Image

സ്ത്രീകളുടെ സ്വർണ ഭ്രമം ഉള്ള കാലത്തോളം കള്ളക്കടത്തും ഉണ്ടാവും ( വെള്ളാശേരി ജോസഫ്)

Published on 14 July, 2020
സ്ത്രീകളുടെ സ്വർണ ഭ്രമം ഉള്ള കാലത്തോളം കള്ളക്കടത്തും ഉണ്ടാവും ( വെള്ളാശേരി ജോസഫ്)
ഇന്ത്യയിലെ സ്ത്രീകളുടെ സ്വർണത്തോടുള്ള ഭ്രമം അവസാനിക്കാതെ ഇന്ത്യയിൽ സ്വർണ കള്ളക്കടത്തും കുറയാൻ പോകുന്നില്ല; 1990-കൾ മുതൽ കേരളത്തിലുണ്ടായ ഉപഭോഗ സംസ്കാരം തന്നെയാണ് കേരളത്തിലേക്കുള്ള വർദ്ധിച്ചു വരുന്ന സ്വർണ കള്ളക്കടത്തിൻറ്റേയും പിന്നിലുള്ള അടിസ്ഥാനപരമായ കാരണം; സ്വർണത്തിന് ഇന്ത്യയിൽ ഡിമാൻറ്റ് ഉള്ള കാലത്തോളം സപ്ളൈ തുടരും

ലോകത്ത് അധികം കാണപ്പെടാത്ത ഒരു മൂലകമെന്നതുകൊണ്ട് സ്വർണത്തിന് മനുഷ്യചരിത്രത്തിൽ പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. സ്വർണം സാമ്പത്തിക ചരിത്രത്തിലുടനീളം അതിൻറ്റെ മൂല്യം നിലനിർത്തിയിട്ടുള്ള ഒരു അപൂർവ ലോഹമാണ്. ലോകത്ത് ഏറ്റവും അധികം ആളുകളും തങ്ങളുടെ പണത്തെ സൂക്ഷിക്കാൻ സ്വർണത്തെയാണ് ആശ്രയിക്കുന്നത്. കാരണം സ്വർണത്തിന് സ്വാഭാവികമായി നാശം സംഭവിക്കില്ല, അത് കുഴിച്ചെടുക്കാനും, വേർതിരിക്കാനും മറ്റുള്ള ലോഹങ്ങളെ അപേക്ഷിച്ചു എളുപ്പമാണ്. ഓരോ വർഷവും കുഴിച്ചെടുക്കുന്നതിനേക്കാൾ വളരെയധികം സ്വർണമാണ് ലോകത്ത് വിൽക്കപ്പെടുന്നത്. മിക്ക രാജ്യങ്ങളും, ബാങ്കുകളും ഒക്കെ സ്വർണ്ണം റിസേർവായി സൂക്ഷിക്കുന്നുണ്ട്. കാരണം എന്തിൻറ്റെ മൂല്യം ഇടിഞ്ഞാലും സ്വർണത്തിൻറ്റെ മൂല്യം ഒരു പരിധിയിൽ അധികം ഇടിയില്ല എന്നതുകൊണ്ടാണ്. ചിലപ്പോൾ കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം  ലോകരാഷ്ട്രങ്ങളുടെ നാണയങ്ങൾ ഇടിയാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, സ്ഥിരത നഷ്ടപ്പെടുന്ന ഡോളറിനും യൂറോക്കും പകരം സ്വർണം റിസേർവ് ആക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കും എന്നാണ് തോന്നുന്നത് . ലോക കറൻസി ആയ ഡോളറിനു പകരം സ്വർണം വന്നാലും അത്ഭുതപ്പെടേണ്ട. ഇതൊക്കെ പറയുന്നത് സ്വർണത്തിന് സമ്പത്‌വ്യവസ്ഥയിലുള്ള പ്രാധാന്യം വ്യക്തമാക്കാനാണ്. അപ്പോൾ ഇത്രയും പ്രാധാന്യമുള്ള സ്വർണത്തിൻറ്റെ അന്യരാജ്യങ്ങളിൽ നിന്നുള്ള ഒഴുക്കിന് ഇന്ത്യയിൽ വമ്പൻ ടാക്സ് ഉണ്ട്. ഈ ഇറക്കുമതി ചുങ്കത്തിൽ രക്ഷപെടാനുള്ള ത്വര സ്വർണവ്യാപാരികൾക്കുണ്ട്. ഈ ടാക്സ് വെട്ടിക്കാനുള്ള പ്രേരണ തന്നെയാണ് ഗൾഫിൽ നിന്നുള്ള സ്വർണ കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകം.

മലയാളത്തിൽ എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്ന് 1960-ൽ 'അറബിപ്പൊന്ന്' എന്ന ഒരു നോവൽ എഴുതിയിട്ടുണ്ട്. 440 പേജുള്ള ആ നോവൽ വായിച്ചാൽ സ്വർണ കള്ളക്കടത്തിനെ കുറിച്ച് നല്ലൊരു രൂപം കിട്ടും. ഇന്നത്തെ പോലെ അത്ര 'സൊഫിസ്റ്റിക്കേറ്റഡ്' അല്ലായിരുന്നു 1960-കളിലെ സ്വർണ കള്ളക്കടത്ത്. എന്നാലും സംഭവം ഒന്നുതന്നെ. എം.ടി. - യും എൻ.പി. മുഹമ്മദും കൂടി സ്വർണ കള്ളക്കടത്തു നടത്തിയിരുന്ന ഒരാളോട് അനേകം ദിവസങ്ങൾ സംസാരിച്ചതിനും, നോട്ടൊക്കെ കുറിച്ചെടുത്തതിന് ശേഷവും എഴുതിയ നോവലാണ് 'അറബിപ്പൊന്ന്'.

സ്വർണ കള്ളക്കടത്ത് വലിയ ലാഭമുള്ള പണിയൊന്നും അല്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. വേറെ ചിലർ നോട്ട് നിരോധനത്തിലെ നിയന്ത്രണങ്ങളോടെ സ്വർണം, കറൻസിക്കു പകരം സിനിമാക്കാർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും പ്രിയപ്പെട്ടതായി എന്നും പറയുന്നുണ്ട്. ഇതെഴുതുന്നയാൾക്ക് തോന്നുന്നത് വേറൊന്നാണ്. ഇത്രയധികം 'റിസ്ക്ക്' ഉള്ള ഈ പണിക്ക് വെറുതെയൊന്നും ആരും ഇറങ്ങത്തില്ലെന്നാണ് തോന്നുന്നത്. ഒരു കിലോയിൽ കൂടുതൽ സ്വർണം നിയമപ്രകാരമല്ലാതെ കടത്തി പിടിച്ചാൽ ദേശദ്രോഹത്തിൻറ്റെ പരിധിയിൽ വരും. പിന്നെ വലിയ നൂലാമാലയാണ്. ജാമ്യം പോലും കിട്ടത്തിലാ. വക്കീലന്മാർക്ക് കാശു കൊടുത്ത് മുടിയും. അപ്പോൾ ഇത്രയധികം 'റിസ്ക്ക്' ഉള്ള ഈ പണിക്ക് നല്ലപോലെ റിട്ടേൺസില്ലെങ്കിൽ പിന്നെ ആരിറങ്ങും? പലരും ഉദ്ദേശിക്കുന്നതിനേക്കാൾ സ്വർണം മാർക്കറ്റിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നുന്നത്. ശരിക്കും വിറ്റഴിക്കപ്പെടുന്ന സ്വർണത്തിൻറ്റെ 'ക്വാൺടിറ്റിക്കോ', കള്ളക്കടത്ത് മൂലം വരുന്ന സ്വർണത്തിനോ കൃത്യമായ കണക്കൊന്നുമില്ല. നമ്മുടെ ജൂവലറികളിൽ നിന്ന് പലരും സ്വർണം വാങ്ങുമ്പോൾ ടാക്സ് വെട്ടിക്കാനായി ഒറിജിനൽ ബിൽ വാങ്ങാറില്ലല്ലോ. അതുകൂടാതെ ആയിരകണക്കിന് സ്വർണപണിക്കാരും, സ്വർണം പണയമായിട്ട് സ്വീകരിക്കുന്നവരും ഉണ്ട് ഈ രാജ്യത്തിൽ. ഇവരുടെ ഒക്കെ കയ്യിലുള്ള സ്വർണത്തിൻറ്റെ കണക്ക് ആർക്കെങ്കിലും അറിയാമോ?

പണ്ട് ടി. വി. - യിൽ വന്ന 'ബ്രെയ്ക്കിങ് ബാഡ്' എന്ന അമേരിക്കൻ ടി. വി. സീരിയൽ കണ്ടിട്ടുണ്ടെങ്കിൽ അമേരിക്കയിൽ മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണത്തിൻറ്റെ ഒരു ഏകദേശ രൂപം കിട്ടും. വാൾട്ടർ വൈറ്റ് എന്ന കെമിസ്ട്രി അദ്ധ്യാപകൻ തൻറ്റെ കെമിസ്ട്രിയിൽ ഉള്ള വിജ്ഞാനം 'മെത്' അല്ലെങ്കിൽ മെതൈൽഫെനിഡേറ്റ് എന്ന മയക്കു മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്നു. അത് വഴി വാൾട്ടർ വൈറ്റിന് ലക്ഷ കണക്കിന് ഡോളറുകളും കിട്ടുന്നു. അതായിരുന്നു 'ബ്രെയ്ക്കിങ് ബാഡ്' എന്ന അമേരിക്കൻ ടി.വി. സീരിയലിൻറ്റെ കഥ. ഏതാണ്ട് സമാനമാണെന്ന് തോന്നുന്നു, ഇന്ത്യയിലെ സ്വർണ കള്ളക്കടത്തിൻറ്റെ കഥയും. വാൾട്ടർ വൈറ്റ് 'മണീ ലോണ്ടറിംഗ്' വഴി കോടിക്കണക്കിന് ഡോളർ വെളുപ്പിക്കാൻ നോക്കുന്നതുപോലെ ഇവിടെ സ്വർണ കള്ളക്കടത്തുകാരും കോടികൾ വെളുപ്പിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.

ഇപ്പോൾ സ്വർണ കള്ളക്കടത്തും, തീവ്രവാദവും തമ്മിലുള്ള ബന്ധമൊക്കെ പിടിക്കുമെന്നാണ് ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും പറയുന്നത്. കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. അമേരിക്കയിൽ മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരവും തീർത്തും അജ്ഞാതമാണ്. Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Security Agency (NSA) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ളക്കടത്തും, തീവ്രവാദവും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ പിടിക്കാൻ പറ്റുമോ?
പലരും കരുതുന്നത് പോലെ കാസർകോട്ടുകാരോ, മലബാറുകാരോ അല്ല ഈ രാജ്യത്ത് കള്ളപ്പണത്തിൻറ്റെ ആളുകൾ. ഗുജറാത്തി-മാർവാഡി-സിന്ധി ലോബിയാണ് ഈ രാജ്യത്ത് കള്ളപ്പണം കൂടുതലും കൈകാര്യം ചെയ്യുന്നത്. കുഴൽപണം ഇന്ത്യയിലേക്ക് ഗൾഫിൽ നിന്ന് ഒഴുകുന്നത് ഗുജറാത്തി സേട്ടുമാർ വഴിയാണെന്ന് പലരും എഴുതിയിട്ടുണ്ട്. അപ്പോൾ ന്യായമായും ഗൾഫിൽ നിന്നുള്ള വമ്പിച്ച സ്വർണ കള്ളക്കടത്തിനും പിന്നിൽ ഈ ലോബിയാകാനാണ് സാധ്യത മുഴുവനും.

കള്ളപ്പണത്തിൻറ്റേയും, സ്വർണ കള്ളക്കടൻറ്റേയും പിന്നിലുള്ള ഗുജറാത്തി-മാർവാഡി-സിന്ധി ബന്ധം അറിയാത്തവരൊന്നുമല്ല ഇന്ത്യയിലെ ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇൻറ്റെലിജെൻസിലെ (DRI) ഉദ്യോഗസ്ഥർ. പക്ഷെ അതൊന്നും ഒരിക്കലും പുറത്ത് വരില്ല. ഈ ഗുജറാത്തി ലോബിയാണ് ഇപ്പോഴുള്ള സ്വർണ കള്ളക്കടത്തിൻറ്റെ പിന്നിലെങ്കിൽ എൻ.ഐ.എ. അന്വേഷിച്ചാലും സത്യം പുറത്തു വരണമെന്നില്ല. കള്ളപ്പണം മുഴുവൻ കണ്ടെടുത്താൽ ഒരാൾക്ക് 15 ലക്ഷം വരെ കിട്ടുമെന്നായിരുന്നല്ലോ 2014 - നു മുമ്പ് ബി.ജെ.പി. - ക്കാർ പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടെന്തായി? വർഷം 6 കഴിഞ്ഞിട്ടും കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും ബി.ജെ.പി. സർക്കാർ പുറത്തുവിടുന്നില്ല. ലിസ്റ്റ് പുറത്തുവരാത്തതിനുള്ള യഥാർത്ഥ കാരണം കള്ളപ്പണത്തിൻറ്റേയും, സ്വർണ കള്ളക്കടൻറ്റേയും പിന്നിലുള്ള ഗുജറാത്തി-മാർവാഡി-സിന്ധി ബിസ്നെസ് ലോബികൾ തന്നെയാണ്. ഇന്ത്യയിൽ കള്ളപ്പണത്തിൻറ്റെ യഥാർത്ഥ സൂക്ഷിപ്പുകാർ ബി.ജെ.പി. - യേയും, സംഘ പരിവാറുകാരേയും പിന്തുണക്കുന്നവർ  ആണെന്നുള്ളത് ഇപ്പോൾ പകൽ പോലെ വ്യക്തമാകുകയാണ്.

മറ്റു പാർട്ടികളിൽ അഴിമതി ആരോപിച്ച് കള്ളപ്പണത്തിൻറ്റെ കുത്തക സ്വയം ഏറ്റെടുക്കക എന്ന രാജ്യസേവനം മാത്രമേ ബി.ജെ.പി. ഇന്ത്യയിൽ ചെയ്തു കൂട്ടിയിട്ടുള്ളൂ. ബി.ജെ.പി. - യോളം പണക്കൊഴുപ്പ് കാണിക്കുന്ന മറ്റൊരു പാർട്ടി ഇന്ത്യയിൽ ഇന്നില്ലാ. കുറെ ഗുജറാത്തി ബനിയകളാണ് ബി.ജെ.പി. - യുടേയും, സംഘ പരിവാറുകാരുടേയും സാമ്പത്തിക ശ്രോതസ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അപ്പോൾ ഇപ്പോഴുള്ള ഗൾഫിൽ നിന്നുള്ള സ്വർണ കള്ളക്കടത്തിൻറ്റെ പിന്നിൽ ഗുജറാത്തി സേട്ടുമാർ ആണെങ്കിൽ എൻ.ഐ.എ. അന്വേഷണം ഒക്കെ ഒരു വഴിക്കാകാനാണ് സാധ്യത മുഴുവനും. ആരെങ്കിലും സ്വന്തം വരുമാന ശ്രോതസ് വേണ്ടെന്നു വെക്കുമോ? സ്വന്തം കഞ്ഞിയിൽ പാറ്റാ ഇടാൻ ബി.ജെ.പി. - ക്കാരേയും, സംഘ പരിവാറുകാരേയും കിട്ടത്തില്ലെന്ന് ചുരുക്കം.

സ്വർണ കള്ളക്കടത്ത് കുറക്കാൻ സ്വർണത്തിനുള്ള ഇറക്കുമതി ചുങ്കം കുറക്കണമെന്നുള്ളത് പണ്ട് മുതലേ സ്വർണ വ്യാപാരികളുടെ ഡിമാൻറ്റാണ്. കേന്ദ്ര സർക്കാർ ആ ആവശ്യത്തോട് ഇനിയും കനിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ ഈ സ്വർണ കള്ളക്കടത്ത് നിയന്ത്രിക്കാൻ എന്താണ് പോംവഴി? സ്ത്രീകൾ സ്വർണം വേണ്ടെന്ന് വെക്കുന്നതേ സ്വർണ കള്ളക്കടത്ത് നിയന്ത്രിക്കാൻ അന്തിമമായ പോംവഴിയുള്ളൂ എന്നാണ് തോന്നുന്നത്. 'ഗോൾഡ് കൺട്രോൾ' പോളിസിയൊക്കെ പണ്ട് ഐ. ജി. പട്ടേൽ ഇക്കണോമിക് സെക്രട്ടറിയായിരിക്കുമ്പോൾ കൊണ്ടുവന്നതാണ്. പക്ഷെ ഐ. ജി. പട്ടേൽ ആത്മകഥയായ 'Glimpses of Indian Economic Policy – An Insider’s View' -ൽ പറയുന്നത് സ്വന്തം സഹോദരി തന്നെ ആ 'ഗോൾഡ് കൺട്രോൾ' പോളിസിയെ എതിർത്തു എന്നാണ്.

1968 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ നിലവിൽ വന്ന 'ഗോൾഡ് കൺട്രോൾ ആക്റ്റ്' അനുസരിച്ച് ഇന്ത്യൻ പൗരന്മാരെ സ്വർണകട്ടിയും, സ്വർണ നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. അപ്പോൾ സ്വർണ ബിസ്‌ക്കറ്റോ ധനികരുടെ പക്കൽ ഉണ്ടാകാൻ സാധ്യതയുള്ള 'സ്വർണ ഇഷ്ടികയോ' സൂക്ഷിക്കാൻ അനുമതിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'ഗോൾഡ് കൺട്രോൾ ആക്റ്റ്' അനുസരിച്ച് സ്വർണകട്ടികളും, സ്വർണ നാണയങ്ങളും സ്വർണാഭരണങ്ങൾ ആക്കി മാറ്റണം. സ്വർണാഭരണങ്ങൾ കൈവശം വെക്കാനേ 1968 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ നിലവിൽ വന്ന 'ഗോൾഡ് കൺട്രോൾ ആക്റ്റ്' അനുസരിച്ച് പൗരന്മാർക്ക് അവകാശമുണ്ടായിരുന്നുള്ളൂ. സ്വർണപണിക്കാർക്ക് കേവലം100 ഗ്രാമിൽ കൂടുതലും കൈവശം വെക്കാനും അധികാരമില്ല. ആ 'ഗോൾഡ് കൺട്രോൾ പോളിസി' ദയനീയമായി പരാജയപ്പെട്ടു എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. 'ഗോൾഡ് കൺട്രോൾ ആക്റ്റിന് രൂപം കൊടുത്ത മുൻ റിസേർവ് ബാങ്ക് ഗവർണറും, ഇക്കണോമിക് സെക്രട്ടറിയുമായ ഐ. ജി. പട്ടേൽ പറയുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെ പുള്ളിക്ക് രൂക്ഷമായ എതിർപ്പ് ഉണ്ടായി എന്നാണ്. "ഞങ്ങൾ സ്ത്രീകൾ കുറച്ചു സ്വർണം സൂക്ഷിക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം" എന്ന് പറഞ്ഞുകൊണ്ട് ഐ. ജി. പട്ടേലിൻറ്റെ സ്വന്തം സഹോദരി തന്നെ ആ ഗോൾഡ് കൺട്രോൾ' പോളിസിയെ എതിർത്തു. വെറും 'ബുക്കിഷ് ഐഡിയ' എന്ന് പറഞ്ഞുകൊണ്ട് ഐ. ജി. പട്ടേലിൻറ്റെ പിതാവും പുള്ളിയെ കളിയാക്കി. ഈ സംഭവങ്ങളൊക്കെ ഐ. ജി. പട്ടേൽ ആത്മകഥയായ 'Glimpses of Indian Economic Policy – An Insider’s View' -ൽ പറയുന്നുണ്ട്.

വാസ്തവത്തിൽ ഇൻഡ്യാക്കാരുടെ ഈ സ്വർണത്തോടുള്ള ഭ്രമമാണ് സ്വർണ കള്ളക്കടത്തിന് അടിസ്ഥാനപരമായ കാരണം. ലോകം മുഴുവനും ഈ മഞ്ഞ ലോഹത്തോടുള്ള ഭ്രമം കുറഞ്ഞുവരികയാണ്; പക്ഷെ ഇന്ത്യയിൽ സ്വർണത്തോടുള്ള ഭ്രമത്തിന് ഒരു കുറവും ഇല്ലാ. മൈസൂർ പാലസിൽ സ്വർണം പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലത്തെ തിരക്ക് കണ്ടിട്ടുള്ളവർക്ക് അറിയാം ഇൻഡ്യാക്കാരുടെ സ്വർണത്തോടുള്ള ഭ്രമം. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ അഭിവൃദ്ധി പ്രാപിക്കുമ്പോൾ അവരും കൂടുതൽ സ്വർണം സമാഹരിക്കാൻ നോക്കും. അതാണ് 1990-കൾ മുതൽ കേരളത്തിൽ സംഭവിച്ചത്.

ഗൾഫ് പണത്തിൻറ്റെ ഒഴുക്കോടെ ഇവിടെ വിവാഹങ്ങൾ ആർഭാടമാകാൻ തുടങ്ങി. പുതിയ പുതിയ ജൂവലറികളും, വസ്ത്ര വ്യാപാര ശാലകളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ കേരളത്തിലുള്ളതുപോലുള്ള വലിപ്പമുള്ള തുണി കടകളും, ജൂവലറികളും മുംബയിലോ ഡൽഹിയിലോ പോലും കാണാൻ സാധിക്കില്ല. 30-40 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ജാം പുരട്ടിയ മോഡേൺ ബ്രഡ്ഡും, ഹലുവയും, മിക്സ്ച്ചറും, പൂവൻ പഴവും ആയി കല്യാണസദ്യകൾ ഇഷ്ടം പോലെ നടന്നിട്ടുണ്ട്. ഇന്ന് അത്തരം കല്യാണസദ്യ നടത്താൻ നോക്കിയാൽ നാട്ടുകാർ തെറി വിളിക്കും. പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി ഉപഭോഗ സംസ്കാരം കേരളത്തിൽ പിടിമുറുക്കിയിരിക്കുന്നു. ഈ ഉപഭോഗ സംസ്കാരം തന്നെയാണ് കേരളത്തിലേക്കുള്ള വർദ്ധിച്ചു വരുന്ന സ്വർണ കള്ളക്കടത്തിൻറ്റേയും പിന്നിലുള്ള അടിസ്ഥാനപരമായ കാരണം. ചുരുക്കം പറഞ്ഞാൽ കേരളത്തിലും ഇന്ത്യയിലും സ്ത്രീകളുടെ സ്വർണത്തോടുള്ള ഭ്രമം അവസാനിക്കാതെ ഇന്ത്യയിൽ സ്വർണ കള്ളക്കടത്തും കുറയാൻ പോകുന്നില്ല.

ഇപ്പോൾ ആധുനിക കാലത്തെ പെൺകുട്ടികളിൽ പഴയ കാലത്തെ സ്ത്രീകൾക്കു ഉണ്ടായിരുന്നതുപോലെ സ്വർണത്തോട് കണ്ടമാനം ഭ്രമമില്ല. പക്ഷെ ഇന്ത്യയിൽ വിവാഹങ്ങൾക്ക് ഇന്നും സ്വർണത്തിന് പ്രത്യേകമായ ഒരു സ്ഥാനമുണ്ടെന്നുള്ളത് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ്. ഇത്തരത്തിൽ സ്വർണത്തിന് ഇന്ത്യയിൽ ഡിമാൻറ്റ് ഉള്ള കാലത്തോളം സപ്ളൈ തുടരാനാണ് സാധ്യത മുഴുവനും. ഈ സ്വർണത്തിൻറ്റെ സപ്ളൈ കള്ളക്കടത്തിൻറ്റെ രൂപത്തിൽ വന്നാൽ അതിൽ കണ്ടമാനം അതിശയിക്കാനൊന്നുമില്ലാ. കാരണം നികുതിവെട്ടിച്ച് കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ ഇൻഡ്യാ മഹാരാജ്യത്ത് ഇഷ്ടം പോലെ ഉണ്ടല്ലോ. അപ്പോൾ നികുതി പിരിക്കുന്നവരും, നീതിന്യായ വ്യവസ്ഥിതിയിലുള്ളവരും സ്വർണ കള്ളക്കടത്തിന് പിന്നാലേ വരും കാലങ്ങളിലും പായും. സ്വർണത്തോടുള്ള ഇൻഡ്യാക്കാരൻറ്റെ ഭ്രമം നിലനിൽക്കുന്നിടത്തോളം കാലം പരസ്പര പൂരകങ്ങളായി നികുതി വെട്ടിപ്പും, സ്വർണ കള്ളക്കടത്തും തുടരാനാണ് സാധ്യത.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
സ്ത്രീകളുടെ സ്വർണ ഭ്രമം ഉള്ള കാലത്തോളം കള്ളക്കടത്തും ഉണ്ടാവും ( വെള്ളാശേരി ജോസഫ്)
സ്ത്രീകളുടെ സ്വർണ ഭ്രമം ഉള്ള കാലത്തോളം കള്ളക്കടത്തും ഉണ്ടാവും ( വെള്ളാശേരി ജോസഫ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക