MediaAppUSA

യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)

Published on 25 March, 2020
യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)
തിരുവിതാംകൂർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്നു മോഹിച്ച ദിവാൻ സർ സിപിക്കോ  കറുത്ത പൊന്ന് തേടിയെത്തിയ വാസ്കോ ഡി ഗാമക്കോ, കൊച്ചിയിൽ കൊട്ടാരം പണിതു ഹോർത്തൂസ് മലബാറിക്കസ് എഴുതിയ ഡച്ച് ഗവർണർ ഹെൻറിക് വാൻറീഡിനോ വൻപടയുമായി മൈസൂറിൽ നിന്നു പെരിയാർ വരെയെത്തിയ ടിപ്പു സുൽത്താനോ മലബാർ തീരത്തെ ജനങ്ങളെ കാൽക്കീഴിൽ അമർത്താൻ കഴിഞ്ഞില്ലെങ്കിലും വെറുമൊരു അണുജീവിക്കു കഴിഞ്ഞു.

ലോകജനതയുടെ അഞ്ചിലൊന്നിനെ അടച്ചുപൂട്ടിക്കൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും വലിയ ലോക്ഡൗൺ  പ്രഖ്യാപിച്ചു എന്നാണ് ബുധനാഴ്ചത്തെ ചിക്കാഗോ ട്രിബ്യുണ് റിപ്പോർട്ട് ചെയ്തത്.
 
മലബാരതീരത്തെ മൂന്നരക്കോടി ജനങ്ങളെ വരച്ച വരയ്ക്കു നിറുത്താൻ പട്ടാളത്തെ ഇറക്കുകയോ പീരങ്കി പൊട്ടിക്കുകയോ വേണ്ടിവന്നില്ല ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇടത്തും ചീഫ് സെക്രട്ടറി ടോം ജോസിനെ വലത്തും ഇരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ 14 ജില്ലാകലക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ചട്ടവട്ടങ്ങൾ ഒന്നൊന്നായി പറഞ്ഞു. നാട് യുധ്ധത്തിലാണ്. ജനം വീടിനുള്ളിൽ കഴിയണം. കൂട്ടം കൂടുന്നവരെ അകത്താക്കും.

വൈറസ് കടന്നു പോകും വരെ പരസ്പരം അകന്നു കഴിയണമെന്ന പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പ് പള്ളി നിറച്ച് ആളെക്കൂട്ടി ആരാധന നടത്തിയ വൈദികനെ അറസ്റ് ചെയ്തുകൊണ്ടായിരുന്നു ആദ്യത്തെ കതിനാവെടി.. ചാലക്കുടിയിലെ ഫാ. പോളി പടയാറ്റിൽ മുഖം മാസ്ക് കൊണ്ട് മറച്ചു പോലീസ് ജീപ്പിൽ കയറിപ്പോകുന്നത് ലോകമൊട്ടാകെ മലയാളികൾ ടെലിവിഷനിലൂടെ കണ്ടു. ഒരു വിശ്വാസിയും ഒരു മെത്രാനും പ്രതിഷേധിച്ചില്ല. വൈദികൻ മുഖം മൂടി ധരിച്ചത് വൈറസിനെ പേടിച്ചല്ല ജനത്തെ പേടിച്ച്.

പള്ളിയും പള്ളിക്കൂടങ്ങളും വഴിത്താരയിട്ട സർവർത്തിക വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവിന്റെ കാലത്ത് പീലിവിടത്തിയ നവോഥാനം, മഹാത്മജി പടർത്തിയ ദേശിയ പ്രബുദ്ധത, ഇഎംഎസ് ഗവർമെന്റ് കൊണ്ടുവന്ന ഭൂപരിഷ്‌ക്കാരം, ജനകീയ സർക്കാരുകൾ നടപ്പാക്കിയ ആരോഗ്യ രക്ഷ, ജനം തോളിലേറ്റിയ സാക്ഷരതാ യജ്ഞം ഇതെല്ലാം കൂടി മെനഞ്ഞെടുത്ത സാമൂഹ്യ ബോധമാണ് ജനകീയ അടച്ചുപൂട്ടലിനെ പരിരംഭണം ചെയ്യാൻ മലയാളികളെ പ്രേരിപ്പിച്ചത്.

നിപ്പാവൈറസിനെയും നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തെയും അതിജീവിക്കാൻ സഹായിച്ച മനക്കരുത്തുമായി അടച്ചുപൂട്ടലിനെ നേരിടുകയാവർ. ഇന്ത്യ-പാക് യുദ്ധകാലത്ത് ഏതോ യുധ്ധക്കപ്പലിൽ നിന്ന് കൊച്ചിതീരത്ത് പതിച്ച പീരങ്കി ഷെൽ കേരളത്തെയാകെ നടുക്കം കൊള്ളിച്ചതിനു ശേഷം   ഇതാദ്യം. കുരുക്ഷേത്ര യുദ്ധം മലയാളികൾ വായിച്ചതറിഞ്ഞിട്ടേ ഉള്ളു. രണ്ടാം ലോകമഹായുദ്ധം നാഗാലാൻഡിലെ വാർ സെമിറ്ററിയിൽ എഴുതിവച്ച  നായർ, പിള്ള പടയാളികളുടെ  പട്ടികയിൽ ഒതുങ്ങി.

കേരളം ശരിക്കുള്ള യുദ്ധം കണ്ടിട്ടില്ല. ട്രെഞ്ചുകളോ പിക്കറ്റുകളോ തടങ്കൽ പാളയങ്ങളോ വാർ സെമിറ്ററികളോ കോവിലന്റെയോ നന്തനാരുടെയോ യുദ്ധകഥകളിലേ അവർ വായിച്ചറിഞ്ഞിട്ടുള്ളു. മരണം വിതച്ച ജർമൻ യുധ്ധ വിമാനങ്ങൾക്കെതിരെ തീപ്പൊരി പ്രസംഗങ്ങൾ നടത്തി ജനങ്ങളെ ഒരുക്കൂട്ടിയ വിൻസ്റ്റൺ ചർച്ചിലിനെ അവരറിഞ്ഞത് ചരിത്രം വായിച്ചും യുദ്ധചിത്രങ്ങൾ കണ്ടുമാണ്.   ഇതാ അങ്ങിന്നെയൊരു യുദധം അവരനുഭവിച്ചറിയുന്നു.

ഇറ്റലിയിൽ നിന്ന് വന്ന മൂന്നു പേർ പത്തനംതിട്ടയിലെ റാന്നിയിൽ വിതച്ച വൈറസുകളാണ് ഇത്തവണ കേരളത്തെ ആദ്യം വിറപ്പിച്ചത്. അവരിൽ മാതാപിതാക്കളും മകനും  നിരീക്ഷണത്തിൽ കഴിയുമ്പോൾ അവരുടെ തൊണ്ണൂറും എൺപത്തഞ്ചും പ്രായമുള്ള മാതാപിതാക്കൾ   കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നു. രോഗം കൂടിയിട്ടില്ല കുറഞ്ഞിട്ടുമില്ല.
 
ഇറ്റലിയെന്നല്ല ലോകരാഷ്രങ്ങളിലെല്ലാം സ്വന്തം പ്രജകളുള്ള നാടാണ് പത്തനംതിട്ട. ഗൾഫിൽ മാത്രം പതിനായിരങ്ങൾ. എല്ലാവരും കൂടി മടങ്ങി വന്നാൽ പ്രളയം പോലെയാകുമെന്നു അഞ്ചാം തവണയും എംഎൽഎ ആയ രാജു എബ്രഹാം പറയുന്നു. കലക്റ്റർ പിബി നൂഹും ഡിഎംഒ ഡോ. എഎൽ ഷീജയുമൂത്ത് പ്രതിരോധപ്രവത്തനങ്ങളുടെ മുൻനിരയിലാണ് രാജു.
 
ശക്തമായ ഇടപെടലിന്റെ ഫലമായി ജില്ലയിലെ രോഗബാധിരരുടെ വർധനക്കു തടയിടാൻ കഴിഞ്ഞിട്ടുണ്ടെന്നു രാജു പറയുന്നു.  കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ജില്ലയാണ്. 12 ലക്ഷം ജനം. അതിൽ ഉൾപ്പെട്ട ശബരിമലയിൽ മാത്രം അത്രയും ജനം വന്നുപോകുന്നു. വൈറസ് പടർന്നാൽ അതൊരു മഹാ ദുരന്തത്തിനു വഴിവയ്ക്കും. രാജു പത്തുവർഷം ദേശാഭിമാനിയുടെ പത്തനംതിട്ട ബ്യുറോ ചീഫ്ആയിരുന്നു.
 
പത്തനംതിട്ടയുടെ ഉറക്കം കെടുത്തിയ ഇറ്റലിക്കാരിൽ ഒരാളുടെ സുഹൃത് ആണ് തിരുവല്ല കൂറ്റൂർ ന്യൂസ് ഏജൻറ് പി സി രാജു. സുഹൃത്തിനു രോഗം ഇല്ലെന്നു തെളിഞെങ്കിലും രാജുവിന്റെ 650 പത്രങ്ങളിൽ നൂറോളംഎണ്ണം  പ്രവാസികളുടെ വീടുകളിലേക്കാണ് പോവുന്നത്.അരനൂറ്റാണ്ടായി വിതരണം തുടങ്ങിയിട്ട്. മകൻ അലൻ തോമസ് അബുദാബിയിലും മകൾ രുക്കുവിന്റെ ഭർത്താവ് ജെമിൻ  ദോഹയിലും ആണ്. നഴ്സിങ് പാസായ രുക്കു ഇപ്പോൾ നാട്ടിൽ മകൾ ആഷിക അന്ന ജെമിനു കൂട്ടിരിക്കുന്നു.

പത്രത്തെയും വിതരണക്കാരെയും സൂക്ഷിക്കുക, അവർ വൈറസ് വാഹകരാണ് എന്ന പ്രചാരണത്തിൽ ദുഖിതനാണു എന്നും സൈക്കിളിൽ ഊരു ചുറ്റുന്ന രാജു. പക്ഷെ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങൾ രാജുവുവിനെപ്പോലുള്ളവരെ പിന്തുണച്ച് മുഖപ്രസംഗങ്ങൾ എഴുതി. പത്രങ്ങളിൽ അണുവില്ല എന്ന വിദഗ്ധാഭിപ്രായം ഉദ്ധരിച്ചു കൊണ്ട്. ഏറ്റവും നീണ്ട കാലത്തെ  വിതരണക്കാരനുള്ള മനോരമയുടെ പൊന്നാട കിട്ടിയ ആളാണ് രാജു. പിതാവ് തോമസിനും അരനൂറ്റാണ്ടുകാലം പത്രഏജൻസി ഉണ്ടായിരുന്നു. മൂഴിയാറിൽ തുടങ്ങി കുറ്റൂർ വരെ.
 
ജനങ്ങളെ സുരക്ഷിതമായ അകലങ്ങളിൽ നിറുത്തി രോഗം പടരാതെ സൂക്ഷിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നു കോട്ടയം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റിറ്റി മെഡിസിൻ പ്രൊഫസർ ഡോ. ശോഭന ഭട്ട് പറയുന്നു. പന്തണ്ട് ഫാക്കൽറ്റി മെമ്പർമാരുള്ള ഡിപ്പാർട്മെന്റ്  ജില്ലയിലെ പ്രതിരോധപ്രവർത്തനങ്ങളുടെ തിരക്കിലാണ്.

ശ്വാസകോശരോഗപ്രതിരോധത്തിനു മുൻഗണന നൽകണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പൾമ നോളജി അഡിഷണൽ പ്രൊഫസറും അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റുമായ ഡോ. പി.എസ് ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. പ്രായമായവരെ മാത്രമേ വൈറസ് ബാധിക്കൂ എന്നത് മിഥ്യാധാരണയാണ്. ആസ്മ അലർജി രോഗങ്ങൾ ഉള്ളവർ പ്രത്യേകം സൂക്ഷിക്കണമെന്നു വൈസ് പ്രസിഡന്റ് കുര്യൻ ഉമ്മൻ.  അക്കാദമിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലയിലും പൾമനോളജിസ്റ്റുകളുടെ ഒരു ഹെൽപ് ലൈനുണ്ടാക്കിയിട്ടുണ്ട്; സ്റ്റേറ്റ് ഹെൽപ് ലൈൻ--ഷാജഹാൻ 9447208815, ബി. ജയപ്രകാശ് 9447648148
 
സുരക്ഷിതമായ അകലം പാലിക്കുക മാത്രമേ മാർഗ്ഗമുള്ളുവെന്നു കോട്ടയം മെഡിക്കൽ കോളജിൽ ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പ് മേധാവിയായിരുന്ന സജിത്കുമാർ ചന്ദ്രത്തിൽ പറയുന്നു. രോഗബാധിരായ മാതാപിതാക്കളുടെ കൂടെ അവരുടെ കുട്ടിയെ നിർത്തുന്നതിൽ അപാകതയില്ല. പക്ഷെ അവളെ മറ്റൊരാളുടെ പക്കലേക്കു വിടുന്നത് അയാൾക്ക്‌ രോഗം വരാൻ വഴി തെളിക്കും, ടിവി പാനൽ ചർച്ചകളിൽ സജീവസാന്നിധ്യമായ ഡോ.സജിത് പറഞ്ഞു
.
പത്തനംതിട്ടയല്ല, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ് ഇന്ന് കേരളത്തിന്റെ വലിയ തലവേദന. ലക്ഷങ്ങളാണ് അവിടെ നിന്ന് ഗൾഫിൽ ഉള്ളത്. മടങ്ങിവന്നവരിൽ കോവിഡ് ബാധിച്ചവർ ഏറെ. സുരക്ഷിത അകലം പാലിക്കണമെന്നും വെറുതെ കറങ്ങി നടക്കരുതെന്നുമുള്ള നിഷ്കർഷകൾ ഏറ്റവും കൂടുതൽ ലംഘിക്കുന്നതും അവിടെ നിന്നാണ്. പോലീസ് അറസ്റ്റ് നടത്തുന്നു, വാഹനങ്ങൾ പിടിച്ചെടുക്കുന്നു.

ലോക് ഡൗണിലും വയനാട്ടിലെ രോഗികൾക്ക് അഞ്ചു വർഷമായി എല്ലാദിവസവും  ചോറും കറിയും വിളമ്പുന്ന രാജഗോപാൽ--കൈരളി ദമ്പതികളെ അവതരിപ്പിക്കുന്നു എഷ്യാനെറ്റിന്റെ പോപ്പുലർ പരിപാടികളിൽ ഒന്നായ മലബാർ മാനുവൽ. ചാനലിന്റെ കോഴിക്കോട് റീജണൽ എഡിറ്റർ ആയ ഷാജഹാൻ അവതരിപ്പിക്കുന്ന നൂറ്റിപ്പത്താമത്തെ എപ്പിസോഡാണ് ചൊവ്വാഴ്ച ടെലികാസ്റ് ചെയ്തത്.
 
ഒഹായോ സ്റ്റേറ്റ്  യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി പ്രഫസർ ആയ സുഹൃത്ത് ഡോ.രാജൻ ബാബുവിന്റെ ഈമെയിലിൽ നിന്ന്-- "യൂണിവേഴ്സിറ്റി അടച്ചിട്ടു രണ്ടാഴ്ചയായി. സിറ്റി ലോക്ഔട്ടിൽ ആണ്. ഞങ്ങൾ സൂം എന്ന ഇന്റർ ആക്‌സിറ്റിവ് പ്ലാറ്റ് ഫോമിലാണ് ക്ലാസ് എടുക്കുന്നത്.അളമുട്ടിയപ്പോൾ പരസ്പരം ബന്ധപ്പെടാൻ പുതിയ വഴികൾ വേഗം കണ്ടെത്തുന്നു. എപിഡെമിയോളജിസ്റ്റായ മകൻ  അരുൺ കാൻസർ റിസേർച്ചിലാണ്, കോവിഡ് വേറെ മേഖല. മാവേലിക്കരയ്ക്കു വരാനുള്ള ഞങ്ങളുടെ ടിക്കറ്റുകൾ ഇനിയും ക്യാൻസൽ ചെയ്തിട്ടില്ല. എങ്ങനെ വരുമെന്ന് നോക്കാം,''.
യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)യുദ്ധം ലൈവ്, മലബാർ തീരത്ത് സർ സിപിക്കോ ഗാമക്കോ വാൻറീഡിനോ ടിപ്പുവിനോ കഴിയാത്ത ലോക്ഡൗൺ (കുര്യൻ പാമ്പാടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക