MediaAppUSA

'കാട് ' (കവിത- ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 21 March, 2020
 'കാട് ' (കവിത- ദീപ ബിബീഷ് നായര്‍)
കാനന മദ്ധ്യേ കാണുന്നതുണ്ടാ
കരവിരുതിന്നാ പ്രകൃതിയാമമ്മ തന്‍

കളകളമിളകും അരുവിതന്നലയും
കിളിമൊഴിപോലെ അരുവിതന്നോളവും

വടവൃക്ഷമാകും തണല്‍ മരമോ ഇതാ
കുടയായ് നില്‍പ്പൂ ഒരു കൂടാരമായ്

നേത്രസുഖം തരുമാ ഹരിതാഭയും
പൊന്‍മുളക്കൂട്ടവും ഒരു കുളിര്‍ക്കാറ്റും

കിലുങ്ങിച്ചിരിക്കുമാ  കൈവരിത്തോടിന്റെ
അരികിലായുണ്ടിതാ കരിങ്കല്ലിന്‍ കൂട്ടവും

കണ്ടതാ മുന്നിലായ് ഒരുകൂട്ടം മാനുകള്‍
കണ്‍ചിമ്മും വേളയില്‍ പായുന്നു ഭീതിയില്‍

ആകെ ത്രസിപ്പിക്കും കാഴ്ചകള്‍ കാണുവാന്‍
ആരണ്യക മദ്ധ്യത്തില്‍ പോയതാണിന്നലെ

പ്രകൃതിയാമമ്മ തന്‍ വികൃതിയായ് തോന്നുവാ
നിതിലേറെ  സൗന്ദര്യമെന്തുണ്ട് ഭൂമിയില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക