Image

ലേവ്യന്‍ (കഥ: സാംജീവ്)

Published on 17 April, 2020
ലേവ്യന്‍ (കഥ: സാംജീവ്)
ബന്ധങ്ങള്‍ നഷ്ടപ്പെട്ടു അയല്‍പക്കം നഷ്ടപ്പട്ടു.
ന്യൂക്ലിയസ് കുടംബം.
എനിക്കും ഭാര്യയ്ക്കും മക്കള്‍ക്കും.
മല്ലൂസ്! അയാള്‍ക്കു എന്തെല്ലാം അറിയണം! അയല്ക്കാരനാകാന്‍ ശ്രമിക്കുന്ന മല്ലൂസ്!
ഇന്നു അയല്ക്കാരനില്ല. ഒരടി അകലത്തുള്ളവന്‍ ആയിരം കാതം അകലെയാണ്.
എനിക്കു എന്റെ കാര്യം. എന്റെ കാര്യത്തില്‍ തലയിടരുത്.
അയല്ക്കാരന്‍ പോലും! അയല്ക്കാരനെ സ്‌നേഹിക്കണമെന്നു പറഞ്ഞതു ആരാണ്?
അയല്ക്കാരന്‍ മുറിവേറ്റാല്‍ എനിക്കെന്തു നഷ്ടം?
എന്റെ സ്വകാര്യതയില്‍ കടന്നു കയറരുത്. ചോദിക്കരുത്. പറയരുത്.
ഇതു ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്; മതിലുകളുടെ നൂറ്റാണ്ട്.
നിയമം മതിലുകള്‍ പണിയുന്നു; പ്രൈവസി ആക്ട്, ഹിപ്പാ നിയമം, അങ്ങനെ പലതും.

മുറിവേറ്റ അയല്ക്കാരന്‍ അവിടെ കിടക്കട്ടെ. അവന്റെ രക്തത്തില്‍ എനിക്കു പങ്കില്ല.
അവന്റെ മുറിവു കെട്ടാന്‍ ഞാനാര്? അവനു എണ്ണയും വീഞ്ഞും പകരാന്‍ ഞാനാര്? ഞാന്‍ ധര്‍മ്മാശുപത്രിയിലെ അപ്പോത്തിക്കരിയാണോ?
അവന്‍ ഇന്‍ഷുറന്‍സ് എടുക്കട്ടെ. അതു രാജ്യത്തിന്റെ നിയമമല്ലേ?
എനിക്കവന്റെ മുറിവു കെട്ടാം. അവനെ സത്രത്തിലേയ്ക്കു കൊണ്ടുപോകാം.
പക്ഷേ, മുറിവേറ്റവന്‍ എന്നെ പ്രതിയാക്കി കേസു കൊടുത്താലോ?
ഞാന്‍ പുലിവാലു പിടിക്കണോ? ഞാന്‍ കോടതി കയറിയിറങ്ങണോ?
ഇതാ കോടതി കയറിയിങ്ങുന്ന ലേവ്യന്‍ എന്നു ഞാന്‍ വിളിക്കപ്പെടണോ?
ഇവിടെ എനിക്കെന്റെ കാര്യം; നിനക്കു നിന്റെ കാര്യം.
ഇവിടെ അയല്ക്കാരനില്ല.

ഇവിടെ നാലുകെട്ടില്ല; പത്തായപ്പുരയില്ല; നടുത്തളമില്ല. നടുത്തളത്തില്‍ ഓടിക്കളിക്കുന്ന പൈതങ്ങളില്ല. ചാരി നില്ക്കാന്‍ തൂണുകളില്ല.
ഇവിടെ മേഘങ്ങളുടെ സങ്കേതങ്ങളോളം എത്തി നോക്കുന്ന ഉത്തുംഗ സൌധങ്ങളുണ്ട്. നിമിഷം കൊണ്ടു മനുഷ്യനെ ഉയരങ്ങളില്‍ എത്തിക്കുന്ന യന്ത്രമുറികള്‍ ഉണ്ട്.
മനുഷ്യന്‍ മേഘങ്ങളുടെ സങ്കേതങ്ങളില്‍ കൂടു കെട്ടുന്നു; മേഘങ്ങളുടെ സങ്കേതങ്ങളില്‍ ഉണ്ടുറങ്ങുന്നു.
ഞാനും നീയും യന്ത്രങ്ങളായി മാറുന്നു. എന്റെയും നിന്റെയും ഹൃദയം വെറും ഒരു പമ്പുമാത്രം. അതിനുള്ളില്‍ വിചാരമില്ല, വികാരമില്ല, സ്‌നേഹമില്ല, ആര്‍ദ്രതയില്ല. അറകളും വാല്‍വുകളുമുള്ള കേവലം ഒരു യന്ത്രം.

തലയില്‍ മുണ്ടിട്ടു നടക്കുന്ന ലേവ്യനാണു ഞാന്‍. പാതയുടെ മറ്റേ അരികു പറ്റി നടക്കുന്ന ലേവ്യന്‍. സര്‍ക്കാര്‍ പറയുന്നു അകലം പാലിക്കണമെന്ന്. ന്യായപ്രമാണം അക്ഷരം പ്രതി പാലിക്കുന്ന ലേവ്യനാണു ഞാന്‍.
മുറിവേറ്റവന്‍ പാതയോരത്തു കിടന്നു വലിക്കുന്നു. അവന്റെ പൈതല്‍ അന്നത്തിനു നിലവിളിക്കുന്നു. അവനു തുള്ളി വെള്ളം കൊടുക്കാന്‍ ഞാനില്ല. ആറടി അകലം പാലിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണു. അതാണു നിയമം.
ഞാന്‍ പ്രാര്‍ത്ഥിക്കാം. ജഗന്നിയന്താവ് എന്നെ ഏല്പിച്ച പണി അതാണ്. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ അദ്ദേഹം എനിക്കാണു നല്കിയത്. എനിക്കു നട തുറക്കണം. യോഗദണ്ഡു കൈയിലേന്തണം. നില്ക്കാന്‍ നേരമില്ല.

എനിക്കു പിന്നാലെ ഒരു സമരിയാക്കരന്‍ വന്നു കൂടെന്നില്ല.
അങ്കിയും താടിയും പാതിരിക്കോളറും ഓര്‍ഡിനേഷനുമില്ലാത്ത ഒരു സാധാരണക്കാരന്‍. പള്ളിയില്‍ പുറകിലെ ബഞ്ചില്‍ വന്നിരിക്കുന്ന നിശ്ശബ്ദനായ ഒരു സാധാരണക്കാരന്‍. അവന്‍ നിന്റെ മുറിവുകള്‍ കെട്ടിയെന്നിരിക്കാം. അവന്‍ നിന്റെ പൈതലിനു ഒരു പിടി അന്നം നല്കിയെന്നിരിക്കാം. അതുവരെ കാത്തിരിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക