Image

ശത്രു (കവിത: ബിന്ദു രാമചന്ദ്രന്‍)

Published on 28 February, 2020
ശത്രു (കവിത: ബിന്ദു രാമചന്ദ്രന്‍)
ഒറ്റയ്ക്കും
കൂട്ടമായും
കുറുനരിയായും
കാട്ടുപോത്തായും
കരിമേഘമായും
അവന്‍ വരാം.

പതിഞ്ഞു പെയ്‌തൊഴിഞ്ഞേക്കാം,
ഒളിഞ്ഞിരുന്നാക്രമിക്കാം ,
നേര്‍ക്കുനേരെ
ആഞ്ഞടുത്തേക്കാം.
വിചാരങ്ങളില്‍ വിഷം പുരട്ടി
വിശ്വാസങ്ങളെ വികൃതമാക്കാം.

പിടഞ്ഞു പിടഞ്ഞും
ചിലപ്പോള്‍
ഒരു പിടച്ചില്‍ പോലുമില്ലാതെയും
നിങ്ങള്‍ ഒതുക്കപ്പെടും
അടക്കപ്പെടും .

അക്രമിയാണെങ്കിലും
അപകടകാരി അല്ലാത്തവന്‍.
ഒരു വിളിപ്പാടകലെ
അവനെ വിട്ടേക്ക് !

ശാന്തനും സൗമ്യനുമായ
ഈ ആട്ടിന്‍കുട്ടി
ഇവനാണ് താരം.

ഇവന്റെ വചനങ്ങള്‍ക്ക്
സ്തുതി പാടി
ഇവനാല്‍ തെളിക്കപ്പെട്ട നിങ്ങള്‍.
വളയമില്ലാതെയും
വലയ്ക്കുള്ളില്‍ ചാടാന്‍
കളം വരയ്ക്കുന്നവന്‍.
വികാരങ്ങള്‍ക്കു വിലയിട്ടവന്‍.

ഇവനെ കരുതിയിരിക്കുക.

പ്രതിരോധത്തിനോ
പ്രതികരണത്തിനോ ഇടം തരാതെ
നിര്‍മയനായി
നിര്‍വികാരനായി നിങ്ങള്‍
നിശ്ശബ്ദനാക്കപ്പെടുകയാണ് .
വിമര്‍ശനവും പ്രതിഷേധവും
നിങ്ങള്‍ കാണുന്നേയില്ല.
പൂച്ചക്കുഞ്ഞിനെപ്പോലെ
അവന്റെ കാലടികളില്‍
ഒതുങ്ങിയമര്‍ന്ന്
നിങ്ങളെ ,നിങ്ങള്‍  സ്വയം
ഉപേക്ഷിക്കുകയാണ്.

ഇവനെയാണ് സൂക്ഷിക്കേണ്ടത്.
ഇവനെ മാത്രം .
ഇവന്‍ വിളിപ്പുറത്താണ്
വളരെയടുത്താണ് .
കരുതിയിരിക്കൂ .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക