Image

കൊറോണക്കാലം (കവിത: സീന ജോസഫ്)

Published on 17 March, 2020
കൊറോണക്കാലം (കവിത: സീന ജോസഫ്)
എത്ര പെട്ടന്നാണ് ആരവങ്ങള്‍ അടങ്ങിയത്
നെഞ്ചിടിപ്പുകളുടെ മുഴക്കം കൂടിയത്

പരസ്പരം നോക്കുന്നവരുടെ കണ്ണുകളില്‍
പരിഭ്രാന്തി പടര്‍ന്നു പന്തലിച്ചത്

ആകുലത ഭീതിദമായൊരു കരിമേഖമായി
ലോകത്തിനു മീതെ കുടനിവര്‍ത്തിയത്

ദൃഷ്ടിഗോചരമല്ലാത്ത ഒരു സൂക്ഷ്മാണു
സര്‍വ്വപ്രമാണിയായ മനുഷ്യനെ മുട്ടുകുത്തിച്ചത്

അകന്നു നില്‍ക്കുമ്പോള്‍ പോലും നമ്മള്‍
കരുതലിന്റെ ബാലപാഠങ്ങള്‍ വീണ്ടും ശീലിച്ചത്

ജീവനെത്രയോ ക്ഷണികമെന്നു നാം വീണ്ടുമോര്‍ത്തത്
മനസ്സുകൊണ്ടെല്ലാവരേയും ഇറുകെപ്പുണര്‍ന്നത്

ഇനിയെന്നാണ് ഇരുളും നിഴലും നിറഞ്ഞ
ഇടവഴികളില്‍  നിലാവ് നിറഞ്ഞൊഴുകുന്നത്

അരിമുല്ലകള്‍ പ്രതീക്ഷയുടെ പൂമഴ പൊഴിക്കുന്നത്
നിദ്രകള്‍ ശാന്തിയുടെ മലര്‍മണം പൂകുന്നത്

ഇനിയെന്നാണ് സ്വപ്നജാലകങ്ങള്‍ക്കപ്പുറം
പുലരി വരപ്രസാദമായ് വന്നുചേരുന്നത്

നമ്മള്‍ പഠിച്ച പാഠങ്ങള്‍ മറക്കാതെയാകുന്നത്
പുതിയ മനുഷ്യരായ് പരസ്പരം പുല്‍കുന്നത്?!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക