Image

സുഖമതോ ദേവി? (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

Published on 08 March, 2020
സുഖമതോ ദേവി? (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
(സുഖമോ ദേവി’ സാമ്പ്രതമിഹതേ സുകൃതനിധേ ജാതം സുദിനം)

സുഖമതോ ജാനകി ചൊല്ലൂ ഭൂമി
തന്നറയില്‍ നീയിന്നുണര്‍ന്നിരിക്കുന്നുവോ?
പറയൂ വൈദേഹി ത്രേതായുഗത്തിന്റെ
കനലിലൂടെ കടന്നു പോയീടവെ;
വനകുടീരങ്ങളില്‍ നിന്ന് മാരീച
ഹൃദയമായകള്‍  വന്ന്   പോകുന്നുവോ?
ശരമതെയ്യുവാന്‍ ലക്ഷ്മണരേഖ തന്ന
രികില്‍ ദശമുഖര്‍ കാത്തുനില്‍ക്കുന്നുവോ?
ചിറകുകള്‍ മുറിഞ്ഞേറുന്ന നോവിലും
വഴിയിലിന്നും ജഡായു നില്‍ക്കുന്നുവോ?
മഴപൊഴിയും മിഴിക്കുള്ളിലഗ്‌നിയെ
പതിയെ ദേവി നീയാവഹിക്കുന്നുവോ?

സുഖമതോ ദേവി? ചൊല്ലുക ഭൂമിതന്‍
വിടവിലൂടെ മറഞ്ഞു പോയീടവെ
ഇനിയൊരിക്കലും അഗ്‌നിസാക്ഷ്യത്തിന്റെ
കനലതുണ്ടാകയില്ലെന്നതോര്‍ത്തുവോ?
ജനനരാശിയില്‍ പണ്ടേയെഴുതിയ
വനമഹാകാവ്യവാത്മീകമൊന്നിലായ്
ഇനിയുമുണ്ടാകുമായിരം മൈഥിലീ
കഥകളെന്നൊരു കിളിമകള്‍ പാടവെ!
അറിയുക ജാനകി നിന്റെ ജീവനില്‍
ഇനിയുമുണ്ടാകുമഗ്‌നിപരീക്ഷകള്‍

പറയൂ,  വൈദേഹി ഭൂമി തന്നുള്ളിലെ
അറകളില്‍ നീ സുഭദ്രമിരിക്കവെ
രഥമടര്‍ന്നു രക്തം തൂവി നില്‍ക്കുന്ന
സ്മൃതിയവിടെ നിനക്കുമുണ്ടാകുമോ?
സഭയില്‍ നിന്നും കുരുക്ഷേത്രഭൂവിന്റെ
കഥയില്‍ ദ്രൗപതി കൂട്ടിനുണ്ടാകുമോ
കരളിലിന്നും കെടാതെയാളീടുന്ന
സ്മൃതിയില്‍  മാധവി നിന്നിലുണ്ടാകുമോ
മധുരയില്‍ തീ പടര്‍ത്തി ചിലമ്പുമായ്
ചടുലനൃത്തം നടത്തുന്ന കണ്ണകി,
ഒലിവ് മരങ്ങള്‍ക്കിടയിലായ് കല്ലു
കള്‍ക്കിടയിലായ് നടന്നീടുന്ന മഗ്ദലീന
കയറിലാടുന്ന ബാല്യസ്പര്‍ശത്തിന്റെ
ചെറുകിളിത്തൂവല്‍ നൊമ്പരപ്പൂവുകള്‍
ഇനിയുമാധികള്‍ തീരാത്ത നീതിതന്‍
ചുരുളഴിക്കാന്‍ ശ്രമിക്കുന്ന നിര്‍ഭയ
പറയു ദേവി നിന്നരികിലായ് വന്നിരു
ന്നിവരുറക്കെ കരഞ്ഞുപോകുന്നുവോ?

ഇരുവഴികള്‍ സമാന്തരരേഖയില്‍
ചുരമിറങ്ങി പിരിഞ്ഞു പോകുമ്പോഴും
ഇലപൊഴിയുന്ന പോലെയീജീവന്റെ
മഴകള്‍ കണ്ണിലായ് പെയ്തുതോരുമ്പോഴും
ചിറകിലായിരം സ്വപ്നങ്ങള്‍ നെയ്തുകൊണ്ടു
യിരില്‍ പെണ്‍കിളിക്കൂട്ടം പറക്കിലും
ഇടയിടയിലെരിഞ്ഞുവീണീടുന്ന
കഥകളില്‍ ദേവി നീ വീണ്ടുമെത്തുന്നു
യുഗമതേറെ കഴിഞ്ഞുവെന്നാകിലും
പല ഋതുക്കള്‍ കടന്നുപോയെങ്കിലും
വെറുതെ ചോദിച്ചു പോകുന്നു ഭൂമിതന്‍
അറയില്‍ ദേവി നിനക്കിന്ന് സൗഖ്യമോ?
‘സുഖമോ ദേവി!....

 (‘സുഖമോ  ദേവി.’   എന്ന് തുടങ്ങുന്ന  പ്രസിദ്ധമായ കഥകളി പദം ശ്രീ പാലക്കാട് അമൃതശാസ്ത്രികള്‍  രചിച്ച  'ലവണാസുരവധം ആട്ടക്കഥയിലുള്ളതാണ്. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതയെ  വാല്മീകാശ്രമത്തില്‍ വച്ച്  കണ്ടുമുട്ടുമ്പോള്‍  ഹനുമാന്‍ ചോദിക്കുന്നതാണ്  ‘സുഖമോ ദേവി’)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക