കാലപ്രളയത്തിലെ കാക്ക, കോയി, കൊറോണ കോഴികള്‍ (യാത്രാനുഭവം: കാരൂര്‍ സോമന്‍)

Published on 19 March, 2020
കാലപ്രളയത്തിലെ കാക്ക, കോയി, കൊറോണ കോഴികള്‍ (യാത്രാനുഭവം: കാരൂര്‍ സോമന്‍)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികള്‍ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നല്‍കുന്നത്. ഈ വര്‍ഷത്തെ എന്റെ കേരള യാത്രയില്‍ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അധികാരികളും കോഴിയുടെ സ്ഥാനത്തു് പ്രതിപക്ഷവുമാണ്.  രണ്ടു കൂട്ടരും മതങ്ങള്‍ ഈശ്വരനെ ദാനമായി നല്കുന്നതുപോലെ ജനാധിപത്യവും മതേതരത്വവു0 നിര്‍വ്യാജമായ വാല്‍സല്യത്തോടെ ജനത്തിന് നല്‍കുന്നു.  അതിന്റ ഫലമോ അന്ധത, ദാരിദ്ര്യ0, പട്ടിണി, അനീതി, സങ്കുചിത ചിന്തകള്‍ ജീവിതത്തെ ദുരന്തപൂര്‍ണ്ണമാക്കുന്നു. എങ്ങും കാക്കകള്‍, പരുന്തുകള്‍  ഇരയെ തേടി വട്ടമിട്ട് പറക്കുന്നു. മനുഷ്യ ജീവിതത്തിന്റ കടിഞ്ഞാണ്‍ ഇവരുടെ കൈകളിലാണ്.  അതിനാല്‍ അടിമകളുടെ എണ്ണം പെരുകുന്നു. പാവങ്ങള്‍ ഇന്നും ദുഃഖ ദുരിതത്തിലാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരികളും, അഴിമതിക്കാരും, സ്തുതിപാഠകരും, ചുമടുതാങ്ങികളുമാണ്.   

പ്രളയത്തിന്റ പ്രത്യാഘതങ്ങള്‍ ഭയാനകമെന്ന് ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്. 
ഇപ്പോള്‍ ജീവിതത്തെ ഭീതിജനകമായ കൊറോണ പിടിമുറുക്കിയിരിക്കുന്നു.   എങ്ങും കൊറോണയുടെ നിഴല്‍പ്പാടുകള്‍. 
ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ "കല"  അവരുടെ സാഹിത്യ മത്സരത്തില്‍ എന്റെ "കോഴി" എന്ന കഥക്ക് ഒന്നാം സമ്മാനം തരികയുണ്ടായി. ഈ കോഴി ഇത്ര അപകടകാരിയെന്ന് ആലപ്പുഴയിലും മറ്റും പടര്‍ന്ന് പിടിച്ച കോയി വര്‍ഗ്ഗത്തില്‍പ്പെട്ട കോയി കൊറോണ കോഴികളെ കൂടെ നടന്ന പൂവന്‍ കോഴികള്‍ക്ക്‌പോലും മനസ്സിലായില്ല. ഈ കോയി കൊറോണ കോഴികള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന്റ ലക്ഷണങ്ങള്‍ അവിടെയും കണ്ടു തുടങ്ങി. മേശപ്പുറത്ത് എത്തുന്ന ഈ കോയി കൊറോണ കോഴി ശത്രുവോ മിത്രമോ എന്നത് രുചിയോടെ അകത്താക്കുന്നവര്‍ ആലോചിക്കണം. 

ദേവാധിദേവന്മാരെ പാടിപുകഴ്ത്തിയ ആഡംബര ദേവാലയങ്ങള്‍ക്ക് ആരാധകരെ സംരക്ഷിക്കാന്‍ സാധിക്കാതെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചു. പാട്ടും പ്രാത്ഥനയും തളിരും പൂവും പൂജകളും നിസ്കാരങ്ങളും വെട്ടിച്ചുരുക്കി ഈശ്വരന്മാര്‍ സവാരിക്കും സര്‍ക്കിട്ടിനും പോയി. ആത്മാവില്‍ തള്ളി തുള്ളിയാടിയ ദേവാലങ്ങള്‍  അനാഥാലയങ്ങളായിരിക്കുന്നു. മത മേധാവികള്‍ ധര്‍മ്മ സങ്കടത്തിലാണ്. പഴയതുപോലെ ആള്‍ക്കൂട്ടം വരുമോ? പണപ്പെട്ടി കാലിയാകുമോ? ജാതി മതങ്ങളുടെ വിളവെടുപ്പ് എത്ര നാള്‍ തുടരുമെന്നറിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവരോട് പറയും ദൈവം നിന്നെ രക്ഷിച്ചു. മരിച്ചവരോട് ഇനിയും എന്ത് പറയാനാണ്? ചിലര്‍ വിശ്വസിക്കുന്നത് ദൈവത്തെ വഞ്ചിച്ചു ജീവിക്കുന്നവര്‍ക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് ഇതുപോലുള്ള കൊറോണകോവിഡ്  വൈറസ്. എന്തായാലും ദൈവത്തിന്റ സന്താനങ്ങളെ രക്ഷിക്കേണ്ട ചുമതല ദൈവത്തിനാണ്. മനുഷ്യത്വമില്ലാതെ പ്രവര്‍ത്തിക്കാന്‍ മനുഷ്യന് മാത്രമല്ല ദൈവത്തിനുമറിയാമെന്ന് ഇപ്പോള്‍ ചിലരൊക്കെ മുറുമുറുക്കുന്നുണ്ട്.

കാലാകാലങ്ങളിലായി വില്പന ചരക്കുകളായി തുടരുന്ന അന്ധത നിറഞ്ഞ ആചാരാനുഷ്ടാനങ്ങള്‍ക്ക് കോയി കൊറോണ വൈറസ് പിടിച്ചിരിക്കുന്നു. മണ്ണിലെ ദൈവങ്ങളുടെ സമ്പാദ്യം മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഗ്രാമീണര്‍ക്കില്ല. അതൊക്കെ മനസ്സിലാക്കിയവര്‍ വികസിത രാജ്യങ്ങളിലാണ്.
ഇനിയും ദേവാലയങ്ങള്‍ മോടിപിടിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരുമോ? ശാസ്ത്രത്തിന് മുന്നില്‍ മണ്ണിലെ കുശവന്‍ തീര്‍ത്ത എല്ലാം ബിംബങ്ങളും ഉടഞ്ഞ ചരിത്രങ്ങളാണുള്ളത്. റോമന്‍ ചക്രവര്‍ത്തിമാര്‍ നൂറ്റാണ്ടുകളായി എത്രയോ ദേവി ദേവന്മാരെ ആരാധിച്ചു. അതെല്ലാം യൂറോപ്പിലും ഇറ്റലിയിലുമൊക്കെ വെറും ശേഷിപ്പുകളായി കല്ലോട് കല്ല് ചേര്‍ന്ന് കിടക്കുന്നത് സംശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ഇന്നത്തെ  നമ്മുടെ ആരാധന മൂര്‍ത്തികളുടെ ആയുസ്സ് എത്ര നാള്‍ പൂങ്കിളിയുടെ പാട്ടുപോലെ തുടരുമെന്നറിയില്ല. ധനസമ്പത്തു് കൂടിയപ്പോള്‍ മനുഷ്യര്‍ ഈശ്വരനില്‍ നിന്നകന്നതാണ് ജഡിക ജീവിതത്തിന് കരണമെങ്കിലും വിശുദ്ധ വേദ വാക്യങ്ങള്‍ ദുഷ്ടജനങ്ങളുടെ കാതുകള്‍ക്കെന്നും   പ്രകാശംപോഴിക്കുന്ന ദീപങ്ങളാണ്.

പതിനാലാം നൂറ്റാണ്ടില്‍ ഏകദേശം 475 മില്യണ്‍ ജനങ്ങളാണ് പ്‌ളേഗ് മൂലം യൂറോപ്പില്‍ മരണമടഞ്ഞത്. ഇംഗ്ലണ്ടിലെ എഡ്‌വേര്‍ഡ് രാജാവ് പോലും 1348  ല്‍ പ്ലേഗിനെ ഭയന്ന് ലണ്ടനില്‍ നിന്ന് മാറി താമസിച്ച ചരിത്രവുമുണ്ട്. ദൈവത്തില്‍ നിന്നും രക്ഷയില്ലെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ട്. തലമുറകളായി  ദൈവിക അനുഗ്രഹമെന്ന് വിശ്വസിച്ചവര്‍, ദേവാലയങ്ങളില്‍ സ്‌നേഹപാരമ്യത്തോടെ കെട്ടിപുണര്‍ന്നവരുടെ മുഖങ്ങള്‍ ഇപ്പോള്‍ മ്ലാനമാണ്. മരണത്തിനിപ്പോള്‍ മാധുര്യത്തിന്റ  മുഖമാണ് ആത്മാവിന്റേതല്ല. ജീവിത ദര്‍ശനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഈ ജീവിതം ക്ഷണികം.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്ഷികാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച പുരസ്കാര സന്ധ്യ 2020 കോട്ടയത്തുള്ള അര്‍കാഡിയ ഹോട്ടലില്‍ നടന്നു. ആ മഹനീയ ചടങ്ങില്‍ സാഹിത്യസാംസ്കാരിക മാധ്യമ രംഗത്ത് നീണ്ട നാളുകള്‍  തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ കോട്ടയത്തിന്റ ജനപ്രിയ നായകനും മുന്‍ ആഭ്യന്തര മന്ത്രിയും എം.എല്‍.എ.യുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്ക്കാരങ്ങള്‍  നല്‍കി ആദരിച്ചു.  സാഹിത്യ രംഗത്തെ സമഗ്ര സംഭവനക്ക് എന്നെയും തെരെഞ്ഞെടുത്തു.  കോട്ടയത്തിന്റ ജനകിയ നായകന്‍ തോമസ് ചാഴിക്കാടന്‍ എം.പി. ആശയ ആഹ്‌ളാദം പകരുന്ന വാക്കുകളാണ് സമ്മാനിച്ചത്.  കോട്ടും സുട്ടുമണിഞ്ഞ  കസേരക്കും പേരിനും പദവിക്കുമായ് ഓടി നടക്കുന്ന അസൂയ മുത്തവര്‍ക്ക് മലയാള ഭാഷക്കായി പരിശ്രമം ചെയ്യുന്നവരെയോ സര്‍ഗ്ഗപ്രതിഭകളുടെ കഷ്ടപ്പാടുകളോ തിരിച്ചറിയാറില്ല. അവരിലെ സവിശേഷത തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ എന്തും ഉന്തിത്തള്ളി കയറ്റി അയക്കലാണ്. മനുഷ്യരില്‍ മാത്രമല്ല പരദോഷം കാണുന്ന കോഴി പനി പിടിച്ച കോയി കൊറോണ വൈറസ് ഫേസ് ബുക്കിലും കാണാറുണ്ട്. ഈ അടുത്ത കാലത്തിറങ്ങിയ "പ്രതി പൂവന്‍ കോഴി" സിനിമ ഇവര്‍ക്കായി സൃഷ്ടിച്ചതാണോ എന്ന് തോന്നി. അതിലെ വര്‍ഗ്ഗ ഗുണം ഇവരിലുമുണ്ട്. സാഹിത്യം മൂര്‍ച്ചയേറിയ ആയുധമാണ്. അത് തലച്ചോറുള്ള മാധ്യമങ്ങളില്‍ മാത്രമെ വായിക്കാന്‍ സാധിക്കു.   നല്ലതുണ്ടോ നായ് തിന്നുന്നു. ഇതുപോലുള്ള കുറുക്കന്മാര്‍ കരഞ്ഞാല്‍ നേരം പുലരില്ല. കുശവനുണ്ടോ നല്ല കലത്തില്‍ കഞ്ഞിവെക്കുന്നു?

തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ മാര്‍ച്ച് അഞ്ചിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാര ചടങ്ങില്‍ വെച്ച്  "കാലപ്രളയം" നാടകം മാവേലിക്കര എം.എല്‍.എ ശ്രീ. ആര്‍. രാജേഷ് ,സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷന്‍, ഡോ.ജോര്‍ജ് ഓണക്കൂറിന്റ് സാന്നിധ്യത്തില്‍ പ്രകാശനം നടത്താന്‍ തീരുമാനിച്ചെങ്കിലും അന്നത്തെ മന്ത്രി സഭ തീരുമാനത്തില്‍ എല്ലാം പൊതുപരിപാടികളും ഉപേക്ഷിച്ചു. മാര്‍ച്ച് 11 ന് ലോകത്തെ ഏറ്റവും വലിയ അന്തേവാസി ജീവ കാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധി ഭവനില്‍ മാതൃ സ്മരണ സംഗമം ഉദ്ഘടന0 ചെയ്യാനെത്തിയപ്പോള്‍ കാലപ്രളയം നാടകം നടന്‍ ടി. പി. മാധവന് നല്‍കി ഡോ.പുനലൂര്‍ സോമരാജന്‍ നിര്‍വഹിച്ചു. ഗാന്ധിഭവന്റെ നേതൃത്വത്തില്‍ നടന്ന മാതാപിതാ ഗുരു ദൈവം എന്ന ഗുരുവന്ദന സന്ദേശത്തില്‍ ഞാനറിയിച്ചത്  "ഈശ്വരന്റെ ആത്മാവുള്ളവരില്‍ തീര്‍ച്ചയായും മാതാ പിതാ ഗുരുക്കന്മാരുണ്ട്. സാമൂഹ്യ ജീവിതത്തില്‍ ജനാധിപത്യത്തേക്കാള്‍ ഏകാധിപതികളുടെ വളര്‍ച്ചയാണ് കാണുന്നത്. ജീവ കാരുണ്യ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഡോ.പുനലൂര്‍ സോമരാജനെ ഇന്ത്യന്‍ ഭരണകൂടം കാണാതെപോകുന്നത് ദുഃഖിതന്റെ മനസ്സ് വായിക്കാന്‍ കഴിയാത്തതാണ്. ദരിദ്രരെ സൃഷ്ടിക്കുന്നവര്‍ക്ക് അതൊരു പുത്തരിയല്ല.  എം.എ.യൂസഫലിയെപ്പോലുള്ളവരെ ഭരണകര്‍ത്താക്കള്‍ കണ്ടു പഠിക്കണമെന്ന് ഞാനറിയിച്ചു. സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു.

"കാലപ്രളയം" നാടകത്തിന്റ ആമുഖത്തില്‍ നിന്ന് "മനുഷ്യന്റ തിന്മകള്‍ക്കതിരെ കാലമയക്കുന്ന സംഹാരത്തിന്റ ശുദ്ധികരണ പ്രക്രിയയാണ് കാലപ്രളയം.  ഏത് നിമിഷവും മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങള്‍വരെ ഇടിഞ്ഞു താഴെവീഴുന്ന ദയനീയാവസ്ഥ. മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങള്‍ നോക്കെത്താത്ത ദൂരത്തില്‍ നീണ്ടു നീണ്ടു കിടക്കുന്നതായി തോന്നുന്നു. അവതാരികയില്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ എഴുതുന്നു. "പോയവര്‍ഷത്തില്‍ കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തിന്റ പശ്ചാത്തലഭൂമികയില്‍ നിന്നുകൊണ്ട് മനുഷ്യ മോഹങ്ങളുടെ നിരര്‍ത്ഥകത വെളിപ്പെടുത്തുകയാണ് നാടകകൃത്തു്.  മൂന്ന് തലമുറകള്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങള്‍, എന്തും വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുള്ള വെമ്പലുകള്‍, അതിനുവേണ്ടി ജാതിമാത്ത്‌വര്‍ഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങള്‍ വെളിപ്പെടുന്നു."

തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടിനുള്ളിലെ ഡി.സി.യുടെ പുസ്തകശാലയില്‍ നിന്ന് പ്രമുഖ സാഹിത്യകാരന്‍ ശ്രീ. സി.വി.ബാലകൃഷ്ണന്റ "തന്നത്താന്‍ നഷ്ടപ്പെടും പിന്നെത്താന്‍ കണ്ടെത്തിയും" എന്ന യാത്രാവിവരണ പുസ്തകം വാങ്ങി. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരന്‍. അദ്ദേഹത്തിന്റ നോവലുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹമെഴുതിയ യാത്രാവിവരണം വാങ്ങിയത്.  കുറെ വായിച്ചപ്പോഴാണ് മനസ്സിലായത് ഇത് പൂര്‍ണ്ണമായി ഒരു യാത്രാവിവരണമല്ല അതിലുപരി പല സാഹിത്യകാരന്മാരുടെ, ചലച്ചിത്ര മേഖലയിലെ പലരെപറ്റി അദ്ദേഹമെഴുതിയ ലേഖനങ്ങളാണ്.  വായനക്കാരനെ തെറ്റിധരിപ്പിക്കാന്‍ ആദ്യ പേജില്‍ യാത്രാവിവരണമെന്നാണ് പ്രസാധകര്‍ എഴുതിയത്. പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ പ്രസാധകര്‍ കണ്ടെത്തുന്ന ഓരോരോ കുറുക്കുവഴികള്‍ ഓര്‍ത്തിരിന്നു.  എയര്‍പോര്‍ട്ടിനുള്ളില്‍ മറ്റൊരു പുസ്തകശാലയില്ലാത്തതും കലയും കാലവും മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിന്റ തെളിവാണ്.

മനുഷ്യര്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത കാലപ്രളയമെങ്കില്‍  കാക്ക കോയി കൊറോണ കോഴികള്‍ ഈശ്വരനോട് കാട്ടുന്ന ക്രൂരതയാണോ ഈ പകര്‍ച്ചവ്യാധികള്‍?  എവിടെ നോക്കിയാലും നീതി നിഷേധങ്ങള്‍ നടമാടുകയാണ്. പലതും ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍. തെറ്റുകള്‍ മനുഷ്യ സഹജമാണ്. തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയുന്നവരാണ് നന്മയുള്ള മനുഷ്യര്‍. അന്ധ വിശ്വാസവും അഹന്തയും അസൂയയും അറിവില്ലായ്മയും തലയില്ലാത്ത മാധ്യമങ്ങളില്‍ എഴുതി രസിക്കുന്നവരും,  ഈശ്വരന്റെ പേരില്‍ മനുഷ്യരെ ചുഷണം ചെയ്യുന്നവരും സമുഹത്തില്‍ പകര്‍ച്ചവ്യാധികള്‍ പരത്തുന്നവരാണ്. നിര്‍മ്മല സ്‌നേഹത്തിന്റ ആഴവും അഴകും മനസ്സിന്റ മടിത്തട്ടില്‍ താലോലിക്കുന്നവര്‍ക്കെന്നും ഒരു ആത്മീയ  സാംസ്കാരികാടിത്തറയുണ്ട്.   കണ്ണാടിപ്പുരയില്‍ ഇരുന്ന് കല്ലെറിയുന്നവര്‍ക്ക് ഏതുവിധത്തിലും മലീമസമായ വാക്കുകള്‍ എഴുതിവിടാം. ആരെയും ചുഷണം ചെയ്യാം. കണ്ണില്ലാത്തവന് എന്തിന് കണ്ണാടി?  (wwwkaroorsoman.net).

കാലപ്രളയത്തിലെ കാക്ക, കോയി, കൊറോണ കോഴികള്‍ (യാത്രാനുഭവം: കാരൂര്‍ സോമന്‍)കാലപ്രളയത്തിലെ കാക്ക, കോയി, കൊറോണ കോഴികള്‍ (യാത്രാനുഭവം: കാരൂര്‍ സോമന്‍)കാലപ്രളയത്തിലെ കാക്ക, കോയി, കൊറോണ കോഴികള്‍ (യാത്രാനുഭവം: കാരൂര്‍ സോമന്‍)കാലപ്രളയത്തിലെ കാക്ക, കോയി, കൊറോണ കോഴികള്‍ (യാത്രാനുഭവം: കാരൂര്‍ സോമന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക