നിറമില്ലാത്ത നിറങ്ങള്‍ (ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 10 March, 2020
നിറമില്ലാത്ത നിറങ്ങള്‍ (ജയശ്രീ രാജേഷ്)
വര്‍ണ്ണത്തുമ്പിയും
നിറമോലും പൂമ്പാറ്റയും
അകതാരില്‍
നിറങ്ങള്‍ തന്‍ 
ബാല്യോത്സവം

കുപ്പിവളകള്‍ തന്‍ 
കുണുങ്ങും നിറങ്ങളില്‍
മയങ്ങി നിന്നൊരാ
കൗമാര സ്വപ്നങ്ങള്‍

പുസ്തകത്താളിലെ
മയില്‍പ്പീലി തുണ്ടിലെ
ഏഴഴകേകും നിറങ്ങളായ്
മിഴികളില്‍ പ്രണയത്തിന്‍
പൂത്തിരി തിളങ്ങിയ 
യൗവന പച്ചകള്‍

കാലചക്രം കറങ്ങി 
കറങ്ങി 
പൊഴിഞ്ഞു പോയോരോ 
നിറങ്ങളും ശൂന്യതയില്‍
സ്വപ്നങ്ങള്‍ ബാക്കിയായ്

നനവൂറിയ മിഴികളില്‍
സ്‌നേഹവും പ്രതീക്ഷയും
കാത്തിരിപ്പിന്‍ 
നിറം  ചാര്‍ത്തി

അങ്ങു ദൂരെ 
കവിളിലൂടൊഴുകുന്ന
ചില നിറം കെട്ട നിറങ്ങള്‍
വൃദ്ധ സദനത്തിന്‍ 
വാതില്‍പ്പടി മേല്‍........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക