Image

വിഷയം-വിഷം, വിഷമയം- (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 08 July, 2020
വിഷയം-വിഷം, വിഷമയം- (കവിത: മാര്‍ഗരറ്റ് ജോസഫ്)
വിഷയം- വിഷം, വിഷമയം-
വിഷാദഭരിതം, ഭീതിദം;
സര്‍വചരാചരസംഹാരം-
സര്‍വം സഹയുടെ സങ്കടം;
സ്‌നേഹനിശൂന്യത പാതകം,
സംഭ്രമ ജനകം ജീവിതം;
സ്വത്വം കുരുതികഴിക്കുന്ന-
സംഭവമെത്ര നിരന്തരം!
മണ്ണും, പുഴയും, പ്രകൃതിയും,
മലിനമാക്കുന്നവരാര്?
വേട്ടക്കാരനൊരിരപോലെ,
കടിച്ചുകീറുന്നവരാര്?
കൊല്ലും കൊലയും തൊഴിലാക്കി-
നരകം നിര്‍മ്മിക്കുവതാര്?
വഞ്ചനയുള്ളിലൊളിപ്പിച്ച്,
ചിരിതൂകുന്ന ചെകുത്താന്മാര്‍;
പാപത്തിമിരമരങ്ങാക്കി!
പോര്‍വിളി മറ്റൊലിയാക്കുന്നോര്‍;
ക്രൂരതയുഗ്രവിഷമാക്കി!
പകതന്‍ പത്തി വിടര്‍ത്തുന്നോര്‍;
മനുഷ്യപ്പാമ്പുകളമ്പമ്പേ,
മരണക്കടിയേകുന്നാര്‍ക്കും.
കണ്ണുകള്‍ കലുഷമാക്കുന്ന,
കാതുകള്‍ കൊട്ടിയടയ്ക്കുന്ന,
മനസ്സ് പട്ടടയാക്കുന്ന,
ദുഷടതയെന്നവസാനിക്കും?
അച്ഛനുമമ്മയും, ജന്മങ്ങള്‍-
കണികാണുന്നവര്‍, ദൈവങ്ങള്‍;
പൊക്കിള്‍ക്കൊടിബന്ധം തനിയെ-
തള്ളിക്കളയുന്നവര്‍ മക്കള്‍;
ശത്രുതമൂത്തു പരസ്പരം,
പടവെട്ടുന്നവരത്രെ,
കുടുംബമെന്ന കൂട്ടായ്മയ്ക്ക്,
കടത്തികയറ്റുന്നു നിത്യം.
അഭയം നല്‍കേണ്ടവര്‍ തന്നെ,
ശൈശവബാല്യങ്ങളെയിന്ന്,
കഴുകന്മാരായ് കൊത്തിക്കീറും,
പൈശാചികതയ്ക്കതിരുണ്ടോ?
കാമഭ്രാന്തു പിടിച്ചങ്ങിങ്ങ്
ഭീതിപരത്തുന്നൊരുകൂട്ടര്‍;
സയരക്ഷയ്ക്കായ് യാചിക്കുന്ന,
നിലവിളി കേള്‍ക്കാമെമ്പാടും;
കുറ്റക്കാര്‍ക്ക് ശിക്ഷ വിധിക്കാന്‍-
സത്യധര്‍മ്മാദികളെവിടെ?
ലോകം കാകോളക്കടലാക്കി-
കാലം ഭ്രമണം തുടരുമ്പോള്‍;
'സോഭോമും' 'ഗൊമോറ' യുമിരി-
തനിയാവര്‍ത്തനമോ മന്നില്‍?
കണ്ണീര്‍പ്പുഴയില്‍ നീന്തുന്നോരേ,
മനശ്ശാന്തിക്കായെവിടേയ്ക്ക്?
മാര്‍ഗരറ്റ് ജോസഫ്

വിഷയം-വിഷം, വിഷമയം- (കവിത: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക