കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -28: കാരൂര്‍ സോമന്‍)

Published on 03 March, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -28: കാരൂര്‍ സോമന്‍)
ഒരേ തിര, ഒരേ ആകാശം

സിസ്റ്ററുടെ വാക്കുകള്‍ പലരഹസ്യങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു. ചില ചാനലുകള്‍ ഒരു വിദേശമലയാളിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാക്കുകയും ചെയ്തു. അധികാരഗോപുരങ്ങളില്‍ സുഖവാസം ചെയ്യുന്നവരുടെ കണ്ണുകളില്‍ അത് അമ്പരപ്പാണുണ്ടാക്കിയത്.  കന്നിനെ കയം കാണിക്കുന്നതുപോലെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കുറെപ്പേര്‍ എത്തിയിരിക്കുന്നത്. ഇവിടുത്തെ സ്ത്രീകളെ പീഡിപ്പിക്കുന്നതുപോലെ പാവങ്ങളെയും പീഡിപ്പിക്കയെന്ന്് ഉറക്കെ പറയണമെന്ന് തോന്നി. തിരുവനന്തപുരത്തുള്ള ശംഖ്മുഖം തുറമുഖം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സഭാപിതാവിനെ സന്ദര്‍ശിച്ചതിന്‌ശേഷം ചാരുംമൂട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തുന്ന സമയം സൂര്യന്‍ പ്രകൃതിയെ ചുംബിച്ചിട്ട് ചക്രവാളത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കയായിരുന്നു.
ഇതിനിടയില്‍ ബസ്സുകളുടെ വേഗത നിറഞ്ഞ ഓട്ടത്തെ വിസ്മയത്തോടെയാണ് കണ്ടത്. ആ സമയം ലണ്ടനിലെ മനോഹരമായ ഇരുനില വാഹനം മനസ്സിലേക്ക് വന്നു. ഒരു ഡ്രൈവര്‍ മാത്രമുള്ള ബസ്സില്‍ ടിക്കറ്റ് കിട്ടാനുള്ള യന്ത്രവും ഉണ്ട്. യാത്രികമായി കയറാനും ഇറങ്ങാനുമുള്ള വാതിലുകളും. വീട്ടിലെത്തിയ സിസ്റ്റര്‍ കുളികഴിഞ്ഞ് പ്രാര്‍ത്ഥനയിലേക്കും ഷാരോണ്‍ ടി.വി. ന്യൂസ് കാണാനുമിരുന്നു.
രാത്രിലെ പ്രാര്‍ത്ഥനയും അത്താഴവും കഴിച്ചിട്ടവര്‍ തുടര്‍ന്നുള്ള യാത്രകളെപ്പറ്റി ഉറങ്ങുംവരെ സംസാരിച്ചിരുന്നു. സിസ്റ്റര്‍ കര്‍മേല്‍ കുടുംബത്തിനൊപ്പം ആദ്യം പോയത്  കോട്ടയം അനാഥമന്ദിരത്തിലേക്കായിരുന്നു. അവിടെ ഊഷ്മളമായ സ്വീകരണമാണ് സഭാപിതാക്കന്മാരുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ക്ക് ലഭിച്ചത്. മറുപടി പ്രസംഗത്തില്‍ സിസ്റ്റര്‍ അറിയിച്ചത് ഇന്നത്തെ ഭൂമിയും ആകാശവും മനുഷ്യന്റെ പാപത്താല്‍ ശാപയോഗ്യമായിരിക്കുന്നുവെന്നും ദൈവത്തിന്റെ കൂടാരത്തിലാണ് ഇത് സംഭവിക്കുന്നതെന്നും നാം ഓര്‍ക്കണം.
അനാഥാലയത്തിലെ കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ കോശിയുടെ വകയായി ഒരുക്കിയിരുന്നു. അതിനൊപ്പം നല്ലൊരു തുക സംഭാവനയും നല്കി. സിസ്റ്റര്‍ കര്‍മേലിന്റെ സന്ദര്‍ശനം അവര്‍ക്ക് ഒരു അനുഗ്രഹമായിരുന്നു. ആലപ്പുഴ ബോട്ട് യാത്രയ്ക്ക് ശേഷം അവര്‍ പോയത് കാളയോട്ടം കാണാനായിരുന്നു. ചതുപ്പു നിറഞ്ഞ പാടത്ത് കാളയോട്ടം കാണാന്‍ സമീപപ്രദേശത്തുള്ള ഗ്രാമവാസികള്‍ കൂട്ടംകൂട്ടമായിരുണ്ടായിരുന്നു. എട്ട് ജോഡി കാളകളും അതിന്റെ കഴുത്തില്‍ കലപ്പയുമായി വെളുപ്പും കറുപ്പും പുള്ളികളുള്ള കാളകള്‍ ഓടാന്‍ തയ്യാറായി നിന്നു.
കാളയോട്ടം കണ്ടിരിക്കെ മനസ് സ്‌പെയിനിലെ കാളയോട്ടം ഓര്‍മ്മിച്ചു. അതൊരു ക്രൂരവിനോദമാണ്. ഇന്നത് പഴയതുപോലില്ല. ചായംപൂശിയ കൊമ്പുകളില്‍ പിടയുന്ന മനുഷ്യജീവനുകളെ എന്തിന് കണ്ടുരസിക്കണമെന്ന് തോന്നും. ഇവിടുത്തെ വയലുകളിലുള്ള കാളയോട്ട മത്സരം എത്രയോ നന്ന്.
ഒരു രാത്രി പൂഞ്ഞാറിലുള്ള ഒരു ഹോട്ടലിലാണ് തങ്ങിയത്. കോശിയും കുടുംബവും ഒപ്പമുള്ളതിനാല്‍ അവിടുത്തെ വേശ്യാകേന്ദ്രങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചില്ല. ഹോട്ടല്‍ ജോലിക്കാരില്‍ നിന്ന് ഒരു കാര്യം മനസ്സിലായത് ഏജന്റന്മാര്‍ വഴി ഇവിടെയും സ്ത്രീകളുടെ വരവുണ്ടെന്നാണ്. പോലീസ് റെയ്ഡ് ഒന്നും നടക്കാറില്ല. പോലീസും ഹോട്ടല്‍ മുതലാളിമാരും ഒന്നിച്ച് നടത്തുന്ന വ്യവസായം. കേരളത്തിലെ എല്ലാ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കല്‍ക്കട്ടയിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് പിതാവിന്റെ കല്ലറയില്‍ കുടുംബവുമൊത്ത് പ്രാര്‍ത്ഥിക്കാനെത്തി. സിസ്റ്റര്‍ കാര്‍മേല്‍ ചാരുംമ്മൂട്ടിലുള്ളത് മാധ്യമങ്ങള്‍ അറിഞ്ഞിരുന്നില്ല. ചിലര്‍ മണത്തറിഞ്ഞ് അവര്‍ തുടരെ തുടരെ വീട്ടിലെത്തി. വീടിനുള്ളില്‍ ബെല്ലടി കേട്ട് വരുന്ന  വലക്കാരി ശാന്ത ജനാലയിലൂടെ അറിയിക്കും  ""സിസ്റ്റര്‍ ഇവിടെയില്ല യാത്രയിലാണ്''. കൊച്ചിയിലാണ് സിസ്റ്റര്‍ ഉള്ളതെങ്കില്‍ മാധ്യമക്കാര്‍ എത്തുമ്പോഴേക്കും സിസ്റ്റര്‍ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ചിരിക്കും. ഒരു ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ സിസ്റ്റര്‍ കാര്‍മേലിനെ അവര്‍ കണ്ടെത്തി. പിതാവിന്റെ കല്ലറയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് മെഴുകുതിരി കത്തിച്ച് തിരിഞ്ഞപ്പോള്‍ ചോദ്യങ്ങളുമായി മാധ്യമങ്ങള്‍. മാധ്യമശ്രദ്ധയും പ്രശംസയും പിടിച്ചെടുക്കുന്നത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സിസ്റ്റര്‍ ആശ്ചര്യപ്പെട്ട് അവരെ നോക്കി. ഉള്ളിലെ ചോദ്യം അവര്‍ ഇവിടെയുമെത്തിയോ? ആരെയും ആകര്‍ഷിക്കുന്ന ആ മുഖകാന്തിയില്‍ ഒരു ദിവ്യത്വം അവര്‍ കണ്ടു. അവരില്‍ ഒരാള്‍ ആകാംഷയോടെ ചോദിച്ചു.
""ഈ കല്ലറയില്‍ അടക്കം ചെയ്തിരിക്കുന്നത് സിസ്റ്ററുടെ ആരാണ് ''
അപ്രതീക്ഷതമായ ഒരു ചോദ്യമാണുണ്ടായത്. ഒന്നും ഒളിക്കേണ്ട ആവശ്യമില്ലന്ന് സിസ്റ്റര്‍ക്കും തോന്നി. അതീവ ബഹുമാനത്തോടെ പറഞ്ഞു.
""ഇതെന്റെ പിതാവിന്റെ കല്ലറയാണ്''
""ഞങ്ങള്‍ക്ക് അര മണിക്കൂര്‍ ഇന്റര്‍വ്യൂ തരാമോ?''
"" ക്ഷമിക്കണം. എനിക്ക് താല്പര്യമില്ല''
""സിസ്റ്റര്‍ ചെയ്യുന്ന നന്മകള്‍ ലോകം അറിയേണ്ടതല്ലേ?''
""ഞാന്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ എന്റെ
ധ്യാനത്തിന്റെ ഭാഗമാണ്. ആ ധ്യാനഗുരു എന്നെ അറിഞ്ഞാല്‍ മതി''
ആ വാക്കുകള്‍ ഒരു ദിവ്യപ്രസാദമായിട്ടാണവര്‍ക്ക് തോന്നിയത്.
""സിസ്റ്റര്‍ ഇവിടെ നിന്നും ഇംഗ്ലണ്ടിലേക്ക് എന്നാണ് പോകുന്നത്?''
""ഞാന്‍ നാളെ കല്‍ക്കട്ടയിലേക്കും പിന്നീട് ബോബയിലേക്കും
പോകും. അഞ്ച് വര്‍ഷങ്ങള്‍ കല്‍ക്കട്ടയില്‍ ജീവിച്ചതല്ലേ
പോകാതിരിക്കാന്‍ പറ്റുമോ?''
"" സിസ്റ്ററെ ഒരു ചോദ്യം കൂടി. ഇന്ന് കന്യാസ്ത്രീകള്‍ ധാരാളം പീഡനങ്ങള്‍
നേരിടുന്നതിനെ എങ്ങനെ കാണുന്നു?''
""ശ്രീ ശങ്കരാചാര്യരുടെ കാല്പാടുകള്‍ പതിഞ്ഞമണ്ണാണിത്. സന്യാസിനി
മഠങ്ങളില്‍ ആത്മാവിന്റെ ചൈതന്യമാണ് കാണേണ്ടത്. നമ്മള്‍
സന്യസിമാരുടെ ജീവിതത്തിന് എന്തെല്ലാം അര്‍ഥവ്യാഖ്യാനങ്ങള്‍
കൊടുത്താലും ആത്മീയ ജീവിതത്തിന് ഏകാഗ്രമനസ്സോടെ ദൈവത്തിന്
മുന്നില്‍ ആത്മസമര്‍പ്പണം ചെയ്യുവാന്‍ ഇവര്‍ക്കല്ലാം കഴിയട്ടെ
എന്നാണ് എന്റെ പ്രാര്‍ത്ഥന. നമ്മുടെ മനസ്സും മാര്‍ഗ്ഗവും നന്നായാല്‍ എല്ലാറ്റിനും
ഉത്തരം കിട്ടും. ശക്തരായവര്‍ ദുര്‍ബലരെ ദയാപൂര്‍വ്വം കാണണമെന്നാണ് എന്റെ
അഭിപ്രായം. എല്ലാം തിന്മകളേയും ദൈവം വെറുക്കുന്നവനാണ്.
അത് സന്യാസി സമൂഹം മനസ്സിലാക്കണം.'' അത്രയും പറഞ്ഞിട്ട് സിസ്റ്റര്‍ കാറിലേക്ക് കയറാനൊരുങ്ങുമ്പോള്‍ ഒരു ചോദ്യംകൂടി വന്നു.
""സിസ്റ്റര്‍ ലോകമമ്പാടും സഞ്ചരിക്കുമ്പോള്‍ ഭയം തോന്നാറില്ലേ?''
"" തിന്മകള്‍ക്കെതിരിരെ പ്രവര്‍ത്തിക്കുന്നതിന് എന്തിന് ഭയക്കണം.
മരണം എന്റെ മേല്‍ കഴുകനെപ്പോലെയുണ്ട്. മരണവും ഒരു കിരീടമാണ്.
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ? അങ്ങനെ
സംഭവിച്ചാല്‍ എന്നെ ഓര്‍ത്താരും കരയരുത് ''
അടുത്ത ദിവസത്തെ പത്രത്താളുകളില്‍ ദൈവത്തിന്റെ മനസ്സറിയുന്ന സിസ്റ്റര്‍ കാര്‍മേല്‍ എന്ന തലക്കെട്ടിലാണ് ആ ചോദ്യോത്തരങ്ങള്‍ പുറത്തുവന്നത്. അതില്‍ ചില പത്രങ്ങള്‍ വായിച്ചപ്പോള്‍  ഇവരൊന്നും ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരെല്ലെന്നും ഇത്തരം വാര്‍ത്തകള്‍ ജനത്തെ വിഭജിക്കാനെ ഉപകരിക്കുന്നെന്നും തോന്നി.
ഉദയം വരാതിരിക്കാനുള്ള പ്രാര്‍ത്ഥന സിസ്റ്റര്‍ കാര്‍മേല്‍ ഒഴികെ ആ വീട്ടിലെ മറ്റെല്ലാവരിലുമുണ്ടായിരുന്നു.
വളരെ കുറഞ്ഞ കാലയളവില്‍ ആ കുടുംബത്തിലെ എല്ലാമെല്ലാമായി മാറികഴിഞ്ഞ സിസ്റ്റര്‍ കാര്‍മേല്‍ ഈ ഭവനം വിട്ടുപോകുന്നു. രാവിലെ തന്നെ സിസ്റ്റര്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഒരുങ്ങിനിന്നു.
യാത്ര പറയാന്‍ ഒരുങ്ങുന്നതിന് മുമ്പ് തന്നെ നാല് ജോഡി മിഴികള്‍ ജലം രുചിയറിഞ്ഞു.
വാക്കുകള്‍ക്ക് അക്ഷരങ്ങള്‍ കിട്ടാതെ നാല് പേരും മൂകരായി തന്നെ നിന്നു. ഓരോരുത്തരായി ആലിംഗനം ചെയ്ത് തീര്‍ത്തപ്പോള്‍ ഏലീയമ്മയുടെയും സിസ്റ്ററിന്റേയും ഊഴം ആത്മനൊമ്പരത്തിന്റെ തീവ്രതയും ആഴവും നിറഞ്ഞതായിരുന്നു.
നാത്തൂന്റേയും നാത്തൂന്റേയും കണ്ണുകള്‍ നിറഞ്ഞൊഴുകി
ഈ പ്രത്യേക സമയത്ത് അവിടെ വേലക്കാരി ശാന്തയും ധൃതിപിടിച്ചെത്തി. പാവം വേലക്കാരി. സിസ്റ്റര്‍ കാര്‍മേല്‍ അവള്‍ക്ക് പാരിതോഷികവും നല്കി.
നാലുപേരും കാറില്‍ കയറി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സിസ്റ്റര്‍ കാര്‍മേല്‍ മാത്രം വിമാനത്തില്‍ കയറി. 
കല്‍ക്കട്ടയില്‍ എത്തിയ സിസ്റ്റര്‍ ആദ്യം വിളിച്ചത് കോശിയേയും സിസ്റ്റര്‍ നോറിനെയും ജെസീക്കയെയും ആയിരുന്നു. കല്‍ക്കട്ടയില്‍ സുഖമായി എത്തിയ കാര്യം പറയാനായിരുന്നു വിളിച്ചത്.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗറ പാലത്തിലൂടെയുള്ള യാത്ര മനസ്സിന് നല്ലകുളിര്‍മ നല്കി. ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഇരിക്കുമ്പോള്‍ മദര്‍ തെരേസയുടെ സ്വാധീനം മനസ്സിലേക്ക് കടന്നുവന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ പുണ്യവതി എന്ന വിളിപ്പേരുള്ള മദര്‍ തെരേസയുടെ കര്‍മ്മഭൂമി. മലീമസമായ ഓടകളും അഴുക്ക് ചാലുകളിലും കയ്യുറപോലും ധരിക്കാതെ അനാഥ കുഞ്ഞുങ്ങളെ വാരിയെടുത്ത് ഹൃദയത്തോട് ചേര്‍ത്ത് ജീവിച്ച വിശുദ്ധ തെരേസ. എനിക്കും ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് മനസു പറയുന്നു.
പക്ഷേ അകാരണമായൊരു ഭയം മനസിനെ അലട്ടുന്നുണ്ട്. അപ്പച്ചന്റെ മരണമറിഞ്ഞതില്‍ പിന്നെ വല്ലാത്തൊരു ഏകാന്തത ഉണ്ടായിരുന്നു. കോശിയുമായി വീണ്ടും സംസാരിച്ചപ്പോള്‍ അപ്പച്ചന്റെ സാന്നിധ്യം അനുഭവപ്പെട്ടതു പോലെ. ആദ്യം മനസ്സില്‍ കോശി തന്നെ സഹോദരിയായി അംഗീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കയും അകറ്റുന്ന പ്രതികരണമായിരുന്നു അവിടെ നിന്നും ലഭിച്ചത്.
അത്രയേറെ സന്തോഷിച്ച നാളുകള്‍ അധികമൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ വെറുതേ ഓര്‍ത്തു. കൊട്ടാരം വീട്ടില്‍ എല്ലാവരും തനിക്ക് സ്വന്തമാണ്. വിധി അനാഥയാക്കിയപ്പോഴും എവിടെയൊക്കെയോ കാരുണ്യം കരുതിവച്ചിരുന്നതു പോലെ ദയ ചൊരിയുന്നു.
സന്യാസിനി മഠത്തില്‍ എത്തിയ സിസ്റ്റര്‍ കാര്‍മേലിന് നല്ലൊരു വരവേല്പാണ് ലഭിച്ചത്. തീന്‍മേശയില്‍ വിശിഷ്ടഭോജ്യങ്ങളാണ് ഒരുക്കിയത്. അത്താഴശേഷമുള്ള പ്രാര്‍ത്ഥനയില്‍ സിസ്റ്റര്‍ക്കൊപ്പം എല്ലാവരും പങ്കുചേര്‍ന്നു.
അടുത്ത ദിവസംമുതല്‍ ഒരു കന്യാസ്ത്രീയും പരിചാരികയും സിസ്റ്റര്‍ക്കൊപ്പം കല്‍ക്കട്ടയുടെ തെരുവീഥികളില്‍ക്കൂടി വേശ്യകളെത്തേടിയലഞ്ഞു. വെറും കുടിലുകള്‍ കെട്ടി പാവങ്ങളായി ജീവിക്കുന്ന വേശ്യകള്‍ക്ക് പരിപൂര്‍ണ്ണസംരക്ഷണം ഉറപ്പു കൊടുക്കാനായി കല്‍ക്കട്ടയിലെ പല സര്‍ക്കാര്‍ ഓഫീസുകളിലും സിസ്റ്റര്‍ കയറിയിറങ്ങി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇതര മനുഷ്യാവകാശസ്ഥാപനങ്ങള്‍ക്കും പരാതികളയച്ചു.  മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച നടത്തി. വേലയും കൂലിയുമില്ലാത്ത ധാരാളം സ്ത്രീകള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി സിസ്റ്റര്‍ മനസ്സിലാക്കി. കുട്ടികളളെ സംരക്ഷിക്കാന്‍ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല.  അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടതുണ്ട്. അന്നത്തെ രാത്രി സിസ്റ്റര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മുലകുടിക്കുന്ന കുട്ടികളുമായി ജീവിക്കുന്ന പാവം സ്ത്രീകള്‍ മനസ്സില്‍ നിന്ന് മായുന്നില്ല. തന്റെ ലാപ്‌ടോപ്പില്‍ മഹാരാഷ്ട്ര, ന്യൂഡല്‍ഹി അടക്കമുള്ള പല മുഖ്യമന്ത്രിമാര്‍ക്കും, വനിതാ കമ്മീഷനും, മനുഷ്യവകാശ സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രിക്കും അനാഥരായ വേശ്യകളെപ്പറ്റിയും അവരുടെ അവകാശങ്ങള്‍ സഫലീകരിക്കണമെന്നുമുള്ള പരാതികള്‍ അയച്ചു. ഭരണാധിപന്മാന്‍ സിസ്റ്റര്‍ കാര്‍മേലിനെ കാണുന്നത് ഒരു അപകടഭീഷണിയായിട്ടാണ്. തെരുവുകളില്‍ ഭരണാധിപന്‍ന്മാര്‍ വേശ്യകളെ വളര്‍ത്തുന്നുവെന്ന് ഒരു വാര്‍ത്ത വന്നാല്‍ സിസ്റ്റര്‍ കാര്‍മേല്‍ ആയതിനാല്‍ ആഗോളതലങ്ങളില്‍ അതിന് വലിയ പ്രാധാന്യം കിട്ടും. പ്രതിപക്ഷം ഭരണത്തില്‍ നിന്ന് വലിച്ചെറിയാന്‍ കാത്തിരിക്കുമ്പോള്‍ വടികൊടുത്ത് അടി വാങ്ങാതിരിക്കാനാണ് കന്യാസ്ത്രീയുടെ വാക്കുകള്‍ക്ക് അവര്‍ വിലകൊടുത്തത്. കല്‍ക്കട്ടയില്‍ വേശ്യകളുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷിച്ചു.
അടുത്തദിവസം തന്നെ നിരവധി സുഹൃത്തുക്കള്‍ സിസ്റ്ററെ കാണാനെത്തി. ധാരാളം ചാനല്‍-പത്രമാധ്യമങ്ങള്‍ സിസ്റ്റര്‍ കാര്‍മേലിനെ തേടിയെത്തിയെങ്കിലും സിസ്റ്റര്‍ അവരില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി.
പ്രഭാതത്തില്‍ എഴുന്നേറ്റ് പ്രാര്‍ത്ഥനയും ദിനചര്യകളും കഴിഞ്ഞ് തെരുവിലിറങ്ങുന്ന സിസ്റ്റര്‍ കാര്‍മേലിനെ സാമൂഹ്യവിരുദ്ധരായ ചിലരൊക്കെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് കുടെ നടന്ന കന്യാസ്ത്രീ സിസ്റ്റര്‍ കാര്‍മേലിനെ ധരിപ്പിച്ചു. പല രാജ്യങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ അജ്ഞാതരായവര്‍ ശ്രമിച്ചിട്ടുണ്ട്. സിസ്റ്റര്‍ കാര്‍മേലിന് അതില്‍  യാതൊരു ആശങ്കയോ ഭയമോ ഇല്ലന്ന് തുറന്നുപറഞ്ഞു.
കല്‍ക്കട്ടയിലെ ഒരാഴ്ച ജീവിതത്തില്‍ തെരുവുകളില്‍ മാത്രമല്ല അവിടുത്തെ സന്യാസിമഠങ്ങളിലും അഗാധ പാണ്ഡിത്യമുള്ളവളെപ്പോലെ പ്രസംഗിച്ചു . ഇന്നുള്ള സന്യാസിനികള്‍ അപകടം പിടിച്ച പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അന്തിക്രസ്തു പല ദേവാലയങ്ങളിലും കൂടാരമടിച്ചിട്ടുണ്ട്. അവര്‍ ഭക്തരുടെ വേഷമണിഞ്ഞ് വ്യഭിചാരം നടത്തുന്നു. അതില്‍ കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. കൂടിയിരുന്ന കന്യാസ്ത്രീകളുടെ മിഴികള്‍ സിസ്റ്റര്‍ കാര്‍മേലില്‍ തറച്ചിരുന്നു. അതിനെ കഠിനനമായ ഉപവാസ പ്രാര്‍ത്ഥനകള്‍കൊണ്ട് നിങ്ങള്‍ നേരിടണം. നമുക്ക് ബഹുദൂരം കല്ലും മുള്ളും നിറഞ്ഞ പാതയില്‍ സഞ്ചരിക്കാനുണ്ട്. ആ പ്രസംഗം ഹൃദയസ്പര്‍ശിയായിട്ടാണ് അനുഭവപ്പെട്ടത്. അന്നത്തേ സന്ധ്യാ നമസ്ക്കാരവും പ്രസംഗവും അത്താഴവും മൂകം വിതുമ്പിയ അനന്തരീക്ഷത്തിലായിരുന്നു.
ബോംബയിലേക്ക് യാത്രപറയുന്ന നിമിഷം കല്‍ക്കട്ടയില്‍ ഒപ്പമുണ്ടായിരുന്ന ഇന്നത്തെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാര്‍മേലിനെ കെട്ടിപ്പിടിച്ച് വിതുമ്പികരഞ്ഞു. നിറമിഴികളോടെ സിസ്റ്റര്‍ കാര്‍മേല്‍ ബോംബയിലേക്ക് തിരിച്ചു.
സിസ്റ്റര്‍ കാര്‍മേല്‍ ബോംബയിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ ജസ്സീക്കയും ലണ്ടനില്‍ നിന്നെത്തി.  അവളെ ഏര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ സിസ്റ്റര്‍ കാര്‍മേല്‍ എത്തിയിരുന്നു. ബോംബയിലെ സന്യാസി മഠത്തില്‍ താമസ്സിച്ചുകൊണ്ടാണവര്‍ ആഗ്ര, മധുര, ഡല്‍ഹി, ഹരിദ്വാര്‍ തുടങ്ങിയ പല പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ഹരിദ്വാറില്‍ സുഹൃത്തായ സ്വാമി രാമേശ്വര ശങ്കര്‍ക്കൊപ്പമാണ് ഒരു ദിവസം താമസ്സിച്ചത്. അതിന്റെ പ്രധാന കാരണം പുണ്യനദിയായ ഗംഗയില്‍ നിന്നുള്ള ഗംഗാജലം കുടിക്കാനാണ്. ധാരാളം തീര്‍ത്ഥാടകരെ അവര്‍ കണ്ടു. ജെസ്സീക്ക അവിടെ കണ്ടതെല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു. സ്വാമിയുടെ കഴുത്തിലും കൈകളിലും വിവിധ നിറത്തിലുള്ള രുന്ദ്രാക്ഷമാലകളും, പൂണൂലും, നരയാര്‍ന്ന നീണ്ട മുടിയും താടിയുമൊക്കെ കണ്ണുകള്‍ക്ക് ഹരം നല്കുന്നതായിരുന്നു. സ്വാമി നീണ്ട വര്‍ഷങ്ങള്‍ ഹിമാലയത്തില്‍ തപസ്സനുഷ്ടിച്ചതും ലണ്ടനിലെ നമ്മുടെ ആശ്രമത്തില്‍ വന്നിട്ടുള്ളതൊക്കെ സിസ്റ്റര്‍ കാര്‍മേല്‍ ജെസ്സീക്കയെ ധരിപ്പിച്ചു. .യാത്രകളിലെല്ലാം അത്യാധികം ക്ഷീണം സിസ്റ്റര്‍ക്ക് തോന്നിയിരുന്നു.
യാത്രകള്‍ കഴിഞ്ഞെത്തിയ സിസ്റ്റര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ബോംബയില്‍ അലഞ്ഞു നടക്കുന്ന വേശ്യകള്‍ക്ക് വാസസ്ഥലവും പരിരക്ഷയും നല്കണമെന്ന് ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബോംബയിലെ വേശ്യാലയങ്ങള്‍ തേടി സിസ്റ്ററും ജെസ്സീക്കയും സഞ്ചരിച്ചു. വഴിയോരങ്ങളിലെ ചെറുകുടിലുകളില്‍പ്പോലും ഇതൊരു കുടില്‍ വ്യവസായം പോലെ നടത്തുന്നവരെ കണ്ടു. പല കുടിലുകളിലും അവര്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയും എത്രയും വേഗത്തില്‍ അവര്‍ക്ക് തൊഴില്‍, പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കിതരാമെന്നന് ഉറപ്പുകൊടുക്കുകയും ചെയ്തു.
ചില കൂരകളില്‍ അമ്മയെ കാത്തിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടു. അവരില്‍ ചിലര്‍ വിശപ്പ് കൊണ്ട് കരയുന്നുണ്ട്. സിസ്റ്ററും ജെസ്സീക്കയും ഹോട്ടലില്‍ പോയി ഭക്ഷണത്തിന്റെ പൊതികള്‍ വാങ്ങിവന്നു. മണിക്കൂറുകള്‍ അവരുടെ അമ്മമാരെ കാത്തിരുന്നു. കടകളില്‍ നിന്ന് അവര്‍ക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങി  കൊടുത്തു. സിസ്റ്റര്‍ കുട്ടികളുമായി കുസൃതിപറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മമാര്‍ വന്നപ്പോള്‍ അവരുടെ കഴിവുകളെ കുറിച്ച് വാചാലയായി. ആ അമ്മമാര്‍ക്ക് കരയുകയല്ലാതെ മറ്റൊരു മറുപടിയും പറയാനില്ലാതെയിരുന്നു.  ഓരോ ദിവസവും സിസ്റ്റര്‍ കാര്‍മേലിനെ ഒന്നിലധികം സ്ത്രീകള്‍  കാത്തിരുന്നു. അതില്‍ പതിനഞ്ച് വയസ്സുള്ള അമ്മമാരുണ്ടായിരുന്നു. ഇരുളിലാണ്ടുപോയ കണ്ണുകളില്‍ വെളിച്ചം കണ്ടുതുടങ്ങി. തങ്ങള്‍ക്ക് ജീവിതത്തെ തിരിച്ചു നല്കാമെന്നു പറഞ്ഞ കന്യാസ്ത്രീയെ ഇവിടെയെത്തിച്ചത് ഈശ്വരനെന്നവര്‍ വിശ്വസിച്ചു. ജെസീക്കായിക്ക് ഹിന്ദി അറിയില്ലെങ്കിലും സിസ്റ്ററുടെ സഹായിയായി ഒപ്പംകൂടി. സിസ്റ്ററുമയി നടത്തുന്ന സംഭാഷണങ്ങളുടെ പൊരുള്‍ അവള്‍ മനസ്സിലാക്കി. ലണ്ടനിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഈ ദുഷിച്ച അന്തരീക്ഷത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തണമെന്ന് സിസ്റ്റര്‍ തീരുമാനിച്ചു. പല പ്രാവശ്യം ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി.
വേശ്യകളെ കാത്തു നിന്നവര്‍, വന്നവരൊക്കെ നിരാശയോടെ മടങ്ങാന്‍ തുടങ്ങി. കോരിച്ചൊരിയുന്ന മഴയത്തും അവരുടെ കുടിലിനു മുന്നില്‍ അവര്‍ നനഞ്ഞു നിന്നതല്ലാതെ ഫലമുണ്ടായില്ല. ഇടയ്ക്കിടെ ആകാശത്ത് ഇടിവെട്ടുമുണ്ടായിരുന്നു. കാറ്റിന്റെ ശക്തിയും കൂടിവന്നു. സിസ്റ്റര്‍ കാര്‍മേല്‍ വേശ്യകളുടെ ഇടയില്‍ ഇതിനകം ഒരു മാലാഖയായി മാറി. അവിടെ നിന്നുള്ള ഒരു സ്ത്രീയെ ചിലര്‍ കാറില്‍ കയറ്റികൊണ്ട്‌പൊകാന്‍ വന്നത് സിസ്റ്ററും ജെസ്സീക്കയും തടഞ്ഞു. അത് ചെറിയൊരു സംഘര്‍ഷത്തിലാണവസാനിച്ചത്. പോലീസ്സിനെ വിളിക്കുമെന്നായപ്പോള്‍ വെപ്രാളത്തോടെയവര്‍ കാറില്‍ മടങ്ങിപൊയി.
ഒരോ ദിവസം കഴിയുന്തോറും സിസ്റ്ററിന് ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചു. പാവപ്പെട്ട സ്ത്രീകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും പണവും നല്കുന്നത് ശത്രുക്കളെ നിരാശപ്പെടുത്തി.
കല്‍ക്കട്ടയിലും ബോംബയിലും ഒരു ഗൂഡസംഘം സിസ്റ്റര്‍ കാര്‍മേലിനെ പിന്‍തുടരുന്നത് അവര്‍ അറിഞ്ഞിരുന്നില്ല. പലപ്പോഴും അവരുടെ വാഹനങ്ങള്‍ ഒരു മിന്നല്‍പോലെ കടന്നുപോകുന്നത് കാണാമായിരുന്നു.
ഒരുച്ചസമയത്ത് തെരുവിലെ കൂരകളിലേക്ക് ഭക്ഷണപൊതികളുമായി ഓട്ടോറിക്ഷായില്‍  സിസ്റ്ററും ജെസ്സീക്കയും കടന്നുവരുമ്പോള്‍ അതാ...... പെട്ടന്നൊരു കറുത്തവാന്‍ അവരെ കടന്നുപോയി.
 അധിക ആള്‍ സഞ്ചാരമില്ലാത്തതിനാലാവാം ഈ വാഹനത്തിന് ഇത്രയും വേഗത.
വാന്‍ ആ നിരത്തിന്റെ അവസാനഭാഗത്തെ വളവില്‍ തിരിഞ്ഞുനിന്നു. വാഹനത്തിന്റെ പിന്‍ ഭാഗം മാത്രം അവ്യക്തതയില്‍ കാണാം. വാനില്‍ നിന്നുമിറങ്ങിയ ഒരാള്‍ വാനിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു എന്തോ എടുത്ത് അകത്ത് വെച്ച് വാതിലടച്ചു. അതിന് ശേഷം വാന്‍ വളവില്‍ മറഞ്ഞുപോയി. 
സിസ്റ്ററും ജെസ്സീക്കയും ഓട്ടോറിക്ഷായില്‍ നിന്നും ഭക്ഷണപൊതികള്‍ ഇറക്കിവെച്ചിട്ട് ഡ്രൈവര്‍ക്ക് കൂലി കൊടുത്തു പറഞ്ഞുവിട്ടു. ജെസീക്ക പ്ലാസ്റ്റിക്ക് കവറിലിരുന്ന ഭക്ഷണവുമായി കൂരകളിലേക്ക് പോയി. സിസ്റ്റര്‍ ഭക്ഷണത്തിന് കാവല്‍നിന്നു.
പെട്ടന്ന് ആ കറുത്ത വാന്‍ തിരിച്ചുവന്നു സിസ്റ്റര്‍ കാര്‍മേലിനെ മുട്ടിയുരുമ്മി സഡന്‍ ബ്രേക്കിട്ടു നിന്നു.
സിസ്റ്റര്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കറുത്ത മുഖംമൂടിയണിഞ്ഞ മൂന്ന് ദൃഡഗാത്രര്‍ വാനില്‍ നിന്ന് ചാടിയിറങ്ങി സിസ്റ്ററെ കടന്നുപിടിച്ച് തയ്യാറാക്കി കൊണ്ടുവന്ന പ്ലാസ്റ്റര്‍ വായില്‍ ഒട്ടിക്കുകയും വാനിന്റെതുറന്ന വാതലിലൂടെ ബലമായി അകത്തേക്ക് പിടിച്ച് വലിച്ചിട്ട് തോര്‍ത്തുകൊണ്ട് കൈകള്‍ കെട്ടി വാതിലടച്ചു.
ഞൊടിയിട..ഞൊടിയിട മാത്രം
അവിടുത്തെ കൂരകളില്‍ നിന്ന് സിസ്റ്റര്‍ വന്നതറിഞ്ഞ് സന്തോഷത്തോടെ കുട്ടികളും ജസീക്കായിക്കൊപ്പം  വന്നപ്പോള്‍ അവര്‍ കണ്ട കാഴ്ച ഒരു കറുത്തവാന്‍ ഭക്ഷണവും വസ്ത്രങ്ങളുമിരുന്ന സ്ഥലത്ത് നിന്ന് സിസ്റ്ററെ വാനിലേക്ക് വലിച്ചിട്ട് ചീറിപാഞ്ഞുപോകുന്നതാണ്.
നിമിഷങ്ങള്‍ അവര്‍ അന്ധാളിച്ചുനോക്കി. അലമുറയിട്ടുകൊണ്ട് അവിടേക്ക് ഓടിയെത്തി. ഒരു ചെറിയ ആണ്‍കുട്ടി വാനിന് പിറകെയോടി. അവന്‍ അണച്ചു നിന്നതല്ലാതെ ഫലമുണ്ടായില്ല. എല്ലാവരുടെയും കണ്ണുകള്‍ വിടര്‍ന്നു വികസിച്ചു. ജെസീക്ക ആംഗ്യഭാഷയില്‍ ചോദിച്ചു.
പോലിസ് സ്റ്റേഷന്‍ എവിടെയാണ്?
~ഒപ്പം വന്ന മൂന്ന് സ്ത്രീകള്‍ കാര്യം മനസ്സിലാക്കി. ജെസിക്കായിക്കൊപ്പം രണ്ട് സ്ത്രീകള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടി. ജെസിക്ക ആ കാഴ്ച ഒരു ഞെട്ടലോടെയാണ് കണ്ടത്. സ്ത്രീകള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.
സിസ്റ്റര്‍ കാര്‍മേല്‍ ആ വാനിനുള്ളില്‍ പിടഞ്ഞു, പിടഞ്ഞു ഇരുന്നു.
""ഭയാഗ്രസ്ഥതയുടെ കൊടും ഭീഭത്സാന്തരീക്ഷം!
~ഒരു തോര്‍ത്തുകൊണ്ട് തലയും താടിയും മുഖവും മറച്ച് വാന്‍ പായിപ്പിക്കുന്ന ഡ്രൈവര്‍. വാനിനുള്ളിലിരിക്കുന്നവരെ പുറത്താര്‍ക്കും കാണാന്‍ സാധിക്കില്ല. ഇരുവശത്തുനിന്നും സിസ്റ്റര്‍ കാര്‍മേലിനെ അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. മുഖംമൂടി ധരിച്ച രണ്ട് പേര്‍ ക്രൂരഭാവത്തോടെ നോക്കുന്നു. സിസ്റ്റര്‍ കാര്‍മേലിന് ശ്വാസം കഴിക്കാനാവുന്നില്ല. മൂക്കിലൂടെ ശ്വസിക്കാനെന്നോണം ശിരസ്സ് ഉയര്‍ത്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഇത് കണ്ട ഇടത്തുവശത്തിരുന്നവന്‍ സിസ്റ്ററുടെ വായില്‍ ഒട്ടിച്ചുനിര്‍ത്തിയ പ്ലാസ്റ്റര്‍ വലിച്ചൂരി. അസഹ്യമായ വേദന. ശ്വാസ്വാച്ഛാസം ധൃതഗതിയിലായി. നിങ്ങള്‍ ആരാണ് എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ തന്റെ തഴമ്പുള്ള കൈപത്തികൊണ്ട് വായ്‌പൊത്തിപ്പിടിച്ചു വീണ്ടും വായില്‍ മാത്രമായി പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഇപ്പോള്‍ സിസ്റ്റര്‍ക്ക് മൂക്കില്‍ കൂടി ശ്വാസം കഴിക്കാമെന്നായി.
എല്ലാ ശക്തിയുമെടുത്ത് പിടഞ്ഞു കൂതറിക്കൊണ്ടിരുന്ന സിസ്റ്ററെ ഇരുവശങ്ങളിലിരുന്നവര്‍ ഞെക്കിയമര്‍ത്തി അണച്ചുപിടിച്ചു. പിടയാനോ കുതറാനോ സാധിക്കാതെ സിസ്റ്റര്‍ ഞെങ്ങിയമര്‍ന്നു.
വാന്‍ അതിവേഗത്തില്‍ ചീറിപ്പാഞ്ഞു. ഡ്രൈവറടക്കം മൂന്ന് പേരും എന്തോക്കെയോ ആംഗ്യങ്ങള്‍ മാത്രം കാണിച്ചുകൊണ്ടിരുന്നു. ഞെക്കിയമര്‍ത്തിപ്പിടിച്ചിരുന്ന ആ കശ്മലന്മാരുടെ കൈവിരലുകള്‍ സിസ്റ്ററുടെ ശരീരഭാഗങ്ങളില്‍ വികൃതികള്‍ കാട്ടിത്തുടങ്ങി.
""ജീസസ്.....ജീസസ്.....''
എന്ന മൃദുഅക്ഷരങ്ങള്‍ സിസ്റ്റര്‍ തന്റെ ശ്വാസവായുവില്‍ അള്ളിപ്പിടിച്ചുവെച്ചു.
വാന്‍ പാഞ്ഞുപാഞ്ഞു പോകുന്നു. ആള്‍സഞ്ചാരത്തിന്റെ അടയാളങ്ങളില്ലാത്ത നിരത്തുകള്‍.
ഒടുവില്‍ മുള്‍പ്പടര്‍പ്പുകള്‍ തിങ്ങിനിന്നിരുന്ന കുറ്റിക്കാട്ടിലൂടെ വാന്‍ വേഗം കുറച്ചു നീങ്ങി. കുറ്റിക്കാടുകള്‍ അവസാനിക്കുന്നിടത്ത് പൊട്ടിപൊളിഞ്ഞ ഒരു കൂറ്റന്‍ ബംഗ്ലാവ്.
ഒരു പരുക്കന്‍ കാറ്റിന്റെ ഭീകരത. ആളനക്കമോ കാറ്റിളക്കമോയില്ലാത്ത ഒരു ഭയാനക മൂകത.
സിസ്റ്റര്‍ കാര്‍മേലിന് ഭയാഗ്രസ്തതയുടെ ഒരു വിറയല്‍ മാത്രം. വാന്‍ നിന്നു. അതിന്റെ പിന്‍വാതില്‍ തുറക്കപ്പെട്ടു. ഞെക്കിയമര്‍ത്തി വികൃതി കാണിച്ച ആ രണ്ടു ഭീകരര്‍ സിസ്റ്ററെ വാതിലില്‍ നിന്നും വലിച്ചിറക്കി അടുത്തുള്ളവന്റെ സഹായത്തോടെ പൊക്കിയെടുത്തു. വാന്‍ ബഗ്ലാവിന്റെ പുറകിലേക്ക് ഓടിച്ചു കയറ്റി. അഴുക്കും മാറാലകളും പൊടിയും നിറഞ്ഞ ഇടനാഴികളിലൂടെ പൊക്കിയും വലിച്ചിഴച്ചും അവര്‍ ഒരു വിശാമുറിയിലേക്ക് സിസ്റ്ററെ വലിച്ചെറിഞ്ഞു. പൊട്ടിപൊളിഞ്ഞ ആ ബഗ്ലാവിന് ധാരാളം മുറികളുണ്ടായിരുന്നു. വെളിച്ചമില്ലാത്ത ഇരുണ്ടമുറികള്‍. ഇതോരു കൊള്ളക്കാരുടെ സങ്കേതം പോലെ തോന്നി.
മൂന്ന് പേര്‍ അടുത്തമുറിയിലേക്ക് പോയി. മുഖംമൂടി മാറ്റി അവര്‍ ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഏതോ ഭാഷകള്‍ സംസ്സാരിക്കുന്നു. ലക്ഷങ്ങളുടെ കണക്കുകള്‍ പറഞ്ഞവര്‍ അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു. മെക്‌സിക്കോ, ബ്രസീല്‍, അമേരിക്ക അവര്‍ ഉറക്കെവിളിച്ചു പറഞ്ഞു ചിരിക്കുന്നു.
വന്യതയുടെ ഭീകര ആക്രോശങ്ങള്‍
സിസ്റ്റര്‍ വേദനയോടെ എഴുന്നേറ്റ് മെല്ലെ മെല്ലെ അവരുടെയടുത്തേക്ക് നടന്ന് ചെന്ന് ആ ഹിംസ്രജീവികളെ കണ്ണീരോടെ നോക്കി. ആരും ഭയക്കുന്ന പുള്ളിപ്പാടുകള്‍ നിറഞ്ഞ ഭീകരമുഖങ്ങള്‍.
ലോകരാഷ്ട്രങ്ങളിലെ മഹത് ഭരണാധിപന്‍ന്മാരുടെ ഒപ്പമിരുന്ന് ചാഞ്ചല്യമെന്നെ പ്രതികരിക്കുന്ന ആ നിര്‍മ്മലമിഴികള്‍ ഇപ്പോള്‍ ഈ മൂന്ന് വന്യമൃഗങ്ങളുടെ മുന്നില്‍ പാതികൂമ്പിയടഞ്ഞു നില്ക്കുന്നു.
കാമഭ്രാന്തില്‍ ചുവന്ന കണ്ണുകളുമായി നില്‍ക്കുന്ന ആ ഭിഭത്സ മുഖങ്ങളിലേക്ക് ദയനീയമായി കൈകൂപ്പി. അതില്‍ തന്നെ ഉപദ്രവിക്കരുതെന്ന അപേക്ഷയായിരുന്നു. ഈ അപേക്ഷയ്ക്ക് കിട്ടിയത് കരണത്ത് ഒരടിയാണ്. സിസ്റ്റര്‍ തലചുറ്റലോടെ തറയില്‍ വീണു.
പെട്ടെന്നൊരുത്തന്‍ കുനിഞ്ഞ് നിന്ന് വീണുകിടക്കുന്ന നിഷ്കളങ്കയായ ആ ശ്രേഷ്ട സന്യാസിനിയുടെ അധരങ്ങളില്‍ പറ്റിപിടിച്ചികിടന്ന പ്ലാസ്റ്റര്‍ വലിച്ചു ഇളക്കിയും ഒട്ടിച്ചും രസിച്ചു. തീവ്രവേദനയാല്‍ ആ പാവം പിടഞ്ഞുപോയി. സിസ്റ്ററെ അവര്‍ മുകളിലേക്കുയര്‍ത്തി.
കാമവെറിപൂണ്ട ആ മൂന്ന് കശ്മലന്മാര്‍ പൊട്ടിപൊട്ടിച്ചിരിച്ചുകൊണ്ട് ഗരുഡ നഖങ്ങളുമായി സിസ്റ്ററുടെ ശരീരത്തും ബാഹ്യവും ആന്തരികമായും അഴുക്ക് പുരളാത്ത ആ സഭാവസ്ത്രത്തിലും അഴിഞ്ഞാടി.
""ജീസസ്....ജീസസ്''
എന്ന അവശസ്വരത്തിലെ നിലവിളികള്‍ പുറത്തുവരാതെ അധരങ്ങളില്‍ മരവിച്ചു നിന്നു. അടിവസ്ത്രങ്ങള്‍ പിച്ചിച്ചീന്താന്‍, ആ കാരാള ഹസ്തങ്ങള്‍ തുനിഞ്ഞപ്പോള്‍, തലച്ചോറിന്റെ കര്‍ക്കശശാസനയനുസരിച്ച് സര്‍വ്വശക്തിയുമായി സിസ്റ്റര്‍ അവരിലൊരുത്തന്റെ കൈത്തണ്ടയില്‍ കടിച്ചു. ക്രൂദ്ധനായ അവന്‍ സിസ്റ്ററിന്റെ കരണത്താഞ്ഞടിച്ചു.
ഇടത് കാത് പൊട്ടിത്തകര്‍ന്നു ചുട്‌രക്തം ഒലിച്ചിറങ്ങി. തല കറങ്ങി കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടു. തലച്ചോറിന്റെ ആന്തരികചോദനങ്ങള്‍ യഥാസമയം നല്‍കിവന്ന എല്ലാ അറിയിപ്പുകളും നിശ്ചലമായി.
കണ്ണുകളില്‍ ഇരുള്‍പടര്‍ന്നു.
ശരീരത്തിലെ കോശങ്ങളുടെ നിരന്തര പ്രക്രിയകള്‍ തളര്‍ന്ന് തളര്‍ന്ന് ബോധം മറഞ്ഞു.

സിസ്റ്റര്‍ കാര്‍മേലിനെ അജ്ഞാതര്‍ തട്ടികൊണ്ടുപോയിരിക്കുന്നു എന്ന വാര്‍ത്ത ലോകമെമ്പാടും പടര്‍ന്നു കയറി. ജനങ്ങള്‍, സഭാ പിതാക്കന്മാര്‍, ഭരണാധിപന്‍ന്മാര്‍ അമ്പരപ്പോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. ആ വാര്‍ത്തയില്‍ ബോംബെ നഗരം പ്രകമ്പനം കൊണ്ടു.
പോലീസ് നഗരത്തിന്റെ മുക്കിലും മൂലയിലും പരിശോധനകള്‍ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ടി.വി ചാനലുകളില്‍ സിസ്റ്ററുടെ പടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖരെല്ലാം മരവിപ്പോടെയാണ് അതറിഞ്ഞഥ്. അജ്ഞാതരുടെ കൈയ്യില്‍ നിന്ന് സിസ്റ്റര്‍ രക്ഷപ്പെടുമോ? പല പാശ്ചാത്യരാജ്യങ്ങളും എത്ര തുകവേണമെങ്കിലും ഞങ്ങള്‍ തരാം സിസ്റ്ററെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സര്‍ക്കാരുകള്‍ വളരെ ഗൗരവമായിട്ടാണ് അതിനെ കണ്ടത്. ആരാണീ അജ്ഞാതര്‍? മതതീവ്രവാദികളോ, അതോ രാജ്യാന്തര ഭീകരവാദികളോ? ആരായാലും അവര്‍ കാട്ടിയത് കൊടും ക്രൂരതയാണ്. സര്‍ക്കാര്‍ അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്കി.
ഒരു പകല്‍ മുഴുവന്‍ ധാരാളം അഭ്യൂഹങ്ങള്‍ പരന്നു.
""ഒടുവില്‍ വാര്‍ത്ത സ്ഥീരീകരിക്കപ്പെട്ടു. നഗരത്തിന് പുറത്ത് ഒരു വിജനപ്രദേശത്തുള്ള കുറ്റിക്കാട്ടിനുള്ളിലെ കെട്ടിടത്തിനുള്ളില്‍ ഒരു സ്ത്രീയുടെ മൃത്‌ദേഹം!
പൂര്‍ണ്ണ നഗ്നയായ മൃതശരീരം!
കൂട്ടബലാസംഗത്തിന് ഇരയാക്കപ്പെട്ടതിന്റെ അടയാളങ്ങളുള്ള മൃതശരീരം!
അവയവങ്ങള്‍ ചിന്നഭിന്നമാക്കപ്പെട്ട മൃതശരീരം
മുഖം വികൃതമാക്കിയും അധരങ്ങള്‍ കടിച്ചുമുറിക്കപ്പെട്ടിരിക്കുന്നു.
മാര്‍ത്തടഞെട്ടുകള്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിച്ചിരിക്കുന്നു.
മുക്കാല്‍ അടിയോളം നീളമുള്ള ഒരു കഠാര
ഗുഹ്യഭാഗത്ത് കുത്തിനിര്‍ത്തിയിരിക്കുന്നു
രക്തം......രക്തം..........രക്തമയം.........ആ മൃതദേഹം മുഴുവനായും  രക്തമയം''
ബോംബേ പോലീസ് നായാണ് പോലീസിനെ അവിടെയിത്തിച്ചത്. കുറ്റിക്കാട്ടിനടുത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലെ അഴുക്കും പൊടിയും നിറഞ്ഞ വിശാലമായ ഒരു മുറി. രക്തം തളം കെട്ടികിടന്ന മുറി.
ബോംബേ പോലീസിന്റെ ത്വരിത നടപടിക്രമങ്ങളില്‍ പെട്ടന്ന് തന്നെ പോസ്റ്റ്മാര്‍ട്ടം നടന്നു.
ക്രൂരമായ ദേഹോപദ്രവത്തിലുള്ള കൂട്ടബലാസംഗം.
ജുഗുപ്‌സാവകമായ പീഡനങ്ങള്‍
മൃതശരീരത്തിലും അക്രമണം
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതായിരുന്നു.
സിസ്റ്റര്‍ കാര്‍മേലിനെ തട്ടികൊണ്ട് പോയത് അന്താരാഷ്ട്ര കോലയാളികള്‍ എന്ന് സംശയിച്ചു. ഭീകരര്‍ക്ക് മാത്രമേ ഒരു മൃതശരീരത്തോട് ഇത്രമാത്രം കൊടുംക്രൂരത ചെയ്യാന്‍ സാധിക്കു. കുറ്റവാളികളെ കണ്ടത്താന്‍ അന്താരാഷ്ട്ര കുറ്റന്വേഷണ ഏജന്‍സികളുടെ സഹായം തേടാന്‍ തീരുമാനിച്ചു. കുറ്റവാളികളെ കണ്ടെത്തുമെന്ന് അധികാരികള്‍ ഉറപ്പ് നല്കി. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം തുടങ്ങി.
ബോംബയിലും കല്‍ക്കട്ടയിലും ഡല്‍ഹിയിലും കേരളത്തിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
കൊട്ടാരം കോശി ബോംബയിലെത്തി.
ബോംബയിലെ അതുരാശ്രമത്തിനു മുന്നില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു.
ജെസീക്ക  ആ മൃതദേഹത്തിന് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഫാത്തിമയും, സിസ്റ്റര്‍ നോറിനും മറ്റ് കന്യാസ്ത്രീകളും കരഞ്ഞുകലങ്ങിയ മിഴികളുമായി നിന്നു. അതിന്റെ ഒരു  ഭാഗത്തായി സിസ്റ്റര്‍ പരിചരിച്ച വേശ്യകളും കുട്ടികളും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. കല്‍കട്ടയിലെ മദര്‍ സുപ്പീരിയര്‍, സ്വാമി രാമേശ്വരശങ്കര്‍ മുതലായവര്‍ക്കൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് അംബാസിഡറും, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, ക്രസ്തീയ സഭകളിലെ ബിഷപ്പന്‍മാരും, സന്യാസിനികളും വൈദികരും, വിവിധ സംഘടനാ ഭാരവാഹികളും അവിടെയെത്തിയിരുന്നു. അവിടം ഒരു ദു:ഖസാഗരതീരമായിരുന്നു.
ബോംബയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സഹോദരിയുടെ  ശവശരീരവുമായി കൊട്ടാരം കോശി തിരിക്കുന്ന ദിവസം ഏയര്‍പോര്‍ട്ടില്‍ സിസ്റ്റര്‍ നോറിന്‍, ജെസീക്ക, ഫാത്തിമ നിറകകണ്ണുകളോടെയാണ് കോശിയെ യാത്രയാക്കിയത്.
വിമാനത്തിലിരിക്കുമ്പോള്‍ കോശി പിതാവിന്റെ ശവകല്ലറയ്ക്കടുത്തുവെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിസ്റ്റര്‍ കാര്‍മേല്‍ നല്‍കിയ വാക്കുകള്‍ ഓര്‍ത്തു.
""മരണം എപ്പോഴും എന്റെ മേല്‍ കഴുകനെപ്പോലെയുണ്ട്
മരണവും ഒരു കിരീടമാണ്
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ?
അങ്ങനെ സംഭവിച്ചാല്‍ എന്നെ ഓര്‍ത്ത് ആരും കരയരുത് ''
കൊട്ടാരം കോശി അധരങ്ങള്‍ മുറുക്കിപ്പിടിച്ച് വിങ്ങി വിങ്ങി തേങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി. കോശിയുടെ മനസ്സ് ഒരഗ്നിപര്‍വ്വതം പോലെ പുകഞ്ഞു.
""ഇതാ......ഇതാ.... ഈ .... ശവപേടകത്തില്‍ ഒരു മുഖം!
കൂട്ടബലാസത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടു
വികൃതമാക്കപ്പെട്ട ഈ മുഖം ലോക മഹാഭൂപടത്തില്‍
ഏത്....ഏത്..... രാജ്യത്തിന്റേതാണ്.
ഈ മുഖം ഇന്ത്യാ മഹാസാമ്രജ്യത്തിന്റെ
വര്‍ഗ്ഗീയ ഭ്രാന്തും, ലൈംഗീകതയുടെയും വികൃതമുഖമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക