ലോകമൊരു നറു നീല വാനമായെങ്കിൽ
നീയതിൽ ബഹുവർണ്ണ പ്പട്ടമായെങ്കിൽ
അതിനൊറ്റ നൂലെന്റെ കയ്യിലുണ്ടെങ്കിൽ
ഇതിനേക ചാലകം വിരൽമുദ്രയെങ്കിൽ
ഉയിരെന്നെ ഏൽപ്പിച്ചു നീ ഉയരുമെങ്കിൽ
ഉയരങ്ങൾ താണ്ടി പ്പറന്നീടുമെങ്കിൽ
കാറു വന്നോട്ടെയൊരു കോളു വന്നോട്ടെ
ചാറ്റൽ മഴ ചാമരം വീശി നിന്നോട്ടെ
കാലിടറിയെൻ കാഴ്ച്ച മങ്ങി നിന്നോട്ടെ
പൂഴിയിലൊരാളൽ പതുങ്ങി വന്നോട്ടെ
എൻവിരൽതുമ്പിൽ നിൻ പ്രാണപ്രയാണങ്ങൾ
മന്ത്രമുഗ്ദo കാത്തു ഞാനിരുന്നേനെ .
ഒരുവേള പാറിത്തളർന്നു നീ താഴെ
ഇടവേള തേടി ഇടയ്ക്കെന്നെ
നോക്കെ
മെല്ലെ ഞാൻ പൊട്ടാതടുപ്പിച്ചു നിന്നെ
തെല്ലും നനയാതണച്ചു ചേർത്തേനെ
വിണ്ണിൽ വെറും വ്യർത്ഥ,മിന്ദ്രചാപം എന്നെൻ
കണ്ണിൻ കയങ്ങളിൽ നീ അറിഞ്ഞേനെ.