ചിലപ്പോൾ ഞാൻ കടൽ പോലെ പ്രക്ഷുബ്‌ധം,
ചിലപ്പോൾ മരണവേദന തിരിച്ചറിയാനാവാതെ തരിച്ചിരിക്കുന്നു.
ഏറ്റവും ശേഷ്ഠമായ സൃഷ്ടി എന്ന അഹം ബോധ ത്തിൽനിന്ന് പ്രകൃതി യ്ക്ക് ഞാൻ ഒരു കീടം മാത്രം എന്ന ആത്മബോധത്തിലേക്ക് ഉൾവലിയുന്നു . ജീവനെ താങ്ങുന്ന ഭാരമില്ലാത്ത ഒരു വായു കണ ത്തെ ഞാൻ നേർക്കുനേർ കാണുന്നു. ലഘുത്വത്തിലെ മഹത്വം എന്നെ ലജ്ജിപ്പിക്കുന്നു.
”ആൾക്കൂട്ടത്തിൽ തനിച്ച്” എന്ന സർഗ്ഗാത്മക ഭാവന ഇന്ന് നിത്യജീവിത നിയമമാകുന്നു . മനുഷ്യാ നീ തനിച്ചാവൂ,
സ്വാർത്ഥനാകൂ , എന്ന അശരീരി മുഴങ്ങുമ്പോൾ സ്വാർത്ഥത ഒളിച്ചു വെയ്ക്കാനാവാതെ ഞാൻ ഒറ്റയ്ക്ക്
കരഞ്ഞു തീർക്കുന്നു.
ചലനം നിലച്ച ലോകം അന്തരീക്ഷ മാലിന്യം ശുചിയാക്കിയതുപോലെ.
ആചാരങ്ങളാൽ മങ്ങിപ്പോയ ഈശ്വര ചൈതന്യം ഈ നിശ്ശബ്ദതയിൽ തിളങ്ങുന്നു. മണിനാദങ്ങളില്ലാതെ ധൂപാർച്ചനയില്ലാതെ നിശ്ശബ്ദതയിലേക്കു ഞാൻ മുങ്ങിത്താഴുന്നു .
ഒറ്റപെടുന്നവന്റെ ആത്മരോദനത്തിൽ തെളിയുന്ന ഈശ്വര ദർശനം എനിക്കിന്ന് സാധ്യമാകുന്നു .
ഗുരുവേ…
നിന്റെ ആലയം ഞാൻ കച്ചവടകേന്ദ്രമാക്കിയ ദിനങ്ങളോർത്ത് കോപമടക്കാൻ നീ പാടു പെട്ടിട്ടുണ്ടാകും, ചെളി പുരണ്ട കാലുകൾ കഴുകിയിട്ടും വിനയാന്വിതനാകാത്ത എന്നെ നോക്കി നീ ഏകനായി കരഞ്ഞിരിക്കാം , ഒടുവിലെ അത്താഴം വിളമ്പാൻ മണിമാളികയല്ല
ആർദ്രമായ ഒരു ഹൃദയം നൽകൂ എന്ന് തേങ്ങി മടുത്തിരിക്കാം.
പ്രഭോ….
ഇന്ന് വരികളില്ലാത്ത ഒരു കവിത യാണ് നീ
വരകളില്ലാത്ത ചിത്രവും
എന്റെ ഉള്ളനക്കങ്ങളിലെ പൊരുളും
നീ എന്നിൽ നിറയുവാ നുള്ളതാണ്
എഴുതി നിറക്കുവാനുള്ളതല്ല!