കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല
മുള്‍പ്പടര്‍പ്പിലോ പാറപ്പുറത്തോ
വീണു നശിക്കാതെ
മണ്ണില്‍ വീണഴിഞ്ഞ
ധാന്യമണിയുടെ വിജയഗാഥയാണ്
വിശന്നവന്റെ മുന്നില്‍ അപ്പമായ് വീണ
മന്നയുടെ ഗന്ധമുണ്ടതിനു
പച്ച ജീവിതങ്ങള്‍ കൊണ്ട് കുഴച്ച
ധാന്യ മാവിന്റെ പുളിപ്പുണ്ട്
അവരുടെ വിയര്‍പ്പിന്റെ ഉപ്പുണ്ട്
ദുരിതക്കണ്ണീരിന്റെ ചൂടുണ്ട്
വേര്‍പെട്ട് ജീവിക്കുന്ന ബന്ധങ്ങളുടെ
നെടുവീര്‍പ്പുകളുണ്ട്
തീയില്‍ കുരുത്ത ജീവിതങ്ങളുടെ
ചുടു നിശ്വാസമുണ്ട്
തിരസ്ക്കാരങ്ങളുടെ പൂപ്പല്‍ ഗന്ധമുണ്ട്
വരണ്ട മരുപ്പകലുകളില്‍ മേഘ സ്തംഭമായും
തണുത്ത രാവുകളില്‍ അഗ്‌നി സ്തംഭമായും
വഴികാട്ടിയായി നിന്ന ചരിത്രമുണ്ട്
പ്രവാസ ദുരിതങ്ങളുടെ ആടുജീവിതമുണ്ട്
മരുഭൂമിയില്‍ കാനല്‍ജലമായും
മരുപ്പച്ചയായും മോഹിപ്പിച്ചിട്ടുണ്ട്
അഗ്‌നിച്ചൂടിന്റെ കടുത്ത അടരുകളില്‍ നിന്ന്
മധുരഫലം പുറപ്പെടുവിക്കുന്ന
ഈന്തപ്പനകളുടെ അതിജീവന ക്ഷമതയുണ്ട്
കരിന്പാറകളില്‍ എറിഞ്ഞുടക്കപ്പെട്ട
പിഞ്ചു കുഞ്ഞിന്റെ ദീനവിലാപമുണ്ട്
ആറ്റു ജലത്തിന്റെ ആഴങ്ങളില്‍ മുങ്ങിയ
ആറു വയസ്സുകാരിയുടെ ഗദ്ഗദങ്ങളുണ്ട്
കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല
ചോറില്‍നിന്നു കുബ്ബൂസിലേക്ക്
ദൂരമേറെയുണ്ടെങ്കിലും,
മടക്കയാത്രക്ക് അതിലേറെ ദൂരമുണ്ട്
അതെ,
കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല.
(ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകള്‍ക്ക് ബൈബിളിനോട് കടപ്പാട്)