വാകമരങ്ങൾ തണലൊഴുക്കിയ ബാസ്ക്കറ്റ് ബോൾ കോർട്ടിൻ്റെ വലത് വശത്തെ സ്ക്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉച്ചവെയിൽ വീണ് തിളങ്ങിയുരുകിയ മദ്ധ്യാഹ്നത്തിൽ ആൻ നീയെന്നോട് പറഞ്ഞു.
'ചരിത്രത്തിലെ ഇരുണ്ട ഭൂഖണ്ഡം’. ഞാനും എൻ്റെ വീടും ഒരു ഇരുണ്ട ഭൂഖണ്ഡമാണ് . രാത്രിയുടെ നിറമുരുക്കിയ മുഖം പൗഡറിട്ടാൽ വെളുക്കില്ലെന്ന് പറഞ്ഞൊടുവിൽ മേരി കന്യാസ്ത്രീ മഠത്തിൽ പോകുന്നു . ഒരു ഇരുണ്ട ഭൂഖണ്ഡം വീടിനുള്ളിൽ നിന്ന് കാർമ്മൽ കോൺവെൻ്റിലേയ്ക്ക് പോകുന്നു'
ആൻ ചിരിക്കുകയോ കരയുകയോ ചെയ്തില്ല. വാകപ്പൂക്കൾക്ക് മീതെ ബാസ്ക്കറ്റ് ബോൾ തട്ടിയുണർത്തി മെറൂൺ പാവാടയും, മഞ്ഞ ബ്ളൗസുമിട്ട കുട്ടിക്കാലുകൾ ഓടിനടന്നു. എത്ര നിർബന്ധിച്ചിട്ടും ആൻ അന്ന് കോർട്ടിലിറങ്ങിയില്ല. രണ്ടായി മെടഞ്ഞ മുടിയുടെ കറുപ്പ് പോലെ കണ്ണിലെ കറുപ്പിൻ്റെ കൃഷ്ണമണി പോലെ ഞാനൊരു പൂവ് തേടി. എൻ്റെ മുന്നിൽ പല നിറങ്ങളുണർന്നു. അതിനിടയിലൂടെ കാർമേഘങ്ങൾ ആകാശത്ത് പറവകളെ പോലെയോ, ദിനോസറുകളെ പോലെയോ ഇന്ദ്രജാലം കാട്ടി മഴയുടെ രംഗപ്രവേശമറിയിച്ചു.
ജൂൺ എല്ലായ്പോഴും അങ്ങനെയാണ്. കരഞ്ഞും, ചിരിച്ചും, പഴിപറഞ്ഞും, സൂര്യനെ അമ്മാനമാടിയും നിലാവിൽ നിന്ന് നക്ഷത്രങ്ങളെ ഒളിപ്പിച്ചും, പിന്നെയത് തുന്നിച്ചേർത്തും വിചിത്രമായ കിനാവുകളുടെ രാജകുമാരിയാണ് ജൂൺ.
സ്ക്കൂൾ കാലം കഴിഞ്ഞ് രണ്ടായി പിരിഞ്ഞ വഴിയിൽ വയനാടൻ ചുരം കടന്ന് പോയ മഴക്കാറിനൊപ്പം ആൻ നടന്നുപോയി. നഗരത്തിലേയ്ക്ക് ഗ്രാമവേരുകൾ മുറിച്ച് പോയപ്പോൾ സത്യമിട്ട് പറഞ്ഞ പോലെ ഇൻലാൻഡുകൾ സഞ്ചരിച്ച തപാൽ പെട്ടികളിലൂടെ സ്കൂൾ ബെഞ്ചിലൊന്നിച്ചിരുന്ന കുട്ടികൾ മറന്നേ പോയില്ല. കനത്ത മേഘങ്ങൾക്കിടയിൽ വീണ മിന്നലടരുകളിലെ തീക്കനൽ കൈയിലെടുത്ത് രുചിച്ച് ആൻ നീ നിൽക്കുന്നത് കണ്ട് അത്ഭുതമുണ്ടാകാത്ത ഒരേ ഒരാൾ ഞാനായിരിക്കും.
കാലം ഉലത്തീയിലിട്ട് ഉരുക്കിയുരുക്കി ആൻ നീ സ്വർണ്ണമായി മാറി. തിളങ്ങുന്ന പതക്കങ്ങൾ കൈയിലേന്തി മുന്നിൽ വന്നെന്നോട് പറഞ്ഞു. നോക്കൂ എൻ്റെ ഇരുണ്ട ഭൂഖണ്ഡങ്ങളിൽ ഞാനൊരു ഹരിതകാനനം പണി തീർത്തു.
മരങ്ങളുടെ തണലിലിരുന്ന് മാമ്പൂ മണക്കുന്ന മെയ് മാസത്തിൽ ആൻ പറഞ്ഞ ജീവയാത്രയുടെ ശില്പശാലയിൽ ചെറിപ്പഴങ്ങളുടെ മാത്രം നെരൂദക്കവിത വായിക്കാനാവാതെ ഇടയ്ക്കിടെ ഞാൻ ചെ യെ വായിച്ചു. സാൻ്റിയാഗോയുടെ വിപ്ളവം വായിച്ചു. സെൻ്റെ പീറ്റേഴ്സ് ബർഗിലെ തലമുറകളുടെ ശൈത്യം സൂക്ഷിച്ച നാഴികമണികളിൽ സമയത്തെ അടയാളപ്പെടുത്താനൊരു വാക്ക് തേടി നടന്നപ്പോൾ മണ്ണിൻ്റെ ഗന്ധമുള്ള കൈ നിവർത്തി ആൻ പറഞ്ഞു. നോക്കൂ എൻ്റെ നിത്യസുഗന്ധികളെ, ഔഷധികളെ.
ഇരുണ്ട മനസ്സുകളെ തോല്പിക്കാൻ സാമ്രാജ്യം പണിത പ്രിയപ്പെട്ട ആൻ നിനക്കായി ഞാൻ ആഴക്കടലുകളിൽ പവിഴദ്വീപുകൾ പണിതിരിക്കും. ചോമോലുംഗ്മയുടെ നിറുകയിൽ ഞാൻ നിനക്കായി ഒരു കൊടി പാറിക്കും. പൗഡർ പൂശിയാലും വെളുക്കാത്ത നിറമെന്ന് നിന്നെയടയാളപ്പെടുത്തിയവരുടെ നാവിൻ തുമ്പിൽ നീ നാട്ടിയ വിജയത്തിൻ്റെ കോലരക്ക് പൂട്ടിൽ അവർ മൗനത്തിലായപ്പോൾ നിൻ്റെ ഹരിതഭൂമി നിനക്ക് വേണ്ടി ശബ്ദിച്ചു. നീ കടന്ന് ചെന്ന ഗോത്രഭൂമി നിനക്കൊരു സിംഹാസനം തന്നു. നീയതിലിരുന്ന് നീതിയ്ക്ക് വേണ്ടി ശബ്ദിച്ചു. നിൻ്റെ ശബ്ദത്തിന് വിശുദ്ധമായ ജലത്തിൻ്റെ നിറമായിരുന്നു. നിൻ്റെ കണ്ണുകളിൽ നിലാവായിരുന്നു. നീയൊഴുക്കിയ ആത്മവിശ്വാസമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ വിജയരഹസ്യം
ഇൻലാൻഡിൻ്റെ പഴയ കെട്ടുകൾക്കിടയിൽ അമ്മയുടെ ഡയറി. വെറുതെ മറിച്ച് നോക്കിയപ്പോൾ സ്ഫുട്നിക്ക് 2 ശൂന്യാകാശത്തേയ്ക്ക് ഉയർത്തിവിട്ട ലൈക്കയുടെ ചരിത്രയാത്രയുടെ ചെറിയ കുറിപ്പ്. പാവം ലൈക്ക എന്ന് വിചാരിച്ചപ്പോഴാണ് ആ കവിത വീണ്ടുമോർമ്മിച്ചത്
നീയെനിക്കയച്ച ആ കവിത ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാൻ
ആൻ ഇന്ന് ഞാനാ കവിത വീണ്ടും വായിച്ചു. ഏറ്റവും മികച്ച ആ വർഷത്തെ കവിത. നീയെനിക്കായി പ്രത്യേകം അയച്ചു തന്നത്.
ജൂൺ എത്രയോ പ്രിയപ്പെട്ട മഴക്കാലമായിരുന്നു . മഴയിലൂടെ കുടയില്ലാതെ നടന്ന് പോകുന്നതായിരുന്നു സ്കൂൾ കാലത്തെ ഏറ്റവും സന്തോഷകരമായ വിശേഷം. എത്ര നനഞ്ഞാലും ജലദോഷപ്പനി പോലും തരാതെ നമ്മളെ പൊതിഞ്ഞിരുന്ന ആ മഴത്തുള്ളികൾക്കരികിലിരുന്ന് ജൂൺ മഴയോർമ്മിക്കാൻ നമ്മുടെ സ്ക്കൂൾ ആലുമ്നി മീറ്റിൻ്റെ കഴിഞ്ഞ വർഷത്തെ ആൽബത്തിൽ നിനക്ക് ഗോത്രസംരക്ഷണത്തിനും എനിക്ക് എഴുത്തിനും കിട്ടിയ പതക്കങ്ങളുടെ തിളക്കം. നമ്മുടെ ഭൂഖണ്ഡം എത്രയോ ഹരിതാഭമായിരിക്കുന്നു എന്നോർത്ത് ആഹ്ളാദം നിറഞ്ഞ മനസ്സോടെ ആൽബേർ കാമുവിൻ്റെ അതിഥി വീണ്ടും വായിച്ചവസാനിപ്പിച്ച്, മടക്കിവച്ച് നിലാപ്പിശുക്കുള്ള രാത്രി ഒന്ന് കൂടി വായിക്കാം എന്നോർത്തിരുന്നപ്പോഴാണ് ഭൂഖണ്ഡങ്ങൾ ഇരുളിലാക്കുന്നവരുടെ കുതിരക്കുളമ്പടി വീണ്ടും കേൾക്കുന്നത്.
ആൻ നീയെനിക്കിന്ന് വീണ്ടും ആ കുട്ടിയുടെ കവിത അയച്ചിരിക്കുന്നു
Some years ago, a little African child wrote a poem, which went on to be nominated by the United Nations as the best poem of the year. It was called ‘I Black’.
I Black
When I born, I black
When I grow up, I black
When I go in sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you grey
And you calling me coloured?
നഗരവീടിൻ്റെ ജാലകത്തിനരികിലെ ചന്ദനമരത്തിനും, പാരിജാതപ്പൂമരത്തിനും മേലെ ജൂൺമഴ പെയ്യുകയാണ്. നക്ഷത്രങ്ങളെ ഒളിപ്പിച്ചും നിലാവിൻ്റെ തോണി മുക്കിയും, ജലത്തിൻ്റെ വർണ്ണമിതെന്ന് പറഞ്ഞും ജൂൺ പെയ്തു തുടങ്ങിയിരിക്കുന്നു. ഞാനാ കവിത വീണ്ടും വീണ്ടും വായിച്ചു. ജലത്തിൻ്റെ നിറമുള്ള ഭൂഖണ്ഡങ്ങളാകുമോ പ്രളയെമെന്ന് നീ ചോദിക്കുന്നു. എനിക്കറിയില്ല ആൻ.
ഞാൻ ഈ കവിതയുടെ നിറമേതെന്ന് അറിയാൻ ശ്രമിക്കട്ടെ...