Image

വിഷാദഗാനം പാടും വിഷുപ്പക്ഷി (കവിത: ജോസഫ് നമ്പിമഠം)

Published on 13 April, 2020
വിഷാദഗാനം പാടും വിഷുപ്പക്ഷി (കവിത: ജോസഫ് നമ്പിമഠം)
വിഷുപ്പുലരിയിലേതോ
മരക്കൊമ്പിലിരുന്നൊരു
വിഷുപ്പക്ഷി പാടി
വിഷാദാര്‍ദ്രമാമൊരു ഗാനം
 
തേച്ചു മിനുക്കിയൊരോട്ടു വിളക്കിന്‍
പൊന്നൊളി തൂവും വെളിച്ചത്തില്‍   
തിളങ്ങുന്നൊരോട്ടുരുളിയില്‍
പൊന്‍പ്രഭ തൂവും കൊന്നപ്പൂക്കളും
 
സമൃദ്ധിതന്‍ കണിവെള്ളരിയും 
തൂവെള്ളക്കാന്പുകാട്ടി ചിരിക്കും
നാളികേര മുറികളും, പഴങ്ങളും
കോടിമുമുണ്ടും മറ്റുള്ളനുസാരികളും

"പൊലിക പൊലിക ദൈവമേ
തന്‍ നെല്‍ പൊലിക" യെന്നു 
കിനിയുന്നു നനു നനുത്തൊരു
പുള്ളുവവീണതന്‍ നിനാദവും
  
ദിനരാത്രങ്ങള്‍ തുല്യമായ്‌വരും
വിഷുദിനമതുപോല്‍ സുഖ ദുഃഖ
സമ്മിശ്രമാം ജീവിതത്തെയുമൊരു
പോലെ കാണാനിടയാവട്ടെ നിത്യം

തേര്, കുതിര, കളെടുപ്പുകുതിര
കാഴ്ചകള്‍, മായാതിരിക്കട്ടെ 
ഐശ്വര്യ പൂര്‍ണമാകട്ടെ വര്‍ഷത്തിന്‍
ശിഷ്ടദിനങ്ങളും, തുടരട്ടെ സമൃദ്ധിയും

ദുരിത ദിനങ്ങള്‍തന്‍ കാളിമ പടരാതെ
നെയ്ത്തിരി നാളമൊന്നുള്ളില്‍
കെടാതെ സൂക്ഷിക്കാം, പ്രഭ ചൊരിഞ്ഞിടാം
പകര്‍ന്നു മറ്റുള്ളവര്‍ക്കുമേകിടാം

Join WhatsApp News
Sudhir Panikkaveetil 2020-04-13 22:26:17
വിഷുവിനെക്കുറിച്ച് വളരെ ഹൃദ്യമായ ഒരു വിവരണം. ദിനരാത്രങ്ങൾ സമമായി വരുമ്പോൾ വിഷുവാകുന്നപോലെ സുഖവും ദുഖവും ഇടകലർന്ന ജീവിതം ഒരു പോലെ കണികണ്ട് കഴിയാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു കവി. ശ്രീ നമ്പിമഠം സാർ നന്മകൾ നേരുന്നു. വായനക്കാർക്കായി ധാരാളം കവിതകൾ കണിവയ്ക്കാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.
ജോസഫ് നമ്പിമഠം 2020-04-14 17:39:22
നന്ദി പ്രിയ സുധീർ വായനക്കും ആശംസകൾക്കും.
Mathew Ozhukayil 2020-04-15 21:30:51
ഇന്നലെ പെയ്തൊരു കൊവിഡിന്‍ തുള്ളിയാല്‍ നനഞ്ഞു നിന്‍ സുന്ദരമുഖമെങ്കിലും ലോകമേ... തുടച്ചിടട്ടെ വിഷുപുലരിതന്‍ പ്രഭയാല്‍... വിക്രുതമാകില്ലൊരിക്കലും നിന്‍ മുഖ കാന്തി...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക