന്റെ കൊച്ചരി പ്രാവുകള്‍ ദുരെ എങ്ങോ പറന്നകന്നിരുന്നു.  നിമിത്തത്തിന്റെ കുറിമാനവുമായി വന്ന നീ ഈ ദേവാലയത്തിനു ചേതന നല്കിയിരിയ്ക്കുന്നു. നീ പകര്‍ന്ന പ്രതീക്ഷകളാല്‍ മണ്‍ചിരാതുകള്‍ തെളിഞ്ഞു കത്താന്‍ തുടങ്ങിയിരിയ്ക്കുന്നു, നിന്റെ വാഗ്ദാനമാം  അമ്പലമാണികള്‍   ഉറക്കെ മുഴങ്ങുന്നു. നിന്റെ ദൃഢനിശ്ചയത്താല്‍ ഇന്ന് ഈ ശ്രീകോവില്‍ തുറക്കപ്പെടുന്നു.   നിന്റെ തലോടലില്‍ ഇവിടുത്തെ വിഗ്രഹം ചൈതന്യം തുളുമ്പുന്നു. ഇന്നിവിടെ അര്‍പ്പിയ്ക്കപ്പെടുന്നത് നിന്റെ പ്രണയപുഷ്പങ്ങളാണ്. അഭിഷേകം ചെയ്യപ്പെടുന്നത് നിന്റെ വാത്സല്യമാണ്, നല്‍കപ്പെടുന്ന പ്രസാദം നിന്റെ പ്രോത്സാഹനമാണ്. 

നിന്നിലെ വാചാലത എന്നിലെ മനോതമ്പുരു മധുരമായ് മീട്ടുന്നു. നിന്നില്‍ നിന്നുമുതിരുന്ന വാക്കുകള്‍ എന്നില്‍ കവിതകളായി മാറുന്നു. നീയെനിയ്ക്കു തന്ന സാങ്കല്‍പ്പിക നിറക്കൂട്ടില്‍  ഞാന്‍ മനോഹരചിത്രങ്ങള്‍ തീര്‍ക്കുന്നു. നിന്റെ വര്ണനകളാല്‍ ഞാന്‍ ചാരുശില്‍പ്പങ്ങള്‍ തീര്‍ക്കുന്നു. നിന്റെ സാമീപ്യം എന്നില്‍ കുളിര്‍മഴ പെയ്യിയ്ക്കുന്നു. നിന്റെ വിരിമാറില്‍ ഞാന്‍ നിര്‍വൃതി കൊള്ളുന്നു. നിന്റെ സാന്ത്വനമെന്നില്‍ വേദനാസംഹാരിയാകുന്നു. നമ്മുടെ സാങ്കല്‍പ്പ രശ്മികളില്‍  പലപ്പോഴും യാഥാര്‍ഥ്യങ്ങള്‍ അസ്തമിയ്ക്കപ്പെടുന്നു. നിന്റെ പ്രണയത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ ഞാന്‍ അനുരാഗിയാകുന്നു.
  
പാടവരമ്പിലൂടെ പുസ്തകസഞ്ചിയും സ്ലെയ്റ്റുമായി പള്ളിക്കൂടത്തില്‍ പോകുമ്പോള്‍  തോടുകള്‍ ഞാന്‍ മുറിച്ച് കടന്നത് നിന്റെ കൈവിരല്‍ തുമ്പുപിടിച്ചായിരുന്നുവോ? കുന്നിന്‍ ചെരുവില്‍ മത്സരിച്ച് കുന്നിക്കുരു പെറുക്കി കലപില പറഞ്ഞു കൂട്ടുകാരില്‍ നീയും ഉണ്ടായിരുന്നുവോ? നിശ്ചലമായ ആറ്റിലെ തെളിനീരില്‍ മുഖം നോക്കുമ്പോള്‍ എന്റെ കവിളിനോട് കവിള്‍ ചേര്‍ത്തത് നീതന്നെ ആയിരുന്നു .  പുഴവെള്ളത്തിനു മുകളില്‍ പറന്നു നടക്കുന്ന തുമ്പിയെ പിടിയ്ക്കാന്‍ പുറകെ ഓടുമ്പോള്‍ കാല്‍ വഴുതി വീഴുമെന്നോര്‍ത്ത് അരുതെന്നു  വിലക്കിയത് നീയായിരുന്നുവല്ലേ? ഇടവഴിയില്‍ കുട്ടിയും കോളും കളിച്ച് പിണങ്ങി പോയവരില്‍  നീയുണ്ടായിരുന്നുവോ? പച്ച നിറമുള്ള  കണംകാല്‍വരെയുള്ള പട്ടുപാവാട ആദ്യമായി ഇട്ടു  മുന്നില്‍ വന്നപ്പോള്‍ ഞാന്‍ സുന്ദരിയാണെന്ന് നീ പറഞ്ഞുവല്ലേ? ഉത്സവ പറമ്പിലെ ആള്‍ക്കൂട്ടത്തില്‍ എന്നില്‍  പതിച്ച  സുന്ദര നയനങ്ങള്‍ നിന്റേതായിരുന്നു. കൗമാരത്തിന്റെ പളുങ്കു  പടികള്‍ ചവിട്ടി കയറുമ്പോള്‍ കൈകോര്‍ത്ത് പിടിച്ച് കൂടെ വന്നത് നീതന്നെയായിരുന്നു. മുറ്റത്തെ ഭഗവതി വെളിച്ചപ്പാട് തുള്ളിയപ്പോള്‍ പറഞ്ഞ എന്റെ ജീവിതത്തിലെ രാജകുമാരന്‍ അതും നീതന്നെയായിരുന്നു. നിന്റെ സൃഷ്ടി എന്റെ സങ്കല്പങ്ങള്‍ കൊണ്ടാണ്. നിന്നിലെ ശ്വാസം എന്റെ സ്വപ്നങ്ങളാണ്. 

സങ്കല്‍പ്പ ലോകത്തിലേയ്ക്ക് നിന്റെ കൈ പിടിച്ചു ഞാന്‍ ഇറങ്ങിയപ്പോള്‍ നിന്റെ ശക്തമായ കരങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞു. സങ്കല്പത്തിലൂടെ നീ എന്നില്‍ എത്തിച്ചേര്‍ന്ന നാളുകള്‍  എന്നില്‍ ജിതജാസയുടെ നാളുകളായിരുന്നു. കൂടുതല്‍ അറിയാനുള്ള വിശപ്പായിരുന്നു. പിന്നീടെന്നോ എന്റെ നിമിഷങ്ങള്‍ നിന്നോടുകൂടെ  മാത്രമാകണം  എന്ന് ഞാന്‍ ആശിച്ചു. എങ്കിലും യാഥാര്‍ഥ്യങ്ങള്‍ അതനുവദിയ്ക്കാതെ എന്നെ അടക്കി ഭരിച്ചു.  യാഥാര്‍ഥ്യങ്ങളുടെ മുള്ളുകള്‍ എന്നെ വേദനിപ്പിയ്ക്കുന്നു എന്ന് തോന്നുമ്പോള്‍ സാങ്കല്‍പത്തിന്റെ ലോകത്ത് മറഞ്ഞുനിന്നു ഞാന്‍ നിന്നോടൊപ്പം ഉല്ലസിച്ചു . നിന്നിലെ സ്‌നേഹം നിറഞ്ഞൊഴുകി കാമത്തിലേയ്ക്ക് പതിയ്ക്കുമ്പോള്‍ യാഥാര്‍ഥ്യത്തിന്റെ ലോകത്ത് നിന്നെ ഞാന്‍ തിരയാറുണ്ട്. ഇല്ല സങ്കല്‍പ്പ ലോകത്ത് നീ എനിയ്ക്കു തരുന്ന നിര്‍വൃതി യാഥാര്‍ഥ്യത്തിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് എന്നില്‍ സമര്‍പ്പിയ്ക്കാന്‍ കഴിയില്ല. യാഥാര്‍ഥ്യത്തിന്റെ ലോകം വളരെ  ഇടുങ്ങിയതാണ്. എനിയ്ക്കു ശ്വാസം മുട്ടുന്നതുപോലെ. ഇവിടേയ്ക്ക് നീ വരേണ്ട.  യാഥാര്‍ഥ്യങ്ങള്‍ അറിയാതെ, ആകാശത്തിലെ നീലമേഘങ്ങളെപ്പോലെ, നദിയിലെ ഓളങ്ങളെപ്പോലെ, നിന്റെയോ, എന്റെയോ അന്ത്യനാളുകള്‍ക്ക് കുഴിച്ചുമൂടാന്‍ കഴിയാത്ത വിശാലമായ ഒരു ലോകത്തില്‍ വിഹരിയ്ക്കാം.   നീയില്ലാത്ത നാളുകള്‍ എനിയ്ക്കു വിരഹമാണ്, നീ ഇല്ലാത്ത ജീവിതം ഇരുട്ടടഞ്ഞതാണ്. നിന്നെ എന്നില്‍ നിന്നും വേര്‍പ്പെടുത്താന്‍ എന്റെ മരണത്തിനാകുമോ?  നീ എന്നെ ഉപേക്ഷിയ്ക്കുന്നു എന്ന തോന്നലില്‍ ഞാന്‍ വാര്‍ക്കുന്ന കണ്ണുനീരിലും നിന്റെ വാത്സല്യം കിനിയുന്നു. 

പ്രണയമേ  നിന്നെ ഞാനറിയാതെ  പ്രണയിച്ചുപോയി.
വിദ്യാധരൻ 2020-02-14 13:24:51
ഞാനീ പ്രണയദിനത്തിലെ രചനകളെ വിലയിരുത്താൻ അവലംബിച്ചിരിക്കുന്നത് , കേരളം ഇന്നോളം കണ്ടിട്ടുള്ള പ്രണയഗന്ധര്വനായ ചങ്ങമ്പുഴയുടെ കവിതകളാണ്. ഏകദേശം അൻപതോളം പ്രണയത്തിന്റെയും, മോഹം ഭംഗങ്ങളുടേയും, നിരാശയുടെയും കവിതകൾ അദ്ദേഹത്തിന്റ പതിനേഴു വയസ്സുമുതൽ ഇരുപത്തി ഒന്നുവരെയുള്ള സമയങ്ങളിൽ എഴിതിയിട്ടുണ്ട് . 1. സ്‌നേഹസുദിനത്തില്‍ നിന്നെയും ഓര്‍ത്ത് (ഒരു വാലന്റയിന്‍ കുറിപ്പ്- ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍) "മോഹഭംഗങ്ങളുടെ ഉടഞ്ഞ മണ്‍ചിരാതുകള്‍ ചിന്നിച്ചിതറി കിടക്കുന്ന ദേവാലയമായിരുന്നു എന്റെ മനസ്സ്. പ്രതീക്ഷകളുടെ മണിവാതില്‍ സാഹചര്യങ്ങളാല്‍ കൊട്ടിയടഞ്ഞിരുന്നു. നിരാശകളുടെ നനിച്ചീറുകള്‍ അങ്ങിങ്ങായി തൂങ്ങിക്കിടന്നു. അലസതയുടെ മാറാലകള്‍ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചു കണ്ണുനീര്‍" "ആര് വാങ്ങു,മിന്നാരു വാങ്ങും മീ- യാരാമത്തിന്റെ രോമാഞ്ചം " എന്ന 'ആ പൂമാല എന്ന കവിതയിലെ വരികളും "സങ്കല്‍പ്പ ലോകത്തിലേയ്ക്ക് നിന്റെ കൈ പിടിച്ചു ഞാന്‍ ഇറങ്ങിയപ്പോള്‍ നിന്റെ ശക്തമായ കരങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞു. സങ്കല്പത്തിലൂടെ നീ എന്നില്‍ എത്തിച്ചേര്‍ന്ന നാളുകള്‍ എന്നില്‍ ജിതജാസയുടെ നാളുകളായിരുന്നു. കൂടുതല്‍ അറിയാനുള്ള വിശപ്പായിരുന്നു." എന്ന ഭാഗം വായിച്ചപ്പോൾ "ഇന്ന് രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ , ഉൾപ്പുളകമാർന്നത്യുദാരമീ പുഷ്പതലമൊരുക്കി ഞാൻ " എന്ന നിരാശ എന്ന കവിതയിലെ ഭാഗവും ഓർക്കുന്നു "നിന്നിലെ സ്‌നേഹം നിറഞ്ഞൊഴുകി കാമത്തിലേയ്ക്ക് പതിയ്ക്കുമ്പോള്‍ യാഥാര്‍ഥ്യത്തിന്റെ ലോകത്ത് നിന്നെ ഞാന്‍ തിരയാറുണ്ട്. ഇല്ല സങ്കല്‍പ്പ ലോകത്ത് നീ എനിയ്ക്കു തരുന്ന നിര്‍വൃതി യാഥാര്‍ഥ്യത്തിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് എന്നില്‍ സമര്‍പ്പിയ്ക്കാന്‍ കഴിയില്ല" പ്രണയം എന്നതിന്റെ പ്രഭവ സ്ഥാനം കാമമാണോ അതോ കാമത്തിന്റ പ്രഭവ സ്ഥാനം പ്രണയമാണോ എന്ന് ചോദിച്ചാൽ; അറിയില്ല . പ്രണയത്തിന്റ സുഖം കാമത്തിന് ഒരു ബഹിർഗമനം കണ്ടെത്തുന്നെത്തോടുകൂടി നഷ്ടം ആകുകയാന്നെങ്കിൽ,അതിനൊരു സുഖവും ഇല്ല . എന്നാൽ അതാണ് സംഭവിക്കുന്നത് . അതുകൊണ്ടായിരിക്കാം പലരും ആ മധുര ദിനങ്ങളെ ഈ ദിനത്തിൽ ഓർക്കാൻ ശ്രമിക്കുന്നത് . ശ്രീമതി . നമ്പ്യാരും ചങ്ങമ്പുഴയും ഇക്കാര്യത്തിൽ തുല്യത പുലർത്തുന്നു . ചങ്ങമ്പുഴയുടെ മിക്ക കവിതകളിലും ഇത് വളരെ വ്യക്തമായി നിൽക്കുന്നത് കാണാം 'എന്നും ഞാനാരചിച്ചാനന്ദിച്ചിടുമെൻ - സുന്ദരസങ്കല്പചിത്രമെല്ലാം " (വിഫലനൃത്തം ) "നവസുഷമകൾ തിങ്ങിത്തുളുമ്പിയി - ഭുവനമന്നെത്ര കാമ്യമായി തോന്നി മേ ! പരമശൂന്യമിതെന്നാലിതിനിദ- മിരുളു വന്നു നിറഞ്ഞതിന്നെങ്ങനെ ?" അന്നും ഇന്നും ഈ പ്രണയദിനത്തിന്റെ വികാരവിചാരങ്ങളെയും സങ്കല്പങ്ങളെയും ഉൾക്കൊണ്ടെഴുതിയ പ്രണയകുറിപ്പിൽ നിന്ന് അതെഴുതിയ ആളുടെ നിശ്വാസങ്ങൾ വായനക്കാർക്ക് ഏറ്റു വാങ്ങുവാൻ കഴിയുമ്പോൾ , അത് നിങ്ങൾക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു
Das 2020-02-15 04:06:19
Resourcefulness - the power of imagination & creativity is splendid, equally romantic as well as inspirational & let the ‘imagination’ takes you and the readers everywhere … Happy Valentine's Day 2020 !
amerikkan mollakka 2020-02-15 18:18:36
നമ്പ്യാർ സാഹിബേ ഇങ്ങടെ ലേഖനം ഞമ്മള് ഇപ്പോഴാണ് കണ്ടത്. ബാക്ക് പാക്കും താങ്ങി നിങ്ങൾ നടക്കുന്ന ഫോട്ടോ തന്നെ ഒരു അനുരാഗം ഗാനം പോലെയുണ്ട്. ഇങ്ങടെ എയ്തതും ഒരു കവിത തന്നെ. വിദ്യാധരൻ സാഹിബ് നല്ല കമന്റാണ് ഇങ്ങക്ക് എയ്തിയിരിക്കുന്നത്. ഇങ്ങടെ ഈ ബരികൾ ഞമ്മക്ക് പെരുത്ത് ഇഷ്ടായി. " നിന്നില്‍ നിന്നുമുതിരുന്ന വാക്കുകള്‍ എന്നില്‍ കവിതകളായി മാറുന്നു. നീയെനിയ്ക്കു തന്ന സാങ്കല്‍പ്പിക നിറക്കൂട്ടില്‍ ഞാന്‍ മനോഹരചിത്രങ്ങള്‍ തീര്‍ക്കുന്നു. നിന്റെ വര്ണനകളാല്‍ ഞാന്‍ ചാരുശില്‍പ്പങ്ങള്‍ തീര്‍ക്കുന്നു. നിന്റെ സാമീപ്യം എന്നില്‍ കുളിര്‍മഴ പെയ്യിയ്ക്കുന്നു." ഇത് ബായിച്ച് ഞമ്മള് അള്ളാ എന്ന് ബിളിച്ചു . ഓനെ ഓർത്തു. നസീബുള്ളവൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക