Image

ആത്മാവിന്‍ കാല്‍വരിതന്നില്‍- (കവിത : മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 11 April, 2020
ആത്മാവിന്‍ കാല്‍വരിതന്നില്‍- (കവിത : മാര്‍ഗരറ്റ് ജോസഫ്)
ആത്മാവിന്‍ കാല്‍വരി തന്നില്‍!
അങ്ങേ കുരിശിലേറ്റുന്നു!
ഒന്നല്ലൊരായിരം വട്ടം
പാപങ്ങള്‍ ഭാരം ചുമത്തി
ക്രൂരത കുന്തമായി കുന്തി
സ്വാര്‍ത്ഥത ചമ്മട്ടിയാക്കി!
ഒന്നല്ലൊരായിരം വട്ടം;
ദുഷ്ടത ചുറ്റിക തീര്‍ത്തു
വിദ്വേഷ, മാണികളാക്കി,
ശത്രുത മുള്‍മുടിചാര്‍ത്തി,
ഒന്നല്ലൊരായിരം വട്ടം;
ഉള്‍പ്പക, യാഞ്ഞടിക്കുന്നു,
നിര്‍ഭയമാനയിക്കുന്നു,
 ആര്‍ത്തനായങ്ങു വീഴുന്നു,
ഒന്നല്ലൊരായിരം വട്ടം;
ആപാദചൂഡം തളര്‍ത്തി,
രക്തപുഷ്പങ്ങളടര്‍ത്തി,
പരിഹാസ പാത്രമാക്കുന്നു,
ഒന്നല്ലൊരായിരം വട്ടം;
ഈ വഴിയാത്രയിലാരെ-
മാടിവിളിക്കുന്നു ചാരെ?
മറ്റാരെ, യെന്നെയല്ലാതെ-
സ്‌നേഹാര്‍ദ്രമൂര്‍ത്തിയായെന്നും.
കാതരനേത്രങ്ങള്‍, താതാ!
കാരുണ്യസാഗരമല്ലെ?
പാപങ്ങളെല്ലാം ക്ഷമിച്ചീ-
പാപിക്ക് മാപ്പു നല്‍കില്ലെ?

ആത്മാവിന്‍ കാല്‍വരിതന്നില്‍- (കവിത : മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക