കോമ്പന്‍സേഷന്‍ (ചെറുകഥ:സാംജീവ്)

Published on 21 February, 2020
കോമ്പന്‍സേഷന്‍ (ചെറുകഥ:സാംജീവ്)
ലൈന്‍മാന്‍ ശിവദാസന്‍ ഇലക്ട്രിക്കു പോസ്റ്റില്‍ നിന്നും വീണു. കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു.
“ശിവദാസന്‍ നല്ലവനായിരുന്നു. കറന്റാപ്പീസില്‍ മര്യാദയുള്ള ഒരുത്തനായിരുന്നു അയാള്‍.”
ശിവദാസന്‍ ലൈന്‍മാനെ കറന്റു ശിവദാസന്‍ എന്നാണ് ആളുകള്‍ വളിച്ചിരുന്നത്.
“ഇനി അയാളുടെ ഭാര്യയുടെയും മക്കളുടെയും ഗതി എന്താവുമോ?”
“അയാള്‍ക്കതു വരണം. ഒരു ദിവസം കറന്റു ബില്‍ അടയ്ക്കാന്‍ താമസിച്ചതിന് അയാള്‍ ഞങ്ങളുടെ പീസ് ഊരിയില്ലേ? മനുഷ്യത്തമില്ലാത്തവനായിരുന്നു.” ഒരാള്‍ പ്രതികരിച്ചു.
അയല്‍പക്കത്തെ സരോജിനിയും പത്മാവതിയും പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.
“ഇനി ആ കൊക്കു സാവിത്രിയുടെ അഹങ്കാരത്തിനു കൊറവുണ്ടാവുമോ ആവോ?”
സാവിത്രി വെളുത്തതാണ്. അതുകൊണ്ടാണവള്‍ കൊക്കു സാവിത്രി ആയത്.
“ശിവദാസന്റെ സ്ഥിതി അല്പം ഗുരുതരമാണെന്നാണു കേട്ടത്. അരയ്ക്കു താഴെ തളര്‍ന്നു പോയെന്നാണു ഡാക്ടര്‍മാര്‍ പറഞ്ഞത്. കഷ്ടം തന്നെ.” ചിലര്‍സഹതപിച്ചു.
“എട്ടും പൊട്ടും തിരിയാത്ത രണ്ടു പെമ്പിള്ളേരാണുള്ളത്; ചെറുപ്പക്കാരിയായ സാവിത്രിയും. ഇനി എങ്ങനെ ജീവിയ്ക്കും?”
യൂണിയന്‍ നേതാവ് എരിപൊരി വിശ്വംഭരനും അനുയായികളും ആശുപത്രില്‍ പറന്നെത്തി. അയാള്‍ ഉറക്കെ പ്രഖ്യാപിച്ചു.
“ഇതിനു മാനേജ്‌മെന്റ് മറുപടി പറയണം. ഒരു തൊഴിലാളിയാണ് ശരീരം തളര്‍ന്ന് ആശുപത്രിയില്‍ കിടക്കുന്നത്. ഈ അപകടത്തിനു പിന്നില്‍ മാനേജ്‌മെന്റിന്റെ കറുത്ത കൈകളുണ്ട്. അവര്‍ സമാധാനം പറയണം. ശിവദാസന്റെ ചികിത്സയുടെ പൂര്‍ണ്ണ ചെലവ് മാനേജ്‌മെന്റ് ഉടന്‍ തന്നെ നല്‌കേണ്ടതാണ്. കൂടാതെ ശിവദാസന്റെ കുടുംബത്തിന്റെ ജീവസന്ധാരണത്തിനു ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടതാണ് ഈ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും മാനേജ്‌മെന്റിനും അവര്‍ക്കു പാദസേവ ചെയ്യുന്ന മറ്റേ തൊഴിലാളി യൂണിയനുമാണ്.”
നേതാവു വാചാലനായുരുന്നു.
അയാള്‍ സാവിത്രിയെ നോക്കി ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“സാവിത്രി ഒന്നു കൊണ്ടും ഭയപ്പെടേണ്ട. മാനേജ്‌മെന്റിനെയും അവരുടെ ശിങ്കിടികളെയും ഞങ്ങള്‍ മുട്ടു കുത്തിക്കും. യൂണിയന്റെ ശക്തി എന്താണെന്നു അവര്‍ കണ്ടറിയും.”
സാവിത്രി ആശയോടെ നേതാവിനെ നോക്കി. നേതാവ് സാവിത്രിയെയും.
സാവിത്രി മാറിപ്പോയ ഡാവിണിത്തുമ്പു കൊണ്ടു പെട്ടെന്നു മാറു മറച്ചു.
അതു സാവിത്രിയുടെ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ്. ഇംഗ്ലീഷു ഭാഷയില്‍ റിഫ്‌ലക്‌സ് ആക്ഷന്‍ എന്നു പറയും. സ്തനനിബിഡമായ മാറില്‍ ആരെങ്കിലും  നോക്കിയാല്‍ സാവിത്രിയുടെ കൈകള്‍ ഡാവിണിത്തുമ്പിലേയ്ക്കു നീളും. ഡാവിണി സ്ഥാനം തെറ്റിയിട്ടുണ്ടാവില്ല. എന്നാലും റിഫ്‌ലക്‌സ് ആക്ഷന്‍ ഉണ്ടാവും.
നേതാവ് ഒരു പൊതി സാവിത്രിയെ ഏല്പിച്ചു. പൊതി ഏല്പിക്കുമ്പോള്‍ യൂണിയന്‍ നേതാവിന്റെ വിരലുകള്‍ സാവിത്രിയുടെ നേര്‍ത്തു നീണ്ട വിരലുകളെ സ്പര്‍ശിച്ചോ? ഒരു പക്ഷേ സാവിത്രിക്കു തോന്നിയതാവാം.
“എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാല്‍ മതി.”
നേതാവ് സഹായം വാഗ്ദാനം ചെയ്തു. എരിപൊരി വിശ്വംഭരന്‍ തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും കൂറുള്ളവനാണ്. നേതാവ് പോയിക്കഴിഞ്ഞപ്പോള്‍ സാവിത്രി പൊതിയഴിച്ചു നോക്കി. അതില്‍ ആയിരം രൂപാ ഉണ്ടായിരുന്നു.
ഡാക്കിട്ടര്‍മാരുടെ വരവായി. അവര്‍ സംഘം ചേര്‍ന്നാണു വരിക. വരേണ്യ വര്‍ഗ്ഗമാണവര്‍. അവര്‍ അധികം സംസാരിക്കാറില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. കോടിക്കണക്കിനു പണം വാരിയെറിഞ്ഞാണ്അവര്‍ ഈ വെളുത്ത കോട്ട് തയ്പിച്ചിട്ടത്. മരണത്തിന്റെയും ജീവന്റെയും താക്കോല്‍ അവരുടെ കീശയിലാണ്. അവര്‍ വരുമ്പോള്‍ എഴുനേറ്റ് ഓഛാനിച്ചു നില്ക്കണം. പ്രധാന ഡാക്കിട്ടറേമാന്‍ കറന്റു ശിവദാസനോട് ആജ്ഞാപിച്ചു.
“കൈ ഉയര്‍ത്തൂ.”
“വലതു കാല്‍ ഉര്‍ത്തൂ.”
“ഇനി ഇടതു കാല്‍.”
“നാക്കു നീട്ട്.”
എന്നിട്ട് എന്തോ കൊച്ചു ഡാക്കിട്ടര്‍മാരോടു പറഞ്ഞു; ഇംഗ്ലീഷില്‍. അവര്‍ എന്തൊക്കെയോ സ്ലേറ്റു പോലിരിക്കുന്ന ഒരു സാധനത്തില്‍ കുത്തിക്കുറിച്ചു.
“എങ്ങനുണ്ട് ഡാക്കിട്ടറേമാനേ? എന്റെ പര്‍ത്താവ് എന്നു വീട്ടില്‍ വീട്ടില്‍ പോകാനൊക്കും?”
സാവിത്രിയുടെ ചോദ്യം കരച്ചില്‍ പോലെയിരുന്നു.
“ഹും, വരട്ടെ, നോക്കാം.” മുഖ്യ ഡാക്കിട്ടര്‍ പറഞ്ഞു. സാവിത്രിയുടെ ചോദ്യം അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സാവിത്രിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ അയാള്‍ ബാദ്ധ്യസ്ഥനുമല്ല. അയാള്‍ രണ്ടു ലക്ഷം രൂപാ പ്രതിമാസശമ്പളം വാങ്ങുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡാക്കിട്ടര്‍ ഫെര്‍ണാണ്ടസ് ആണ്. പേരിനോടു ചേര്‍ത്ത് അനേകം ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതി വയ്ക്കുന്ന ആള്‍. വളഞ്ഞ പരിശോധനാക്കുഴല്‍ വെളുത്ത കോട്ടിന്റെ വലിയ പോക്കറ്റില്‍ തിരുകി ഭിഷഗ്വര സമൂഹം അടുത്ത രോഗിയുടെ സമീപത്തേയ്ക്കു നീങ്ങി.
“പെര്‍ണാണ്ടസ് ഡാക്കിട്ടറാണേല്‍ ങ്ങളു രക്ഷപ്പട്ടു. പടച്ചോന്‍ കയിഞ്ഞാ ബല്യത് പെര്‍ണാണ്ടസ് ഡാക്കിട്ടറാ. പക്ഷേങ്കിലു ങ്ങളു മീട്ടിച്ചെന്നൊന്നു കാണണം. തങ്കപ്പെട്ട സൊപാവമാ.ങടെ കെട്യോനല്യോ ബല്യത്? പത്തു കാശ് ആണോ?”
ആമിനയാണ് അതു പറഞ്ഞത്. അടുത്ത ബെഢില്‍ കാലൊടിഞ്ഞു കിടക്കുന്ന മമ്മതിന്റെ ഭാര്യയാണ് ആമിന.
അല്പ സമയം കഴിഞ്ഞ് ഒരു യുവ ഡാക്ടര്‍ വന്നു. അയാള്‍ സാവിത്രിയോടു പറഞ്ഞു.
“നിങ്ങളുടെ ഭര്‍ത്താവിന് ഒരു അടിയന്തിര ശസ്ത്രക്രിയ ആവശ്യമുണ്ട്. ന്യൂറോ സര്‍ജനാണ് ഓപ്പറേഷന്‍ ചെയ്യേണ്ടത്. അല്പം ചെലവുള്ള ഓപ്പറേഷനാണ്. കുറഞ്ഞതു അഞ്ചു ലക്ഷം രൂപാ ആകും. തല്ക്കാലം ഒരു ലക്ഷം ഉടനെ അടയ്ക്കണം.”
“എന്റെ ദൈവമേ, ഒരു ലക്ഷം രൂപായോ? ഞങ്ങള്‍ പാവങ്ങളാണു ഡാക്കിട്ടര്‍ സാറേ. ഞങ്ങടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇക്കിടക്കുന്നത്. സഹായിക്കണം.”
“എന്നു പറഞ്ഞാലെങ്ങനാ?നിങ്ങളുടെ സ്ഥിതി ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ അതു കൊണ്ടെന്തു കാര്യം? എനിക്കു നിങ്ങളെ സഹായിക്കുവാന്‍ കഴികയില്ല. ഒരു ലക്ഷം ഉടനെ അടച്ചേ പറ്റൂ.”
കൊച്ചു ഡാക്കിട്ടര്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ അയാള്‍ സാവിത്രിയെ നോക്കി പുഞ്ചിരിച്ചു. സാവിത്രിയുടെ വിരലുകള്‍ ഡാവിണിത്തുമ്പിലേയ്ക്കു നീണ്ടു.
എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ജോണ്‍ മത്തായി വന്നു. അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ രാമനും അസിസ്റ്റന്റ് എഞ്ചിനിയര്‍ ചാക്കോയും ഒപ്പമുണ്ടായിരുന്നു.
“ശിവദാസന്‍ ഡ്യൂട്ടി സമയത്താണല്ലോ താഴെ വീണ് അപകടം സംഭവിച്ചത്. അതുകൊണ്ട് വര്‍ക്കു മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് അനുസരിച്ചു ചികിത്സാ ചെലവുകളെല്ലാം കമ്പനി വഹിക്കും. അതാണു നിയമം.” എക്‌സിക്യുട്ടിവ് എഞ്ചിനിയറുടെ വാക്കുകളില്‍ സഹതാപം നിഴലിച്ചിരുന്നു.
“വല്യ ഉപകാരമായി സാറേ. അതു എത്രയും പെട്ടെന്നു കിട്ടിയാല്‍ ചേട്ടന്റെ ഓപ്പറേഷന് ആശുപത്രിയില്‍ കൊടുക്കാം.”
“പക്ഷേ അതു കിട്ടാന്‍ കുറെ സമയമെടുക്കും. ബോര്‍ഡ് ആണ് അപ്രൂവ് ചെയ്യേണ്ടത്. തത്ക്കാലം കൊടുക്കാനുള്ള തുക നിങ്ങള്‍ അഡ്ജസ്റ്റു ചെയ്യുക. എന്നിട്ട് ഒരാഴ്ച കഴിഞ്ഞ് ആപ്പീസിലേയ്ക്കു വരിക.”
അയാള്‍ പോകുന്നതിനു മുമ്പ് സാവിത്രിയെ നോക്കി പുഞ്ചിരിച്ചു. അവളുടെ നേര്‍ത്ത വിരലുകള്‍ ഡാവിണിത്തുമ്പിലേയ്ക്കു നീണ്ടു.
തത്ക്കാലം ഒരു ലക്ഷം രൂപയാണു ആശുപത്രിയില്‍ കൊടുക്കേണ്ടത്. അതെങ്ങനെ ഉണ്ടാക്കും?
കെട്ടുതാലി പറിച്ചു വില്ക്കാം. കുഞ്ഞുങ്ങളുടെ കാതുകളില്‍ കിടക്കുന്ന കമ്മലും ഊരി വിറ്റാല്‍ ഏതാണ്ട് ഒരു ലക്ഷം തികയുമായിരിക്കും. കഴിഞ്ഞ വര്‍ഷം ബോണസ് കിട്ടിയപ്പോള്‍ അച്ഛന്‍ വാങ്ങിക്കൊടുത്തതാണ് ഇളയ മകള്‍ വീണയുടെ കമ്മലുകള്‍. അതു വില്ക്കുന്നതു അവള്‍ക്കു സങ്കടമാണ്.
“കമ്മലു ഊരിയാല്‍ കുറച്ചു നാള്‍ കഴിയുമ്പം ഊട്ട അടഞ്ഞു പോകും.”
മൂത്ത മകള്‍ താര അവളുടെ എതിര്‍പ്പ് ഒരളവില്‍ പ്രകടിപ്പിച്ചു.
“അതു സാരമില്ല. ആണിക്കമ്പു വച്ചാല്‍ മതി. കാശു കിട്ടുമ്പം തിരിച്ചു വാങ്ങാം. അച്ഛന്റെ ചികിത്സയല്ലേ പ്രധാനം?”
പിന്നെ മക്കള്‍ ഒന്നും പറഞ്ഞില്ല.
“അമ്മ ഇന്ന് എങ്ങോട്ടു പോകുന്നു, അണിഞ്ഞൊരുങ്ങി?” താര ചോദിച്ചു.
“ഇന്നാണ് എക്‌സിക്യുട്ടിവ് എഞ്ചിനീയറദ്ദേഹത്തെ കാണേണ്ട ദിവസം. വല്യ ആപ്പീസല്ലേ, വൃത്തിയായി ചെല്ലണ്ടേ?”
പിന്നെ മക്കള്‍ ഒന്നും പറഞ്ഞില്ല.
ഭയത്തോടും ബഹുമാനത്തോടെയുമാണ് സാവിത്രി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ജോണ്‍ മത്തായിയുടെ മുറിയിലെത്തിയത്. മുറിയുടെ ഒരരികില്‍ അവള്‍ ഓഛാനിച്ചു നിന്നു. എക്‌സിക്യുട്ടിവ് എഞ്ചിനിയരദ്ദേഹം സാവിത്രിയെ ആപാദചൂഡം ഒന്നു നോക്കി, തടിച്ച കണ്ണട അല്പം ഉയര്‍ത്തിയിട്ട്. സാവിത്രി ഡാവിണി വഴുതിപ്പോകാതെ പിടിച്ചിട്ടു.
“ഞാന്‍ ശിവദാസന്റെ ഫയല്‍ പരിശോധിച്ചു.” എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ സംഭാഷണം ആരംഭിച്ചു.
“എന്നത്തേയ്ക്കു കാശു കിട്ടും? അതു കിട്ടിയിട്ടു വേണം ആശുപത്രിയില്‍ അടയ്ക്കാന്‍. എങ്കിലേ അവര്‍ ഓപ്പറേഷന്‍ ചെയ്യുകയുള്ളു.” സാവിത്രി ധൈര്യം സംഭരിച്ചു പറഞ്ഞു.
“അതാണു കുഴപ്പം. വര്‍ക്കു മെന്‍സ് കോമ്പന്‍സേഷന്‍ കിട്ടുന്നതിനു ചില വ്യവസ്ഥകളുണ്ട്. അതൊന്നും പാലിച്ചിട്ടില്ല.”
സാവിത്രിക്കു ഒന്നും മനസ്സിലായില്ല. അവരുടെ കണ്ണുകളില്‍ ഇരുട്ട് വ്യാപിക്കന്നുവോ!
“നിങ്ങള്‍ക്കു മനസ്സിലായില്ലെന്നറിയാം. ഞാന്‍ വിശദമാക്കാം. നോക്കൂ, ഈ കടലാസ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റില്‍ നിന്നും അയച്ചിരിക്കുന്നതാണ്. അതില്‍ ഒരു ചോദ്യാവലിയുണ്ട്. അതിനു ഞാനാണ് ഉത്തരം നല്‌കേണ്ടത്. കേട്ടോളൂ, ഞാന്‍ ഒന്നൊന്നായി വായിക്കാം.” എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ തുടര്‍ന്നു.
“അപകടം പറ്റിയ തൊഴിലാളി സേഫ്റ്റി ബല്‍റ്റു ധരിച്ചിരുന്നോ?
ശരിയായ ഉത്തരം: ഇല്ല.
രണ്ടാമത്തെ ചോദ്യം.
തൊഴിലാളി സേഫ്റ്റി ഹെല്‍മറ്റു ധരിച്ചിരുരുന്നോ?
ശരിയായ ഉത്തരം: ഇല്ല.
മൂന്നാമത്തെ ചോദ്യം.
തൊഴിലാളി സേഫ്റ്റി ബൂട്ടു ധരിച്ചിരുന്നോ?
ശരിയായ ഉത്തരം: ഇല്ല.
നാലാമത്തെ ചോദ്യം.
തൊഴിലാളി തീ പിടിക്കാത്ത തരത്തിലുള്ള യൂണിഫോറം ധരിച്ചിരുന്നോ?
ശരിയായ ഉത്തരം: ഇല്ല.
അതിന്റെ അര്‍ത്ഥം നിയമം അനുശാസിക്കുന്ന സുരക്ഷാ വ്യവസ്ഥകളൊന്നും നിങ്ങളുടെ ഭര്‍ത്താവ് പാലിച്ചിട്ടില്ലെന്നാണ്. സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതെ അപകടം സംഭവിച്ചാല്‍ വര്‍ക്കുമെന്‍സ് കോമ്പന്‍സേഷന് അര്‍ഹത ഇല്ലെന്നാണു നിയമം.”
എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ജോണ്‍ മത്തായി പറഞ്ഞു നിറുത്തി.
സാവിത്രിക്കു കണ്ണില്‍ ഇരുട്ടു കയറുന്നു. ഭര്‍ത്താവ് ശിവദാസനാണ് അവള്‍ക്കെല്ലാമെല്ലാം. വര്‍ക്കേഴ്‌സ് കോമ്പന്‍സേഷന്‍ ലഭിച്ചില്ലെങ്കില്‍ ശിവദാസനു ചികിത്സ ലഭിക്കുകയില്ല. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങും. വീടു പട്ടിണിയിലാവും. എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ജോണ്‍ മത്തായിയുടെ ഘനഗംഭീരമായ ശബ്ദം കാതുകളില്‍ മുഴങ്ങി.
“ഞാന്‍ എന്താണു ചെയ്യേണ്ടത്?”
“സാറു ഞങ്ങള്‍ക്കു ദൈവമാണ്.” സാവിത്രി പറഞ്ഞു. ആ ശബ്ദം ഇടറിയിരുന്നു.
“ഞാന്‍ നിങ്ങള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് അയയ്ക്കുകയില്ല. കാരണം അതു റിസ്ക്കുള്ള കാര്യമാണ്. ഞാനെന്തിനു നിങ്ങള്‍ക്കു വേണ്ടി വേലിയില്‍ കിടക്കുന്ന ചേരയെ എടുത്തു തോളില്‍ ഇടണം?”
ജോണ്‍ മത്തായി സാവിത്രിയെ നോക്കി. സാവിത്രിക്കു പൊള്ളുന്നതു പോലെ തോന്നി.
മൌനമായ നിമിഷങ്ങള്‍.
സാവിത്രിയുടെ നീണ്ട വിരല്‍ത്തുമ്പുകള്‍ ഡാവിണിയുടെ അറ്റത്തേയ്ക്കു നീണ്ടു; ഒന്നല്ല, രണ്ടോ മൂന്നോ തവണ.
“സാറു ഞങ്ങള്‍ക്കു ദൈവമാണ്. സഹായിക്കണം.” സാവിത്രി മൌനം ഭഞ്ജിച്ചു.
“ദൈവമോ ചെകുത്താനോ ആരുമായിക്കൊള്ളട്ടെ, ഞാന്‍ റിസ്‌ക്കെടുത്തു നിങ്ങളെ സഹായിച്ചാല്‍ എനിക്കും കിട്ടണം കോമ്പന്‍സേഷന്‍.”
എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ഒരു വിടലച്ചിരിയോടെ സാവിത്രിയെ നോക്കി.
സാവിത്രി പകച്ചു നിന്നു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ സാവിത്രിക്കു കാര്യം പിടി കിട്ടി.
കടുവായ്ക്കു മുമ്പില്‍ നില്ക്കുന്ന പേടമാനെപ്പോലെ അവള്‍ നിന്നു വിറച്ചു.
ഇത്തവണ റിഫ്‌ലക്‌സ് ആക്ഷന്‍ ഉണ്ടായില്ല, സ്ഥാനം തെറ്റിയ ഡാവിണിത്തുമ്പ് പിടിച്ചിടാന്‍.
ചില നിമിഷങ്ങള്‍ കൊഴുഞ്ഞു വീണു.
കൊക്കു സാവിത്രിയുടെ ഡാവിണി ഉലഞ്ഞു.
അതഴിഞ്ഞു വീണു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക