പാന്‍ പരാഗ് (ചെറുകഥ: സാംജീവ്)

Published on 05 March, 2020
പാന്‍ പരാഗ് (ചെറുകഥ: സാംജീവ്)
ശ്യാം പ്രസാദ് മുക്കര്‍ജി എന്റെ സഹപ്രവര്‍ത്തകനാണ്. ബംഗാളിയാണ്. എന്നെപ്പോലെ ദശകങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ കുടിയേറിയ ഒരു ഇന്‍ഡ്യാക്കാരന്‍.
ഞാനാണു സൂപ്പര്‍വൈസര്‍. അപ്പോള്‍ ശ്യാം പ്രസാദ് മുക്കര്‍ജി എന്റെ കീഴുദ്യോഗസ്ഥനാണ്. പക്ഷേ ആ വ്യത്യാസം എന്റെ പെരുമാറ്റത്തില്‍ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. ഈ രാജ്യത്ത് എന്നെക്കാള്‍ കൂടുതല്‍കാലം ജോലി ചെയ്തിട്ടുള്ള ആളാണു മുക്കര്‍ജി. ഞാന്‍ പഠിച്ചതിനെക്കള്‍ മുന്തിയ സര്‍വകലാശാലകളിലാണ് അയാള്‍ പഠിച്ചത്. പക്ഷേ വിധിവൈപരിത്യത്താല്‍ അയാള്‍ എന്റെ കീഴില്‍ ജോലി ചെയ്യുന്നു. അതുകൊണ്ട് ഒരു സമഭാവത്തോടു കൂടിയാണ് ഞാന്‍ അയാളെ കണ്ടിരുന്നത്. അത് എനിക്കു വിനയായി.
എനിക്കു ബംഗാളികളെ ബഹുമാനമാണ്. ഭാരതം കണ്ട വലിയ സാഹിത്യകാരന്മാരും ശാസ്ത്രജ്ഞന്മാരും ബംഗാളികളാണ്. പക്ഷേ എന്റെ ബംഗാളി സങ്കല്പങ്ങള്‍ക്കു വിരുദ്ധനായിരുന്നു ശ്യാം പ്രസാദ് മുക്കര്‍ജി.

ഒരിക്കലും അയാള്‍ തന്റെ സീറ്റില്‍ ഉണ്ടാവില്ല. ഒരു ചായക്കോപ്പയുമായി ഹാളില്‍ അങ്ങോട്ടുമിങ്ങോട്ടും കറങ്ങി നടക്കും.. എഞ്ചിനിയറിംഗില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരുന്ന മുക്കര്‍ജിക്ക് ആ തൊഴിലിനോട് ഒട്ടും കൂറുണ്ടായിരുന്നില്ല.
“ഒരു വക്കീലാവാന്‍ കൊതിച്ച എന്നെ പിടിച്ചു എഞ്ചിനീയറാക്കിയത് എന്റെ അച്ഛനാണ്.” ഒരിക്കല്‍ അയാള്‍ ഹൃദയം തുറന്നു. അങ്ങനെ വക്കീലാകേണ്ട മുക്കര്‍ജി എഞ്ചിനീയറായി. നാക്കിനു ഒരു മുഴം നീളമുള്ള മുക്കര്‍ജി വക്കീലോ പാതിരിയോ രാഷ്ട്രീയക്കാരനോ ആകേണ്ടതായിരുന്നു. സ്വന്തം മകന്റെ ജീവിതം തുലച്ച ആ പിതാവിനോട് എനിക്കു പക തോന്നി.

ബംഗാളിനോടും ബംഗാളി ഭാഷയോടും അതിരറ്റ ആത്മബന്ധം മുക്കര്‍ജി പുലര്‍ത്തിയിരുന്നു. പുകള്‍ പെറ്റ ബംഗാളികളെപ്പറ്റി വാ തോരാതെ സംസാരിച്ചു നടക്കും. എന്നും അയാള്‍  സംസാരിക്കാന്‍ ഒരു വിഷയം കണ്ടെത്തും.
ഇന്ന് ബോസ്‌ഐന്‍സ്റ്റീന്‍ സമവാക്യങ്ങളാണു പ്രധാന വിഷയം. മുക്കര്‍ജി തന്റെ വാദങ്ങള്‍ സ്ഥാപിക്കാന്‍ രേഖകള്‍ കൊണ്ടു വരും, ഒരു വക്കീലിനെപ്പോലെ.
ചില പഴയ പുസ്തകങ്ങളുടെ പേജുകള്‍.
അല്ലെങ്കില്‍ പേപ്പര്‍ കട്ട്.

“ഐന്‍സ്‌ററീന്‍ വലിയ ഗണിതവിജ്ഞാനി ഒന്നുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സത്യേന്ദ്രനാഥ് ബോസ് എന്ന ബംഗാളിശാസ്ത്രജ്ഞന്‍ ആണ് ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഇതാ തെളിവ്.”
മുക്കര്‍ജി ഏതോ പേപ്പര്‍ കട്ടിംഗ് എന്നെ കാണിക്കാന്‍ ശ്രമിച്ചു. ഞാന്‍ ശ്രദ്ധിച്ചില്ല. എനിക്ക് ആപേക്ഷിക സിദ്ധാന്തത്തെപ്പറ്റി ഒന്നുമറിയില്ല.
ഒരിക്കല്‍ ഒരു ചെറിയ ജോലി ഞാന്‍ അയാളെ ഏല്പിച്ചു. വേണ്ട നിര്‍ദ്ദേശങ്ങളും നല്കി. പക്ഷേ മുക്കര്‍ജി ഞാന്‍ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. പകരം അയാള്‍ എന്നോടു ചോദിച്ചു.
“നിനക്കു ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റിനെക്കുറിച്ച് എന്തറിയാം?”
“എനിക്കൊന്നുമറിയില്ല.”
മുക്കര്‍ജി എന്റെ മുഖത്തു നോക്കി ചിരിച്ചു. പരിഹാസച്ചിരി.
“ബോസ്‌ഐന്‍സ്റ്റീന്‍ സമവാക്യങ്ങളെപ്പറ്റി ഒന്നുമറിയാത്ത നീയാണോ അതെല്ലാമറിയാവുന്ന എന്നോടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത്?” ആ പരിഹാസച്ചിരി ഞാന്‍ വായിച്ചെടുത്തു.
അയാള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
മുക്കര്‍ജി എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നതു കാണാം.
“നിങ്ങള്‍ എപ്പോഴും എന്താണു ചവച്ചു കൊണ്ടിരിക്കുന്നത്?” ഒരിക്കല്‍ ഞാന്‍ അയാളോടു തന്നെ ചോദിച്ചു.
“പാന്‍ പരാഗ്.”
എന്താണു പാന്‍ പരാഗ്? ഞാന്‍ ചോദിച്ചില്ല.
ഒരിനം പുകയിലപ്പൊടിയാണോ? ഞാന്‍ ചോദിച്ചില്ല.
ഒരിനം ലഹരിമരുന്നാണോ? എനിക്ക് അറിഞ്ഞുകൂടാ.
ഞങ്ങളുടെ ഫ്‌ലോറില്‍ കുടിവെള്ളത്തിനുള്ള രണ്ടു ജലധാരായന്ത്രങ്ങള്‍ (ഡ്രിങ്കിംഗ് ഫൌണ്ടന്‍സ്) സ്ഥാപിച്ചിട്ടുണ്ട്. ആ യന്ത്രങ്ങള്‍ക്കു വര്‍ണ്ണവിവേചനത്തിന്റെ കഥ പറയാനുണ്ട്. ഇടതു വശത്തെ ഫൌണ്ടന്‍ വെള്ളക്കാര്‍ക്കും വലതുവശത്തേതു നിറവ്യത്യാസമുള്ളമുള്ളവര്‍ക്കുമായി നിജപ്പെടുത്തിയിരുന്നത്രേ, 65 കൊല്ലം മുമ്പു വരെ. ഡ്രിങ്കിംഗ് ഫൌണ്ടന്‍സ് രണ്ടും കേടായി. അവയുടെ ജലനിര്‍ഗ്ഗമനക്കുഴലുകള്‍ തടസ്സപ്പെട്ടിരിക്കുന്നു.
ശരിയാക്കാന്‍ വന്ന ആള്‍ പറഞ്ഞു.
“ഏതോ പുകയില പോലുള്ള സാധനം ചവച്ചു തുപ്പിയതാണു വെള്ളം ബ്ലോക്കു ചെയ്യാന്‍ കാരണം.”
സുരേഷ് പറഞ്ഞു. “അതു പാന്‍ പരാഗ് ആണ്.” സുരേഷ് സഹപ്രവര്‍ത്തകനാണ്; ഇന്‍ഡ്യാക്കാരനാണ്.
കുറ്റവാളി ആരാണെന്നു സ്ഥാപിക്കേണ്ടതില്ലല്ലോ.
സുരേഷ് ഒരു ബോര്‍ഡ് എഴുതി വച്ചു.
“ഡ്രിങ്കിംഗ് ഫൌണ്ടനില്‍ പാന്‍ പരാഗ് ചവച്ചു തുപ്പരുത്.”
പിന്നീട് ചവച്ചരച്ച പാന്‍ പരാഗിന്റെ നിക്ഷേപസ്ഥലം വേസ്റ്റു പേപ്പര്‍ കുട്ടകളായി. മുക്കര്‍ജി സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ പാന്‍ പരാഗ് ചവച്ചു തുപ്പാന്‍ തുടങ്ങി, മൂന്നു നാലടി അകലെയുള്ള വേസ്റ്റു പേപ്പര്‍ കുട്ടകളിലേയ്ക്ക്. പക്ഷേ ചവച്ചരച്ച മിശ്രിതം വായില്‍ നിന്നും വിക്ഷേപിക്കുമ്പോള്‍ പൂര്‍ണ്ണമായി നിശ്ചിതസ്ഥലത്തു വീഴുകയില്ല. കുറേ ഭ്രമണപഥം തെറ്റി കുട്ടയ്ക്കു പുറത്തു പതിക്കും. മനോഹരമായ നീല കാര്‍പ്പറ്റില്‍ കരീബിയന്‍ ദ്വീപുകളുടെ പടങ്ങള്‍ പതിഞ്ഞു.

ആപ്പീസു വൃത്തിയാക്കുന്ന ആള്‍ മാനേജരോടു പരാതിപ്പെട്ടു.
“സെക്ള്‍ഷന്‍ സി യില്‍ വൃത്തിയില്ലാത്ത ചിലര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ കാര്‍പ്പറ്റില്‍ എന്തോ ചവച്ചു തുപ്പുന്നു. കാര്‍പ്പറ്റു വൃത്തിയാക്കാന്‍ കഴിയുന്നില്ല. ഈ രാജ്യത്തു വന്നിട്ടും ഈ പരിഷകള്‍ അവരുടെ തനിനിറം മാറ്റുന്നില്ലല്ലോ..........” അയാള്‍ പരാതി പറഞ്ഞതു സു     രേഷ് കേട്ടു. ജാനിറ്ററുടെ വര്‍ഗ്ഗീയച്ചുവ കലര്‍ന്ന പരാതിയില്‍ ഞങ്ങള്‍ക്കു വലിയ അപമാനവും വേദനയും തോന്നി.
മാനേജര്‍ ഒരു വെള്ളക്കാരനാണ്. അയാള്‍ എന്നെ വിളിച്ചു. അയാളുടെ മുഖത്ത് നീരസമുണ്ടായിരുന്നു; വാക്കുകളില്‍ കാര്‍ക്കശ്യവും.

“കുറ്റം നിങ്ങളുടേതാണ്. അയാളെ നിലയ്ക്കു നിറുത്താന്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാ.”
ഞാന്‍ മുക്കര്‍ജിയെ വിളിച്ചു താക്കീതു നല്കി.
“നിങ്ങള്‍ ജോലി ചെയ്യുന്നില്ല. നിങ്ങള്‍ ആപ്പീസിന്റെ മര്യാദകള്‍ പാലിക്കുന്നില്ല. നിങ്ങള്‍ അനേകം പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.”
മുക്കര്‍ജിയുടെ മുഖം കറത്തു. അയാള്‍ പരിസരം മറന്ന് ഉച്ചത്തില്‍ ശബ്ദിക്കാന്‍ തുടങ്ങി. “ഞാന്‍ അമ്പതു കൊല്ലം മുമ്പ് അമേരിക്കയില്‍ വന്നവനാണ്. ഞാന്‍ അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിച്ചവനാണ്. ഞാന്‍ 45 കൊല്ലം വെള്ളക്കാരായ മേലുദ്യോഗസ്ഥന്മാരുടെ കൂടെ ജോലി ചെയ്തവനാണ്. ഇതാ നോക്കൂ എനിക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍.”
അയാള്‍ ഒരു പ്ലാസ്റ്റിക്കു കൂടു തുറന്ന് ചില കടലാസ്സുകള്‍ എന്റെ മുമ്പിലേയ്ക്കു വലിച്ചെറിഞ്ഞു.
“ഇതെല്ലാം വലിയ വെള്ളക്കാരായ യജമാനന്മാര്‍ തന്നതാണ്. ആദ്യമായിട്ടാണു ഞാന്‍ ഒരു ഇന്‍ഡ്യാക്കാരന്റെ കൂടെ ജോലി ചെയ്യുന്നത്; അതും ഒരു തെക്കേ ഇന്‍ഡ്യാക്കാരന്‍; കേരളാ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചവന്‍.”
“ഭൂ“ അയാള്‍ പാന്‍ പരാഗ് വീണ്ടും നീട്ടിത്തുപ്പി.
“ബോസ്‌ഐനന്‍സ്റ്റീന്‍ സമവാക്യം പോലുമറിയാത്തവന്‍.” അയാള്‍ വാക്കുകള്‍ കൊണ്ട് എന്റെ കരണത്തടിച്ചു.

ശ്യാം പ്രസാദ് മുക്കര്‍ജിയെ ഒരാഴ്ചത്തേയ്ക്കു സസ്‌പെന്റു ചെയ്തു. ഡിവിഷന്‍ മാനേജരാണു സസ്‌പെന്റു ചെയ്തത്. സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്തതു വെറും സൂപ്പര്‍വൈസറായ ഞാനും. ആപ്പീസില്‍ ഇടിയും മിന്നലും ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. മുക്കര്‍ജി തന്റെ ജംഗമസാധനങ്ങളെല്ലാം മൂന്നുനാലു പ്ലാസ്റ്റിക്കു സഞ്ചികളിലാക്കി തല്ക്കാലത്തേയ്ക്കു പടിയിറങ്ങി. പാന്‍ പരാഗ് അപ്പോഴും അയാള്‍ ചവച്ചുകൊണ്ടിരുന്നു. ഒരാഴ്ച്ച കഴിഞ്ഞു അയാള്‍ തിരിച്ചു വന്നു. കൂടെ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു; സുന്ദരിയായ ഒരു കൌമാരക്കാരി.
എന്റെ ചെറിയ കാബിനിലേയ്ക്കു അവര്‍ കയറിവന്നു. മുക്കര്‍ജി എന്നോടു പറഞ്ഞു.
“ഇവള്‍ എന്റെ മകളാണ്. പേരു ദീപാഞ്ജലി. ഞാന്‍ ദീപു എന്നു വിളിക്കും.”
പേരുപോലെ തന്നെ തേജോമയിയായ പെണ്‍കുട്ടി. ഞാന്‍ ഗുഡ്‌മോര്‍ണിംഗ് പറഞ്ഞ് അഭിവാദനം ചെയ്തു.

“ദീപുവിനു സാമിനോടെന്തോ സംസാരിക്കാനുണ്ട്.” അതു പറഞ്ഞിട്ട് മുക്കര്‍ജി എന്റെ കാബിനില്‍ നിന്നും ഇറങ്ങിപ്പോയി. ഞാന്‍ ദീപാഞ്ജലിയോടു ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ചോദ്യഭാവത്തില്‍ ഞാന്‍ അവളുടെ നേരെ നോക്കി. കുടുംബകാര്യങ്ങളോ വ്യക്തിപരമായ കാര്യങ്ങളോ സംസാരിക്കാന്‍ എനിക്കു താല്പര്യമില്ല. പക്ഷേ ഞാന്‍ നിശ്ശബ്ദനായി ഇരുന്നു. ദീപാഞ്ജലി സംഭാഷണം ആരംഭിച്ചു;ലളിതമായ, കറതീര്‍ന്ന ആംഗലഭാഷയില്‍. അവളുടെ വാക്കുകള്‍ അളന്നു തൂക്കിയിരുന്നു. അവ കുറിക്കു കൊള്ളുന്നവയും ആയിരുന്നു.
“മിസ്റ്റര്‍ സാം, നിങ്ങള്‍ എന്റെ പിതാവിനെ വളരെ ഉപദ്രവിക്കുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ അദ്ദേഹം നിര്‍ദ്ദോഷിയായ ഒരു മനുഷ്യനാണ്.”
ഞാന്‍ ഇടയ്ക്കു കയറി പറഞ്ഞു;

“ദീപാഞ്ജലി, നിങ്ങള്‍ക്ക് എന്തോ തെറ്റിദ്ധാരണകള്‍ ഉണ്ടെന്തു തോന്നുന്നു. ഞാന്‍ നിങ്ങളുടെ പിതാവിന്റെ ശത്രുവല്ല. ഞാന്‍ മുക്കര്‍ജിയെ സഹായിക്കുന്നവനാണ്.”
ദീപാഞ്ജലി ഞാന്‍ പറഞ്ഞതു ശ്രദ്ധിച്ചില്ല. അവള്‍ തുടര്‍ന്നു.
“മിസ്റ്റര്‍ സാം, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരാളാണ് ശ്യം പ്രസാദ് മുക്കര്‍ജി എന്ന എന്റെ പിതാവ്. നിങ്ങള്‍ ഒരു എഞ്ചിനിയറാണല്ലോ. ഒരു സ്പ്രിംഗിനു താങ്ങാവുന്ന ഒരു ഭാരമുണ്ട്. അതില്‍ കൂടുതല്‍ എടുത്താല്‍ അത് തകര്‍ന്നു പോകും. എന്റെ പിതാവ് അദ്ദേഹത്തിനു താങ്ങാവുന്ന മാക്‌സിമം ലോഡില്‍ ആണിപ്പോള്‍.”
ദീപാഞ്ജലി കിതയ്ക്കുന്നതുപോലെ തോന്നി. അവളുടെ മുഖം കത്തി ജ്വലിക്കുന്നതു ഞാന്‍ കണ്ടു. അവള്‍ തുടര്‍ന്നു.

“എനിക്ക് എന്റെ അച്ഛനും അമ്മയും സഹോദരിയും എല്ലാം എന്റെ അച്ഛനാണ്. ഒരു വിധത്തില്‍ അദ്ദേഹം ഒരു സിംഗിള്‍ പേരന്റ് ആണിപ്പോള്‍.”
ഞാന്‍ മിണ്ടിയില്ല.പക്ഷേ ചോദ്യഭാവത്തില്‍ അവളുടെ നേരെ നോക്കി.
“എന്റെ അച്ഛനും അമ്മയ്ക്കും ഏകമകളാണു ഞാന്‍. എന്റെ അമ്മ ജീവച്ചിരിപ്പുണ്ട്. ഇവിടെയെങ്ങുമല്ല,അങ്ങു കൊല്‍ക്കൊത്തയില്‍. എന്റെ അമ്മ പ്രസിദ്ധയായ നര്‍ത്തകിയും ഗായികയുമാണ്. ഒരു പക്ഷേ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം സവിതാമുക്കര്‍ജി എന്ന ഗായികയെ; നര്‍ത്തകിയെ.”
ഞാന്‍ മിണ്ടിയില്ല. ഗീതാഞ്ജലി തുടര്‍ന്നു.

“അമേരിക്കയില്‍ താമസിക്കാന്‍ സവിതാമുക്കര്‍ജി വരികയില്ല. ഇവിടെ ക്ലബ്ബുകളില്ല; ആരാധകരില്ല; സംഗീതമേളകളില്ല. കൊല്‍ക്കൊത്തയിലെപ്പോലെ ഒരു സാമൂഹ്യജീവിതവുമില്ല. ഡിട്രോയിറ്റിലെ ഒരു അപ്പാര്‍ട്ടുമെന്റിലെ ഇരുളടഞ്ഞ മൂലകളില്‍ ഒതുങ്ങുന്നവളല്ല സവിതാമുക്കര്‍ജി എന്ന നര്‍ത്തകി.”
“എന്നാല്‍ നിങ്ങള്‍ക്കു കൊല്‍ക്കൊത്തയിലേയ്ക്കു പൊയ്ക്കൂടേ?” എന്റെ ജിജ്ഞാസയെ തടഞ്ഞു നിറുത്താന്‍ എനിക്കു കഴിഞ്ഞില്ല. ചോദിച്ചുകഴിഞ്ഞപ്പോള്‍ അപ്രിയമായതെന്തോ എന്റെ നാവിന്‍തുമ്പില്‍ നിന്നും ഉതിര്‍ന്നുവീണതുപോലെ എനിക്കു തോന്നി.

“മിസ്റ്റര്‍ സാം, ഞാന്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിയാണ്. ഇവിടുത്തെ സ്വാതന്ത്ര്യവും അതു തരുന്ന അവസരങ്ങളും നുണഞ്ഞവളാണു ഞാന്‍. അതെല്ലാം ഇട്ടെറിഞ്ഞിട്ടു മാനസികമായ ഒരു കല്‍ത്തുറുങ്കിലേയ്ക്കു പോകാന്‍ ഞാനില്ല. കൊല്‍ക്കൊത്തയുടെ ഇരുണ്ട തെരുവുകളും അവയിലെ അഴുക്കുചാലുകളെക്കാള്‍ മലിനമായ സാമൂഹ്യജീവിതവുമൊക്കെ ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. എന്റെ കുടുംബം ഈ രാജ്യത്തേയ്ക്കു പറിച്ചുനടപ്പെട്ട ഒരു ചെടിയാണ്. ഇനി തിരിച്ചുപോക്കില്ല.”

ദീപാഞ്ജലി തുടര്‍ന്നു.
“ഞാന്‍ കൌമാരക്കാരിയായ ഒരു പെണ്‍കുട്ടിയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാനഘട്ടമാണ് കൌമാരം.ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അവളില്‍ ഉണ്ടാകുന്ന സമയമാണത്. ഒരു അമ്മയുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണ് ഒരു പെണ്‍കുട്ടിക്കു അവളുടെ കൌമാരം. അവളുടെ വ്യക്തിത്വം രൂപപ്പെടുന്ന ഈ പ്രായത്തില്‍ ഒരു അമ്മയുടെയോ ചേച്ചിയുടെയോ സാമീപ്യം എത്ര വലുതാണെന്നു  നിങ്ങള്‍ മനസ്സിലാക്കണം.”
“എനിക്കറിയാം, ദീപാഞ്ജലി. എനിക്കും നിന്റെ പ്രായക്കാരിയായ ഒരു മകളുണ്ട്.” ഞാന്‍ പറഞ്ഞു. പറയണമെന്നു കരുതിയതല്ല. പറഞ്ഞു പോയി.
“ഒരു അച്ഛനു പരിമിതികളുണ്ട്; മകള്‍ക്കും. പക്ഷേ എന്റെ അച്ഛനാണ് എന്റെ അമ്മയും ജ്യേഷ്ഠസഹോദരിയും; എല്ലാമെല്ലാം. നിങ്ങള്‍ക്കു മനസ്സിലായെന്നു ഞാന്‍ വിശ്വസിക്കുന്നു.” ദീപാഞ്ജലി പറഞ്ഞു നിറുത്തിയില്ല.
“നിങ്ങളുടെ നാട്ടില്‍ കാളവണ്ടികള്‍ ഉണ്ടല്ലോ. രണ്ടു കാളകളും ഒരുപോലെ ഭാരം വലിക്കണം. ഒരാള്‍ തളര്‍ന്നു വീണാല്‍ വണ്ടി നീങ്ങുകയില്ല. നിങ്ങള്‍ക്കു കാര്യം മനസ്സിലായെന്നു കരുതുന്നു. ഇനി എന്റെ അച്ഛനെ ദ്രോഹിക്കരുത്.”
ദീപാഞ്ജലി ചിരിച്ചു. അവളുടെ മുഖം മഴ പെയ്‌തൊഴിഞ്ഞ മാനം പോലെ തെളിഞ്ഞു.
ഞാന്‍ ചിരിച്ചില്ല. എന്റെ മനസ്സില്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞു നിന്നു.
പോകുമ്പോള്‍ എനിക്കു ദീപാഞ്ജലി കരുതിക്കൊണ്ടുവന്ന ഒരു സമ്മാനപ്പൊതി തന്നു. അതില്‍ ഒരു പുസ്തകവും ഒരു കമ്പ്യൂട്ടര്‍ ഡിസ്ക്കും ഉണ്ടായിരുന്നു.
പുസ്തകം അരുന്ധതിറോയിയുടെ ‘ചെറിയ കാര്യങ്ങളുടെ ദൈവം.’ അതിന്റെ ഇംഗ്ലിഷ് പതിപ്പ്. സവിതാമുക്കര്‍ജിയുടെ ഗാനങ്!്!ളുടെ ഒരു സമാഹാരമായിരുന്നു കമ്പ്യൂട്ടര്‍ ഡിസ്ക്കില്‍.

**              **                    **                         **

എന്റെ പഴയ ജോലിസ്ഥലത്തോടു യാത്ര പറഞ്ഞിട്ടു പത്തുകൊല്ലം കഴിഞ്ഞു. ശ്യാം പ്രസാദ് മുക്കര്‍ജിയും അയാളുടെ പുത്രിയും എന്റെ മനോമുകുരത്തില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. ചില സായംസന്ധ്യകളില്‍ സവിതാമുക്കര്‍ജിയുടെ രബിന്ദ്രസംഗീതവും ശ്യാമകീര്‍ത്തനങ്ങളും ഞാന്‍ കേട്ട് ആസ്വദിച്ചിട്ടുമുണ്ട്. ഇന്നലെ എനിക്കു അപരിചിതമായ ഒരു ഫോണ്‍ സന്ദേശം ലഭിച്ചു.
“എന്റെ പേരു സവിതാമുക്കര്‍ജി. ഞാന്‍ ശ്യാം പ്രസാദ് മുക്കര്‍ജിയുടെ ഭാര്യയാണ്.”
“നിങ്ങള്‍ കൊല്‍ക്കത്തയില്‍ അല്ലേ?” ഞാന്‍ ചോദിച്ചു.
“നന്നായി. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ അറിയാം. ഞാനിപ്പോള്‍ ഡിട്രോയിറ്റിനടുത്ത ഒരു പട്ടണത്തിലാണു താമസം. നിങ്ങള്‍ എനിക്കു ഒരു ഉപകാരം ചെയ്യണം.”
“ഉപകാരമോ? ഞാനോ?”

“അതേ, നിങ്ങള്‍ തന്നെ. ശ്യാം പ്രസാദു മുക്കര്‍ജിയുടെ ഡയറിയില്‍ നിന്നാണു എനിക്കു നിങ്ങളുടെ പേരും ഫോണ്‍നമ്പരും കിട്ടിയത്. എന്റെ ഭര്‍ത്താവ് ഇപ്പോള്‍ തികച്ചും രോഗിയാണ്. പക്ഷാഘാതമേറ്റ് ദിവസങ്ങള്‍ എണ്ണി നീക്കുന്നു.”
അവര്‍ തുടര്‍ന്നു.

“അദ്ദേഹമിപ്പോള്‍ സ്‌റ്റേറ്റിന്റെ കസ്റ്റഡിയിലാണ്. ശുശ്രൂഷിക്കാന്‍ ആരുമില്ലാത്ത രോഗികളെ ഗവണ്മെന്റു സംരക്ഷിക്കുമെന്ന് ഒരു വ്യവസ്ഥ ഈ രാജ്യത്തുണ്ടല്ലോ. അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് ഗവണ്മെന്റ് ഏറ്റെടുത്തിരിക്കയാണ്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ഗവണ്മെന്റിനാണ്. അതു ശരിയല്ലല്ലോ. അദ്ദേഹത്തെ സംരക്ഷിക്കാനും ശുശ്രൂഷിക്കുവാനും ഭാര്യയെന്ന നിലയില്‍ ഞാനുണ്ട്. എനിക്ക് ആരോഗ്യവും മനസ്സുമുണ്ട്. അദ്ദേഹത്തെ എനിക്കു വിട്ടു തരണം. അദ്ദേഹത്തിന്റെ പെന്‍ഷനും പണവുമെല്ലാം എനിക്കുള്ളതാണ്. ഞാനാണു ഭാര്യ. ഭാര്യയുടെ ഉത്തരവാദിത്തം എനിക്കറിയാം.”

“ഇതില്‍ എനിക്കെന്താണു ചെയ്യാന്‍ കഴിയുക?” ഞാന്‍ ആരാഞ്ഞു.
അവര്‍ രണ്ടു മൂന്നു ഫോണ്‍നമ്പരുകള്‍ തന്നു; ചില അഡ്രസുകളും. ഞാന്‍ അധികാരസ്ഥാനങ്ങളില്‍ വിളിച്ച് സവിതാ മുക്കര്‍ജിക്ക് ശ്യാം പ്രസാദ് മുക്കര്‍ജിയെ വിട്ടു കൊടുക്കണമെന്നു റക്കമെന്റു ചെയ്യണം. എന്നെപ്പോലെ നൂറിലധികം പേരെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണു സവിതാ മുക്കര്‍ജി.
“ഞാന്‍ ദീപാഞ്ജലിയോട് ഒന്നു സംസരിക്കട്ടെ. അവളുടെ നമ്പര്‍ തരാമോ?” ഞാന്‍ സവിതാ മുക്കര്‍ജിയോടു ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അവര്‍ ഗീതാഞ്ജലിയുടെ ഫോണ്‍ നമ്പര്‍ തന്നു.

ഗീതാഞ്ജലിയുടെ ശബ്ദം ഞാന്‍ ഫോണിലൂടെ തിരിച്ചറിഞ്ഞു. അതു വ്യക്തവും ദൃഢവും ആയിരുന്നു.

“ഒരു ഭാര്യയുടെയും അമ്മയുടെയും കടപ്പാടുകള്‍ മറന്നവരാണു അവര്‍; സവിതാ മുക്കര്‍ജി എന്ന നര്‍ത്തകി. അവരുടെ ഭര്‍ത്താവിനു അവരുടെ സാന്നിദ്ധ്യം ആവശ്യമുണ്ടായിരുന്ന സമയത്തു അവര്‍ വന്നില്ല. അവരുടെ മകള്‍ക്ക് അമ്മയെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ജീവിതത്തിന്റെ നാളുകള്‍ എണ്ണിത്തീര്‍ക്കുന്ന ശ്യാം പ്രസാദ് മുക്കര്‍ജിക്കു ഇനിയെങ്കിലും മന:സമാധാനത്തിന്റെ ദിവസങ്ങള്‍ കിട്ടട്ടെ. സവിതാ മുക്കര്‍ജിയുടെ കണ്ണുകള്‍ ശ്യാം പ്രസാദ് മുക്കര്‍ജിയുടെ പെന്‍ഷനിലും ബാങ്ക് അക്കൌണ്ടിലുമാണ്. നിറുത്തട്ടെ.”

എന്റെ മറുപടിക്കു കാത്തുനില്ക്കാതെ ദീപാഞ്ജലി ഫോണ്‍ ഡിസ്കണക്ടു ചെയ്തു.
ഡിസ്കണക്ടു ചെയ്യാന്‍ സാധിക്കാത്ത ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ തങ്ങി നിന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക