Image

മാര്‍ച്ച് - ഏപ്രില്‍ (രണ്ട് കവിതകള്‍: രമ പ്രസന്ന പിഷാരടി)

Published on 14 April, 2020
മാര്‍ച്ച് - ഏപ്രില്‍  (രണ്ട് കവിതകള്‍: രമ പ്രസന്ന പിഷാരടി)
മാര്‍ച്ച്

തീവെയില്‍ തിമിര്‍ത്തൊരു
നിന്റെയീ ചില്ലയ്ക്കുള്ളില്‍
പൂവുകള്‍ കരിഞ്ഞതും
കൊഴിഞ്ഞുപോകുന്നതും
രാവായ രാവില്‍ നിന്നും
കരഞ്ഞും  നടുങ്ങിയും
ജീവന്റെ ഉപ്പില്‍
തൊട്ട് കണ്ണുനീരൊഴുക്കിയും
ഞാന്‍ കണ്ട ലോകത്തിന്റെ
ശിരസ്സില്‍ വേരാഴ്ത്തിയ
നോവിന്റെ കിരീടത്തില്‍
മുള്ളുകള്‍ കുടഞ്ഞിട്ടും
മഞ്ഞിന്റെ താഴ്വാരത്തെ
കടന്നു വരും  മാര്‍ച്ചില്‍
മിന്നിയ സൂര്യന്‍ മുന്നില്‍
പതുക്കെ പറഞ്ഞുവോ
പിന്നിലായ് നിഴല്‍ക്കുത്ത്
തുടങ്ങിക്കഴിഞ്ഞെന്ന്!
നിര്‍ണ്ണയം തുലാസുകള്‍
കമഴ്ത്തിക്കളഞ്ഞെന്ന്.
പറയൂ മാര്‍ച്ച് നീയെന്റെ
തെളിഞ്ഞ  പ്രവാസത്തിന്‍
ശിഖരത്തിലെ കിളി
ക്കൂടുകള്‍ കൊഴിച്ചുവോ?
എനിയ്ക്കും മൗനം തന്നെ
മനസ്സിന്‍ പൂന്തോട്ടത്തില്‍
വെളുത്ത ലില്ലിപ്പൂക്കള്‍
രജനീഗന്ധീഗന്ധം
കാറ്റിന്റെ പിയാനോയില്‍
ലോകശോകത്തിന്‍ സ്വരമേറ്റുന്ന
വിലാപകാവ്യങ്ങള്‍ തന്‍
കണ്ണീര്‍ച്ചോല
പ്രപഞ്ചഗര്‍ത്തങ്ങളില്‍
വീണു പോയെന്നാകിലും
പ്രതീക്ഷയെന്നെ വിട്ടു
പോകാതെയിരിക്കുന്നു
കരഞ്ഞും തളര്‍ന്നും നീ
കത്തുന്നു പക്ഷെ നിന്നെ
ഖനനം ചെയ്യാനായി
ഞാനിതാ കൈയേറ്റുന്നു
കനത്ത തീക്കാറ്റിന്റെ
ചില്ലയില്‍ കനല്‍ നീറ്റി
പറക്കാനൊരു
ചിറകുണര്‍ത്താന്‍
ശ്രമിയ്ക്കാം ഞാന്‍.
അടര്‍ന്നു പോകും മുന്‍പേ
സ്മൃതിയില്‍ സൂക്ഷിക്കുവാന്‍
നിനക്ക് തരാം ഞാനീ
ലോകത്തിന്‍ പ്രത്യാശയെ.


ഏപ്രില്‍

ഏപ്രില്‍ നീ വന്നൂ
ട്യുലിപ്  പൂവുകള്‍  ചൂടി
മൗനമാര്‍ദ്രമായിരിക്കുന്ന
ഭൂമിതന്‍ താഴ്വാരത്തില്‍,
നിരത്തില്‍, നഗരത്തിന്‍
ഒഴിഞ്ഞ  സൗധങ്ങളില്‍
പടര്‍ന്ന് കേറിപ്പോകും
പ്രാചീന സ്വരങ്ങളില്‍
സൂര്യനോ കനല്‍ തൂവി
മരിച്ച കിനാക്കള്‍ തന്‍
രാവിനെ  ചിതത്തീയില്‍
അടക്കിക്കിടത്തുന്നു
ഏപ്രില്‍ നീയെന്തേ ഗൂഢ
ഗൂഢമായിതേ പോലെ
പാട്ടുപാടുന്നു അതിന്‍
സ്വരമിന്നെനിക്കന്യം
കാല്‍വരിക്കുന്നില്‍ നിന്ന്
ഉയര്‍പ്പിന്‍ ധ്യാനം ചൊല്ലി
പാതകള്‍ മുന്നില്‍ ദു:ഖ
വെള്ളിയെ കടന്നുപോയ്
ഋതുക്കള്‍ പൂമാറ്റുന്ന
കൂടകള്‍ക്കുള്ളില്‍ നിന്ന്
കണിപ്പൂവുകള്‍ തേടി
വിഷുവും വരുന്നുണ്ട്
വസന്തം വരേണ്ടതാം
നിന്റെ തേര്‍ചക്രങ്ങളില്‍
മരിച്ച കാലം കുടഞ്ഞിടുന്ന
കണ്ണിര്‍പ്പൂക്കള്‍
ഞാനുണര്‍ന്നെന്നും കണ്ട
സൂര്യനുമിതല്ലെന്ന്
താഴ്വരയിതല്ലെന്ന്
ലോകവുമിതല്ലെന്ന്
ഏപ്രില്‍ നീ പറയുന്നു
അഴികള്‍ക്കുള്ളില്‍ നിന്റെ
യാത്രയില്‍ വേനല്‍ മഴ
പെയ്തുപെയ്‌തൊഴിയുന്നു
കാത്തിരിപ്പിതേ പോലെ
എന്തിനോ വേണ്ടി
തീര്‍ഥയാത്രകള്‍. മനസ്സിന്റെ
സമുദ്രം ഇരമ്പുന്നു
ചുറ്റിലും അദൃശ്യമായ്
നീങ്ങുന്ന ഭയാനക
നൃത്തരൂപങ്ങള്‍ കരി
ക്കോലങ്ങള്‍ ചാവേറുകള്‍
ദിക്കുകള്‍ തെറ്റിത്തെറ്റി
എന്റെ കൈയിലെ ഭൂമി
അക്ഷരങ്ങളായ് വന്ന്
തപസ്സില്‍ ലയിക്കവെ
ഏപ്രില്‍, നീ മുന്നേപ്പോലെ
പ്രാണനില്‍ ജ്വലിക്കുന്ന
പ്രാര്‍ഥന കൈയേറ്റുക
ലോകമേ സ്വസ്തി,
സ്വസ്തി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക