ഹരിതപാഠങ്ങള്‍(കവിത: സീന ജോസഫ്)

സീന ജോസഫ് Published on 02 July, 2020
ഹരിതപാഠങ്ങള്‍(കവിത: സീന ജോസഫ്)
ഇലകളെ നോക്കൂ,
എത്ര വളരെക്കുറച്ചു മാത്രം മതിയവയ്ക്ക്
ഒരു ചെറുകാറ്റു മതി ഉള്ളം തുളുമ്പാനും തുള്ളിത്തുടിച്ചാര്‍ക്കാനും
വലുതോ ചെറുതോ ആയിക്കൊള്ളട്ടെ,
മഴ മുഴുവന്‍ എത്ര ഉള്‍നിറവോടെയാണവ നിന്നു നനയുന്നത്
പിന്നെയും എത്രയോ നേരമാണ് ആ ഓര്‍മ്മകളില്‍ നിന്നു പെയ്യുന്നത്
ഗ്രീഷ്മസൂര്യന്‍ പൊന്നുരുക്കുമ്പോഴും
സായന്തനം കുങ്കുമം ചാലിക്കുമ്പോഴും അവയ്ക്കൊരേ ഭാവം
പരിഭവമെന്തിന്, വേരുകള്‍ അടിമണ്ണില്‍ നനവറിയുന്നണ്ടല്ലോ
എന്തൊരു കര്‍മ്മോല്‌സുകതയാണ്,
ആയിരിക്കുന്നിടം ശുദ്ധിചെയ്യാന്‍, നാളേയ്ക്കു കരുതിവയ്ക്കാന്‍
ഇത്തിരിപ്പോന്ന പച്ചയില്‍ നിത്യവും എന്തൊക്കെ രാസപരിണാമങ്ങളാണ്
നിലാവിന്റെ കുളിര്‍ക്കൈകളാല്‍
രാത്രികള്‍ നെറുകയില്‍ ചാര്‍ത്തുന്ന കുളിര്‍ച്ചന്ദനം മാത്രം മതി
മടുപ്പേതുമില്ലാതെ പുലരികളെ വീണ്ടും വീണ്ടും വരവേല്‍ക്കുവാന്‍
ഇലകളെ നോക്കൂ, എത്ര ഹൃദ്യമായാണവ ജീവിതം ആഘോഷിക്കുന്നത്
എത്ര പരിഭവലേശമെന്യേയാണവ കൊഴിഞ്ഞു തീരുന്നത്.....!

ഹരിതപാഠങ്ങള്‍(കവിത: സീന ജോസഫ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക