MediaAppUSA

ഗ്രീക്കു യോഗര്‍ട്ട് (ചെറുകഥ: സാംജീവ്)

Published on 08 April, 2020
ഗ്രീക്കു യോഗര്‍ട്ട് (ചെറുകഥ: സാംജീവ്)
ദാനിയേല്‍ ഫോക്‌സ് എന്റെ മേലുദ്യോഗസ്ഥനല്ല. പക്ഷേ എന്റെ ഔദ്യോഗിക പദവിയെക്കാള്‍ ഒരു പടി മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
ആകര്‍ഷകമായ മുഖശ്രീ.
ആകര്‍ഷകമായ താടിമീശ.
വെളുത്തു ചുവന്ന സുന്ദരനായ വെള്ളക്കാരന്‍.
ഞാന്‍ അയാളെ ദാനിക്കുറുക്കന്‍ എന്നു വിളിച്ചിരുന്നു, അയാള്‍ കേള്‍ക്കാതെ. അയാള്‍ക്കു എന്നെ ഇഷ്ടമല്ലായിരുന്നു. കാരണം എനിക്കറിഞ്ഞുകൂടാ. ഒരുപക്ഷേ ദാനിക്കുറുക്കനും അറിഞ്ഞുകൂടാ എന്നു ഞാന്‍ വിചാരിക്കുന്നു.
ടൈയും കോട്ടും ധരിച്ചേ ഞാന്‍ ദാനിക്കുറുക്കനെ കണ്ടിട്ടുള്ളു; കാര്‍ഡറോയിഡ് തുണി കൊണ്ടുണ്ടാക്കിയ ചുവന്നകോട്ടും ചുവന്ന ടൈയും. കോട്ട് കഴുകാറില്ല.
പത്തു കൊല്ലം ഞാനും ദാനിക്കുറുക്കനും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു.എന്നെക്കാണുമ്പോള്‍ ദാനിക്കുറുക്കന്റെ മുഖം വക്രിക്കും. ചുണ്ടുകള്‍ വാളന്‍ പുളി പോലെ വളയും. ആ സുന്ദരവദനത്തില്‍ ഒരു പരിഹാസഛവി തങ്ങി നില്ക്കും.
ഇടനാഴികളില്‍വച്ചാണു ഞങ്ങള്‍ പരസ്പരം കാണുന്നത്. കുറുക്കന്‍ എന്റെ മുഖത്തേയ്ക്കു നോക്കുകയില്ല. പക്ഷേ ഞാന്‍ അയാളുടെ കണ്ണുകളിലേയ്ക്കു നോക്കും. അയാള്‍ക്കു ഇന്‍ഡ്യാക്കാരെ ഇഷ്ടമല്ല; ഞാന്‍ ഊഹിച്ചു. പക്ഷേ അതു ശരിയായിരുന്നില്ല.
ദാനിക്കുറുക്കന്റെ കീഴില്‍ ജോലി ചെയ്യുന്നവരാണു സുധീറും അന്നാജോണും. കുറുക്കനു സുധീറിനെയും അന്നാ ജോണിനെയും ഇഷ്ടമാണ്.സുധീര്‍ ഇരുണ്ടതാണ്; ഗുജറാത്തിയാണ്. അന്നാ ജോണ്‍ കൂടുതല്‍ ഇരുണ്ടതാണ്; മലയാളിയാണ്. ഞാന്‍അന്നക്കുട്ടിയെന്നാണു വിളിക്കുക. എന്റെ മകളുടെ പ്രായമേയുള്ളു. ദാനിക്കുറുക്കന്‍ എന്ന യജമാനനു അവര്‍ അടിമകളെപ്പോലെ ആയിരുന്നു. യജമാനന്റെ വീട്ടു വളപ്പില്‍ പുല്ലു വെട്ടുന്നതും മഞ്ഞുകാലത്തു നടപ്പാതയില്‍ നിന്നും മഞ്ഞുപാളികള്‍ ഉരുട്ടിമാറ്റുന്നതും അടിമകളാണ്.
വെളുത്ത യജമാനനും ഇരുണ്ട നിറമുള്ള അടിമകളും. യജമാനനു അടിമകളെ ഇഷ്ടമാണ്; വളരെ ഇഷ്ടം.

ഹെന്‍റി ഫോര്‍ഡ് എന്ന അമേരിക്കക്കാരനാണു ആദ്യം കാര്‍ ഉണ്ടാക്കിയത്. ഹെന്‍റി ഫോര്‍ഡ് ആദ്യമുണ്ടാക്കിയ കാറുകള്‍ സൈക്കിള്‍ റിക്ള്‍ഷാ പോലെയിരിക്കും. സൈക്കിള്‍ വീലു പോലെയുള്ള നാലു ചക്രങ്ങള്‍; സ്റ്റീയറിംഗ് വീലുമുണ്ട്. ദാനിക്കുറുക്കന്റെ കാര്‍ ഫോര്‍ഡിന്റെ ആദ്യകാലനിര്‍മ്മിതികളില്‍ ഒന്നാണോ?
ആവോ? എനിക്കറിഞ്ഞുകൂടാ.
കാറിന്റെ പിന്‍ സീറ്റില്‍ കുറേ കുത്തിനിറച്ച പ്ലാസ്റ്റിക്കു സഞ്ചികള്‍ എപ്പോഴുമുണ്ടാവും. ദാനിക്കുറുക്കന്റെ ജംഗമ സ്വത്തുക്കളാണു ആ പ്ലാസ്റ്റിക്കു സഞ്ചികളില്‍. കുറുക്കന്റെ  ജംഗമസ്വത്തുക്കള്‍ കാറില്‍ നിന്നും ആപ്പീസു മുറിയിലേയ്ക്കു ചുമന്നുകൊണ്ടു വരുന്നതു അടിമകളാണ്.വെള്ളക്കാരനായ യജമാനനു ഇരുണ്ട നിറമുള്ള അടിമകളുണ്ട്.

ഒരു സാധനവും നഷ്ടപ്പെടുത്തുന്നതു കുറുക്കനു ഇഷ്ടമല്ല. കുറുക്കന്‍ ലഞ്ചു പൊതിഞ്ഞുകൊണ്ടു വരുന്നതു പേപ്പര്‍ ബാഗിലാണ്; ബ്രൌണ്‍ നിറമുള്ള പേപ്പര്‍ബാഗില്‍. മക്ള്‍ഡോണാള്‍ഡ് റസ്റ്റാറന്റില്‍ നിന്നും കിട്ടുന്നതാണ്. കുറുക്കന്‍ പേപ്പര്‍ ബാഗുകള്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്ന തൊട്ടിയില്‍ ഇടുകയില്ല. അവ സൂക്ഷിച്ചുവയ്ക്കും.
ദാനിക്കുറുക്കന്റെ ഇഷ്ടഭക്ഷണമാണു തൈര്. രണ്ടു ഒൌണ്‍സ് പ്ലാസ്റ്റിക്കു കപ്പുകളിലാണു തൈര്‍ വരുന്നത്. അമേരിക്കക്കാര്‍ യോഗര്‍ട്ട് എന്നു പറയും; ഗ്രീക്കു യോഗര്‍ട്ട്. ഒഴിഞ്ഞ കപ്പുകള്‍ കുറുക്കന്‍ സൂക്ഷിച്ചു വയ്ക്കും. ആയിരം കപ്പുകളെങ്കിലും കുറുക്കന്റെ ശേഖരത്തിലുണ്ട്; നൂറു കണക്കിനു ബ്രൌണ്‍ ബാഗുകളും.

ഞാന്‍ ഡയബറ്റിക്ള്‍ രോഗിയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവു പെട്ടെന്നു കൂടും; പെട്ടെന്നു കുറയും. രണ്ടും അപകടമാണ്.
രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറയുന്ന അവസ്ഥയാണു ഹൈപ്പൊഗ്ലൈസിമിയ.
ശരീരം വിറയ്ക്കും.
ശരീരം വിയര്‍ക്കും.
അമിതമായ വിശപ്പുണ്ടാകും.
അപ്പോള്‍ പഞ്ചസാരയുടെ അംശമുള്ള എന്തെങ്കിലും കഴിക്കണം. പെട്ടെന്നു കഴിച്ചില്ലെങ്കില്‍ ആപത്താണ്. അബോധാവസ്ഥയിലേയ്ക്കു വീണു പോകും.
ഞാന്‍ ഗ്ലൂക്കോസ് ഗുളികകള്‍ കരുതാറുണ്ട്. ചിലപ്പോള്‍ മറന്നു പോകും.
ഒരിക്കല്‍ അതുതന്നെ സംഭവിച്ചു.
ജോലിസ്ഥലത്തുവച്ചാണ്.
അപകടകാരിയായ ഹൈപ്പോഗ്ലൈസിമിയ.
ശരീരം വിറയ്ക്കുന്നു.ശരീരം വിയര്‍ക്കുന്നു. ചുണ്ടു വരളുന്നു.
അമിതമായ വിശപ്പ്.
ഗ്ലൂക്കോസ് ഗുളികയ്ക്കു വേണ്ടി പരതി.
ഇല്ല; എടുത്തിട്ടില്ല.
അര കിലോമീറ്റര്‍ നടന്നാല്‍ വെന്‍ഡിംഗു യന്ത്രമുണ്ട്. എന്തെങ്കിലും വാങ്ങാം.
പക്ഷേ അര കിലോമിറ്റര്‍ നടക്കുന്നതു അപകടമാണ്. ശരീരാദ്ധ്വാനം വീണ്ടും പഞ്ചസാരയുടെ അളവു കുറയ്ക്കും. വീണു പോകാം.
കണ്ണുകളില്‍ ഇരുട്ടു വ്യാപിക്കുന്നു.
തൊട്ടടുത്ത മുറിയിലാണു സുധീറിന്റെ ഇരിപ്പിടം. അതിനോടു ചേര്‍ന്നാണു ദാനിക്കുറുക്കന്റെ ഇരിപ്പിടവും.
സുധീറിന്റെ മുറിയിലേയ്‌ക്കോടി.
“സുധീര്‍, എനിയ്ക്കു എന്തെങ്കിലും ഉടനെ കഴിക്കണം; പഴമോ കാന്‍ഡിയോ എന്തെങ്കിലും.”
“എന്താണു കാര്യം?” സുധീര്‍ കട്ടിയുള്ള കണ്ണട മേലോട്ടുയര്‍ത്തി ചോദിച്ചു.
“എന്റെ ഷുഗര്‍ ലവല്‍ താഴുന്നു.”
“യോഗര്‍ട്ടു ആയാലോ?”
“അതു മതി.”
കുറുക്കന്റെ മുറിയില്‍ യോഗര്‍ട്ടു ശേഖരമുണ്ട്; ചെറിയ പ്ലാസ്റ്റിക്കു കപ്പുകളില്‍.
സുധീര്‍ കുറുക്കന്റെ മുറിയിലേയ്‌ക്കോടി. ഭാഗ്യം, അയാള്‍ സീറ്റിലില്ല.
സുധീര്‍ ഒരു യോഗര്‍ട്ടുകപ്പുമായി മടങ്ങി വന്നു.
ഞാന്‍ ആര്‍ത്തിയോടെ വാങ്ങി. ഞാന്‍ ആര്‍ത്തിയോടെ കുടിച്ചു.
യോഗര്‍ട്ടു അമൃതാണു; ജീവന്‍ നില നിറുത്തുന്ന അമൃത്.
അമൃതു കഴിച്ചു; ജീവന്‍ തിരിച്ചു കിട്ടി.
പ്ലാസ്റ്റിക്കു കപ്പു ഞാന്‍ കുപ്പത്തൊട്ടിയിലിട്ടു.

പിറ്റേ ദിവസം രാവിലെ സുധീറും അന്നക്കുട്ടിയും കുറുക്കന്റെ മുറിയിലേയ്ക്കു പോകുന്നതു കണ്ടു. അര മണിക്കൂര്‍ കഴിഞ്ഞു അവര്‍ ഇറങ്ങി വന്നു.
സുധീറിന്റെ മുഖം മ്ലാനമായിരുന്നു; അന്നക്കുട്ടിയുടേതും..
ഞാന്‍ അന്നക്കുട്ടിയോടു ചോദിച്ചു.
“എന്തു പറ്റി അന്നക്കുട്ടി?”
അവള്‍ മുഖം മറച്ചു കളഞ്ഞു.
ഇപ്പോള്‍ സുധീര്‍ എന്നെ കണ്ടാല്‍ മിണ്ടാറില്ല.
കുറുക്കന്റെ മുറിയില്‍ കൊടുങ്കാറ്റടിച്ചു കാണും.
ആഴ്ചകളും മാസങ്ങളും കടന്നു പോയി.
സുധീര്‍ ഇപ്പോള്‍ മിത്രമല്ല. അന്നക്കുട്ടി ശത്രുവിനെപ്പോലെയാണ്..
ആപ്പീസുകെട്ടിടത്തിന്റെ ഇടനാഴികളില്‍ ചിലപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടും. സുധീറും അന്നക്കുട്ടിയും മുഖം തിരിച്ചു കളയും. കുറുക്കന്റെ മുഖത്ത് രൌദ്രഭാവം നിഴലിക്കും.

കാലചക്രം കറങ്ങി. നാളെ ഞാന്‍ ഈ സ്ഥാപനത്തോടു വിട പറയുകയാണ്. അടുത്തയാഴ്ച ഇന്‍ഡ്യാനാ പൌവര്‍ പ്ലാന്റില്‍ ഞാന്‍ ചാര്‍ജെടുക്കുകയാണ്. എന്റെ മേശപ്പുറത്തും മേശയുടെ വലിപ്പിലും ചിതറിക്കിടക്കുന്ന ജംഗമ വസ്തുക്കള്‍ മാറ്റുന്ന തിരക്കിലാണു ഞാന്‍.
പെട്ടെന്നു ദാനിക്കുറുക്കന്‍ എന്റെ മുറിയിലേയ്ക്കു കടന്നുവന്നു. ഇന്ന് ആ മുഖത്തു രൌദ്രഭാവമില്ല. ഒരു ചെറിയ പുഞ്ചിരി മാത്രം. എന്നെ അദ്ദേഹത്തിന്റെ മുറിയിലേയ്ക്കു ക്ഷണിച്ചു. ഞാന്‍ അനുസരിച്ചു, വിനയത്തോടുകൂടി.അദ്ദേഹം എന്നോടു ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദ്യഭാവത്തില്‍ അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കി.
“മിസ്റ്റര്‍ സാമുവല്‍,” കുറുക്കന്‍ സംഭാഷണം ആരംഭിച്ചു. സ്‌നേഹഭാവത്തിലാണു സംഭാഷണം. വളച്ചു നീട്ടി സംസാരിക്കുന്ന സ്വഭാവക്കാരനാണു കുറുക്കന്‍.
“നിങ്ങള്‍ ഈ സ്ഥാപനത്തില്‍ പത്തു കൊല്ലം ജോലി ചെയ്തു.”
“അതേ സര്‍.” ഞാന്‍ മറുപടി പറഞ്ഞു.
“നിങ്ങള്‍ ഒരു പാവപ്പെട്ട അഭയാര്‍ത്ഥി ആയിട്ടാണു എന്റെ രാജ്യത്തു വന്നത്.”
“അല്ല, അങ്ങനെയല്ല. ഞാന്‍ അഭയാര്‍ത്ഥി ആയിരുന്നില്ല. നിയമപരമായി സാധുതയുള്ള ഒരു കുടിയേറ്റക്കാരനായിട്ടാണു ഞാന്‍ ഈ രാജ്യത്തു വന്നത്.” ഞാന്‍ ഇടയ്ക്കു കയറി തിരുത്തി. കുറുക്കന്റെ വെളുത്ത മുഖം ചുവന്നു. തിരുത്തലുകള്‍ അമേരിക്കക്കാര്‍ക്കു ഇഷ്ടമല്ല.
“അതേ, അതു തന്നെയാണു ഞാന്‍ ഉദ്ദേശിച്ചത്.” അദ്ദേഹം തുടര്‍ന്നു.
“ഇല്ലായ്മയുടെയും പോരായ്മയുടെയും രാജ്യമാണു നിങ്ങളുടെ രാജ്യം.” ഞാന്‍ അതു ശരിയാണെന്ന മട്ടില്‍ തലയാട്ടി.
“പതിനായിരം മൈല്‍ താണ്ടിയാണു നിങ്ങള്‍ ഈ രാജ്യത്തു വന്നത്. പതിനായിരം മൈല്‍! ഞാന്‍ ഇവിടെ ഡിട്രോയിറ്റു പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. വിന്‍ഡ്‌സറില്‍ പോലും ഞാന്‍ പോയിട്ടില്ല.”
അഞ്ചു മൈല്‍ അകലെയുള്ള പട്ടണമാണു വിന്‍ഡ്‌സര്‍. വിന്‍ഡ്‌സര്‍ ക്യാനഡായിലാണ്.
“കാരണമെന്താണ്? കാരണം, എനിക്കവിടെ പോകേണ്ട കാര്യമില്ല. എന്റെ രാജ്യം സമ്പന്നമാണ്. നിങ്ങളുടെ കോളനി പോലെ ദരിദ്രരാജ്യമല്ല.”
ഞാന്‍ ചോദിച്ചു. “കോളനി എന്ന പദം കൊണ്ടു അങ്ങു എന്താണ് ഉദ്ദേശിക്കുന്നത്?”
“നിങ്ങളുടെ രാജ്യം ബ്രിട്ടന്റെ കോളനിയല്ലേ?” കുറുക്കന്‍ ചോദിച്ചു.
“സര്‍, അങ്ങേയ്ക്കു തെറ്റി. ഇന്‍ഡ്യ ഇന്നൊരു സ്വതന്ത്ര റിപ്പബ്ലിക്കാണ്. 1947 നു മുമ്പ് ഇന്‍ഡ്യ ബ്രിട്ടിഷ് കോളനി ആയിരുന്നു.”
കുറുക്കന്റെ മുഖം കൂടുതല്‍ ചുവന്നു. തര്‍ക്കിക്കുന്നതു അമേരിക്കക്കാര്‍ക്കു ഇഷ്ടമല്ല.
കുറുക്കന്‍ തുടര്‍ന്നു.
“മിസ്റ്റര്‍ സാമുവല്‍, ചരിത്രമൊക്കെ എനിക്കറിയാം. നിങ്ങള്‍ സ്വാതന്ത്ര്യമെന്നു പറയുന്നതു ബ്രിട്ടന്റെ മഹാമനസ്കതയെ ആണ്. നിങ്ങളുടെ രാജ്യം ഇപ്പോഴും ബ്രിട്ടീഷ് കോളനിയാണെന്നു ഞങ്ങള്‍ പറയും.”
ഞാന്‍ തര്‍ക്കിച്ചില്ല. എനിക്കയാളോടു തര്‍ക്കിക്കാന്‍ നേരമില്ല. എന്നെ ആക്ഷേപിക്കുവാന്‍ അയാള്‍ കച്ച കെട്ടി ഇറങ്ങിയതു പോലെ തോന്നി.
കുറുക്കന്‍ പ്രസംഗം തുടര്‍ന്നു.
“ചാണകവും മണ്ണും കൊണ്ടുണ്ടാക്കിയ വീടുകളിലാണു നിങ്ങള്‍ താമസിച്ചിരുന്നത്. കാറും മോട്ടോര്‍ സൈക്കിളുമൊക്കെ നിങ്ങള്‍ ഉപയോഗിക്കുന്നതു ഈ രാജ്യത്തു വന്നതിനു ശേഷമാണ്, എന്നൊക്കെ എനിക്കറിയാം.”
ഞാന്‍ ഇടപെട്ടു,
“സര്‍, നിങ്ങള്‍ക്കുഎന്തോ തെറ്റിദ്ധാരണകള്‍ ഉണ്ടെന്നു തോന്നുന്നു. ഞങ്ങള്‍ക്കു നല്ല വീടുകളും മോട്ടോര്‍ വാഹനങ്ങളും ഉണ്ടായിരുന്നു ഇന്‍ഡ്യയില്‍.”
എന്റെ നാട്ടിലെ പഴയ വീടിന്റെ പടം വാലറ്റില്‍ ഉണ്ടായിരുന്നതു ഞാന്‍ തപ്പിയെടുത്തു.
“നോക്കൂ, ഇതാണു ഇന്‍ഡ്യയിലെ എന്റെ വീട്; ചാണകവും മണ്ണും കൊണ്ടു ഉണ്ടാക്കിയതല്ല.”
കുറുക്കന്‍ അല്പനേരം ഞാന്‍ കൊടുത്ത പടത്തിലേയ്ക്കു നോക്കിയിരുന്നു. പിന്നെ തലയുയര്‍ത്തി ചാട്ടുളി പോലെ ഒരു ചോദ്യം എന്റെ നേര്‍ക്കെറിഞ്ഞു.
“പിന്നെ നിങ്ങള്‍ എന്തിനു ഈ രാജ്യത്തു വന്നു?” എനിക്കു ആ ചോദ്യത്തിനു ഉത്തരമില്ലായിരുന്നു.
കുറുക്കന്‍ ശാന്തനായതു പോലെ തോന്നി. അദ്ദേഹം പറഞ്ഞു.
“നമുക്കു വിഷയത്തിലേയ്ക്കു വരാം.”
ഞാന്‍ ജിജ്ഞാസയോടെ അദ്ദേഹത്തിന്റെ കണ്ണുകളിലേയ്ക്കു നോക്കി. തുളച്ചു കയറുന്ന നീലക്കണ്ണുകള്‍. അദ്ദേഹം തുടര്‍ന്നു.
“മിസ്റ്റര്‍ സാമുവല്‍ ഒരു ഡയബറ്റിക്ള്‍ രോഗിയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. സുധീര്‍ പറഞ്ഞതാണ്. ഡയബറ്റിക്ള്‍ രോഗികള്‍ക്കു ഇന്‍സുലിന്‍ ആണു പ്രധാന മരുന്ന്.” കുറുക്കന്‍ എല്ലാം നീട്ടി വലിച്ചു പരത്തി പറയുന്ന ആളാണ്.
“ഇന്‍സുലിന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചിലപ്പോള്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാം.”
കുറുക്കന്‍ ഹൈപ്പോഗ്ലൈസിമിയ എന്ന ശാരീരിക അസ്വസ്ഥതയെക്കുറിച്ചു ഒരു പ്രസംഗം നടത്തി. അതിന്റെ പ്രതിവിധികളും നിര്‍ദ്ദേശിച്ചു. ഉപദേശ രൂപത്തില്‍ എന്നെ നോക്കി. ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി.
“ചില മാസങ്ങള്‍ക്കു മുമ്പു മിസ്റ്റര്‍ സാമുവലിനു ആപ്പീസില്‍ വച്ചു  ഹൈപ്പോഗ്ലൈസിമിയ ഉണ്ടായി. എന്റെ ശേഖരത്തിലുണ്ടായിരുന്ന ഒരു കപ്പു ഗ്രീക്കു യോഗര്‍ട്ടായിരുന്നു നിങ്ങളുടെ ജീവന്‍ രക്ഷിച്ചത്. സുധീര്‍ പറഞ്ഞതാണ്.”
ഞാന്‍ നന്ദിഭാവത്തില്‍ തലയാട്ടി. കുറുക്കന്‍ തുടര്‍ന്നു.
“പക്ഷേ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. നിങ്ങള്‍ അതിന്റെ വില കൊടുത്തില്ല.”
“അയ്യോ സര്‍, ഞാന്‍ മനപ്പൂര്‍വം കൊടുക്കാതിരുന്നതല്ല. അതിനു വില കൊടുക്കണമെന്നു ഞാന്‍ കരുതിയില്ല.”
“മനപ്പൂര്‍വമാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. നിങ്ങള്‍ ആ ഒരു കപ്പു യോഗര്‍ട്ടിനു വില കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്. ഞാന്‍ സുധീറിനോടും അന്നയോടും പല തവണ അന്വേഷിച്ചു. നിങ്ങള്‍ അതിനു വില കൊടുത്തില്ല എന്നവര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ നിങ്ങളോടു അകലം പാലിക്കാന്‍ ഞാന്‍ അവരോടു പറഞ്ഞിരുന്നു.”
“ഞാന്‍ വില തരാന്‍ തയ്യാറാണ്. ഒരു കപ്പു ഗ്രീക്കു യോഗര്‍ട്ടിനു 50 സെന്റു വില കാണും. ഞാന്‍ ഒന്നോ, രണ്ടോ, അഞ്ചോഡോളര്‍ വില തരാം.”
“വേണ്ട വേണ്ടാ. ഞാന്‍ അതിന്റെ വില എഴുതിത്തള്ളിക്കഴിഞ്ഞു. എനിക്കു നിങ്ങളോട് ഒരു ഉപദേശമുണ്ട്.”
“അതെന്താണു സര്‍?” ഞാന്‍ വിനയാന്വിതനായി അന്വേഷിച്ചു.
“നിങ്ങള്‍ പുതിയ ജോലിയിലേയ്ക്കു പോകുകയാണല്ലോ. എവിടെ ആയിരുന്നാലും നിങ്ങള്‍ സത്യസന്ധനായിരിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും. വില കൊടുക്കാതെ അന്യന്റെ മുതല്‍ സ്വീകരിക്കരുത്.”
വാക്കുകള്‍ ഇല്ലാതെ ഞാന്‍ കുഴങ്ങി. ഞാാന്‍ വിയര്‍ത്തു; ഹൈപ്പോഗ്ലൈസിമിയ ഇല്ലാതെ തന്നെ.
പെട്ടെന്നു ദാനിക്കുറുക്കന്‍ സുധീറിനെയും അന്നയെയും അദ്ദേഹത്തിന്റെ മുറിയിലേയ്ക്കു വിളിച്ചു.
മൂന്നു പേരും കൂടി എന്നെ യാത്രയാക്കാന്‍ പാര്‍ക്കിംഗു ലോട്ടിലേയ്ക്കു വന്നു. എന്റെ ഭാണ്ഡക്കെട്ടുകള്‍ അവര്‍ തന്നെ കാറില്‍ വച്ചു തന്നു.
ചുഞ്ചിരിച്ചു.
ഹസ്തദാനം നല്കി.
ആലിംഗനം നല്കി.
കൈ വീശി യാത്രാമൊഴി നല്കി.
എന്റെ ചെറിയ ഫോര്‍ഡു കാര്‍ ആ സ്ഥാപനത്തോടു യാത്ര പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക