MediaAppUSA

മനഃപൂര്‍വമായ വ്യക്തിഹത്യ: തമ്പി ആന്റണി

Published on 18 April, 2020
മനഃപൂര്‍വമായ വ്യക്തിഹത്യ: തമ്പി ആന്റണി

പ്രശ്‌നമുണ്ടായത് തങ്ങളുടെ ഒരു നഴ്‌സിംഗ് ഹോമില്‍ മാത്രം: തമ്പി ആന്റണി
പല നഴ്‌സിംഗ് ഹോമുകളും തങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഒന്നില്‍ മാത്രമാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്--സാഹിത്യകാരനും ചലച്ചിത്ര താരവുമായ തമ്പി ആന്റണി. അത് തങ്ങളുടെ അനാസ്ഥ കൊണ്ടല്ല സംഭവിച്ചത്. പ്രായമുള്ള, പലവിധ രോഗമുള്ളവരണ് അവിടെ അന്തേവാസികള്‍-തമ്പി ആന്റണി ഇ-മലയാളിയോട് പറഞ്ഞു.

(നഴ്‌സിംഗ് ഹോമുകളില്‍ രാജ്യത്താകെ 7000-ല്‍ പരം പേര്‍ മരിച്ചുവെന്നാണു കണക്ക്.അവിടെയൊന്നും ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ നടക്കുന്നതായി അറിവില്ല)

മനഃപൂര്‍വമായ വ്യക്തിഹത്യ എന്ന ഉദ്ദേശ്യത്തോടെയാണ് തനിക്കും ഭാര്യ പ്രേമക്കും എതിരേ വാര്‍ത്ത പടച്ചുവിടുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെഗേറ്റ് വേ നഴ്സിങ്ങ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളുടെ ബന്ധുക്കള്‍ക്കു കത്ത് അയച്ചിരുന്നു. അസുഖ ബാധിതര്‍ക്ക് താല്‍ക്കാലികമായ ചികിത്സാ സഹായമാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ഇവരെ ആശുപത്രികളിലേക്കു മാറ്റും. അങ്ങനെ മാറ്റിയ നിര്‍ഭാഗ്യവശാല്‍ ചിലര്‍ അവിടെ മരിക്കുകയായിരുന്നു.

പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരോ നഴ്സിങ്ങ് സ്റ്റാഫോ ഇല്ല. പലര്‍ക്കും രോഗം പിടിപെട്ടു. കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഇവര്‍ ജോലിക്കു വരണമെന്നാണ് ഹെല്ത്ത് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ളവര്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കണമെന്നാണ് നിയമം.
ഹെല്ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമം പൂര്‍ണമായി പാലിച്ചു മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

നാളുകളായി ഞങ്ങള്‍ രാവും പകലുംഇവിടെയുള്ള രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഉറങ്ങിയിട്ടു ദിവസങ്ങളായി. എന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും എല്ലാം ഇവര്‍ക്കൊപ്പമുണ്ട്. മരിച്ച ആളുകളുടെ വേണ്ടപ്പെട്ടവരുടെ നഷ്ടവും വികാരവും നമുക്കു മനസ്സിലാക്കാന്‍ കഴിയും. അവരോടൊപ്പം ആ വേദനയില്‍ പങ്ക്ചരുകയല്ലാതെ എന്തു ചെയ്യാന്‍ കഴിയും.

ഈ രോഗത്തിനെതിരെ ഇപ്പോള്‍ ഒരുമിച്ചു പോരാടുകയാണു ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിബന്ധങ്ങളുണ്ടായാലും അതു പൂര്‍ത്തീകരിക്കും.

പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായതു കൊണ്ടാകാം എനിക്കെതിരെ ഇത്തരത്തിലൊരു വാര്‍ത്ത വന്നത്. ക്രിമിനല്‍ അന്വേഷണം എന്നൊക്കെ പറയുന്നത് നിയമവ്യവസ്ഥയിലെ പ്രയോഗമാണ്. ഞാനൊരു നടന്‍ കൂടിയായതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നന്നായി കച്ചവടം ചെയ്യാനാകുമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. അതല്ലാതെ വാര്‍ത്തയില്‍ പറയുന്നതുപോലെ ഭീകരാവസ്ഥയൊന്നുമില്ല. അമേരിക്കയിലെ ആയിരക്കണക്കിന് നഴ്സിങ്ങ് ഹോമുകളിലും ഇതേ അവസ്ഥ തന്നെയാണ്.

ഈ സംഭവുമായി ബന്ധപ്പെടുത്തി കുടുംബാംഗങ്ങളടക്കമുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലും സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും ദുഃഖമുണ്ടെന്നും തമ്പി ആന്റണിപറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക