Image

എഴുതാന്‍ മറന്നിട്ട കവിത (രമ പ്രസന്ന പിഷാരടി)

Published on 05 March, 2020
എഴുതാന്‍ മറന്നിട്ട കവിത (രമ പ്രസന്ന പിഷാരടി)
അപരാഹ്നത്തിന്‍ രക്ത ശോണിമ,
സായന്തനം എഴുതാന്‍ മറന്നിട്ട കവിത!
രാത്രിയ്‌ക്കെന്നും കരഞ്ഞു തീര്‍ക്കാനായി
നിലാവിന്‍ മറക്കുട.
അനന്തകാലത്തിന്റെ മുഴക്കോല്‍,
പെരുന്തച്ചനറിയാതറിഞ്ഞെയ്ത മുറിവ്,  ഉളിപ്പാട്.
ദിശതെറ്റിയതിരക്കോളുമായ്  സമുദ്രങ്ങള്‍
വിരലറ്റു വീണൊരു ഗോത്രദക്ഷിണ, രാജ
കലയെ ചുരുക്കുന്ന വനവാസങ്ങള്‍ ദൂരെ
കുതിരക്കുളമ്പടിയശ്വമേധമോ, ജന്മദുരിതം
കാണും കാലരഥത്തിന്‍ യാഗാശ്വമോ?
പഴയകാലത്തിന്റെ തിരശ്ശീലയില്‍ വന്യ
ത്രിഗര്‍ത്തനാദം, കത്തിയാളുന്ന തിരിനാളം
ഉല്‍സവമവിടെയാണൊരു ശ്രീബലിക്കല്ലില്‍
നിത്യതയ്ക്കായി തൂവും കരുതല്‍, കൃപാകണം
പലകാലത്തിനതിര്‍യുദ്ധത്തില്‍നിന്നും വീണ്ടും
പലായനംചെയ്യുന്ന തഥാഗതന്മാര്‍;
നിത്യവനസഞ്ചാരം ചെയ്യും നിറഞ്ഞ മുകില്‍ പോലെ
പലദേശങ്ങള്‍ ചുറ്റി വരുന്നകാറ്റ്,  മൗനം നുകര്‍ന്നു
നില്‍ക്കും താഴ്വാരത്തിന്റെ പ്രതിധ്വനി
നിളയില്‍ നിറയുന്ന വെയില്‍    പണ്ടിതേപോലെ
കരഞ്ഞുതളര്‍ന്നൊരു മദ്ധ്യാഹ്നം മൂടിക്കെട്ടി
മനസ്സില്‍ പെരും കാട് വളര്‍ത്തും രോഷം,
ഉലയുമിത്തീയതില്‍നീറി പ്പുകഞ്ഞ സത്യം
പണ്ടേ പകുത്ത സൂര്യന്‍ രാവിന്നിടവേളകളൊരു
ജലപാത്രത്തില്‍ തുള്ളിത്തൂവിയ പ്രളയങ്ങള്‍
പഴയ ഓടാമ്പലിന്‍ ഭസ്മഗന്ധങ്ങള്‍
തിരക്കൊഴിഞ്ഞു കിടക്കുന്ന അറകള്‍
മുക്കൂറ്റികള്‍ തിരഞ്ഞു നടക്കുന്ന
തൊടികള്‍, ഈറന്‍ മാറിയെഴുതും
അശോകപ്പൂസന്ധ്യകള്‍, സമസ്യകള്‍
പഴയ ഓലച്ചീന്തില്‍ നിറഞ്ഞൊരറിവിന്റെ
പകുതി പോലും വായിച്ചറിയാതിരിക്കുന്ന
പുതിയ ഹൃദയമീമണ്ണിന്റെയമൃതിനെ
പകര്‍ന്നെടുക്കാനൊരു ഭൂമിയെതേടീടുമ്പോള്‍
ഇരുള്‍ വീഴുന്നു സമുദ്രങ്ങളില്‍ വീണ്ടും വീണ്ടും
മണലിലെഴുതുന്നു ബാല്യവും, കൗമാരവും..
തിരകള്‍ മായ്ക്കും മണലെഴുത്തില്‍ നിന്നും
ഞാനും തിരികെ നടക്കുന്നു ഋതുക്കള്‍  ചിരിക്കുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക