കൃഷ്ണപ്പരുന്ത് (ചെറുകഥ: സാംജീവ്)

Published on 20 March, 2020
 കൃഷ്ണപ്പരുന്ത് (ചെറുകഥ: സാംജീവ്)
എന്നും കൃഷ്ണപ്പരുന്ത് കുട്ടിയുടെ വീടിനു മുകളില്‍ വട്ടമിട്ടു പറക്കും. അവന്‍ റാകിപ്പറക്കുകയാണെന്നാണ് അമ്മ പറഞ്ഞത്.കുട്ടിയുടെ അമ്മ ദീര്‍ഘനാള്‍ അദ്ധാപിക ആയിരുന്നു. അതുകൊണ്ടു നാട്ടുകാര്‍ സാറമ്മ എന്നാണു വിളിക്കുക
റാകിപ്പറക്കലിനു ഒരു പ്രത്യേക സ്‌റ്റൈലുണ്ട്.ചിറകടിക്കുകയില്ല. ചിറകുകള്‍ വിരിച്ചു ഒഴുകി നടക്കും ഒന്നോ രണ്ടോ മൈല്‍ ഉയരത്തിലാണവന്‍ റാകിപ്പറക്കുന്നത്.
കാക്ക പറക്കും. പക്ഷേ കാക്ക റാകിപ്പറക്കാറില്ല. എവിടെയാണു കൃഷ്ണപ്പരുന്തിന്റെ കൂട്?കുട്ടി കണ്ടിട്ടില്ല.

പത്തേക്കറില്‍ താമസത്തിനു ആളു വരുന്നു. ഞങ്ങളുടെ അയല്‍പക്കമാണു പത്തേക്കര്‍. വനം പോലെ ഇടതൂര്‍ന്ന പറങ്കിമാവിന്‍തോപ്പാണു പത്തേക്കര്‍.
ചാലിശ്ശേരി തറവാടിന്റെ വകയാണു പത്തേക്കര്‍.
ചാലിശ്ശേരിക്കാര്‍ ജന്മികളാണ്.
ചാലിശ്ശേരിത്തറവാട്ടില്‍ ആനകളുണ്ട്.
പത്തേക്കറില്‍ ആളു താമസമായാല്‍ കള്ളച്ചങ്കരന്റെ ആദായമാര്‍ഗ്ഗം നില്ക്കും. ചേളാവു നിറച്ചാണു കള്ളച്ചങ്കരന്‍ പറങ്കിയണ്ടി കട്ടു പറിക്കുന്നത്. ചാലിശ്ശേരി ജന്മിമാര്‍ക്കു എല്ലായിടത്തും കണ്ണു ചെല്ലുകയില്ല.
പത്തേക്കറിനു അപ്പുറത്താണു ചൂരക്കാവ്.
അതിനപ്പുറം മയിലാടും പൊയ്ക.
എല്ലാം ചാലിശ്ശേരി വക.
“പത്തേക്കറിലെ പൊറുതിക്കാരെ കാണാന്‍ നീ വരുന്നോ?”അമ്മ ചോദിച്ചു.
കുട്ടിക്കു സവാരി എന്നും ഇഷ്ടമാണ്.

തൊടിയിലുളള ചെന്തെങ്ങിന്റെ തുഞ്ചത്ത് രണ്ടു ഇണക്കുരുവികള്‍ കൂടു കെട്ടി. ചകിരിയും പുല്ലും കുരിച്ചിക്കട്ടയും ചേര്‍ത്താണു കുരുവി കൂടു കെട്ടിയത്.
മന്ദമാരുതനില്‍ കുരുവിക്കൂട് ഊഞ്ഞാല്‍ പോലെ ആടിക്കൊണ്ടിരുന്നു.
ഹായ്! കൂട്ടിലുള്ള കുരുവിക്കുഞ്ഞുങ്ങള്‍ക്ക് എന്തു രസമായിരിക്കും.
ഒരു ദിവസം അതു സംഭവിച്ചു. അന്നും കൃഷ്ണപ്പരുന്തു റാകിപ്പറന്നു കൊണ്ടിരുന്നു; വളരെ വളരെ ഉയരത്തില്‍.
മിന്നല്‍ പോലെ അവന്‍ താഴേയ്ക്കു വന്നു. കൃഷ്ണപ്പരുന്ത് കുരുവിക്കൂടിനെ ലക്ഷ്യമാക്കി താണു പറന്നു.
ചുവന്ന കണ്ണുകള്‍
ചാരനിറമുളള കഴുത്ത്
ചെമ്പന്‍ നിറമുള്ള തൂവലുകള്‍
കൂര്‍ത്തുമൂര്‍ത്ത കൊക്ക്
ഇരയെ കൊളുത്തിയെടുക്കുന്ന നഖങ്ങള്‍
കൃഷ്ണപ്പരുന്തിന്റെ നിഴല്‍ കുരുവിക്കൂടിനു മുകളില്‍ വീണു.
ചിറകടി ശക്തമായി.
റാഞ്ചല്‍
ശക്തിയുടെ ഒഴുക്കാണു റാഞ്ചല്‍.
ബലവാന്‍ ബലഹീനനെ കീഴ്‌പ്പെടുത്തുന്ന പ്രക്രിയയാണു റാഞ്ചല്‍.
അതു പ്രകൃതിയുടെ നിയമമാണ്. യുഗകാലങ്ങളായി തുടര്‍ന്നു വരുന്ന നിയമം.
കുരുവികളില്‍ ഒന്നിനെ റാഞ്ചി കൃഷ്ണപ്പരുന്തു പറന്നുയര്‍ന്നു.
കുരുവിക്കൂട് ആടിയുലഞ്ഞു.
അതു പൊട്ടി താഴേയ്ക്കു പതിച്ചു.
മുട്ടകള്‍ പൊട്ടിച്ചിതറി.
കുട്ടിക്കു സങ്കടം തോന്നി.

അന്നും കൃഷ്ണപ്പരുന്തു റാകിപ്പറന്നുകൊണ്ടിരുന്നു.
“അമ്മേ, അവനു കൊല്ലത്തുള്ള കടല്‍ കാണാന്‍ പറ്റുമോ?”
“പറ്റുമായിരിക്കും.”
“അമ്മേ, എന്തിനാണു കൃഷ്ണപ്പരുന്തു റാകിപ്പറക്കുന്നത്?”
“ഭൂമിയിലുള്ള ചെറിയ ഇരകളുടെ മേല്‍ കണ്ണു വയ്ക്കാന്‍.”
“ആരാണു ഇരകള്‍?”
“കോഴിക്കുഞ്ഞുങ്ങള്‍, പന്നിയെലി, മുയല്‍കുട്ടികള്‍.”
“ഒരു മൈല്‍ ഉയരത്തില്‍ നിന്ന് ചെറിയ ഇരകളെ എങ്ങനെ കാണും?”
“അവന്റെ കണ്ണിനു കാന്തശക്തിയുണ്ട്.” അമ്മ പറഞ്ഞു.
കണ്ണിനു കാന്തശക്തിയോ?
“മനുഷ്യന്റെ കണ്ണിനു കാന്തശക്തിയുണ്ടോ അമ്മേ”
“ആ, എനിക്കറിഞ്ഞുകൂടാ.” അമ്മ നീരസം പ്രകടിപ്പിച്ചു.
മാലതി ടീച്ചറാണു സയന്‍സു പഠിപ്പിക്കുന്നത്. ടീച്ചറോടു ചോദിച്ചുകളയാം. കുട്ടി കരുതി.
“ടീച്ചറേ, മനുഷ്യന്റെ കണ്ണിനു കാന്തശക്തിയുണ്ടോ?”
“എന്ത്? കണ്ണിനു കാന്തശക്തിയോ?”
മാലത ടീച്ചര്‍ക്കു ചോദ്യം മനസ്സിലായില്ല. കുട്ടി കൃഷ്ണപ്പരുന്തിന്റെ കാര്യം പറഞ്ഞു. അമ്മ പറഞ്ഞ കാര്യവും തട്ടിവിട്ടു.
മാലതിടീച്ചര്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“ങാ, ചില മനുഷ്യരുടെ കണ്ണിനു കാന്തശക്തി കാണും.” വീണ്ടും ചിരിച്ചു.


ചാലിശ്ശേരി കൃഷ്ണന്‍കുട്ടി പറഞ്ഞു.
“മാലതിടീച്ചര്‍ അതു വേറെ അര്‍ത്ഥത്തിലാണു പറഞ്ഞത്.”
“എന്തര്‍ത്ഥം?”
“നിനക്കതു ഇപ്പോള്‍ മനസ്സിലാവില്ല, മണക്കൂസേ.”
ചാലിശ്ശേരി കൃഷ്ണന്‍കുട്ടി കൂട്ടുകാരനാണ്. പക്ഷേ കുട്ടിയെക്കാള്‍ അഞ്ചാറു വയസ്സു കൂടുതല്‍ കാണും. അവന്‍ പന്ത്രണ്ടാം ക്ലാസ്സിലാണു പഠിക്കുന്നത്.
അവനു തെറി പറയാനറിയാം.
അവന്‍ ബീഡി വലിക്കും.
അവനു ‘ചൊറിച്ചുമല്ലാന്‍’ അറിയാം.
ഒരിക്കല്‍ അമ്മ പറഞ്ഞു.
“കൃഷ്ണന്‍കുട്ടി നല്ല കുട്ടിയൊന്നുമല്ല. നീ അവനുമായി കൂട്ടു കൂടരുത്.”
മറ്റൊരിക്കല്‍ അമ്മ പറഞ്ഞു.
“കൃഷ്ണന്‍കുട്ടിക്ക് എന്തുമാകാമെന്നൊക്കെ വിചാരമുണ്ട്. അവന്‍ വല്യ വീട്ടിലെ സന്താനമല്ലേ. നീ അവനുമായി കൂട്ടൊന്നും വേണ്ടാ.”
പക്ഷേ പള്ളിക്കൂടത്തില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചാണു വരുന്നത്. അവന്‍ വഴിയില്‍ കാത്തുനില്ക്കും.
അവന്‍ പല കാര്യങ്ങള്‍ പറയും.
അവനു പല കാര്യങ്ങള്‍ അറിയാം.
എനിക്കു പല കാര്യങ്ങളും അറിഞ്ഞുകൂടാ.

“അയ്യയ്യോ, എന്റെ കോഴിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടുപോയേ.”
കുട്ടിയുടെ അമ്മ അലമുറയിട്ടുകൊണ്ടു ചാടയിറങ്ങി. അവരുടെ കൈയില്‍ ഒരു കുറ്റിച്ചൂലുമുണ്ടായിരുന്നു.
“കൊക്കോ, കൊക്കോ, കൊക്കരക്കോ”
തള്ളക്കോഴിയുടെ മുന്നറിയിപ്പ്.
റാഞ്ചല്‍.
ഭാഗ്യം. രണ്ടു കോഴിക്കുഞ്ഞുങ്ങളും തള്ളക്കോഴിയുടെ ചിറകിനടിയില്‍.
“അമ്മേ, കൃഷ്ണപ്പരുന്തു തള്ളക്കോഴിയെ റാഞ്ചുമോ?” കുട്ടിയുടെ സംശയം.
“തരം കിട്ടിയാല്‍ അവന്‍ എല്ലിറ്റിനെയും റാഞ്ചും.
തള്ള ആയാലും മക്കളായാലും.”
“നോക്കിക്കോ, അവനിനിയും വരും.” അമ്മ പറഞ്ഞു.

“ചാലിച്ചേരി തമ്രാന്റെ മേലക്കാരാ ഞങ്ങ. ചാലിച്ചേരി മീട് ഞങ്ങ മീട്.”
ലച്ച്മി പറഞ്ഞു.
ലച്ച്മിയുംആദിച്ചനും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബമാണു പത്തേക്കറിലെ പുതിയ കുടിവയ്പുകാര്‍. പെണ്‍കുട്ടികള്‍ രണ്ടു പേരും കൌമാരക്കാരാണ്. മൂത്തവള്‍ മാളു. ഇളയവള്‍ നീലി. നീലി മുഴുത്ത പെണ്ണാണ്.
“ചാലിച്ചേരി തമ്രാന്‍ പറഞ്ഞു:
ആദിച്ചാ, നീ പത്തേക്കറില്‍ കൂര കെട്ടിക്കോ. പച്ചേങ്കി ചാലിച്ചേരി മീട് ഞങ്ങ മീട്.”
“നിങ്ങളുടെ വീടാണോ ചാലിശ്ശേരി?”
ലച്ച്മിയുടെ സംസാരം അമ്മയ്ക്കു ഇഷ്ടപ്പെട്ടില്ല.
“അതേ, ഞങ്ങ ചാലിച്ചേരി മീട്ടുകാരാ.” ലച്ച്മി പറഞ്ഞു.
“പിന്നെ അബ്‌ടെ എല്ലാരിക്കും കൂടെ തലമില്ലാത്തതുകൊണ്ടു ഞങ്ങ ഇബ്‌ടെ കൂര കെട്ടി താമതിക്കുണു.” ലച്ച്മി വിശദീകരിച്ചു.
“ഈ പിള്ളാരെ സ്കൂളില്‍ വിടുന്നില്ലേ?” അമ്മ ചോദിച്ചു.
“ഇല്ല.”
“കാരണം?” അമ്മയുടെ ജിജ്ഞാസ.
“ഇവിടെ അടുത്തു സര്‍ക്കാര്‍ പള്ളിക്കൂടമുണ്ടല്ലോ. പിള്ളാരെ സ്കൂളില്‍ വിടാന്‍ നോക്ക്.” അമ്മയുടെ ഉപദേശം.

“വേണമെങ്കില്‍ ഞാന്‍ കൂടി വരാം പള്ളിക്കൂടത്തിലേയ്ക്ക്. ഹെഡ്മാസ്റ്റര്‍ എനിക്കു പരിചയമുള്ളയാളാ. വേണ്ട സഹായം ചെയ്തു തരും. നിന്റെ ഭര്‍ത്താവ് എവിടെ? ഞാനൊന്നു സംസാരിക്കട്ടെ.”
“ഹേ, ങട് എറങ്ങി ബാ. ദേ, താറമ്മ മിളിക്ക്ണ്.” ലച്ച്മി കൂരയിലേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു. അമ്മ അവര്‍ക്കു സാറമ്മയാണ്.
ആദിച്ചന്‍ കുടിലില്‍ നിന്നും ഇറങ്ങിവന്നു. പട്ടച്ചാരായത്തിന്റെ ഗന്ധം മുറ്റത്തു വ്യാപിച്ചതു പോലെ തോന്നി. ആദിച്ചനു പിന്നില്‍ ഒരു കറുത്ത സുന്ദരിപ്പെണ്ണും കുടിലില്‍ നിന്നും ഇറങ്ങി വന്നു. അമ്മയ്ക്കു എന്തോ പന്തികേടു തോന്നി.
“ഹാ, നീ അവിടെ ഒളിച്ചിരിക്കുവാരുന്നോ ആദിച്ചാ?” അമ്മ ചോദിച്ചു. അമ്മയുടെ വാക്കുകള്‍  ശരം പോലെയാണ്. അവ കുറിക്കു കൊള്ളും. ചിലപ്പോള്‍ തുളച്ചു കയറും. അമ്മയുടെ ചോദ്യം ആദിച്ചനു ഇഷ്ടപ്പെട്ടില്ല. അയാള്‍ തിരിച്ചു ചോദിച്ചു.
“ന്താ ഞാനാര്‌ടെയെങ്കിലും പണ്ടം മോട്ടിച്ചോ പാത്തിരിക്കാന്‍?”
അമ്മ അതിനു മറുപടി പറഞ്ഞില്ല. പകരം ചോദിച്ചു.
“അല്ല, നിങ്ങള്‍ക്കു വിരുന്നുകാരുണ്ടല്ലോ.” സുന്ദരിപ്പെണ്ണിനെ നോക്കിയാണു അമ്മ പറഞ്ഞത്.
“അപ്പച്ചീടെ മോളാ. കെട്യോന്‍ ഒയിഞ്ഞു നിക്കുവാ. വീടു പ്ലാപ്പള്ളീലാ. ന്നലെ ബന്നു.” ലച്ച്മി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിറുത്തി.
“ആ, ആദിച്ചാ, ലച്ച്മീ, ഞാന്‍ ഒരു കാര്യം നിങ്ങളോടു പറയാനാ വന്നത്. ഈ പെമ്പിള്ളാരെ പള്ളിക്കൂടത്തില്‍ വിടണം. പ്രായമായ പെണ്‍പിള്ളാര്‍ ഇങ്ങനെ വീട്ടില്‍ നില്ക്കുന്നതു ശരിയല്ല. അവര്‍ പഠിച്ചു വളരട്ടെ.” അമ്മ പറഞ്ഞു.
“ചാലിച്ചേരി തമ്രാന്‍ പറഞ്ഞതാ പിള്ളാരെ കൂളിലൊന്നും മിടണ്ടാന്ന്”
“കാരണം?”
“കണ്ടത്തിലു പണിയാന്‍ പെണ്ണാളു മേണ്ടേ? കളപറിക്കാനും ഞാറു നടാനും.”
“അതു ശരിയല്ല ലക്ഷ്മി. പെണ്‍പിള്ളാരെ പള്ളിക്കൂടത്തില്‍ വിടണം. അവരുടെ കണ്ണു തുറക്കട്ടെ. വീട്ടില്‍ നിറുത്തുന്നതു ശരിയല്ല.” അമ്മ വിടുന്ന മട്ടില്ല.
“ചാലിച്ചേരി തമ്രാന്‍ പറഞ്ഞു പള്ളിക്കൂടത്തീ പോണ്ടാന്ന്.”
“ഒരു ചാലിച്ചേരിയും തമ്രാക്കളും. കൊള്ളുമ്പോള്‍ പഠിച്ചോളും”അമ്മ പിറുപിറുക്കുന്നതുപോലെ പറഞ്ഞു.
“ഞമ്മ കണ്ണു തൊറക്കണം പോലും. ഞമ്മ പൂച്ചക്കുട്ടിയാന്നോ കണ്ണുതൊറക്കാന്‍.” നീലി മാളുവിന്റെ ചെവിയില്‍ അടക്കം പറഞ്ഞു. അവര്‍ പൊട്ടിച്ചിരിച്ചു. അവരുടെ ചിരിക്കു മണിനാദം വന്നു തുടങ്ങിയിരിക്കുന്നു.
“എന്താ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്കു പള്ളിക്കൂടത്തില്‍ പോയി പഠിക്കണ്ടേ? പഠിച്ചു വലിയ ആളുകളാവണ്ടേ?”സാറമ്മ നീലിയോടും മാളുവിനോടും ചോദിച്ചു.
“ഞങ്ങ ചാലിച്ചേരി മീട്ടുകാരാ.” നീലിയാണതു പറഞ്ഞത്. സാറമ്മയുടെ സംസാരം അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ മുഴുത്ത പെണ്ണാണ്.
ഒരിക്കല്‍ ചാലിശ്ശരി കൃഷ്ണന്‍കുട്ടി പറഞ്ഞു നീലിയുടെ കണ്ണിനു കാന്തശക്തിയുണ്ടെന്ന്.

ഒരിക്കല്‍ ആ വാര്‍ത്ത നാട്ടില്‍ പാട്ടായി. ആദിച്ചന്‍ ലച്ച്മിയെയും പിള്ളാരെയുും ഉപേക്ഷിച്ചു മുങ്ങി. പ്ലാപ്പള്ളിയിലെങ്ങാണ്ടു പുത്തന്‍ പൊറുതി തുടങ്ങി. ഒലക്ക നാരായണന്റെ ചായക്കടയിലിരുന്നു നാട്ടുകാര്‍ സംഭവം കൂലങ്കഷമായി ചര്‍ച്ച ചെയ്തു. കൂരിമത്തായി പറഞ്ഞു.
“ഞാനൊരിക്കലും ആദിച്ചനെ കുറ്റപ്പെടുത്തുകയില്ല. അവന്‍ അവന്റെ ജീവനും കൊണ്ടു പമ്പ കടന്നതാ. അങ്ങനാ അതിന്റെ കെടപ്പ്.”
“മയിലാടും പൊയ്കയിലെ യക്ഷിപ്പാല പൂത്താല്‍ അതുവഴി ഒരു ഗന്ധര്‍വ സഞ്ചാരമുണ്ടെന്നു ചിറയ്ക്കലമ്മാവന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതാ ആദിച്ചന്‍ ഓടി രക്ഷപ്പെട്ടത്.” എരപ്പന്‍ ഗോപി തട്ടി വിട്ടു. എരപ്പനു പല കഥകളും അറിയാം.
“ഗന്ധര്‍വന്‍ നടക്കുമ്പോള്‍ ചുവടടികളില്‍ നിന്നും ചക്രസുധാരാഗം പുറപ്പെടും. അറിയാവുന്നവര്‍ക്ക് അതറിയാം.” ഇരണൂര്‍ കുറുപ്പ് തട്ടിവിട്ടു. കുറുപ്പിനു അല്പം സംഗീതജ്ഞാനമുണ്ട്.
“അപ്പം ആദിച്ചന്‍ ചക്രസുധാരാഗം കേട്ടു കാണും.” പൊയ്കയില്‍ സഹദേവന്റെ വക.

നാട്ടിലെ സുപ്രധാന വാര്‍ത്ത അമ്മയുടെ ചെവിയിലുമെത്തി.
“അല്ല, അവന്‍ അങ്ങനെ ചെയ്‌തോ? നിന്നെയും രണ്ടു പെണ്‍പിള്ളാരെയും കളഞ്ഞിട്ടു അവന്‍ അവടെ കൂടെ പൊറുതി തുടങ്ങിയോ? ദുഷ്ടന്‍.”
“താറമ്മേ, ആ കാലമാടന്‍ ഞങ്ങോട് ഇങ്ങനെ ചെയ്തല്ലോ. രണ്ടു പെമ്പിള്ളാരു പെരയില്‍ വളരുന്ന കണ്ടില്യോ.”
“പെമ്പിള്ളാരു മാത്രമല്ലല്ലോ, നീയും ചെറുപ്പമല്ലേ. ഒരു ആണ്‍തുണയില്ലാതെ നിങ്ങള്‍ എങ്ങനെ ജീവിക്കും?” അമ്മയുടെ മറുപടി.
“നീ ചാലിശ്ശേരിക്കാരോടു പറഞ്ഞില്ലേ? നിങ്ങടെ വീട്ടുകാരല്ലേ?” അതില്‍ ഒരു കുത്തുവാക്കുണ്ടായിരുന്നു.
“ചാലിച്ചേരി തമ്രാനോടു പറഞ്ഞു. നോക്കട്ടെ എന്നു പറഞ്ഞു.”
ലച്ച്മി ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു.
“ആ കൊച്ചുതമ്രാന്റെ നോട്ടം കണ്ടാല്‍ പേടിയാവും.”


പൌര്‍ണ്ണമിരാവുകള്‍ വന്നു; പോയി.
ചൂരക്കാവിലെ പാല പൂത്തു. ഒരു പൌര്‍ണ്ണമി രാവില്‍ പാലപ്പൂവിന്റെ ഗന്ധം രൂക്ഷമായി. പാലപ്പൂവിന്റെ ഗന്ധം രൂക്ഷമാവുന്ന രാവുകളില്‍ ഗന്ധര്‍വന്മാര്‍ ഇറങ്ങിനടക്കും; യദുകുല കന്യകമാരെ കാണാന്‍. അതു വിശ്വാസമാണ്.
ചൂരക്കാവിന്റെ മറവില്‍ ഇലഞ്ഞിപ്പൂക്കള്‍ ചൂടി ഏതോ യദുകുല കന്യക ഗന്ധര്‍വന്റെ വരവു കാത്തിരിക്കുന്നുണ്ടാവും.

ഒരിക്കല്‍ ഒരു പൌര്‍ണ്ണമിരാവില്‍ പാലപ്പൂവിന്റെ ഗന്ധം അതിരൂക്ഷമായി. ഏതോ ഗന്ധര്‍വന്റെ ചവടുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ?ലച്ച്മി പേടിച്ചുവിറച്ചു. അവള്‍ ചൂരലുകൊണ്ടു ചുറ്റുവട്ടം തീര്‍ത്ത വാതില്‍പാളി ഇഴക്കയര്‍ കൊണ്ടു കെട്ടി ഭദ്രമാണെന്നു ഉറപ്പു വരുത്തി.മാളുവിനെയും നീലിയെയും മാറിമാറി കെട്ടിപ്പിടിച്ചു കിടന്നു.
പ്രഭാതയാമത്തില്‍ ലച്ച്മി ഉണര്‍ന്നു.ലച്ച്മിയുടെ കുടിലിന്റെ വാതില്‍ തുറന്നു കിടക്കുന്നു.
ചൂരലുകൊണ്ടു ചുറ്റുവട്ടം തീര്‍ത്ത വാതില്‍.
പനയോലകൊണ്ടു ആദിച്ചന്‍ മെടഞ്ഞെടുത്ത വാതില്‍.
ഇഴക്കയര്‍ കൊണ്ടു ഭദ്രമായി ചുറ്റിക്കെട്ടിയ വാതില്‍പ്പാളി തുറന്നു കിടക്കുന്നു.
ലച്ച്മി മാളുവിനെയും നീലിയെയും തട്ടിയുണര്‍ത്തി. അവരെ മാറിമാറി നോക്കി.ലച്ച്മിയുടെ കണ്ണുകളില്‍ ഭയവും താപവും കോപവും ആളിക്കത്തി.
മാളു തല കുനിച്ചു.
നീലി തല കുനിച്ചു.
അവരുടെ കണ്ണുകള്‍ക്കു അപ്പോഴും കാന്തശക്തി ഉണ്ടായിരുന്നു. നീലിയുടെ കണ്ണുകള്‍ക്കു കാന്തശക്തി കൂടുതലാണ്.

കര്‍ക്കടക മാസത്തിലെ കറുത്തപക്ഷരാവുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണു. ഇരുണ്ട ഒരു സായംസന്ധ്യയില്‍ തലയില്‍ വലിയ ഭാണ്ടക്കെട്ടുകളുമായി മൂന്നു പേര്‍ വേഗത്തില്‍ നടന്നു പോകുന്നതു കണ്ടു. അവര്‍ ചൂരക്കാവും മയിലാടുംപൊയ്കയും പിന്നിട്ടു കഴിഞ്ഞിരുന്നു. എതിരേ നടന്നു വന്ന ചരുവിള തങ്കച്ചന്‍ ചോദിച്ചു.
“അല്ല, ഇതാര്? ഈ സന്ധ്യാനേരത്തു നിങ്ങള്‍ എങ്ങോട്ടു പോകുന്നു ലച്ച്മി?”
“തങ്കച്ചായാ, ആ കാലമാടന്‍ പോയതിനുശേഷംഞാന്‍ രണ്ടു കോയിക്കുഞ്ഞുങ്ങളെ വളര്‍ത്തിയാചീവിക്കുന്നേ. ആ കിണ്ണപ്പരുന്തു ചീവിക്കാന്‍ തമ്മതിക്കില്ല. തരം കിട്ടിയാ അവന്‍ റാഞ്ചും. അതു കൊണ്ടു ഞങ്ങ ഈ തേശം മിട്ടു പോവാ.”
“നിങ്ങള്‍ എങ്ങോട്ടു പോകുന്നു ലച്ച്മി?”
“തേവന്നൂര്‍ തേശത്തേക്ക്. അബ്‌ടെ ഞങ്ങടെ ആള്‍ക്കാരൊണ്ട്.”
ഒരു നിമിഷം നിന്നിട്ടു ലച്ച്മി ചുറ്റും നോക്കി. അടക്കം പറയുന്ന മട്ടില്‍ അവള്‍ പറഞ്ഞു.
“തരം കിട്ടിയാ അവന്‍ തള്ളക്കോയീനേം റാഞ്ചും.”
തേവന്നൂര്‍ പത്തു മൈല്‍ ദൂരെയാണ്.
“ഒരു മൈല്‍ ഉയരത്തില്‍ റാകിപ്പറക്കുന്ന കൃഷ്ണപ്പരുന്തിനു തേവന്നൂര്‍ കാണാന്‍ കഴിയുമോ? അവനു കാന്തശക്തിയുള്ള കണ്ണുകളില്ലേ?” കുട്ടി ചോദിച്ചു.
“എനിക്കറിഞ്ഞുകൂടാ.” അമ്മ നീരസത്തോടെ പറഞ്ഞു.

രണ്ടു ദിവസം കൂടി ലച്ച്മിയുടെ കുടില്‍ അവിടെ നിന്നു; ഓലേഞാലിക്കിളിയുടെ കൂടു പോലെ. ഒരു ദിവസം ചാലിശ്ശേരി കൃഷ്ണന്‍കുട്ടി വന്ന് കുടില്‍ പൊളിച്ചുകളഞ്ഞു. അന്ന് അമാവാസി ആയിരുന്നു.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക