ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് 19 എന്ന മഹാമാരിയിൽ തങ്ങൾക്കെന്തു ചെയ്യാം കഴിയുമെന്ന് സന്ദേഹത്തിലാണ് ശരാശരി അമേരിക്കൻ മലയാളികളും. എന്നാൽ മനുഷ്യരാശിയുടെ അന്തകനായി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ലോകത്ത് ഏറ്റവും വ്യാപകമായിരിക്കുന്നത് നമുക്ക് അന്നം നൽകുന്ന നാടായ അമേരിക്കയിലാണ്. ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഏറെ ആഗ്രഹിക്കുന്ന പലർക്കും ലോക്ക് ഡൗൺ കാരണം ആഗ്രഹം നടക്കാതെ പോകുന്നു. ചില അസ്സോസിയേഷനുകളാണെങ്കിൽ സർവമത പ്രാർത്ഥനകളും ഹെൽപ് ലൈനുകളുമൊക്കെയായി രാത്രികാലങ്ങൾ കഴിച്ചുകൂട്ടുന്നു. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്‌തമായി മറ്റൊരു മാർഗം സ്വീകരിച്ചിരിക്കുകയാണ് ന്യൂജേഴ്സിയിലുള്ള ഐ.ടി. പ്രഫഷനലുകളായ മൂന്ന് ചെറുപ്പക്കാർ.
ഈസ്റ്റ് ഹാനോവർ സ്വദേശി ലിന്റോ മാത്യുഗ്ലെൻറോക്ക് സ്വദേശി ഷിബു ജോസഫ് , ഫെയ്ർലോൺ സ്വദേശി മാത്യുപരുത്തിക്കൽ എന്നീ മൂന്നംഗ സംഘമാണ് നൂതനമായ ഒരു സംരംഭത്തിനു തുടക്കം കുറിച്ചത്. തങ്ങൾക്കറിയാവുന്ന മേഖലയിൽ എന്തെങ്കിലും സാമൂഹ്യ സേവനം ചെയ്യണമെന്ന ആഗ്രഹമാണ് ന്യൂജേഴ്‌സിയിലെ നാല്ലൊരു ശതമാനം ആളുകൾക്കും പ്രയോജനപ്പെടുന്ന
njdine.com എന്ന മൊബൈൽ അപ്ലിക്കേഷൻ നിർമ്മിക്കാൻ അവരെ പ്രേരിപ്പിച്ചത്.
വ്യാവസായിക അടിസ്ഥാനത്തിൽ റസ്റ്റോറന്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുജനോപകാരപ്രദമായ ഡൈൻ ക്യൂബ് (dinecube)എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് ആകസ്മികമായി കോവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടത്. 2019 ൽ ഡൈൻ ക്യൂബ് സൊലൂഷൻസ് എന്ന പേരിൽ ഒരു കമ്പനിയും രജിസ്റ്റർ ചെയ്‌തിരുന്നു. വാൾസ്ട്രീറ്റ് നിക്ഷേപക-സരംഭകരുമായിച്ചേർന്നു ഡൈൻക്യൂബ് റീലീസ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു ഈ മൂവർ സംഘം. എല്ലാ ദിവസവും ഭക്ഷണത്തിനായി റെസ്റ്റോറന്റുകളെ ആശ്രയിച്ചിരുന്ന ശരാശരി അമേരിക്കക്കാർ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലാക്കുന്നത് മാധ്യങ്ങളിൽ നിത്യേന വാർത്തകൾ കണ്ട ഇവർ ഒരു തീരുമാനമെടുത്തു. അന്നം തരുന്ന നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം.അതാണ് njdine.com എന്ന ചുരുങ്ങിയ കാലം കൊണ്ട് ഒരു വലിയ ഹിറ്റ് ആയി മാറിയ ആപ്പ്.
ആപിന്റെ ഹോം പേജിൽ റെസ്റ്റോറന്റുകളിലെ ഓഫർ, സ്പെഷ്യൽ ഫുഡ് ഐറ്റംസ്, സമയവിവരങ്ങൾ എന്നിവ തെളിഞ്ഞു വരും. നിലവിൽ 35 ലധികം സിറ്റികളിലെ റെസ്റ്റോറന്ററുകളാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്.നിങ്ങളുടെ സമീപപ്രദേങ്ങളിലുള്ള സിറ്റികളിൽ ഏതെങ്കിൽ വേണമെങ്കിലും സെർച്ച് ചെയ്യാം. ഈ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻനിങ്ങളുടെ സ്‍മാർട്ട് ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ NJDine.com കയറിയ ശേഷം ഹോം പേജിൽ ഫോൺ നമ്പർ സേവ് ചെയ്താൽ മതിയാകും
ലോക്ക് ഔട്ടിനെ തുടർന്ന് അടച്ചുപൂട്ടിയ റെസ്റ്റോറന്ററുകളിൽ എവിടെയൊക്കെ ടേക്ക് ഔട്ട് ലഭ്യമാണെന്ന് ഈ ആപ്പ് വഴി അറിയാം. റെസ്റ്റാന്റിലേക്കുള്ള ഡയറക്ഷൻ, വെബ്സൈറ്റ്, ഡെലിവറി മാർഗം, വില,സ്പെഷ്യൽ ഓഫറുകൾ എന്നിവ ഈ ആപ്പ് വഴി ലഭിക്കും. കോവിഡ് 19 ലെ ലോക്ക് ഡൗൺ മൂലം സ്ഥിരമായി റെസ്റ്റോറന്റുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിച്ചിരുന്ന അമേരിക്കക്കാർ ഇതൊരു വലിയ അനുഗ്രഹം തന്നെയാണ്. ഏതൊക്കെ റെസ്റ്റോറന്റുകൾ എപ്പോഴക്കെ തുറക്കും എന്തെല്ലാം ഇഷ്ട്ട ഭക്ഷണം ലഭിക്കും എന്നൊക്കെ ഈ ലോക്ക് ഡൗൺ കാലത്ത് അറിയാൻ ഓരോ ന്യൂജേഴ്സിക്കാരനെയും സംബന്ധിച്ച് ഏറെ കഷ്ട്ടപ്പാടായിരുന്നു. ഈ ആപ്പ് വന്നതോടെ അവരുടെ ഇഷ്ട്ട വിഭവങ്ങൾ ലഭിക്കുന്ന സ്ഥലവും സമയവുമുൾപ്പെടെ എല്ലാ കാര്യങ്ങളും അറിയാൻ കഴിയുന്നു. മലയാളികളും മറ്റു ഇന്ത്യക്കാർക്കും ടേക്ക് ഔട്ട് ലഭ്യമായുള്ള ഇന്ത്യൻ റെസ്റ്റോറന്ററുകളുടെ പേര് വിവരങ്ങളും ഈ ആപ്പ് വഴി ലഭിക്കും.
ഡാറ്റ ശേഖരണത്തിന് മുഖ്യ പങ്കു വഹിച്ചത് മാത്യു പരുത്തിക്കലിന്റെ സഹധർമ്മിണി സന്ധ്യയാണ്. ഓരോ സിറ്റിയിലെയും ഓരോ റെസ്റ്ററന്റുകളുടെയും വെബ്സൈറ്റ്, ഫേസ് ബുക്ക് പേജുകൾ പരതി ഏറെ കഷ്ടപ്പെട്ടാണ് ടേക്ക് ഔട്ട് , ഹോം ഡെലിവറി തുടങ്ങിയ സ്പെഷ്യൽ സേവനങ്ങൾ ചെയ്യുന്ന റസ്റ്റോറന്റുകളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കകയാണ്. ഓരോ സിറ്റിയിലും കൂടുതൽ പേര് അംഗങ്ങളാകുന്നതോടെ മറ്റു സിറ്റികളിലും പരമാവധി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ആദ്യ ഘട്ടത്തിൽ ഓരോരുത്തരും അവരവരുടെ സിറ്റികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ശേഖരിച്ച ഡാറ്റയുടെ ആധികാരികത ഉറപ്പുവരുത്താൻ അതാതു സിറ്റികളിലെ മേയർമാരും ഇവരെ സഹായിച്ചു. ജനോപകാരപ്രദമായ ഈ സാരംഭത്തിനു മേയർമാരും സിറ്റി കൗൺസിലർമാരും വലിയ പിന്തുണയും സഹായവുമാണ് നൽകിയത്. ഗ്ലെൻറോക്ക് സിറ്റി മേയർ സിറ്റിയുടെ വീക്കിലി ന്യൂസ് ലെറ്റെറിൽ NJDine.com നെക്കുറിച്ചുള്ള ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.
ഭക്ഷണത്തോട് താല്പര്യമില്ലാത്തവർ ആരെങ്കിലുമുണ്ടോ? പൊതുവെ ഭക്ഷണത്തോട് വലിയ താൽപര്യമുള്ള മൂന്ന് ചെറുപ്പക്കാർ എപ്പോൾ ഒരുമിക്കുമ്പോഴും അവരുടെ ചർച്ചാ വിഷയം ഭക്ഷണവും റെസ്റ്റോറന്റ്റുമാണ്. അങ്ങനെയാണ് റെസ്റ്റോറന്റ് മേഖലയിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള താത്പര്യം ഉടലെടുത്തത്. അതോടെ ചിന്തകൾ ഐ.ടി യുമായി എങ്ങനെ റെസ്റ്റോറന്റുകളെ ബന്ധപ്പെടുത്താമെന്നായി. അങ്ങനെയാണ് ഡൈൻ ക്യൂബിനുള്ള ആശയം രൂപപ്പെട്ടത്. ആപ്ലിക്കേഷന്റെ നിർമ്മാണം പൂർത്തിയാക്കി സമ്മറിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
അങ്ങനെ ഇരിക്കെ കോവിഡ് 19 മൂലം രാജ്യത്തെ റെസ്റ്റോറന്ററുകൾ അടച്ചു പൂട്ടേണ്ട സാഹചര്യമുണ്ടായി. ഇതേ തുടർന്ന് റെസ്റ്റോറന്റ് മേഖല വലിയ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഒരുപാട് തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടപ്പെടുന്ന വാർത്തകളും കാണാൻ തുടങ്ങി. ഈ സാഹചര്യത്തിൽ തകർന്ന വ്യവസത്തിനൊരു താങ്ങാകുക എന്ന മറ്റൊരു ലക്ഷ്യവും ഈ ആപ്പിന് പിന്നിലുണ്ട്. ഈ ആപ്പ് വഴി ടേക്ക് ഔട്ട് , ഹോം ഡെലിവറി, കർബ്ബ് സൈഡ് ഡെലിവറി, തുടങ്ങിയ സേവനങ്ങൾ വർധിപ്പിക്കാനും അതുവഴി ജീവനക്കാരുടെ ശമ്പളമെങ്കിലും നൽകാൻ സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കൂടാതെ ദിവസേന റെസ്റ്റോറന്ററുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിച്ചിരുന്നവരാണ് ഏറെ ദുരിതത്തിലായത്. റെസ്റ്റോറന്ററുകളിൽ വൈകുന്നേരങ്ങളിൽ ടേക്ക് ഔട്ട് മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. ഏതൊക്കെ റെസ്റ്റോറന്റുകളിൽ ടേക്ക് ഔട്ട് ലഭ്യമാണെന്നറിയാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു ഭക്ഷണ പ്രീയർ. ഭക്ഷണത്തിനായി ആളുകൾ അലയുകയും ചെയ്യുന്ന സാഹചര്യവും ഉടലെടുത്തു.
റീലീസ് ചെയ്തു വെറും രണ്ടാഴ്ചയ്ക്കകം 3,500 റെസ്റ്റോറന്റുകളാണ് njdine.com ൽ ഇതിനകം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരത്തിലധികം ഉപഭോക്താക്കളാണ് ആപ്പിൽ ഇതിനകളെ രെജിസ്റ്റർ ചെയ്‌തിരിക്കുന്നത്.ആപ്പ് നടത്തിപ്പിന് വലിയ ചെലവ് വരുന്നതാണെങ്കിലും കൊറോണയുടെ ദുരിതങ്ങൾ കെട്ടടങ്ങും വരെ തികച്ചും സൗജന്യ സേവനം നൽകാനാണ് ഇവരുടെ തീരുമാനം. ഈ ക്ഷാമകാലത്തും അന്നം തരുന്ന രാജ്യത്തിനു എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ. അതുകൊണ്ടു തന്നെ അന്നം തേടുന്നവർക്ക് ഒരു കൈത്താങ്ങാകാമെന്ന് അവർ തീരുമാനിച്ചു. റെസ്റ്റോറന്റുകാരിൽ നിന്നോ അംഗങ്ങളിൽ നിന്നോ നയാ പൈസ ഈടാക്കുന്നില്ല.
ജൻമംകൊണ്ട് നാം ഇന്ത്യക്കാരാണെങ്കിലും അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ കർമ്മം കൊണ്ട് നമ്മൾ അമേരിക്കക്കാർ കൂടിയാണ്. വല്ലപ്പോഴുമെങ്കിലും സ്വന്തം രാജ്യത്തിന് വേണ്ടി സേവനം ചെയ്യുക എന്നത് ഏതൊരു അമേരിക്കൻ പൗരന്റെയും കടമയാണ്. അമേരിക്കൻ പൗരൻ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിച്ച ഈ ചെറുപ്പക്കാർ അങ്ങനെ രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്. എന്തായാലും njdine.com നു നോർത്തേൺ ന്യൂജേഴ്സിയിലെ ജനങ്ങൾ വൻ സ്വീകരണമാണ് നൽകിയത്.നോർത്തേൺ ന്യൂജേഴ്സിയിലെഏതാണ്ട് മിക്ക നഗരങ്ങളിലുള്ള റെസ്റ്റ്ൻറ്റുകളിലെ ടേക്ക് ഔട്ട് സമയം ലൊക്കേഷൻ തുടങ്ങിയ ഉപകാരപ്രദമായ വിവരങ്ങലാണ് ഈ ആപ്പിൽ ലഭിക്കുക. ആദ്യത്തെ ആഴ്ച്ചയിൽ മൂന്നുപേരും തങ്ങൾ താമസിക്കുന്ന മൂന്ന് നഗരങ്ങളിലെ ഡാറ്റ ശേഖരിച്ചു. പിന്നീട് മറ്റുസിറ്റികളിലേയ്ക്കും വ്യാപിപ്പിച്ചു. ഗ്ലെൻ റോക്ക്. ഫെയർലോൺ, ഈസ്റ്റ് ഹാനോവർ,സിറ്റി കൗൺസിൽ, മേയർമാർ എന്നിവരെ നേരിട്ട് ബന്ധപ്പെട്ട ്കാര്യങ്ങൾ വിശദീകരിച്ചു. ഈ നഗരങ്ങളുടെ വെബ് സൈറ്റുകളിലും ഇവരുടെ ആപ്പ് സ്ഥാനം പിടിച്ചുവെന്നു മാത്രമല്ല ഈ നഗരങ്ങളിലെ മേയർമാരുടെ അനുമോദനത്തിനും പാത്രമായി. പ്രാദേശിക പത്രങ്ങളിലും സിറ്റി ബുള്ളറ്റിനുകളിലും ഈ മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള വാർത്തകളും കൂടി വന്നതോടെ ആപ്പ് ഹിറ്റായി.
ഈ നെറ്റ്‌വർക്കിൽ ചേരാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: contact@dinecube.com