Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ്- ഭാഗം-2: തോമസ് കളത്തൂര്‍)

Published on 26 March, 2020
എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ്- ഭാഗം-2: തോമസ് കളത്തൂര്‍)
                                          
( ഇതിലെ കഥാപാത്രങ്ങളും  സംഭവങ്ങളും വെറും ഭാവന മാത്രം.  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും  ഇല്ല.)
                                            

ബാലചന്ദ്രനും നളിനിയും ന്യൂയോര്‍ക്കില്‍  എത്തി.  നളിനിയുടെ ജോലി സ്ഥലം കണ്ടുപിടിച്ചു.  അതിനടുത്തായി  ഒരു  അപ്പാര്‍ട്‌മെന്‍റ് വാടകയ്ക്ക്  എടുത്തു.    സുഹൃത്തുക്കളായി  ആരും  ഉണ്ടായിരുന്നില്ല.   കുറച്ചു ബുദ്ധിമുട്ടുകള്‍  ഒക്കെ സഹിച്ചു. 'കാലക്രമേണ  സൗഹൃദങ്ങളും  ബന്ധങ്ങളും  ഒക്കെ ഉണ്ടായിക്കോളും,  തത്കാലം  ജോലി ചെയ്തുകൊണ്ട്, ഈ സ്വാതന്ത്ര്യത്തിന്റെ  വായു ഒന്നാസ്വദിക്കാം.  ഈ നാടും  മറ്റും മനസ്സിലാക്കാനും  അതിനിടയില്‍  ശ്രമിക്കാം'  എന്നവര്‍  തീരുമാനിച്ചു. അങ്ങനെ പുതിയ മണ്ണിലെ ജീവിതത്തിനു  ഒരു അസ്ഥിവാരം  ഇട്ടു.
                  
കണ്ടാലും  കണ്ടാലും  തീരാത്ത,  പുതിയ  പുതിയ കാഴ്ചകള്‍ ... നദിയിലൂടെയുള്ള    ബോട്ട്  യാത്ര യും....ഹെലി കോപ്റ്ററില്‍      പറന്നു കൊണ്ടുള്ള  നഗരം  കാണലും  ആനന്ദ അനുഭൂതിയുടെ  ഉയരങ്ങളില്‍  അവരെ എത്തിച്ചു.   അവര്‍ കൂടുതല്‍ കൂടുതല്‍ ഒന്നിച്ചു  ആഹ്ലാദിച്ചു.. ഒന്നിച്ചാനന്ദിച്ചു.......കൂടുതല്‍ കൂടുതല്‍  ഒന്നായി തീരുക ആയിരുന്നു.      അവര്‍ ഇടയ്ക്കിടെ കുറെ സ്വപ്നങ്ങളുടെ   ഭാണ്ഡങ്ങള്‍  അഴിച്ചു വെയ്ക്കും,  ചര്‍ച്ച ചെയ്യും.   സ്വന്തമായി  ഒരു കാറും വീടും, ആദ്യമായി തരപ്പെടുത്തണം.  എവിടെ... ഏതുതരം..എന്നെല്ലാം  ചിന്തകളിലൂടെ ഊളിയിട്ടു.       അമേരിക്കന്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതിനു ശേഷം....അപ്പോള്‍  അന്തസ്സോടെ  അവരെ ഒക്കെ അഭിമുഖീ കരിക്കാമല്ലോ.    ഒരു പുതിയ ജീവിതം, സ്വാതന്ത്ര്യ  ലഹരി കളയാതെ,  സൂക്ഷ്മതയോടെ ആസൂത്രണം  ചെയ്യുകയാണ്.    അതെ സമയം സംഘര്‍ഷം നല്‍കിയ പഴയ കാലത്തിന്റെ  ഓര്‍മ്മയില്‍ നിന്നും  രക്ഷ നേടുകയും വേണം.  സമയം കിട്ടുമ്പോഴൊക്കെ  സഞ്ചാരം തുടര്‍ന്നു.   "ക്രൂസ്" യാത്രകളും  നാട് കാണലുകളും  പുതിയ പല അനുഭവങ്ങളും അറിവുകളും പകര്‍ന്നു നല്‍കി.   വളരെ അകലെ  അല്ല  എങ്കിലും,   "നയാഗ്ര വെള്ളച്ചാട്ടം" കാണാന്‍  ഇതു വരെ കഴിഞ്ഞില്ല എന്ന് അവര്‍ പരസ്പരം ഓര്മപ്പെടുത്തും.
                        
ശരത്,  ഹേമന്തത്തിനു  വഴി മാറി കൊടുത്തു.  "താങ്ക്‌സ് ഗിവിങ്" അവധിയും,   അതിനോട് ചേര്‍ന്ന് വരുന്ന "വീക്ക് ഏന്‍ഡ്' ഉം  ഉപയോഗിച്ച്    നയാഗ്രയിലേക്കു ഒരു ട്രെയിന്‍ യാത്രക്ക് ഒരുങ്ങി.   ഏകദേശം ഒന്‍പതര  മണിക്കൂര്‍ എടുക്കുമെങ്കിലും 'ആം ട്രാക്ക്' യിലെ യാത്ര വളരെ സുഖ പ്രദവും,  'സൈറ്റ് സീയിങ്'   ആസ്വാദ്യകരവും ആയിരിക്കും.   നാട്ടിലെ കുറെ ദുഃഖ  അനുഭവങ്ങള്‍ക്കും വേര്‍പാടിനും  ശേഷം സുഖവും സന്തോഷവും മാത്രം നിറച്ച ഒരു ജീവിതം ആയിരുന്നു.   യാത്രക്കായി പെട്ടികള്‍ അടുക്കുമ്പോള്‍, ഓരോന്ന് സ്വപ്നം കണ്ടു പൊട്ടിച്ചിരിക്കും, ആട്ടിന്‍ കുട്ടികളെ പോലെ  കൂത്താടി നൃത്തം  ചെയ്യും.    അവര്‍ മധു വിധു വിന്റെ അനുഭൂതി യിലായിരുന്നു.    സൂചി ഇല കാടുകളെ വഹിക്കുന്ന മലകള്‍ക്കിടയിലൂടെ,  പ)ളങ്ങളിലൂടെ നീങ്ങുന്ന ഒരു  'അപാര്‍ട്‌മെന്റ്' നിര എന്ന പോലെ,   ആംട്രാക് ട്രെയിന്‍ അവരുമായി യാത്ര പുറപ്പെട്ടു. ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കു  നോക്കുമ്പോള്‍,  സപ്ത വര്‍ണ്ണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍,  ആര്‍ഭാട പൂര്‍ണമായ  ഒരു വിവാഹ  ഘോഷ യാത്ര പോലെ  മനോഹരമായിരുന്നു.     തങ്ങള്‍ക്കു നഷ്ടപെട്ട വിവാഹ ആഘോഷങ്ങള്‍  ഒരു നിമിഷത്തേക്ക്  നൊമ്പരമായി  മനസിലെത്തി.   പ്രതീക്ഷിച്ചതൊക്കെ  കിട്ടാതെ  വരുമ്പോള്‍ മനുക്ഷ്യനെപോലെ മരങ്ങള്‍ക്കും ഇലകള്‍ക്കും നിറം മാറി നില്ക്കുന്നു.       ആവശ്യത്തിന് സൂര്യ പ്രകാശം ലഭിക്കാതെ,   ഇലകള്‍ പച്ച നിറം വെടിഞ്ഞു,  പല പല നിറങ്ങളില്‍  മനോഹരമായി നിലകൊണ്ടു. 
                            
ഈ യാത്രക്ക്  പുറപ്പെടാന്‍  കഴിഞ്ഞതില്‍ രണ്ടു പേരും  അന്യോന്യം  നന്ദി പറഞ്ഞു, വീണ്ടും… വീണ്ടും.     പ്രണയത്തിന്റെ  കൊടുക്കല്‍ വാങ്ങലുകള്‍ അങ്ങനെ ഒക്കെ ആണ്.         ശീത കാലത്തു,  പകല്‍ പെട്ടെന്ന്  അസ്തമിച്ചു തീരുന്നു.      നീണ്ട രാത്രികള്‍, പകലിനെ  കവര്‍ന്നു എടുക്കുകയാണ്.     യാത്രാ ക്ഷീണം കണ്ണുകള്‍ക്ക്  ഭാരം നല്‍കി.      നിദ്രയുമായി  മത്സരിച്ചു കൊണ്ട്,      പ്രകൃതിരമണീയത  ആസ്വദിക്കാന്‍  അവര്‍ പാടുപെട്ടു.     പെട്ടെന്നാണ്,  ഭൂമിയെ മുഴുവനായി  ഞടുക്കും പോലുള്ള ഒരു വലിയ പൊട്ടിത്തെറി ശബ്ദം.          പിന്നാലെ,  ഇരുമ്പു ഉരുക്കുകളുടെ ഞെരിഞ്ഞമരുന്ന ശബ്ദങ്ങളും…  ഭൂമിയും മരക്കൂട്ടങ്ങളും പൊടിഞ്ഞും ഒടിഞ്ഞും  തകരുന്നതും……..      ഭയവും വേദനയും സമ്മേളിച്ച  പൊട്ടിക്കരച്ചിലുകള്‍.          ഉരുണ്ടും തെറിച്ചും മരിച്ചും  മുറിവേറ്റും  വീഴുന്ന മനുക്ഷ്യരും  അവരുടെ  വിഛേദിക്കപ്പെട്ട അവയവങ്ങളും...... എന്തിനു...ഈ ഘോര കൃത്യം.?..      ജീവന്‍ പൂര്‍ണമായി നഷ്ട പെടാത്ത അപൂര്‍വം  യാത്രക്കാര്‍.....മനുക്ഷ്യര്‍...   സ്‌നേഹവും കരുണയും  ദയയും  ഉല്‍ഘോഷിക്കുന്ന, മതത്തിന്റെ  പേരില്‍,  കൂട്ട കൊലകള്‍  നടത്തുന്ന മനുക്ഷ്യര്‍....മനസ്സിലാക്കാന്‍  ആവുന്നില്ല.
                        
ബാലചന്ദ്രന്,  തലക്കേറ്റ  ആഘാതത്തില്‍ നിന്നും  രക്ഷ പെടാനായില്ല.    നളിനിയെ  സംഭവ സ്ഥലത്തുനിന്നും അത്യാഹിത  വിഭാഗം,  ഹെലികോപ്റ്റര്‍  വഴി ന്യൂയോര്‍ക്കിലുള്ള  ഒരു ഹോസ്പിറ്റലില്‍ എത്തിച്ചു.    അവള്‍ പല ആഴ്ചകള്‍ മരണത്തിനും  ജീവിതത്തിനും  ഇടയില്‍  തങ്ങി നിന്നു.    പൂര്‍ണമായി  സുബോധം  തിരികെ  കിട്ടാന്‍ പിന്നെയും ആഴ്ചകള്‍  വേണ്ടി വന്നു.   ആശുപത്രി വിട്ടപ്പോള്‍ മുതല്‍ അവള്‍ ബാലചന്ദ്രനെപ്പറ്റി അന്വേഷിക്കാന്‍ തുടങ്ങി.       അത്യാഹിതത്തില്‍  പലരും,    വേര്‍തിരിച്ചു  അറിയാനാവാത്ത വിധത്തില്‍  മുറിഞ്ഞും കരിഞ്ഞും അംഗ ഭംഗം സംഭവിച്ചും,  മത  അന്ധതയുടെ  ഇരകളായി.   അനേക നിരപരാധികള്‍ക്കൊപ്പം,    സ്‌നേഹിച്ചു  തീരാത്ത  ഈ യുവ മിഥുനങ്ങളില്‍  ഒന്നിനെ,     അവരുടെ സാക്ഷാത്കരിക്കാന്‍  വെമ്പുന്ന  സ്വപ്നങ്ങളെ,      ഒക്കെ, നിഷ്ടൂരമായി  ഞെരിച്ചു  കൊല്ലുക ആയിരുന്നു ആ നരാധമന്മാര്‍.  

ആര്‍ക്കു വേണ്ടി?    ദൈവത്തിനു വേണ്ടിയോ?     ഏതു  ദൈവമാണ്  ക്രൂരതയില്‍,  ദുഷ്ടതയില്‍,  സന്തോഷിക്കുക?      മനുക്ഷ്യ സ്‌നേഹത്തെ,   ദയയെ, കരുണയെ  ഒക്കെ ആവശ്യപ്പെടാത്ത  ദൈവവും മതവും ഉണ്ടോ...  

(തുടരും...........)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക