MediaAppUSA

ചില വേറിട്ട കോവിഡ് ചിന്തകള്‍ (ജോര്‍ജ്ജ് ഓലിക്കല്‍, ഫിലാഡല്‍ഫിയ)

Published on 29 March, 2020
ചില വേറിട്ട കോവിഡ് ചിന്തകള്‍ (ജോര്‍ജ്ജ് ഓലിക്കല്‍, ഫിലാഡല്‍ഫിയ)
ലോകം തടവുമുറിയിലായിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. അമിതമായ ആശങ്കകളാണോ അതോ യഥാര്‍ത്ഥമായ കണക്കുകളാണോ എന്ന ചിന്താക്കുഴപ്പത്തിലാണ് ഇന്ന് ജനങ്ങളേറയും. 

രാജ്യങ്ങള്‍ പരസ്പരം പഴിചാരുന്നു, മാദ്ധ്യമങ്ങള്‍ സെന്‍സേഷന് വേണ്ടി വാര്‍ത്തകളെ വളച്ചൊടിച്ച് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു, ഊഹാപോഹങ്ങളിലൂടെ വാര്‍ത്തകളുടെ നിജസ്ഥിതിയറിയാതെ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നു ഒരു കൂട്ടര്‍.

16ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ച, പ്രവചന വരമുണ്‌ടെന്നവകാശപ്പെട്ടിരുന്ന വ്യാജ പ്രവാചകനായ നോസ്റ്റര്‍ഡാമസ്സ് കോവിഡ് വൈറസ്സിക്കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അയാളുടെ വികലമായ വീക്ഷണങ്ങള്‍ നിരത്തി അത് സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുന്ന മറ്റൊരു കൂട്ടര്‍.

ഫ്രാന്‍സില്‍ നോസ്റ്റര്‍ഡാമസ്സ് ജീവിച്ചിരുന്ന കാലത്ത് ഒരു കെട്ടിടം ഇന്ന ദിവസം അഗ്നിക്കിരയാകുമെന്ന് പ്രവചിച്ചിട്ട് അത് സംഭവിക്കാതെ വന്നപ്പോള്‍ അയാളും മകനുംകൂടി അതിന് തീയിട്ടതറിഞ്ഞ് പോലീസ് പിടിച്ച് ജയിലി
ലിട്ട യഥാര്‍ത്ഥ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ രാജ്യമാണ് നിങ്ങളുടെ രാജ്യത്തെക്കാള്‍ കൊറോണയെ നിയന്ത്രിക്കാന്‍ മികച്ചതെന്ന്  വീമ്പളക്കുന്നവര്‍ ആരോഗ്യ സംരക്ഷണത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ വെല്ലുവിളിക്കുന്നു. ഞങ്ങള്‍ നശിച്ചാലും നിങ്ങള്‍ അടിയറവ് പറയണം എന്നു ചിന്തിക്കുന്നവര്‍ വിഷലിപ്തമായ മനസ്സിന്റെ ഉടമകളാണെന്ന് പറഞ്ഞുകൊള്ളട്ടെ.

ചികിത്സക്കു വേണ്ടിയും, പണത്തിനും ഭക്ഷണത്തിനും, മികച്ച സാങ്കേതിക വിദ്യക്കു വേണ്ടിയും ലോകത്തിലെ ഏറ്റവും സൗകര്യമുള്ള രാജ്യങ്ങളെ ആശ്രയിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളും അധികാര പ്രമുഖരും സ്വന്തം ജനങ്ങളെ പട്ടിണിക്കിടുന്ന, അവരുടെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന സര്‍വ്വാധിപത്യ രാജ്യങ്ങളായ ചൈനയേയും, ക്യൂബയേയും പ്രകീര്‍ത്തിക്കുന്നത് വിരോധാഭാസം.

സോഷ്യല്‍ മീഡിയാകളില്‍ കേമനാകാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്നു,  മരണങ്ങളുടെ കണക്കുകള്‍ എടുത്ത് ലൈവ്‌ വീഡിയോകളില്‍ വന്ന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ അബദ്ധ പ്രചരണങ്ങള്‍ നടത്തുന്നു. അടുത്ത അപ്‌ഡേറ്റിനായി കാത്തിരിക്കുന്നു

കേരളത്തില്‍ കൊറോണ പരത്തിയത് പ്രവാസികളാണെന്ന് പറഞ്ഞാക്ഷേപിക്കുന്നു. കേരളത്തിലെ ഇന്നത്തെ സമ്പദ്ഘടനയെ താങ്ങിനിറുത്തുന്നത് പ്രവാസികളാണെന്ന സത്യം ഈ സന്ദര്‍ഭത്തില്‍ മനഃപ്പുര്‍വ്വം മറക്കുന്നു.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസ്സീസ്കണ്‍ട്രോള്‍ (സി.ഡി.സി) കണക്കുകള്‍ ശ്രദ്ധിക്കുക:

2016-2017 കാലയളവിലെ ഫ്‌ളൂ സീസണില്‍അമേരിക്കയില്‍ മരിച്ചത്  38,000 പേരാണ്, 2017-2018- ല്‍ 61,000 പേരും, 2108-2019 ലെ കണക്കനുസരിച്ച് അമേരിക്കയില്‍ 35.5 മില്ല്യണ്‍ പേര്‍ക്ക് ഫ്‌ളൂ പിടിപ്പെട്ടു, അതില്‍ 16.5 മില്ല്യണ്‍ ഹോസ്പ്പിറ്റലില്‍ പോയി, 49,000 പേരെ അഡ്മിറ്റ്‌ചെയ്തു അതില്‍ 34,200 പേര്‍ മരണപ്പെട്ടു. ഇതില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിക്കെണ്ടിരിക്കുന്ന ഈ ആശങ്കകള്‍ അത്ര ഗൗരവതരമാണോ എന്ന്ചിന്തിക്കുക. 

ഓര്‍മ്മിക്കുക കൊറോണ കോവിഡ്-19 ന്റെ ഗൗരവംകുറച്ചുകൊണ്ടല്ല പറയുന്നത് എന്നും കരുതുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക