MediaAppUSA

ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 19 February, 2020
ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)


ബസന്ത്പൂര്‍ ദര്‍ബാര്‍
സ്‌ക്വയറിലെ ചരിത്രവും മുത്തശ്ശിക്കഥകളും ഇഴചേര്‍ന്ന് നില്കുന്ന കാഴ്ചകള്‍ ഓര്‍മ്മയില്‍ അയവിറക്കിക്കൊണ്ടായിരുന്നു അവിടെ നിന്നുള്ള മടക്കം.

പരസ്പരം ചേര്‍ന്നിരുന്ന് മൂന്നാം നിലയിലെ കിളിവാതിലിലൂടെ ജനങ്ങളെ സാകൂതം വീക്ഷിച്ച് അനുഗ്രഹിക്കുന്ന ശിവപാര്‍വ്വതീ ദാരുശില്പങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നുണ്ടായിരുന്നില്ല. വളരെ പഴക്കമേറിയ ആ ക്ഷേത്രത്തില്‍ വിവാഹ മംഗളത്തിനായി ഇപ്പോഴും പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നെങ്കിലും, നിര്‍മ്മാണത്തിനിടയിലായിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. പടുവൃദ്ധനായ ഒരു പൂജാരി പൂജാപാത്രങ്ങള്‍ സ്വീകരിച്ചനുഗ്രഹിച്ച് പൂജക്കായി വരുന്ന ദമ്പതികളെ സ്വാഗതം ചെയ്ത് ക്ഷേത്രത്തിന്റെ വാതില്‍പ്പടിയില്‍ ഇരുന്നു. സന്ധ്യാ സമയത്ത് നാട്ടിലെ പഴയ ക്ഷേത്രത്തില്‍ പൂമാല കെട്ടിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്ന വൃദ്ധനെ ഓര്‍ത്തു പോയി.

വിനോദ യാത്രയ്ക്കിടെ വിശ്രമിക്കാന്‍ സമയം കളയുന്നത് ശരിയല്ലെന്നറിയാവുന്ന ഞങ്ങള്‍ മുറിയിലെത്തി ഫ്രഷായതിനു ശേഷം വീണ്ടും തമ്മല്‍ മാര്‍ക്കറ്റിലൂടെ കറങ്ങി നടന്നു. വില പേശാന്‍ പ്രാക്ടീസ് ചെയ്തു കൊണ്ട് വിനിതയും ശ്രീക്കുട്ടിയും വഴിയോര കടകളില്‍ കയറി. ഗൂര്‍ഖാ കുക്രി ലക്ഷ്യമാക്കി വിശ്വേട്ടനും പ്രസാദും മറുവഴിക്കും. ഭക്ഷണശാലകളുടെ ബോര്‍ഡുകള്‍ നോക്കി ഞാനുമവരെ പിന്‍തുടര്‍ന്നു.

മിക്ക റസ്‌റ്റോറന്റുകളും ഡിസ്‌കോത്തെക്കുകളും കൂടിയായിരുന്നു. തട്ടുപൊളിപ്പന്‍ ലൈറ്റ് ഡിസ്‌പ്ലേകളും  മ്യൂസിക്ക് ബാന്‍ഡുകളുമായി അതിഥികളെ സത്കരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ആധുനിക റസ്‌റ്റോറന്റുകള്‍ ധാരാളമായുണ്ടായിരുന്നെങ്കിലും
പാരമ്പര്യ വിഭവങ്ങളോ ഇന്ത്യന്‍ വിഭവങ്ങളോ വിളമ്പുന്ന ഭക്ഷണശാലകളൊന്നുമുണ്ടായിരുന്നില്ല
 ആ ഭാഗത്ത്.. ഒടുവില്‍ തെരുവിന്റെ ഉള്ളിലേക്കുള്ള വഴിയില്‍ തരക്കേടില്ലാത്ത ഒരു റെസ്‌റ്റോറന്റ് കണ്ടു. ബര്‍ഗറുകളും, ആലു പറാത്തയും െ്രെഫഡ് റൈസുമൊക്കെ അവരുടെ മെനു കാര്‍ഡില്‍ കണ്ടപ്പോള്‍ ശ്രീക്കുട്ടി അവിടെ കയറിയിരുന്നു. അത്രയ്ക്ക് ക്ഷീണിച്ചിരുന്നു അവള്‍. ഭാഗ്യത്തിന്  ഭക്ഷണവും നല്ലതായിരുന്നു. നാളെ ബ്രേക്ഫാസ്റ്റും അവിടെ നിന്ന് എന്ന് ഉറപ്പിച്ചു ഞങ്ങള്‍ മടങ്ങി.

അടുത്ത ദിവസം അതിരാവിലെ പശുപതിനാഥ് ക്ഷേത്ര സന്ദര്‍ശനമാണ് പ്‌ളാന്‍ ചെയ്തിരിക്കുന്നത്.
അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിവക്ഷേത്രം ഏഷ്യയിലെ തന്നെ പ്രധാന ശിവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ചില ഐതിഹ്യകഥകളുമുണ്ട്.

പണ്ട് ശിവപാര്‍വ്വതിമാര്‍ ഭാഗ്മതി തീരത്തുള്ള മനോഹരമായ വനപ്രദേശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടത്തെ പ്രകൃതി രമണീയതയില്‍ ആകൃഷ്ടരായി ഇണമാനുകളുടെ രൂപം സ്വീകരിച്ച് മറ്റ് കാര്യങ്ങള്‍ മറന്ന് പോവുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ദീര്‍ഘകാലം ശിവനെ കാണാതെ വലഞ്ഞ മറ്റ് ദേവതകള്‍ അന്വേഷണത്തിനൊടുവില്‍ ഇവിടെയെത്തുകയും തിരിച്ച് കൈലാസത്തിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച ശിവഭഗവാനുമായി യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തില്‍ ശിവന്റെ ഒരു കൊമ്പ് ഒടിഞ്ഞു പോയി. പരാജിതനായ ശിവന്‍ ഇവിടെയുള്ള മൃഗങ്ങളുടെ സംരക്ഷകനായി താന്‍ എന്നുമുണ്ടാവുമെന്ന് പറഞ്ഞ് കൈയിലുള്ള മാന്‍കൊമ്പ് അവിടെ സ്ഥാപിച്ചു. ഉടന്‍ അത് ശിവലിംഗത്തിന്റെ രൂപം പൂണ്ടു . കാലക്രമേണ ആ ശിവലിംഗം മണ്ണിനടിയില്‍ പെട്ടു പോയി. വര്‍ഷങ്ങളേറെ കഴിഞ്ഞു , അവിടത്തെ  കര്‍ഷകന്‍  തന്റെ ഒരു പശു  സ്ഥിരമായി ഒരേ സ്ഥലത്ത് എത്തി നിത്യം പാല്‍ ചുരത്തുന്നത് ശ്രദ്ധിക്കുകയും, സംശയം തോന്നി സൂക്ഷ്മ പരിശോധന നടത്തിയപ്പോള്‍ ഭൂമിക്കടിയിലെ ശിവലിംഗ സാന്നിദ്ധ്യം കണ്ടെന്നും അവിടെയാണ് ഇപ്പോഴത്തെ പശുപതിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നുമാണ് വിശ്വാസം. കാമധേനുവായിരുന്നു ആ പശു എന്നൊരു ഉപകഥയുമുണ്ട്.

ഭാഗ്മതി നദിക്കരയിലാണ് പശുപതിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിന് സമാനമാണ് നേപ്പാളില്‍ പശുപതി നാഥ ക്ഷേത്രം. കാശിയിലെ ഗംഗാനദി തന്നെയാണ് ഭാഗ്മതി എന്ന പേരില്‍ പശുപതിനാഥന് മുന്നിലൂടെ ഒഴുകുന്നതും. എല്ലാ ദിവസവും വൈകീട്ട്  ഗംഗാ ആരതിക്ക് സമാനമായ ആരതിയും  ഇവിടെയുണ്ടാവാറുണ്ട്. രാവണ വിരചിതമായ താണ്ഡവ ഭജനത്തിന് അകമ്പടിയായാണ് ഇവിടെ ഗംഗാ ആരതി നടക്കുന്നത്.

മരണശേഷം ഭൗതികദേഹം ഭാഗ്മതി തീരത്ത് അഗ്‌ന്യര്‍പ്പണം ചെയ്യുന്നത് പുണ്യമായി ഇവിടത്തുകാരും കരുതുന്നു. കാശിയിലെ മണികര്‍ണ്ണികയെന്ന പോലെ ഇവിടെയും ശവദാഹത്തിന് പ്രത്യേകമായൊരു സ്ഥലമുണ്ട്. പിതൃക്കള്‍ക്ക് പിണ്ഡമൊഴുക്കാനും ബലിയര്‍പ്പിക്കാനും പുണ്യ സ്‌നാനത്തിനുമായി  പശുപതിനാഥ ക്ഷേത്രത്തിലും ഭക്തജനങ്ങളുടെ തിരക്കാണ്.

മഴയില്ലാത്ത തെളിഞ്ഞ ദിവസത്തിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ പശുപതിനാഥ ക്ഷേത്രത്തിന് മുന്നിലെത്തി. നമ്മുടെ നാട്ടിലെ ക്ഷേത്ര പരിസരം പോലെ പൂജാസാധനങ്ങളുടെയും രുദ്രാക്ഷമാലകളുടെയും വില്പനക്കാരുടെ ബഹളമായിരുന്നു അവിടെയും.
ചെരിപ്പ്കള്‍ സൂക്ഷിക്കാന്‍ അവിടെ ഒരു രുദ്രാക്ഷ ഷോപ്പില്‍ സൗകര്യമൊരുക്കിയിരുന്നു. അഞ്ഞൂറ് രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വില വരുന്ന വിവിധ തരം രുദ്രാക്ഷങ്ങളുടെയും , മാലകളുടെയും, വില പിടിച്ച കല്ലുകളുടെയും വലിയ ഒരു ശേഖരം തന്നെയുണ്ടായിരുന്നു അവിടെ . ഞങ്ങളും അമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും കൊടുക്കാനായി കുറച്ച് രുദ്രാക്ഷങ്ങള്‍ വാങ്ങാമെന്ന് കരുതി.

ശിവഭഗവാന്റെ കണ്ണുകളില്‍ നിന്ന് പൊഴിഞ്ഞ കണ്ണുനീരാണ് രുദ്രാക്ഷമെന്ന് പറഞ്ഞു കൊണ്ട് അയാള്‍ പല മുഖങ്ങളുള്ള പല വലുപ്പത്തിലുള്ള രുദ്രാക്ഷങ്ങളും, രുദ്രാക്ഷമാലകളും കാട്ടിത്തന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരായ മദ്ധ്യവര്‍ഗ്ഗ മലയാളികള്‍ ചെയ്യുന്നത് പോലെ എല്ലാം കണ്ടതിനും കേട്ടതിനും ശേഷം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വാങ്ങാമെന്ന് പറഞ്ഞ്  ക്ഷേത്രത്തിലേക്ക് നീങ്ങി. വഴികാട്ടിത്തരാനായി ആ കടയില്‍ നിന്ന് ഒരു സ്ത്രീയും കൂടെ വന്നു.

ആയിരത്തിതൊള്ളായിരത്തി എഴുപത്തി ഒമ്പതില്‍ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച ക്ഷേത്രസമുച്ചയമാണ് ഇത്. സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന പഗോഡ രൂപത്തിലുള്ള മേല്‍ക്കൂരകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങി. ഭൂമി കുലുക്കം ബാധിക്കാത്ത ഒരേ ഒരു സ്ഥലം ഈ ക്ഷേത്രപരിസരമാണെന്ന് പറഞ്ഞ് കൊണ്ട് കൂടെ വന്ന സ്ത്രീ ഞങ്ങളെ ക്ഷേത്രത്തിലേക്ക് നയിച്ചു. ക്ഷേത്ര ഗോപുരത്തിന് മുന്നില്‍ മഹാ ഹോമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു അന്ന്. അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ നല്ല ആള്‍ത്തിരക്കും ഉണ്ടായിരുന്നു.

ക്ഷേത്രവാതിലിനു മുന്നില്‍ വെച്ച് പത്ത് വയസോളം പ്രായം തോന്നിക്കുന്ന ചുറുചുറുക്കുള്ള രണ്ട് ആണ്‍കുട്ടികള്‍ ഞങ്ങളെ സമീപിച്ചു. വിശാലമായി വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രം മുഴുവനായി ചുറ്റിക്കാണാന്‍ ഞങ്ങള്‍ സഹായിക്കാമെന്ന് അവര്‍ പറഞ്ഞു. വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ പോവു മ്പോള്‍ യൂണിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള പോക്കറ്റ് മണി ഉണ്ടാക്കുന്നതിങ്ങനെയാണെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ക്കും മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവരുടെ കൂടെ ഞങ്ങള്‍ പശുപതി നാഥ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു.

സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന വലിയ നന്ദി പ്രതിമയായിരുന്നു ആദ്യ ദര്‍ശനം. നൂറ്റാണ്ടുകള്‍ക്ക് മുന്നേയുണ്ടാക്കിയ ക്ഷേത്രത്തിന്റെ ശില്പ സമൃദ്ധിയിലും വൈവിദ്ധ്യത്തിലും മനം നിറച്ച് ഞങ്ങളും ഓരോ കാഴ്ചയിലേക്കായി നടന്നു....

അടുത്ത ലക്കത്തില്‍ പശുപതിനാഥ ക്ഷേത്രത്തിനുള്ളിലെ വിസ്മയങ്ങള്‍.

ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)ചരിത്രമുറങ്ങുന്ന നേപ്പാള്‍ 8: വിസ്മയമായി പശുപതിനാഥ് ക്ഷേത്രം (മിനി വിശ്വനാഥന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക