Image

സുധീറിന്റെ കഥകള്‍ -സര്‍ഗ്ഗ ഭാവങ്ങള്‍2 (ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 09 March, 2020
സുധീറിന്റെ കഥകള്‍  -സര്‍ഗ്ഗ ഭാവങ്ങള്‍2 (ജോണ്‍ വേറ്റം)
സംസാരിക്കാത്തതിനെ ആരാധിക്കരുത്. മനുഷ്യ ജ്ഞാനം നല്‍കുന്ന യുക്തിക്കു മുമ്പില്‍ ഈശ്വരന്‍ ജനിക്കുന്നു മരിക്കുന്നു. ദൈവത്തെ സൃഷ്ടിക്കാന്‍ കഴിവില്ലാത്ത മനുഷ്യന്‍ എന്തിന് ദൈവനാമത്തില്‍ രക്തം ചൊരിയുന്നു എന്നീ ചോദ്യങ്ങളാണ് ഒരു കാലോചിത രചനയിലുള്ളത്.ഗത കാലഘട്ടങ്ങളില്‍ ഉണ്ടായ നിര്‍ബന്ധിത മതപരിവര്‍ത്തന രീതികള്‍ ക്രൂരമായിരുന്നുവെന്നും 'ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന ശ്രീനാരായണ ഗുരുവിന്റെ മഹത്തായ സിദ്ധാന്തം അനുകരണീയമെന്നും വ്യക്തമാക്കുന്ന ആവിഷ്‌കാരം വിധി സംഗ്രഹമാണ്! 

    ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആരാധനക്രമങ്ങളും നവീകരിക്കപ്പെടുന്നു, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിര്‍ത്തുന്നു, ധനശേഖരണമാണ് ഇവയുടെ പിന്നിലുള്ളതെന്ന പരാമര്‍ശം വേറൊരു രചനയില്‍ ധ്വനിക്കുന്നു. ജീവിതസുഖങ്ങളെ നിഷേധിക്കുന്ന മത പ്രചരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധവും ദൈവ വിശ്വാസം രോഗമാകരുതെന്ന നിര്‍ദ്ദേശവുമാണ് മറ്റൊരു നര്‍മ്മബോധം പകരുന്ന കഥയുടെ കാതല്‍.

      സഹൃദയര്‍ ഏതു മതസ്ഥരായാലും അവര്‍ക്ക് ഇതര മത വിശ്വാസികളോടുള്ള തങ്ങളുടെ ആത്മബന്ധം എപ്പോഴും നിലനിര്‍ത്തുമെന്ന് തെളിയിക്കുന്ന സവിശേഷ കഥയാണ് മറ്റൊന്ന്. ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ അവിടെയും ചേറ് പുരണ്ട ചിന്തകള്‍ക്കുമുപരി ,പുത്തന്‍കുറ്റുകാരെ പുച്ഛിക്കുന്ന നാമമാല്‍ ക്രിസ്ത്യാനികളും പക്ഷഭേദവും ദുരഭിമാനികളുമുള്ളതിനാല്‍ എന്തിന് മതം മാറുന്നുവെന്ന അര്‍ത്ഥവത്തായ ചോദ്യമുയര്‍ത്തുന്നു വേറൊന്നില്‍ വര്‍ത്തമാനകാലത്തും മൗന രൂപങ്ങളെ ആരാധിക്കാന്‍ മനസ്സൊരുക്കമുള്ള സങ്കലിത മതങ്ങളിലും അന്ധവിശ്വാസവും അനാചാരവും ചോരണവും ഉണ്ടെന്ന് കഥാകൃത്ത് നിര്‍ഭയം അടയാളപ്പെടുത്തുന്ന കഥയുണ്ട്. ഓണക്കാലത്ത് മാവേലി വാമനന്മാരുടെ വേഷം കെട്ടാന്‍ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് നല്‍കുന്ന വമ്പിച്ച സ്വീകരണങ്ങള്‍ക്കും ഗംഭീര ഓണസദ്യകള്‍ക്കും മുടക്കുന്ന തുക, ഉണ്ണാനും ഉടുക്കാനും കിടക്കാനും ഇടമില്ലാതെ കേരളത്തില്‍ അലയുന്നവര്‍ക്കു വേണ്ടി ഉപയോഗിക്കണമെന്ന ഉപദേശകഥയുണ്ട്.

        അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരിക തലത്തില്‍ പൊന്തി വന്ന പൊതു വികാരമാണ് സാഹിത്യ പ്രവര്‍ത്തനം. അഭ്യുദയകാംക്ഷികളും മാധ്യമങ്ങളും സാഹിത്യകാരന്മാരും വായനക്കാരും ഒത്തുചേര്‍ന്ന് അറിവും ആനന്ദവും പങ്കുവയ്ക്കുന്ന പ്രവര്‍ത്തന രംഗം. അതിന്റെ ഫലമായി വളര്‍ന്നു വന്ന സാഹിത്യ വേദിയില്‍ എന്ത് സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവ വിവരണം സുധീറിന്റെ കഥാപുസ്തകത്തിലുണ്ട്.

       മലയാള സാഹിത്യ മണ്ഡലത്തില്‍ നിന്നും സാഹിത്യ ചൂഷണം മാഞ്ഞിട്ടില്ല. ചൂഷണം വളര്‍ച്ചയ്ക്ക് വളമെന്നു കരുതുന്നവര്‍ രചനയുടെ അന്തര്‍ വസ്തു കട്ടെടുക്കുന്നു. അരുതാത്തത് അനുഭവിക്കുന്നു. വിലക്കപ്പെട്ടത് വാങ്ങുന്നു. ഈ ദുരവസ്ഥയുടെ ദൃഷ്ടാന്തമാണ് ഒരു വ്യത്യസ്ഥ കഥ.

           സ്വകാര്യ താല്‍പ്പര്യങ്ങളില്‍ പിടിച്ചു നിന്ന് ദുഃശ്ശീലങ്ങളോടെ പെരുമാറുന്നവര്‍ കലാ സാഹിത്യ അരങ്ങുകളില്‍ വിരളമല്ലെന്ന വാസ്തവവും വെളിപ്പെടുത്തുന്നുണ്ട്. പ്രതിഫലം കൊടുത്ത് പ്രശസ്തി വാങ്ങുന്നവര്‍ പ്രവാസികളുടെ സമൂഹത്തിലും ഉണ്ടത്രെ.അശ്രദ്ധയോടെ വാര്‍ത്തകള്‍ വായിച്ചു തെറ്റായ ധാരണയിലെത്തുന്നവരെയും കഥയില്‍ കാണാം. മലയാള ഭാഷയില്‍ വാക്കുകളോടൊപ്പം ഏക കങ്ങള്‍ അനാവശ്യമായി ചേര്‍ക്കരുതെന്ന് വ്യാകരണ നിയമത്തെയും ഓര്‍മ്മിപ്പിക്കുന്നു.

       നോര്‍ത്ത് അമേരിക്കയില്‍ മലയാള സാഹിത്യ സംവിധാന രംഗത്ത് കാണപ്പെടുന്ന വിരുദ്ധ ഭാവങ്ങളും ഇവിടെയുള്ള സാഹിത്യകാരന്മാരെയും അവരുടെ മലയാള ഗ്രന്ഥങ്ങളെയും അവഗണിച്ച് കേരളീയ സാഹിത്യകാരന്മാരെ ആദരിക്കുന്ന പ്രവണതകളും തിരുത്തണമെന്ന കാര്യബോധം പകരുന്നതാണ് സാരവത്തായ വേറൊരു കഥ. അമേരിക്കയിലെ മലയാളി സാഹിത്യകാരന്മാര്‍ അത്മാഭിമാനത്തോടെ അവരുടെ രചനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുന്ന രചനയുണ്ട്. മറുനാടന്‍ മലയാളി സമൂഹത്തില്‍ പരക്കുന്ന തെറ്റായ സംസാരരീതി മലയാള ഭാഷയെ വികലമാക്കുന്നുവെന്ന ഉല്‍ക്കണ്ഠ പകരുന്ന കഥയുമുണ്ട്. അറിവും ഉചിത ചിന്തയും ഭാവനയുമുള്ള മനസ്സില്‍ തന്നെ തിന്മയും ഉണ്ടാകുന്നുവെന്ന തത്വജ്ഞാനവും ആശകളെല്ലാം സഫലമാവില്ലെന്ന പ്രവചനവുമാണ് ഇനിയുമൊരു കൃതിയുടെ സാരം.

       ജനസമൂഹത്തില്‍ വര്‍ണ്ണ വ്യത്യാസമുള്ളവരും വികലാംഗരും രൂപഭേദങ്ങളോടെ ജനിക്കുന്നവരും ഉള്ളതിനാല്‍, ദൈവം മനുഷ്യനെ അവന്റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ചു എന്ന് വിശ്വസിക്കാന്‍ സാമാന്യര്‍ക്ക് സാദ്ധ്യമല്ലെന്ന് ഒരു ചിന്തനീയ കഥ പറയുന്നു.  ധ ഇതിന് ബൈബിള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ: 'ദൈവം ആത്മാവ് ആകുന്നു' (ക്രിസ്തുവചനം) യോഹന്നാന്‍ 4:24 .

വിശ്വസിച്ചാലും ഇല്ലെങ്കിലും ആത്മാക്കള്‍ മനുഷ്യരൂപം പ്രാപിക്കുമെന്നും ബൈബിള്‍ രേഖപ്പെടുത്തി. ഉദാ: ഉല്‍പ്പത്തിേ 6:2  4 ദൈവം ദുഷ്ടന്റെ അകൃത്യം അവന്റെ മക്കള്‍ക്കായി സംഗ്രഹിച്ച് വയ്ക്കുന്നു എന്ന വചന ഭാഗവും (ഇയ്യോബ് 21:19) ശ്രദ്ധേയമാകുന്നു.
             'ദൈവം തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു.ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.(ഉല്‍പ്പത്തി 1:27) എന്ന് യഹൂദ െ്രെകസ്തവ ഇസ്ലാം മതങ്ങള്‍ വിശ്വസിക്കുന്നു. എങ്കിലും അത് സംബന്ധിച്ച ദര്‍ശന രീതികള്‍ ഭിന്നിക്കുന്നു. ഇതിന് ഉദാഹരണമാണ് സുധീറിന്റെ ഒരു കഥ. ആത്മാവായ സാത്താന്റെ ചതിയാല്‍ സംഭവിച്ച അവിഹിത വേഴ്ചയാണ് അതിലെ ആവിഷ്‌കാര വിഷയം. ആദ്യ മനുഷ്യന്‍ ആദാമിന്റെ ഭാര്യ ഹവ്വയുടെ ആദ്യ മാസമുറയില്‍ ആരംഭിക്കുന്ന കഥ, അതിസുന്ദരനായി വന്ന സാത്താനുമായി സംഗമിച്ചു സുരത സുഖമനുഭവിച്ച, ഹവ്വയുടെ ലൈംഗിക പ്രസരമുള്ള വികാരങ്ങളിലൂടെ കടന്നുപോകുന്നു!  യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന, ഭാവനാ സൃഷ്ടമായ കഥ ഉജ്ജ്വലതയോടെ വേറിട്ടു നില്‍ക്കുന്നു.!

         കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളില്‍ നിന്നും ആര്‍ജ്ജിച്ച ജ്ഞാനം, സുധീറിന്റെ കഥകള്‍ക്ക് ആധാരശിലകളായി. വായനക്കാരുടെ ഇഷ്ടം ആരാഞ്ഞ് എഴുതുന്നവരും മത രാഷ്ട്രീയ കക്ഷികളെ ചാരി നിന്ന് രചിക്കുന്നവരും സ്വതന്ത്ര ചിന്തകരും സാഹിത്യകാരന്മാരുടെ ഗണത്തിലുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും നന്മ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കുന്ന ഗ്രന്ഥകര്‍ത്താവാണ് സുധീര്‍ പണിക്കവീട്ടില്‍ എന്ന് അദ്ദേഹത്തിന്റെ കഥകള്‍ തെളിയിക്കുന്നു.
    അറിവും ഭാവനയും സംവിധാന തന്ത്രവും ഉള്ളവര്‍ക്ക് ഏത് ചിന്താവിഷയവും അനായാസം സാഹിത്യ സൃഷ്ടിയാക്കുവാന്‍ സാധിക്കും.സുധീറിന്റെ കഥകളില്‍ അശ്‌ളീല ഫലിതങ്ങളില്ല. അവബോധം നല്‍കുന്ന കൃതികളും നര്‍മ്മവും ലൈംഗികത്വവും പാകത്തിനു ചേര്‍ത്തുണ്ടാക്കിയ രചനകളും ഉണ്ട്. കഥകള്‍ വായിക്കുമ്പോള്‍ അനുവാചകനു കിട്ടുന്നത്, കാര്യബോധവും വ്യക്ത ദര്‍ശനവുമാണ്. നിരവധി ചിന്താവിഷയങ്ങള്‍ ..!

       ആശയങ്ങളെ ഉരുവാക്കുന്ന സൃഷ്ടികളും; ഓര്‍മ്മയില്‍ ഇടം പിടിക്കുന്നു .വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന, സത്യത്തോടും വസ്തുതയോടും ബന്ധിക്കുന്ന കഥകളും സമാഹാരത്തിലുണ്ട്.പ്രമേയമനുസരിച്ച് ചെറുതും വലുതുമാക്കിയ കഥകളിലെ കഥാപാത്രങ്ങള്‍ക്ക് സ്വഭാവമനുസരിച്ച് നല്‍കിയ സംഭാഷണ ശൈലിയും ശ്രദ്ധേയമാണ്.
       സുധീറിന് എന്റെ ഹാര്‍ദ്ദമായ അഭിനന്ദനം!
നന്മകള്‍ നേരുന്നു...!

സുധീറിന്റെ കഥകള്‍  -സര്‍ഗ്ഗ ഭാവങ്ങള്‍2 (ജോണ്‍ വേറ്റം)
Join WhatsApp News
ഗിരീഷ് നായർ 2020-03-10 07:45:09
ഒരു മികച്ച മനോഹരമായ, സൃഷ്ടിപരമായ കഥകൾക്കും വ്യാഖ്യാനത്തിനും വിശകലനത്തിനും ശ്രീ വേറ്റം സാറിന് നന്ദി. ഒപ്പം ഈ 50 കഥകളും മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പ്രതിഫലിപ്പിച്ചു രചിച്ചിരിക്കുന്ന കഥാ കൃത്തിനും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക