കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -27: കാരൂര്‍ സോമന്‍)

Published on 19 February, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -27: കാരൂര്‍ സോമന്‍)

സ്‌നേഹനാഴിക

 പ്രപഞ്ചമാകെ പുഞ്ചിരിച്ചു. പക്ഷികള്‍ ആകാശത്ത് തത്തിക്കളിച്ചു. സിസ്റ്ററും ഷാരോണും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വിജനമായ റോഡിലൂടെ കാര്‍ മുന്നോട്ടു പോയി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകള്‍ക്ക് മുന്നില്‍ ആളുകളുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളില്‍ പ്രതിമകണക്കെ ഇരുനില കെട്ടിടങ്ങള്‍ ധാരാളമായി കണ്ടു. ഈ പണത്തിന്റെ ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് സിസ്റ്റര്‍ കര്‍മേലിന്റെ ചോദ്യത്തിന് മറുപടിയായി ഷാരോണ്‍ പറഞ്ഞു. ആഡംബര കാറുപോലെ ആഡംബര വീടുകള്‍ വയ്ക്കുന്നതില്‍ മലയാളിക്ക് ഭ്രാന്തമായ ഒരു ആവേശമാണ്.  സര്‍ക്കാര്‍ ബസുകള്‍ ചീറിപ്പാഞ്ഞുപോകുന്നത് പേടിയോടെയാണ് സിസ്റ്റര്‍ നോക്കിയത്.
കാര്‍ ഡ്രൈവറോട് വാഹനം കുണ്ടിലും കുഴിയിലും വീഴാതെ പോകണമെന്ന് ഓര്‍മ്മിപ്പിച്ചു. വഴികളുടെ അവസ്ഥ വളരെ ശോചനീയമാണ്. സഞ്ചാരികളുടെ നടുവ് ഒടിക്കുന്ന വഴികള്‍.
കൊല്ലം സിറ്റിയില്‍ വണ്ടി നിര്‍ത്തി. ഒരു കടയില്‍ കയറി ചായയും ലഘുഭക്ഷണവും കഴിച്ചു.
സിസ്റ്റര്‍ കാര്‍മേലിന്റെ ഫോണ്‍ ശബ്ദിച്ചു. അത് കോശിയായിരുന്നു. യാത്രയെപ്പറ്റി തിരക്കി. ഷാരോണ്‍ വായനയില്‍ മുഴുകി ഇരിക്കയാണ്. ശല്യപ്പെടുത്തണോ? സിസ്റ്റര്‍ സംസാരം അവസാനിപ്പിച്ചു. നഗരത്തിലെത്തിയപ്പോള്‍ പലഭാഗത്തും സിഗ്നലുകള്‍ കാണാന്‍ സാധിച്ചു. ഒരിടത്ത് ഗ്രീന്‍ സിഗ്നല്‍ കണ്ട് ഡ്രൈവര്‍ വണ്ടിയെടുത്തപ്പോള്‍ ഒരുത്തന്‍ ഒരു കൂസലുമില്ലാതെ കുറുകെ നടക്കുന്നു. കണ്ടിട്ട് മദ്യപാനിയെന്ന് തോന്നി.
സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴാണ് ഷാരോണ്‍ ബുക്കില്‍ നിന്ന് കണ്ണെടുത്തത്. അവര്‍ കാറില്‍ നിന്നിറങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടന്നു. ആളുകള്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. തോക്കുധാരികളും മഫ്തിയിലുള്ള പോലീസുകാരുമുണ്ട്. പ്രവേശനകവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉണ്ട്. സംശയമുള്ളവരെ പരിശോധിക്കുന്നു. ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ എങ്ങും കണ്ടില്ല. ഇതിനുള്ളിലും ഒറ്റയ്ക്കു വരാന്‍ സ്ത്രീകള്‍ക്കു ഭയമാണോ?
ഈ തിരക്കിനിടയിലും ഷാരോണിന്റെ ജ്വലിക്കുന്ന സൗന്ദര്യം പലരും ആസ്വദിച്ചു. ഈ വശ്യസുന്ദരിയും ദൈവത്തിന്റെ മണവാട്ടിയാകാന്‍ പോകുകയാണോ?അങ്ങനെയാണെങ്കിലും അഴകും ആകര്‍ഷകത്വവുമുള്ള ദൈവത്തിന്റെ കുഞ്ഞാടാണ് അവള്‍.
ഓഫീസിനുള്ളില്‍ സെക്രട്ടറിയോട് കാര്യങ്ങള്‍ സിസ്റ്റര്‍ കാര്‍മേല്‍ വിവരിച്ചു. അയാള്‍ കമ്പ്യൂട്ടറിലൂടെ കണ്ണോടിച്ചു. പിന്നെ മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പ്.
അകത്തേക്കുള്ള ക്ഷണം ലഭിച്ചു.
ജനകീയനായ മുഖ്യന്‍ സ്വീകരിച്ചിരുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്ന സിസ്റ്ററെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റര്‍ കാര്‍മേല്‍ നന്ദി അറിയിച്ചിട്ട് കയ്യിലിരുന്ന കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചു.
""കത്ത് രാവിലെ തന്നെ സെക്രട്ടറി എന്നെ ഏല്പിച്ചു. ഞാനത് വായിക്കുകയും ചെയ്തു. ''
വേശ്യാവൃത്തി സമൂഹത്തില്‍ നടക്കുന്നത് നമ്മുടെ സമ്പന്നമായ സംസ്കാരത്തിന് കളങ്കം തന്നെയാണ്. വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ വഴികാട്ടിയാകേണ്ട സ്ത്രീകള്‍ അവരുടെ ഭാവിയെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് കാണുന്നത്. ഇതിനെതിരെ ഞങ്ങള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യന്‍ ഉറപ്പു നല്കി.
അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കാമെന്ന് മുഖ്യന്‍ ഉറപ്പു കൊടുത്തു.
സിസ്റ്റര്‍ കാര്‍മേലിന്റെ കത്ത് മുഖ്യന്‍ ഫയല്‍ എന്നെഴുതിയിട്ടു. ഇനി ആ കത്ത് ഫയലില്‍ ഉറങ്ങിയാല്‍ മതി. മുഖ്യന്‍ അവരെ സന്തോഷത്തോടെ യാത്രയാക്കി. ഓരോരുത്തര്‍ ആഗ്രഹിക്കുന്നത് അതുപോലെ അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? മുഖ്യന്‍ അടുത്ത ഫയലെടുത്തു നോക്കി.
പുറത്തുവന്ന സിസ്റ്ററെ സ്വീകരിച്ചത് മാധ്യമപ്പട ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച സിസ്റ്റര്‍ കാര്‍മേലിനെ ആശ്ചര്യപ്പെടുത്തി. ഷാരോണും അത്ഭുതത്തോടെ നോക്കി. പോലീസ് അവരെ അകറ്റാന്‍ ഒത്തിരി ശ്രമിച്ചു.
"" വേശ്യകള്‍ക്കും ഹിജഡകള്‍ക്കുമായി സര്‍ക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളുണ്ടാകണം. അതിനായാണ് ഞാന്‍ പരിശ്രമിക്കുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയണം.  സ്ത്രീകള്‍ക്ക് നേരെ വീണുകിട്ടുന്ന അവസരങ്ങളൊക്ക പുരുഷന്‍ മുതല്‍ക്കൂട്ടാക്കുന്നു. തൊഴില്‍ രംഗത്തോ സ്വന്തം വീട്ടിലോ ഒരു സ്ത്രീ ഇന്ത്യയില്‍ സുരക്ഷിതയാണോ? വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും തുണികള്‍ കഴുകാനും ഭര്‍ത്താവിന്റെ മറ്റ് കാര്യങ്ങള്‍ നോക്കാനും മാത്രമാണ് സ്ത്രീകള്‍ ഇന്ന് സമയം കണ്ടെത്തുന്നത്. വിശപ്പടക്കാനും കുട്ടികളെ പോറ്റാനും സ്ത്രീകള്‍ വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും ദൈനംദിനം നടമാടുന്നു. കാമഭ്രാന്തന്മാരുടെ കൂടാരമായി കേരളം, ഇന്ത്യ മാറിയിരിക്കുന്നു.'' സിസ്റ്റര്‍ കര്‍മേല്‍ വളരെവികാരഭരിതയായെന്ന് ഒരു പത്രപ്രവര്‍ത്തകയ്ക്ക് തോന്നി.
""മുഖ്യമന്ത്രിയില്‍ നിന്ന് എന്തു മറുപടിയാണ് സിസ്റ്റര്‍ ലഭിച്ചത്?''
""ഉടന്‍ തീരുമാനം ഉണ്ടാക്കാം എന്നാണ് മുഖ്യമന്ത്രി തന്നിരിക്കുന്ന ഉറപ്പ്''
ആ ഉറപ്പിന്റെ കാര്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം എന്ന് പത്രക്കാര്‍ മനസ്സില്‍ ഉരുവിട്ടു.
സിസ്റ്ററുടെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്തോഷം നല്കുന്നതായിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ തന്നെയാണ് വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് മലയാളിക്ക് നാണക്കേടാണ്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക