Image

മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം (വാൽക്കണ്ണാടി - കോരസൺ)

Published on 02 July, 2020
മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം (വാൽക്കണ്ണാടി - കോരസൺ)
ചോദ്യം ചെയ്യലില്ലാതെ വിഴുങ്ങുന്ന ശരികൾ സാമൂഹിക പുരോഗതിക്ക് പരിഹാരങ്ങൾ കാണുന്നതിൽ പരാജയപ്പെടും. യുക്തി, സംശയം, നിഷ്‌പക്ഷമായ വിലയിരുത്തൽ ഒക്കെ ഒരു ശരാശരി സത്യത്തെ ഉറപ്പിക്കാൻ അനിവാര്യമാണ്. പരിഹരിക്കാൻ പറ്റാത്തവ പ്രശ്‌നമായിതന്നെ നിലനിൽക്കും.അങ്ങനെ അവ നിലനിൽക്കുകതന്നെ വേണം. സാമൂഹിക ശാസ്ത്രജ്ഞർ വിവക്ഷിക്കുന്ന 'പോസിറ്റീവിസം' എന്ന തത്വചിന്ത,  സ്വാഭാവികമായ പ്രതിഭാസം തന്നെയാണ്. വസ്‌തുതകള്‍ വിവേചനത്തോടെ സമീപിക്കപ്പെടണം. വെള്ളത്തിൽ കാണുന്ന മുഖം യാഥാർഥത്തിലുള്ളതല്ല, മാനസീകമായ കാഴ്ചകളെ അടിസ്ഥാനപ്പെടുത്തി യുക്തി ചിട്ടപ്പെടുത്താനാവില്ല. അതുകൊണ്ടു അറിവുകൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കണം. ഈ പോസിറ്റീവിസം ആണ് എല്ലാ ശാസ്ത്ര പാഠങ്ങളുടെയും അടിസ്ഥാനം.

തോമസ് അപ്പോസ്തോലനാവണം ആദ്യത്തെ പ്രകൃതിതത്ത്വജ്ഞാനവാദി (Positivist). അദ്ദേഹം തന്നെയാവണം  പരിചയമാര്‍ഗം (Empiricism, അനുഭവം മാത്രമാണ്‌ ജ്ഞാനത്തിനു കാരണമെന്നുള്ള വിശ്വാസം) എന്ന ചിന്താധാരയുടെ സ്ഥാപകന്‍. വിശ്വാസത്തിനു ആധാരമാകേണ്ടത് യുക്തിസഹജമായ തെളിവുകളാണ് എന്നത് വിശ്വാസത്തെ നിഷേധിക്കലല്ല.ഞങ്ങൾ ഉയർക്കപ്പെട്ട യേശുവിനെ കണ്ടു എന്ന് മറ്റുശിഷ്യർ തോമസിനോട് പറയുന്നു. ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് തോമസ് തർക്കിക്കുന്നു. 

മറ്റു ശിഷ്യന്മാർക്കും യേശു ആണിപ്പാടുകൾ കാട്ടിക്കൊടുത്തിരുന്നു. ഇത്തരം  ഒരു ചിന്തയും സമീപനവും യേശുവിന്റെ അടുത്ത സുഹൃത്‌വലയത്തിൽ നടപ്പുള്ളതായിരുന്നിരിക്കാം. ഇവർ തമ്മിൽ പരസ്പരം തർക്കവും വാദങ്ങളും തെളിവുകൾ ആവശ്യപ്പെടുന്നതും ഒക്കെ സാധാരണമായിരുന്നിരിക്കാം. അങ്ങനെയാണല്ലോ ഒരുകൂട്ടമായി ഒരു പുതിയ ചിന്താധാര രൂപപ്പെടുന്നതും. വെറുതേ എന്തെങ്കിലും പറഞ്ഞു വിശ്വസിക്കാൻ പ്രേരിപ്പിച്ചാൽ ആ വിശ്വാസങ്ങൾ ഒന്നും നിലനിൽക്കില്ല. യേശുവിനും ഇത് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് തെളിവുകളുമായി തോമസിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, വിലാപ്പുറത്തു കൈയ്യിടുവാൻ അനുവദിക്കയും ചെയ്യുന്നു. ഉയർത്തെഴുനേറ്റശേഷം എന്നെ തൊടരുത് എന്ന് മറിയയോട് യേശു പറയുന്നുണ്ട്. എന്നാൽ എല്ലാ മാന്യതയോടും കൂടെത്തന്നെ തന്റെ ഉയർക്കപ്പെട്ട ശരീരത്തെ തൊടാൻ തോമസിനെ സ്വാഗതം ചെയ്യുന്നു.

എംപിരിസിസം അല്ലെങ്കിൽ അനുഭവവാദം,പ്രകൃതിശാസ്‌ത്രത്തിൽ പൊതുവെ ഉപയോഗപ്പെടുത്തുന്ന ഒരു പദമാണ്. ജ്ഞാനസമ്പാദനത്തിന് നിദാനം ഇന്ദ്രിയാനുഭവമാണ് എന്ന സിദ്ധാന്തമാണ് അനുഭവവാദം. ഏതൊരു ആശയത്തിന്റെയും പ്രസ്താവനയുടെയും വാസ്തവികത നിർണയിക്കുന്നതിനുള്ള അന്ത്യപരീക്ഷണം മനുഷ്യന്റെ അനുഭവം തന്നെയാണെന്ന സിദ്ധാന്തം അനുഭവവാദത്തിന്റെ മറ്റൊരു രൂപമാണ്. ഇത് പരീക്ഷണത്തെ പൂർണ്ണമായി ഉൾകൊണ്ടുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലി ആണ് തോമസ് അനുവർത്തിച്ചത്. 
 
യേശു തോമസിനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. അവിശ്വാസിയായ തോമസ് എന്ന പൊതുവേ വിരൽചൂണ്ടപ്പെടുമ്പോഴും, വ്യക്തമായ തെളിവുകൾ കൂടാതെ നിങ്ങൾ പറയുന്നത് വിശ്വസിക്കുക ശരിയല്ല എന്ന് നേരിട്ട് പ്രസ്താവിക്കുകയാണ്. മറ്റു ശിഷ്യന്മാരോട് തർക്കിക്കാനുള്ള മാനസീക സമ്മർദം ആ വ്യക്തിവൈശിഷ്‌ട്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനു മുൻപും ഇത്തരം പെരുമാറ്റങ്ങൾ തോമസിൽനിന്നും ഉണ്ടായിട്ടുണ്ട്. 

യോഹന്നാന്റെ സുവിശേഷം 14-)o അധ്യായത്തിൽ യേശു പിതാവിന്റെ ഭവനത്തിലേക്ക് പോകുന്നു, വഴി നിങ്ങൾക്കറിയാമല്ലോ, ഞാൻ വന്നു കൊണ്ടുപോകാം എന്നൊക്കെ പറയുന്നു. കാര്യങ്ങൾ അപ്പടി വിഴുങ്ങുവാൻ തോമസ് തയ്യാറായില്ല. തോമസ് മുഖത്തടിച്ചതുപോലെ പ്രതികരിച്ചു, കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും? ഇവിടെയാണ് സാമൂഹ്യശാസ്ത്രത്തിലെ പോസിറ്റീവിസം ചർച്ചചെയ്യപ്പെടുന്നത്. അന്വേഷണാൽമകമായ  ചോദ്യങ്ങൾ സത്യത്തെ നിഷേധിക്കലല്ല, സത്യത്തെ ഉറപ്പിക്കലാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് തത്ത്വചിന്തകന്‍ അഗാസ്തെ കോമ്പതേ സത്യം തിരിച്ചറിയാനുള്ള മൂന്നു അവസ്ഥകളെക്കുറിച്ചു പറയുന്നുണ്ട്. ദൈവശാസ്‌ത്രപരമായ, ഭൗതികാതീതമായ, യഥാര്‍ത്ഥമായ, എന്നീ നിലകളിൽ ഓരോ സത്യത്തെയും അപഗ്രഥിക്കണം. അത് മാനവീയമായ ഒരു അവകാശമാണ്. അത് തീർത്തും ഉൾകൊണ്ട ഒരു വ്യക്തിത്വമായിരുന്നു തോമസ് അപ്പോസ്തോലൻ. യേശു മറുപടി പറയുന്നു ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. ക്രിസ്തുമതത്തിന്റെ വഴിയും ലക്ഷ്യവും മാർഗ്ഗവും എന്ന അടിസ്ഥാന സത്യം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. തോമസിന്റെ ഇത്തരം ചൊടിപ്പിക്കുന്ന ചോദ്യങ്ങളാണ് ക്രിസ്തുമതചിന്തയുടെ ആധികാരിക ശിലയായി മാറിയത്. വളരെ നിഷ്‌കളങ്കമായ ഒരു ചോദ്യം ഉദ്ദീപിപ്പിച്ച സത്യത്തിന്റെ പൊരുൾ ഇന്നും ലോകം തിരയുകയാണ്.

വിശ്വാസങ്ങൾ രൂപപ്പെടുത്തേണ്ടത് കാലത്തിനൊത്തുപോവുന്ന അടിസ്ഥാനശിലകളുടെ ഉറപ്പിന്റെ പേരിലാവണം. അതാണ് തോമസ് അന്വേഷിച്ചത്. വിശ്വാസത്തിന്റെ അപ്പോസ്തോലനു യുക്തിസഹജമായ അന്വേഷണം, തമ്മില്‍തമ്മിലുളള നിധേഷിക്കലല്ല. വിശ്വാസം പരിപൂണ്ണമാകണമെങ്കിൽ ഉപരിവിപ്ലവമായ ആശയങ്ങൾകൊണ്ട് നിർമ്മിക്കുന്ന ചുള്ളിക്കമ്പുകളുടെ കൊട്ടാരമല്ല ഉയർത്തേണ്ടത്; ഒരു യുഗസന്ധിയിലും തകരാത്ത ഉറച്ച വസ്തുതകളുടെ സത്യചങ്ങലകൾകൊണ്ടായിരിക്കണം ബന്ധിക്കപ്പെടേണ്ടത് എന്ന് തോമസിനു വ്യക്തമായിരുന്നു

അത്തരം ഒരു സ്വയം അന്വേഷണത്തിന്റെ ഭാഗമായിട്ടാവണം അടച്ചിരുന്ന മുറിയിൽ നിന്നും തോമസ് തനിയെ പുറത്തുപോയത്. ചില സത്യങ്ങൾ തൊട്ടറിയുകതന്നെവേണം, അനുഭവത്തിലൂടെ ആർജിക്കുന്ന അറിവിന് പരിധികൾ ഉണ്ടാവില്ല. ആപേക്ഷികമായ അറിവുകൾ നിരന്തരം  പുനഃപരിശോധിക്കുക ആവശ്യമാണ്, അനുമാനങ്ങൾ, നിഗമങ്ങൾ,സംഭവ്യത ഒക്കെ വിശകലനം ചെയ്തു,  കൃത്രിമത്വം ഒഴിവാക്കി സത്യം ഉറപ്പാക്കികൊണ്ടിരിക്കണം. പിന്നെ മറ്റു ശിഷ്യന്മാരിൽനിന്നും വേറിട്ട ഒരു ദിശയിൽ സഞ്ചരിക്കാനുള്ള ഒരു മനസ്സൊരുക്കമാണ് റോമാസാമ്പ്രാജ്യ അതിരുകൾവിട്ടു ചൈനവരെയുള്ള ദീർഘമായ നീണ്ട യാത്രകളിലൂടെ ക്രിസ്തുവിന്റെവഴി തെളിയിച്ചുപോയത്.  

1623 -ൽ ചൈനയിലെ സിയാൻ ഫു പ്രിവിശ്യയിൽ നിന്നും കണ്ടെടുത്ത, 635 -ൽ ചൈനയിൽ എത്തിച്ചേർന്ന ആല്ഒബെൻ എന്ന നെസ്തോറിയൻ മിഷനറിയുടെ സ്മാരകശില തോമസ് അപ്പോസ്തോലന്റെ പാതയുടെ വിസ്തൃതി അടയാളപ്പെടുത്തുന്നു. അന്ന് അവിടം ഭരിച്ചിരുന്ന എമ്പറർ ഗാവോസോങ്, ആല്ഒബെനു ബഹുമാനസൂചകമായി 'സാമ്പ്രാജ്യത്തിന്റെ സംരക്ഷകൻ, വലിയ നിയമത്തിന്റെ പ്രഭു' എന്ന സ്ഥാനനാമം കൊടുത്തതായും പ്രാചീന ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. (Aluoben, a Nesthorian Missionary in the 7 th Centuary China by Kahar Barat, Harvard University). വിശാലമായ പൗരസ്ത്യ ദേശങ്ങളിൽ ക്രിസ്തുസന്ദേശം എത്തിക്കുവാൻ കടലുകളും കൊടുമുടികളും താണ്ടി, താൻ ഉറപ്പിച്ചെടുത്ത വിശ്വാസസംഹിതകൾ അവിടവിടെയായി പാകി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു തോമസ് അപ്പോസ്തോലൻ. ഒന്നും വെട്ടിപിടിക്കുകയായിരുന്നില്ല; ഒരു വലിയ ലോകത്തെ സ്നേഹത്തിന്റെ സുവിശേഷത്തിൽ മുക്കിയെടുക്കുകയായിരുന്നു.    

ആംഗ്ലോ സാക്സൺ ക്രോണിക്കിൾ പ്രകാരം AD 883 -ൽ വെസ്സക്സ് മഹാരാജാവ് ആൽഫ്രഡ്‌ ദി ഗ്രെയിറ്റ്, അപ്പോസ്തോലന്മാരായ തോമസിന്റെയും ബെർത്തലോമയുടെയും കബറുകളിലേക്കു നേർച്ചകൾ അർപ്പിക്കാൻ രണ്ടു പേരെ ഇന്ത്യയിലേക്ക് അയച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ലണ്ടനിൽ വൈക്കിംഗ് സേന നടത്തിയ ആക്രമണങ്ങളെ ചെറുക്കാൻ അനുഗ്രഹിച്ച ദൈവത്തിനു നേർച്ചയായിട്ടു, തൻറെ പ്രതിജ്ഞയുടെ നിറവേറ്റൽ ആയിട്ടാണ് രാജാവ് ഇത് ചെയ്യുന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ ആംഗ്ലോ സാക്സൺ ദിനവൃത്താന്തങ്ങളിൽ കാണപ്പെടുന്ന പ്രകാരം, ഭാരതത്തിന്റെ അപ്പോസ്തോലൻ പുണ്യവിശ്രമം  കൊള്ളുന്ന പ്രദേശത്തെപ്പറ്റി റോമിലും പാശ്ചാത്യദേശത്തും പ്രസിദ്ധമായിരുന്നു എന്നാണ് കൂട്ടിവായിക്കേണ്ടത്. അവിടേക്കുള്ള തീർത്ഥയാത്രകളും വഴിപാടുകൾ പോലും പ്രസിദ്ധമായിരുന്നിരിക്കണം. ബോധപൂർവമായ തുടച്ചുനീക്കലുകളിൽ നമ്മുടെ ഇടങ്ങളിൽ  ചരിത്രം കൈമോശം വന്നിരിക്കാം അത് വേദനിക്കുന്ന ഭൂതകാലത്തിന്റെ ആശങ്കകളായി നിലനിൽക്കട്ടെ.

ജൂലൈ മൂന്ന്, ഭാരതത്തിന്റെ അപ്പോസ്തോലൻ എന്ന് വിശേഷിക്കപ്പെടുന്ന സെന്റ് തോമസിന്റെ ഓർമ്മദിനം.
ഭാരതീയ ക്രൈസ്തവസഭയുടെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും മുദ്രയാണ് ക്രിസ്തുവർഷം 52-ൽ തോമസ് അപ്പോസ്തോലൻ  കൊടുങ്ങല്ലൂർ (മസൂറിസ്‌) എത്തിയെന്നും ക്രിസ്തുവർഷം 72-ൽ മൈലാപ്പൂരിൽ വച്ച് രക്തസാക്ഷിയായി എന്നുമുള്ള വിശ്വാസം. വായ്മൊഴിയായും വരമൊഴിയായും പാരമ്പര്യം കൈമാറി ഫിക്‌ഷനും ചരിത്രവുമായി ഇണപിരിഞ്ഞു കിടക്കുന്ന സംഭവങ്ങളെ പൊടിതട്ടി എടുക്കുകയല്ല എന്റെ ഇപ്പോഴത്തെ ഉദ്ദേശം.

മറ്റുശിഷ്യന്മാർക്കു ഉയർത്തെഴുനേറ്റ യേശു തൻറെ കയ്യും വിലാപ്പുറവും കാണിച്ചു. എന്നാൽ ആദ്യതവണ തോമസ് അവരോടൊപ്പം ഉണ്ടായിരുന്നില്ല. 8 ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. യേശു തോമസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (My Lord and my God) എന്ന് പ്രതികരിച്ചു. യേശുവിനെക്കുറിച്ചു ഇത്രയും തീഷ്ണമായ ഒരു സാക്ഷ്യം ക്രിസ്ത്യൻ എഴുത്തുകളിൽ അപൂർവമായി  മാത്രമേ കടന്നു വന്നിട്ടുള്ളൂ. അത് തോമസിനു അവകാശപ്പെട്ടതാണ്, അങ്ങനെയാണ് ആ അപ്പോസ്തലൻ ഓർക്കപ്പെടേണ്ടതും.സംശയിക്കുന്ന തോമസ് എന്നല്ല, വിശ്വാസികളുടെ അപ്പോസ്തോലൻ എന്നാണ് തോമസിനെ അടയാളപ്പെടുത്തേണ്ടത്. 

‌ഇരട്ട എന്ന് വിശേഷിക്കപ്പെടുമ്പോഴും ആരാണ് ഇരട്ട സഹോദരനെന്നു വ്യക്തമല്ല. ക്രിസ്തുവിനു ശേഷം ഏതാണ്ട് ഒരു നൂറ്റാണ്ടോടെ ക്രോഡീകരിക്കപ്പെട്ട  സുവിശേഷകർത്താക്കളിൽ മത്തായിയും യോഹന്നാനുമാണ് ശിഷ്യന്മാരായി യേശുവിനൊപ്പം സഞ്ചരിച്ചിരുന്നവർ. യോഹന്നാൻ വളരെ കൃത്യമായി തോമസിനെപ്പറ്റി കുറിക്കുമ്പോൾ, ശിഷ്യന്മാരിൽ വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു എന്നാൽ ആദ്യ സുവിശേഷങ്ങളിൽ പത്രോസിനു പ്രാമുഖ്യം നൽകപ്പെടുന്നത് വിചിത്രമായി തോന്നാം. അതിന്റെ പിറകിലെ ചേതോവികാരം അപ്പോഴത്തെ ചിതറിയ എഴുത്തുകൾ ക്രോഡീകരിച്ചവരുടെ മാനസീക അവസ്ഥയാണെന്ന് അനുമാനിക്കുകയെ തരമുള്ളൂ. 

അപ്പോസ്തോലന്മാരുടെ അപ്പോസ്തോലൻ എന്ന് വിശേപ്പിക്കാൻ പറ്റിയ ഒരു അവസരമാണ് യേശുവിന്റെ സ്നേഹിതനായ ലാസർ മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ ഉണ്ടായ സംഭാഷണം. യോഹന്നാന്റെ സുവിശേഷം 11 -)൦ അദ്ധ്യായത്തിൽ വിവരിക്കുന്നു. നിദ്രയെക്കുറിച്ചും മരണത്തെക്കുറിച്ചും, പകലിലെയും  രാത്രിയിലെയും  സഞ്ചാരത്തെയും ഒക്കെ യേശു ഫിലോസഫിക്കലായി പറയുന്നു. കല്ലെറിയാൻ സാദ്ധ്യതയുള്ളതിനാൽ യഹൂദ്യയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് ശിഷ്യന്മാർ ആവശ്യപ്പെടുമ്പോഴും, യേശു യാത്രതിരിക്കാൻ ഒരുങ്ങുന്നു. ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു. ഇത് വീണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ വളരെ കാതലായ ഒരു സത്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ക്രിസ്തുവിനോടുകൂടി മരിക്കാൻ പോകുക എന്നതാണ് ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷം. ഇത് യേശുവിന്റെ സാന്നിധ്യത്തിൽ തോമസ് മറ്റു ശിഷ്യന്മാരോട് ആവശ്യപ്പെടുകയാണ്. യേശുവിന്റെ ഉപദേശങ്ങളുടെ സംക്ഷിപ്ത സമാഹാരമാണ് 'അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക' എന്ന ചുരുങ്ങിയ വാക്കുകളിൽ തോമസിൽ നിന്നും അടർന്നുവീണത്. കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു, പിന്നീട് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെപോലെയായിരുന്നില്ല തോമസ്, അവനോടുകൂടെ പോകുക എന്നുപറഞ്ഞിട്ടു ധൈര്യപൂർവ്വം യേശുവിന്റെ പിന്നിൽ അണിനിരക്കാൻ എഴുനേറ്റുകാണണം. ആ ധൈര്യത്തിലാവണം മറ്റുള്ളവരും കൂടിയത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുരിശെടുത്തു എന്നെ അനുഗമിക്കുക എന്ന വഴികാട്ടിക്കൊടുക്കൽ; ദുരിതപൂർണ്ണമായ ലോകത്തിൽ വെല്ലുവിളികളെ സധൈര്യം നേരിടുവാനുള്ള ഒരു ആഹ്വാനം, പിതാവിലെത്തിച്ചേരുന്ന പൂർണ്ണത, ഇത്തരം  മൗലികമായ ക്രിസ്തുസിദ്ധാന്തം തോമസിൽകൂടി വെളിപ്പെടുകയായിരുന്നു. ഇങ്ങനെയുള്ള തോമസ് അപ്പോസ്തോലൻ എങ്ങനെ ആദിമകാല പണ്ഡിത പരാമർശങ്ങളിൽനിന്നും മങ്ങിപ്പോയി എന്ന് ചിന്തിക്കേണ്ടതുണ്ട്. 

തോമസ് അപ്പോസ്തോലന്റെ ഭാരതത്തിലെ സുവിശേശീകരണത്തെ സംശയിക്കുകയും, ചെറുതാക്കുകയും ചെയ്യുന്നതിൽ അക്രൈസ്തവരിൽനിന്നുള്ള വിവേചനത്തെക്കാൾ ക്രൂരമായി തരം താഴ്ത്തുകയും ചെയ്യുന്നത് ചില ക്രിസ്തീയ സമൂഹങ്ങൾ തന്നെയാണ്. കോളനിവൽക്കരണത്തിന്റെയും, വർണ്ണവെറിയുടെയും നിഴലിൽ ഭാരത ക്രൈസ്തവ സമൂഹത്തെ തരം താഴ്ത്താൻ ശ്രമിക്കുമ്പോൾ അപ്പോസ്തോലന്മാരുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ അപ്പോസ്തോലൻ തോമസ്, നൽവരം ലഭിക്കാത്ത, നിറംകുറഞ്ഞ, വിലകുറഞ്ഞ അപ്പോസ്തോലനായി ഇന്നും വേട്ടയാടപ്പെടുന്നു. ജീസസിന്റെ തിരുവിലാവിൽ കൈ ചേർത്തുപിടിക്കാൻ ഭാഗ്യം ലഭിച്ച ഏക അപ്പോസ്തോലൻ, ഭാരതത്തിന്റെ മണ്ണിൽ തന്റെ ശരീരവും രക്തവും അലിഞ്ഞു ചേർന്ന് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യർ രണ്ടായിരം വർഷങ്ങളായിട്ടും എല്ലാ എതിർപ്പുകളെയും അവഗണിച്ചു ഭാരതത്തിന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ തെളിവ്, ഏറ്റവും വലിയ നിറവ്, ഏറ്റവും വലിയ കനിവ്. 
മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം (വാൽക്കണ്ണാടി - കോരസൺ)
മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം (വാൽക്കണ്ണാടി - കോരസൺ)

St. Thomas

മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം (വാൽക്കണ്ണാടി - കോരസൺ)

King Alfred the Great

മാർ തോമ്മാശ്ലീഹായുടെ പരിശുദ്ധ യുക്തിവാദം (വാൽക്കണ്ണാടി - കോരസൺ)

Vikings

Join WhatsApp News
George Nadavayal 2020-07-02 21:31:40
Beautiful and elucidative. Thank you Korason.🙏💐🌹🏆
നെസ്തോറിയോസ് 2020-07-02 21:50:31
ഇത്രയും ചിന്തനീയമായ രീതിയിൽ തോമയുടെ സംശയവും ഉറപ്പും വായിക്കുന്നത് ആദ്യമായാണ്. മാർത്തോമാ എന്നും തെറ്റിദ്ധരിക്കപ്പെട്ട അപ്പോസ്തോലൻ ആയിരുന്നല്ലോ. നല്ല ലേഖനം. നെസ്തോറിയോസ്
Mathew V zacharia, new yorker 2020-07-03 11:39:07
MAR THOMA (ST.THOMAS) BY KOROSON. VERY INFORMATIONAL AT ITS PROPER TIME. HAVE A VERY BLESSED ST.THOMAS DAY. MATHEW V.ZACHARIA, NEW YORKER
പി. വറുഗീസ് 2020-07-03 14:28:43
ചരിത്രത്തില്‍ ഇല്ലാത്ത യേശുവിന്‍റെ ശിഷ്യന്‍ ? മതങ്ങളുടെ ചരിത്ര വസ്തുതകൾ ചൂണ്ടികാണിച്ചു പൊട്ടത്തരങ്ങൾ വെളിപ്പെടുത്തിയാലും വിശ്വാസികൾ അതെല്ലാം മുൻവിധിയോടുകൂടി തിരസ്കരിക്കും. അത് എഴുതിയ ആളിന്റെ അജ്ഞതയാണെന്നും മതപണ്ഡിതരെ സമീപിച്ചാൽ എല്ലാത്തിനും ഉത്തരമുണ്ടാകുമെന്നും ഉപദേശിക്കും.ആരും അതിലെ യുക്തിയോ അയുക്തിയോ ചൂണ്ടികാണിക്കില്ല. എല്ലാം ശെരിയാണെന്ന ഭാവം. ഇത്തരം അവസരങ്ങളിൽ പോസ്റ്റ്മാനെ വ്യക്തിപരമായി അധിക്ഷേപിക്കാനും വിശ്വാസികൾ ശ്രമിക്കു൦. അതെന്തുകൊണ്ടാണെന്നു എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. വിശ്വാസികളെ ചിന്തിപ്പിക്കുവാൻ ഒരു ശ്രമം കൂടി ഞാൻ നടത്തി നോക്കട്ടെ. സംഘടിത മതങ്ങൾ കൊണ്ട് മനുഷ്യരാശിക്ക് കൂടുതൽ തിന്മകളാണ് വന്നു ഭവിച്ചിട്ടുള്ളതെന്നു ഏവർക്കുമറിയാവുന്ന വസ്തുതയല്ലേ? ഇന്ന് ക്രിസ്തുമതത്തെകുറിച്ചുള്ള സംശയങ്ങൾ നോക്കൂ. ദൈവ പുത്രൻ രക്ഷാകരകർമ്മത്തിനു വന്നതെന്തിനാണ്‌? അദവും ഹവ്വയും തിന്നരുതു എന്ന് വിലക്കിയ ഒരു ആപ്പിൾ തിന്നതിനോ? അതത്ര വലിയ മണ്ണാങ്കട്ടയാണോ? നാം കുട്ടികളുടെ ചെറിയ അനുസരണക്കേടുകൾ പൊറുക്കില്ലേ? സ്നേഹനിധിയായ ദൈവത്തിനു അത് പൊറുത്തുകൂടായിരുന്നോ? അവർക്ക് എല്ല മാരണങ്ങളും നൽകി. മരണം കൊടുത്തു. പറുദീസയിൽ നിന്ന് പൊറത്താക്കി. പേരെ? പക്ഷേ, ദൈവത്തിന്റെ കോപം തീർന്നില്ല. വരും തലമുറകൾ ചാവദോഷത്തിൽ ജനിക്കാൻ ശപിച്ചു. അവർ എന്ത് തെറ്റ് ചെയ്തു? അത്ഭുതങ്ങൾ ചെയ്തും, മരിച്ചവരെ ഉയിർപ്പിച്ചും പുരുഷാരത്തിന്റെ കൂടെ സർവശക്തൻ ഭൂമിയിൽ നടന്നിട്ട് യെഹൂദ ചരിത്രകാരന്മാർ പോലും അറിയാതെ പോയി. സുവിശേഷകർ ഒരു നൂറ്റാണ്ടു കഴിഞ്ഞു AD 110,130, 140 ലൊക്കെയാണല്ലോ റോമിലും അന്ത്യോക്യയിലും ഇരുന്നുകൊണ്ടു ഗ്രീക്കുഭാഷയിൽ (യേശുവിന്റെയും ശിഷ്യരുടേയും അരാമിക് ഭാഷായായിരുന്നു)-സുവിശേഷ കഥകൾ എഴുതിപിടിപ്പിച്ചത്. മനുഷ്യൻ ഭൂമിയിൽ വന്നിട്ട് രണ്ട് ലക്ഷം വർഷങ്ങളെങ്കിലുമായി. 2000 വര്ഷങ്ങള്ക്കു മുൻപ് മാത്രമാണല്ലോ ദൈവം വന്നത്. അതിനു മുൻപുള്ള മനുഷ്യരെ എന്തുകൊണ്ട് രക്ഷിച്ചില്ല? മനുഷ്യരെ എന്നും പ്രകൃതി ക്ഷോഭങ്ങൾക്കും (കോടികളാണ് ഭൂമികുലുക്കത്തിലും, പ്രളയത്തിലും, കൊടുംകാറ്റിലും, അഗ്നിപർവത സ്പോടനത്തിലും ഓരോ നൂറ്റാണ്ടിലും മരിക്കുന്നതു) രോഗങ്ങൾക്കും, കോളറ, വസൂരി, ക്ഷയം, കൊറോണ മുതലായ മഹാമാരികൾക്കും അടിമകളാക്കുന്നതു? എന്തെ ജനിച്ചിട്ടുള്ള മനുഷ്യരിൽ പകുതിയെയും കുട്ടികളായിരിക്കുമ്പോഴേ കാലപുരിക്കയച്ചത്? വേദനയും ക്ഷാമവും രോഗങ്ങളും മഹാമാരികളും പ്രകൃതി ക്ഷബങ്ങളുമാണല്ലോ മനുഷ്യരെ എന്നും വേട്ടയാടുന്നത്? എന്തെ ദൈവം ഒരു ഗോത്രത്തെ തന്റെതു മാത്രമായി തിരഞ്ഞെടുത്തത്? മറ്റുള്ളവരൊക്കെ ജാരസന്തതികളോ? ആടുമാടുകളെ അറുത്തു ചൂട് ചോര തന്റെ ബലിപീഠത്തിൽ തളിക്കാൻ പറയുന്ന ദൈവം. ബലിമൃഗത്തിന്റെ നെയ്യുള്ള മാംസ വേവുമ്പോഴത്തെ രുചി ആസ്വദിക്കുന്ന ദൈവം. (ലേവ്യരുടെ പുസ്തകം വായിച്ചു നോക്കൂ.) ദൈവത്തിന്റെ മാലഖ ആദ്യജാത കുട്ടികളുടെ തലവെട്ടുന്നു. (പുറപ്പാടിൽ വിശദാംശങ്ങളുണ്ട്.) യഹൂദർ പെസഹാ നാളുകളിൽ ദൈവം തങ്ങളുടെ ആദ്യ ജാതരെ കൊല്ലാതിരിക്കാൻ വാതിൽപ്പടിയിൽ രക്തം തളിക്കുന്നു. തന്റെ ഗോത്രത്തെ പാർപ്പിക്കുവാനായി മറ്റു രാജ്യങ്ങളെ നശിപ്പിക്കുന്നു. ജനതയെ കൊല്ലുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യാന്നു. കന്യകകളെ പട്ടാള മേധാവികൾക്കായി മാറ്റിവെക്കുന്നു. കൂടപ്പിറപ്പുകളുമായുള്ള സെക്‌സും അടിമകച്ചവടവും പ്രോത്സാഹിപ്പിക്കുന്നു. നൂറുകണക്കിന് ഭാര്യമാരുള്ള ദാവീദിനെയും സോളമനെയും പുകഴ്ത്തുന്നു. അവർക്കു ദൈവം വെപ്പാട്ടികളെ സംഘടിപ്പിക്കുന്നു. മറ്റു ദൈവങ്ങളെയും മതാചാരങ്ങളെയും ചവിട്ടി താഴ്ത്തുന്ന, തീമഴയും പ്രളയവും കൊണ്ടുവരുന്ന ക്ഷിപ്രകോപിയും അസൂയാലുവും അഹങ്കാരിയുമായ ദൈവം. ഇതിനെയാണ്‌ നിങ്ങൾ വണങ്ങുന്നത്. പുത്രൻ വന്നപ്പോൾ അപ്പൻ ദൈവത്തിന്റെ ജനത്തെ തഴഞ്ഞു.2000 വർഷങ്ങളിൽ ക്രിസ്ത്യാനികൾ യഹൂദരെ വേട്ടയാടി കൊന്നൊടുക്കി. അപ്പൻ ദൈവത്തിന്റെ കൽപ്പനകൾ -സുന്നത്തു ചെയ്യണം, വിഗ്രഹാരാധന പാടില്ല ഇതെല്ലം കാറ്റിൽ പരത്തി. പള്ളികൾ വിഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞു. ദൈവ സഭ തമ്മിൽ തല്ലുന്ന അവാന്തരവിഭാഗങ്ങളായി. ധാരാളം ധനം സമ്പാദിച്ചു, അവർ മറ്റു മതക്കാരുമായി അടികൂടി നീങ്ങുന്നു.
Theology of Thoma 2020-07-03 16:01:11
തോമായുടെ പ്രവർത്തികൾ { THE ACTS OF THOMAS} എന്ന പുസ്തകത്തിൽ; യേശുവിനെ തോമ ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് കാണാം. അപ്പോൾ യേശു പറയുന്നു, ' ഞാൻ തോമ എന്ന് വിളിക്കപ്പെടുന്ന ജൂഡാസ് അല്ല, ഞാൻ അവൻ്റെ സഹോദരൻ ആണ്. തോമ എന്ന അരാമയിക്ക് വാക്കിൻ്റെ അർത്ഥം ഇരട്ട എന്നാണ്. ദിദിമോസ് എന്ന ഗ്രീക്ക് വാക്കിൻ്റെ അർത്ഥവും ഇരട്ട എന്നാണ്. യേശുവിൻ്റെ ശിഷ്യൻ തോമയുടെ മുഴുവൻ പേര്- ദിദിമോസ് ജൂഡാസ് തോമസ് - എന്നാണ്. ഇ മൂന്നു വാക്കുകളുടെയും അർത്ഥം ഇരട്ട എന്നാണ്. ആരുടെ ഇരട്ട എന്ന ചോദ്യത്തിൻ്റെ ഉത്തരവും ഇവിടെ ഉണ്ട്. യേശുവിനെ കണ്ടിട്ട് തോമ എന്ന് ജനം തെറ്റിധരിച്ചു. അപ്പോൾ യേശുവിൻ്റെ ഇരട്ട സഹോദരൻ ആണ് തോമ എന്ന് വ്യക്തം. നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് അനുമാനിക്കപെടുന്ന 'തോമയുടെ പ്രവർത്തികളിൽ' ആണ് തോമ ഇന്ത്യയിൽ വന്നു എന്ന് എഴുതിയിരിക്കുന്നത് ; തോമ ഇന്ത്യയിൽ വന്നതിൻ്റെ തെളിവ് ആണ് ഇത് എങ്കിൽ, ഇ പുസ്തകത്തിൽ എഴുതിയിരിക്കുന്ന മറ്റു കാര്യങ്ങളും സത്യം എന്ന് അംഗീകരിക്കണം. അതിനു മുമ്പ് 'ഇരട്ട സഹോദരനിൽ' മറഞ്ഞു കിടക്കുന്ന 'തിയോളജി' ഒന്ന് നോക്കാം. 'ഞാൻ അവൻ്റെ സഹോദരൻ ആണ് എന്ന് യേശു പറയുന്നു. അപ്പോൾ ഇവരുടെ രണ്ടു പേരുടെയും അമ്മ ഒരാൾ എന്ന് വരുന്നു. ദൈവ പുത്രൻ ആയ യേശുവിന്റെ സഹോദരൻ യേശുവിനെപ്പോലെ തന്നെ ഉള്ള രൂപം ഉണ്ടെങ്കിൽ രണ്ടുപേരുടെയും പിതാവും ഒരാൾ ആവാം. അപ്പോൾ നിത്യ കന്യക, ദൈവത്തിനെ ഏക ജാതൻ തിയോളജി ഒക്കെ പൊളിയുന്നു. -തുടരും. - andrew
Thomas in India 2020-07-03 16:59:07
The Malankara Orthodox Church of India with HQ in Kottayam claims that Thomas the Apostle is the founder of the church. The church has no proof, no one else has any proof. The church claims it is the traditional belief. “ belief' is not proof. Until the European colonists came, most parts of India had no written history. Malabar had Jews in the 1st cent. There were trade relations with Rome in the 1st cent. So, Thomas might have followed them to Kerala is just a probability; that is what the church claims. Just probability is not a proof either. In the 2nd half of the 1st cent. Christanity was in the baby stage and was limited to few areas. And each area had their own Jesus. Thomas was the very favourite of Syrian area Christians. The gospel of Thomas & Acts of Thomas are assumed to be their product. According to The Acts of Thomas; Jesus was the twin of Thomas. Jesus was a nasty boy, he fought with other boys & sold his brother Thomas to merchants. For the Syrians; India was the land east of Indus river & not Kerala. The king Gondaforus ruled the Indus area & not Kerala. There was no concept of cross & church in the 1st cent. So, it is foolish to think Thoma a 52 year old man building 7 1/2 churches in Kerala. There were no Brahmins in Kerala too until the 8th cent. The brahmin origin of christians is a false story circulated by priests to boost up the hollow ego of the faithful. Christianity might have reached Kerala by the end of 3rd cent from Syria & from the Jewish convert merchants. Thomas was a popular name among the Syrian Christians. So; the tomb of Thomas could be of a Syrian Thomas. There were no Brahmins is southern India in the 1st. Cent. The Portughese missionaries are the ones who created the fabricated story of Martyrdom. The usage of Aramic too have been introduced by Jewish Christians. Before the arrival of the Portughese; the Kerala Christians were Nestorians like the Syrians. -andrew
George 2020-07-03 18:34:17
സെന്റ് തോമസ് സി ഇ 52 ഇൽ വന്നു നമ്പൂതിരിമാരെ മാർഗം കൂട്ടി, അങ്ങിനെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉണ്ടായി എന്ന് പുരോഹിതർ പറയുന്നത് അവരുടെ തൊഴിലിന്റെ ഭാഗം ആണെന്ന് കരുതാം. എന്നാൽ യാതൊരു ചരിത്ര പിൻബലം ഇല്ലാത്ത ഈ നുണക്കഥ സ്കൂളുകളിൽ ചരിത്രം എന്ന് പറഞ്ഞു പഠിപ്പിക്കുന്നതിനെ വിദ്യ ആഭാസം എന്നെ പറയാൻ പറ്റു. പറങ്കികൾ പോയ രാജ്യത്തെല്ലാം അവർ സെന്റ് തോമസിനെ കൊണ്ടുപോയി സ്ഥാപിച്ചിട്ടുണ്ട്. മയിലാപൂരടക്കം ലോകത്തു അഞ്ചിടത് തോമയുടെ ഖബറിടം ഉണ്ട്. മലയാറ്റൂരിൽ ഒരു പാറപ്പുറത്തു ഈ വിശുദ്ധന്റെ കാൽപ്പാടുകൾ ഉണ്ട്. ആ പേരും പറഞ്ഞു നൂറു കണക്കിന് ഏക്കർ വനഭൂമി സഭ കൈവശപ്പെടുത്തി തീർത്ഥാടനം എന്ന പേരിൽ കോടികൾ വാരുന്നുണ്ട്. എന്നിരുന്നാലും വത്തിക്കാൻ ഇതുവരെ തോമയുടെ ഭാരത പര്യടനം ഔദ്യോഗികകമായി അംഗീകരിച്ചിട്ടില്ല. മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ അത് പരസ്യമായി പറയുകയും ചെയ്തു. ചിന്താശേഷി പുരോഹിതർക്ക് പണയം വെച്ച കുഞ്ഞാടുകൾ നമ്പൂതിരി മാഹാത്മ്യം പൊക്കിപ്പിടിച്ചു ഊറ്റം കൊള്ളുന്നു.
Sudhir Panikkaveetil 2020-07-03 19:28:58
കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്ന് യേശുദേവൻ പറഞ്ഞിരിക്കുന്നു. അപ്പോൾ പിന്നെ എന്തിനു വാദപ്രതിവാദം. എല്ലാവരും അവരവരുടെ വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുക. ഇപ്പോൾ ഉള്ള ആരും ഒന്നും കണ്ടിട്ടില്ല. എല്ലാം ആരൊക്കെയോ എഴുതിവച്ചത് വായിക്കുന്നു. വിശുദ്ധ തോമസ് ഭാരതത്തിൽ വന്നോ, നമ്പൂരിയോ മാർക്കം കൂട്ടിയോ ഇതൊക്കെ അന്വേഷിക്കാതെ എല്ലാവരും നന്മയോടെ ജീവിക്കുക. യേശുദേവനിൽ വിശ്വസിക്കുമ്പോൾ നിങ്ങൾ ഒരു പുതിയ ആളായി തീർന്നു. പിന്നെ എന്തിനു ലോത്തിന്റെ ഭാര്യയെപോലെ തിരിഞ്ഞുനോക്കി ഉപ്പുതൂണുകൾ ആകുന്നു. യേശുദേവൻ പഠിപ്പിച്ച സ്നേഹത്തിന്റെ മാർഗത്തിലൂടെ സഞ്ചരിക്കുക. ശ്രീ കോരസൺ വിശുദ്ധ തോമസിനെ നന്നായി അവതരിപ്പിച്ചു.
John K 2020-07-03 22:20:35
തോമാശ്ലീഹാ നമ്പൂതിരിമാരെ മാമോദീസാ മുക്കി എന്നത് തെറ്റായിരിക്കാം എന്നാൽ പള്ളിയും കുരിശും സ്ഥാപിച്ചു എന്നതിന് ഏഴര പള്ളികളും മാല്യങ്കര കുരിശും ഒക്കെ തെളിവുകൾ അല്ലെ. ചരിത്രം അല്ലെങ്കിൽ ഇത് എങ്ങിനെ ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു. അച്ചമ്മാര് പറയുന്നത് തെറ്റാണെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാലും തോമാശ്ലീഹാ ആണ് ഇന്ത്യയിൽ ക്രിസ്തുമതം കൊണ്ടുവന്നത് എന്ന് കാണാം. യേശു ജീവിച്ചിരുന്നില്ല എന്നുവരെ പറയുന്നവർ വി തോമാശ്ലീഹാ വന്നിട്ടില്ല എന്നൊക്കെ പറയും
ആൾ ദൈവം 2020-07-03 23:10:49
തോമ്മാ ശ്ലീഹ വന്നുവെന്നോ വന്നില്ലെന്നനോ തെളിയിക്കാൻ ഒരു മാർഗവുമില്ല. പക്ഷെ ഈ കാലഘട്ടത്തിൽ ആൾ ദൈവം എന്ന് പറഞ്ഞു നടന്നാലും വിശ്വസിക്കാൻ ആൾ ധാരാളം
Davis 2020-07-04 05:26:38
സെന്തോമസ് ഡേ ? കേരള ക്രൈസ്തവർക്ക് ദുഖ് റാന പെരുന്നാൾ .... ഇന്ത്യൻ ബ്രാഹ്മണ്യ നിർമ്മിത ജാതി വ്യവസ്ഥ അതിൻ്റെ മേധാവിത്വം നിലനിർത്താൻ ശ്രമിക്കുന്നതിൻ്റെ പല പല ഉദാഹരണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാലും . *സവർണ്ണ വിഭാഗങ്ങളിൽ നിന്നും നാസ്തികരായവരെ ജാതിക്കെതിരാ കാതിരിക്കാൻ നിരീശ്വരതയിൽ തളച്ചിട്ടു . *ജാതിക്കെതിരായ ബുദ്ധനെ ദശാവതാരത്തിലേക്ക് വലിച്ചു കയറ്റി ദൈവമാക്കി . *ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ വർണ്ണ സമരത്തിൽ നിന്നും മാറ്റി നിർത്തി. *കീഴാള/അടിമയുടെ ,സ്വാതന്ത്രത്തിലേക്കുള്ള മതം മാറ്റ പാലായനത്തെ കേരളത്തിൽ കുളക്കടവിൽ തന്നെ കുളിപ്പിച്ചു കിടത്തി! ക്രിസ്തുവിൻ്റെ സർവ്വർക്കുമുള്ള സ്നേഹഗാഥകളിൽ ജന്മനാ ഉച്ചത്വവും നീചത്വവുമുള്ള ജാതിയെ ഒളിപ്പിച്ചു കടത്തി . ബ്രാഹ്മണ്യത്തിന്നെതിരെ തിരിയാതിരിക്കാൻ അതിൻ്റെ ആഢ്യത്വത്തെ മതം മാറിയവരിൽ നിക്ഷേപിക്കാൻ കള്ളക്കഥകൾ മെനഞ്ഞു. * * * മതം മാറിയ ദളിതരും, മതം മാറാതിരുന്ന ദളിതരും പരസ്‌പരം ഏറ്റുമുട്ടുമ്പോൾ അതിന് കാരണക്കാരായ കുറുക്കന്മാർ ചോര കുടിച്ചു കൊണ്ടിരുന്നു. ഇന്നും ഈ കഥ തുടരുന്നു. ഭിന്നിപ്പിക്കൽ തന്ത്രം ,ഹിംസാത്മകത , ദുരഭിമാനം നിറയ്ക്കൽ, എന്നിവ സവർണ്ണ ഫാസിസ തന്ത്രമാണ്.ഇത് തിരിച്ചറിയാതെ സ്വന്തം മതത്തിലെ അശരണരോട് ചെയ്ത /ചെയ്യുന്ന നീചവൃത്തികൾക്ക് കയ്യും കണക്കുമില്ല! ഇത് തിരിച്ചറിയാതെ, ഇവർ മെനഞ്ഞ കഥകളിൽ കുരുങ്ങിക്കിടക്കയാണ് കേരള നസ്രാണികൾ .... ഫോട്ടോവിലെ ചിന്താവിഷയം സത്യം/ചരിത്രം/നുണ / നേര് ഇത്യാദി തലങ്ങളിൽ ചർച്ചയിൽ കുരുങ്ങുന്നിടത്ത് , നാം ജാഗ്രത കാണിക്കേണ്ടത് സവർണ്ണ ഫാസിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയുന്നവരുടെ കടമയാണ്. -ഡേവിസ് വളർക്കാവ്
Do your Research 2020-07-04 05:29:56
പുന:ക്രമീകരണങ്ങൾക്കും മാറ്റങ്ങൾക്കും വിധേയരാകേണ്ടി വരുമ്പോഴാണു്, ഓരോരുത്തരുടെയും, അകംബോധവും അകക്കാമ്പും വെളിവാകുന്നതു്! പിഴവുകൾ തിരുത്താനാകാത്തവർ, പരിഹാസപാത്രങ്ങളാകും. തെറ്റുകൾ ആവർത്തിക്കുന്നവരും, അബദ്ധങ്ങൾ വിറ്റു ജീവിക്കാൻ ശ്രമിക്കുന്നവരും പുറന്തള്ളപ്പെടും! വരുത്തിയ തെറ്റിനെ ക്ഷമാപണത്തോടെ അംഗീകരിക്കുന്നവരെ ആർക്കാണു തിരസ്ക്കരിക്കാനാകുക? തെറ്റു വരുത്താതിരിക്കാനുള്ള പരിശ്രമത്തോടൊപ്പം, വരുത്തിയ തെറ്റിനെ തിരുത്തിയെടുക്കാനുള്ള സന്നദ്ധതയും നാം നേടിയെടുക്കണം! തെറ്റിൽത്തട്ടി വീണിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, തെറ്റിനു മുകളിൽ സ്ഥിരതാമസമാക്കുന്നവർ എന്നും അവഗണിക്കപ്പെടുകയേയുള്ളു. തെറ്റുകൾ തിരുത്താനാകട്ടെ നമ്മുടെ പരിശ്രമം!- chankyan
Change is painful 2020-07-04 05:42:44
Change is painful but resistance to change is inflicted and is more powerful. Google is not all perfect or correct. What is in Google is what is available and is written by someone. All that is written about Thomas are just legends.It has no historical validity. To repeat; in the 1st cent. there was no concept of church & cross. Start from there. - andrew
Thomas Junior 2020-07-04 08:44:49
ബഹുമാന്യ ആൻഡ്രുസ് മഹാശയ .. താങ്കളുടെ അറിവിന്റെ മുന്നിൽ പ്രണാമം. ഒന്നാം നൂറ്റാണ്ടിൽ കുരിസും പള്ളിയും എന്ന സങ്കല്പം ഇല്ലായിരുന്നെങ്കിൽ വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴര പള്ളികൾ ആര് സ്ഥാപിച്ച്. താങ്കളെപ്പോലെ പണ്ഡിതന്മാർ വേറെയും ഉണ്ടല്ലോ. രണ്ടായിരം വർഷമായി കേരള നസ്രാണികൾ വിശ്വസിച്ചുവരുന്ന ഒരു സത്യം എങ്ങനെ നുണയാകും.
andrew 2020-07-04 12:49:33
Respected James Jr. I did study church history & also translated the Gospel of Thomas from English. I did research on Thomas to write the analysis of the gospel. I never found any evidence of Christian churches in kerala in the 1st cent or even before the 4th cent. Kanayi Thomman group might be the first group of Christians in Kerala. There are disputes about their arrival time in kerala. Historians are even moving their arrival to the 8th cent. When I mentioned 'Syrians'; I meant this group and not the Syrian Patriarch group. If you have any evidence of Thoma sleeha constructing the 7 ½ churches, please publish it. Lots of people are looking for it. According to the St. Thomas churches it is just a belief. For further information please download and read my book Gospel of Thomas in the Novel section of emalayalee. * you may also contact me via the e-mail given in the book. Thanking you for your comment- andrew.
George 2020-07-04 14:59:50
ശ്രി ആൻഡ്രൂസിന്റെയും പി വര്ഗീസിന്റെയും അഭിപ്രായങ്ങളോട് യോജിക്കുന്നു. ആൻഡ്രൂസ് ഈ വിഷയങ്ങളിൽ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാവും. ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ബഹ്മണരെ ഒന്നാം നൂറ്റാണ്ടിൽ മാമോദീസാ മുക്കി എന്ന കഥപോലെ തന്നെ ആണ് നാലാം നൂറ്റാണ്ടിൽ ഉണ്ടായ (ക്രിസ്ത്യൻ അടയാളം ആയി അംഗീകരിച്ച) കുരിശു ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ സ്ഥാപിച്ച കഥയും. പലസ്തീനിൽ പോലും ഇന്നീ കാണുന്ന പള്ളി എന്നൊരു ആരാധന സ്ഥലം ഉണ്ടായിരുന്നില്ല, അപ്പോഴാണ് കേരളത്തിൽ ഏഴര പള്ളി ഉണ്ടാക്കി എന്നൊക്കെ. ഈ പറയുന്ന പള്ളികളുടെ പഴക്കം ശാസ്ത്രീയമായി ഒന്ന് പരീക്ഷിച്ചാൽ അതോടെ തീരാവുന്നതേ ഉള്ളു. ഡി എൻ എ ടെസ്റ്റ് നടത്താൻ തയ്യാറാവാതെ ഞങ്ങൾ ഒറിജിനൽ ക്രിസ്ത്യാനികൾ ആണെന്ന് വീമ്പുപറയുന്നവരെപ്പോലെ പരീക്ഷണത്തിനൊന്നും അച്ചായൻമാരെ കിട്ടില്ല, പള്ളീം അച്ചമ്മാരും വിശ്വാസവും അതുകഴിഞ്ഞിട്ടേ ബാക്കി എന്തും. “നിങ്ങൾ സത്യം അറിയുക അത് നിങ്ങളെ സ്വാതന്ത്രരാക്കും“
DNA Test 2020-07-04 15:54:11
I agree with Mr.George. The people who claim to be brahmin convert from the first cent. should take a DNA analysis. I know of 3 'nampoori christians' who used to argue with me who had a DNA analysis. Now they are quite. My 'kudumba charitram' also go back all the way to pakalomattam. To me it is nonsense. -andrew
ആൾ ദൈവം 2020-07-04 16:18:15
ആൾ ദൈവം ആൾ ദൈവമാണോ എന്നറിയാൻ ടെസ്റ്റ് വല്ലതുമുണ്ടോ ചേട്ടാ?
George 2020-07-04 20:46:42
മലയാളികൾ പുച്ഛത്തോടെ പറയുന്ന വാക്കാണ് ആൾ ദൈവം. ലോകത്തു ഉണ്ടായിരുന്ന, ഇപ്പോഴും ഉള്ള പല ദൈവങ്ങളും ആൾ ദൈവങ്ങൾ തന്നെ അല്ലെ ? മനുഷ്യ പുത്രനായ യേശു ഉൾപ്പെടെ പലരെയും മരണശേഷം ആണ് ദൈവമാക്കിയത്. എന്നാൽ മദർ തെരേസ്സ കടപ്പുറം സുധാമണി സായിബാവ തുടങ്ങിയവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ആൾ ദൈവം ആയി. അതിനു അവർ മാത്രം ആണോ ഉത്തരവാദി.
രാജു തോമസ് 2020-07-04 20:46:48
ഈ നല്ലൊരു ദിവസം നിങ്ങൾ കടിപിടികൂടാതെ, എല്ലാത്തരം വിശ്വാസികളെയും ബെറുതെവിടൂ എന്നെ എനിക്കു പറയാനുള്ളു. നല്ലൊരു ലേഖനത്തിൽനിന്ന് ഇത്രയൊക്കെ അകന്നുപോകുന്നതെന്തിന്? ഞാനിപ്പോൾ ഈശ്വരവിശ്വാസികളോടു തർക്കിക്കാൻ പോകുന്നില്ല. വിശ്വസിക്കുന്നവർ. വിശ്വസിച്ചോട്ടെ. പാവങ്ങൾ! സാർവ്വലൗകികമായൊരു ബലഹീനതയാണല്ലൊ വിശ്വാസം. ഏതു മതത്തിലാണ് നുണക്കഥകളില്ലാത്തത്? ആധികാരികതയെപ്പറ്റി സംശയം വേണ്ടാത്ത ഇസ്ലാംമതംപോലും മനുജോല്പത്തി ആദാം മുതലാണ് എന്നല്ലേ വിശ്വസിക്കുന്നത്!
നിരീശ്വരൻ 2020-07-04 23:30:19
അവരവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടാണല്ലോ സുധീർ സാറേ ഈ കുഴപ്പം .നമ്മൾക്ക് എല്ലാത്തിനേം ഔർ ചീനച്ചട്ടിയിലിട്ട് കുത്തി ഇളക്കി അടിച്ചൊതുക്കി ഒന്നാക്കിയാൽ പ്രശ്‌നം തീർന്നു നിരീശ്വരൻ
Vayanakkaran 2020-07-05 08:57:47
ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹാ വന്നു എന്നതിന് യാതൊരു തെളിവുമില്ല. വന്നില്ല എന്നതിനും യാതൊരു തെളിവുമില്ല. രണ്ടായിരം വർഷങ്ങൾക്കു ശേഷം ഇപ്പോൾ നിങ്ങൾ തെളിവു തേടി കടിപിടി കൂടുന്നു. വെറും 99 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ജീവിച്ച വാരിക്കുന്നൻ ഹാജി യഥാർത്ഥത്തിൽ ആരായിരുന്നു എന്നുപോലും കൃത്യമായി അറിയില്ല. അന്നേരമാണ് നിങ്ങൾ 2000 വർഷങ്ങൾക്കു മുമ്പുള്ളതിനു തെളിവില്ലെന്ന് പറയുന്നത്.ചിരിക്കാതെന്തു പറയാൻ! സെന്റ് തോമസിനെക്കൊണ്ടും പത്രോസിനെക്കൊണ്ടും രാമനെക്കൊണ്ടും ഒക്കെ എത്രയോ ആയിരങ്ങളാണ് ജീവിക്കുന്നത്! അവരൊക്കെ ജീവിക്കട്ടെ. അത്രയും തൊഴിലില്ലായ്മ കുറഞ്ഞില്ലേ? അങ്ങനെ ചിന്തിച്ചാൽ മതിയല്ലോ.
Ninan Mathulla 2020-07-05 10:15:28
Post from George- “ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ബഹ്മണരെ ഒന്നാം നൂറ്റാണ്ടിൽ മാമോദീസാ മുക്കി എന്ന കഥപോലെ തന്നെ ആണ് നാലാം നൂറ്റാണ്ടിൽ ഉണ്ടായ (ക്രിസ്ത്യൻ അടയാളം ആയി അംഗീകരിച്ച) കുരിശു ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ സ്ഥാപിച്ച കഥയും. പലസ്തീനിൽ പോലും ഇന്നീ കാണുന്ന പള്ളി എന്നൊരു ആരാധന സ്ഥലം ഉണ്ടായിരുന്നില്ല, അപ്പോഴാണ് കേരളത്തിൽ ഏഴര പള്ളി ഉണ്ടാക്കി എന്നൊക്കെ. ഈ പറയുന്ന പള്ളികളുടെ പഴക്കം ശാസ്ത്രീയമായി ഒന്ന് പരീക്ഷിച്ചാൽ അതോടെ തീരാവുന്നതേ ഉള്ളു. ഡി എൻ എ ടെസ്റ്റ് നടത്താൻ തയ്യാറാവാതെ ഞങ്ങൾ ഒറിജിനൽ ക്രിസ്ത്യാനികൾ ആണെന്ന് വീമ്പുപറയുന്നവരെപ്പോലെ പരീക്ഷണത്തിനൊന്നും അച്ചായൻമാരെ കിട്ടില്ല, പള്ളീം അച്ചമ്മാരും വിശ്വാസവും അതുകഴിഞ്ഞിട്ടേ ബാക്കി എന്തും. “നിങ്ങൾ സത്യം അറിയുക അത് നിങ്ങളെ സ്വാതന്ത്രരാക്കും“ Many are asking for evidence when there is no evidence available. No history of Kerala is written before 16th centaury according to Prof. A Sridharamenon. Many scholars are of the opinion that the history written in 18th and 19th centuary is full of stories and written with vested interests. So, available history of Kerala is from literature and Archeology. If you know the methods of Archeology, you know many of the conclusions are more of imagination than truth. Prof. A. Sreedhara Menon says that Aryans came to Deccan and South India by BC 1000 as most of the scholars believe so (Page 103 Kerala Charithram by Pro. A. Sreedhara Menon registrar of Kerala University) Aryans are the children of Abraham by Kethura. Abraham lived in BC2000-BC-1900 time period. It took 200 to 400 years for the Aryans to come to India from Middle East area. Brahmins are the upper class of Aryans. Now George is saying that it took more than 1000 years for Aryans to come to neighboring South India from North India. Most people talk what they know as the truth. They continue to say this even if evidence contrary to it is presented. ‘padichathalle paadukayullu’ George says the Brahmins came to Kerala in the seventh century and ask how is it possible that St. Thomas could baptize them in the first century. Prof. A. Sreedhara Menon says Christianity reached Kerala in AD first centaury (page 107 of his book). He gives several other evidences for the presence of Christians in Kerala in AD first century. Prof. Sreedhara Menon is of the opinion that it is probable that St. Thomas came to Kodunghallur in AD 52. People like George and Andrew who has vested interests, will pull back their heads for a few weeks when evidence is presented and continue to repeat the same thing after a few weeks in this column. Such evidence was presented before but they continue to recite the same thing. About DNA evidence, it is doubtful that George has any knowledge of DNA or what it can prove or not prove. Is the DNA of first centaury available to compare with DNA available now? If you search Google, you will find more than enough evidence to connect Knanaya and Syrian Christian DNA with current Jewish and Palestine area DNA. Post from andrew- “If you have any evidence of Thoma sleeha constructing the 7 ½ churches, please publish it.” (Please see Prof. A. Sreedhara Menon, Kerala Charithram page 107)
Marthoma Church 2020-07-05 11:47:33
below i have copied and posted from the web of Marthoma church. ''Welcome to Malankara Mar Thoma Syrian Church Our Church, we believe to, have been founded by Saint Thomas (Mar Thoma), one of the twelve disciples of Jesus Christ, and known by the name of the Apostle, in the year AD 52, Mar Thoma Syrian Church of Malabar is one of the oldest denominations of Christianity. We the oldest church believe that St.Thomas came to India, but we don't have any proof. Just because a Historian wrote it, it won't become true.
Vayanakkaran 2020-07-05 15:25:11
മാർത്തോമ്മാ സഭയാണ്‌ ഏറ്റവും പുരാതന സഭ എന്ന കാര്യം പലർക്കും അറിയത്തില്ല. A.D. 52 ൽ അന്നത്തെ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് സെന്റ് തോമസ് കേരളത്തിലെത്തുന്നത്. പലർക്കും ഇതു പുതിയ അറിവായിരിക്കും. ജോസ് കെ മാണിയുടെ പാർട്ടിക്കാരാണ് ഇന്ത്യയിലെ പുരാതന കോൺഗ്രെസ്സ്കാർ എന്നും മഹാത്മാഗാന്ധിയും നെഹ്രുവുമൊക്കെ അദ്ദേഹത്തിന്റെ പാർട്ടിക്കാരായിരുന്നു എന്നും പറയുന്നതുപോലെയാണിത്. ആർക്കും അവരുടെ വെബ്‌സൈറ്റിൽ എന്തും എഴുതിവെക്കാം. എന്നുകണ്ട്‌ അതു ചരിത്രമാകുമോ? ശ്രീ കോരസൺ വർഗീസ് നല്ലൊരു ലേഖനമെഴുതി. എന്നാൽ ചർച്ചകൾ പലവഴി പോയി.
George Thomas 2020-07-05 19:53:20
There were no brahmins in Travancore or Kochi the time Apostle Thomas supposed to have visited this part.First Church was constructed in Jersulem some times in AD 350 by Queen Helen mother of king Constantine.The first gospel written by St.Mark came out in AD 36.Disciples used to meet in houses.What prompted ST.Thomas to build churches?Was there any worship?What was the language of communication.If some can through some light appreciated
Atheist 2020-07-05 22:10:57
We should deal with the current issues rather than spending on this matter. This type of material is good for useless religion and their leaders. Are you an agent of any religious faction? Can you write something about upcoming American election? The religious groups and Trump is going to screw up this country. Christian leaders are looting the idiotic faith community and having a good time. They riding on the asses.
കോരസൺ 2020-07-05 23:46:45
ലേഖനത്തിനു പ്രതികരിച്ച എല്ലാവരോടും നന്ദിയുണ്ട്. ഇത്തരം ഇടപെടലുകൾ ആണ് എഴുത്തുകാർക്ക് കിട്ടുന്ന ഏക പ്രതിഫലം. ഞാൻ ഫോക്കസ് ചെയ്തതു തോമസ് അപ്പോസ്തോലൻ നടത്തിയ ധിഷണാവിലാസമുള്ള ഇടപെടലുകളാണ്, ഒപ്പം പോസിറ്റീവിസം എന്ന ചിന്തയും. ഒരിക്കൽ കൂടി സ്നേഹം അറിയിക്കുന്നു. കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക