ഫിലാഡല്‍ഫിയ,യു.എസ്.എ.: അനുദിനം അതിവേഗം വര്‍ദ്ധിക്കുന്ന കോവിഡ്-19 ബാധ തടയുവാനുള്ള വാക്‌സിനേഷന്‍ നിര്‍മ്മാണം അതിവേഗം പുരോഗമിയ്ക്കുന്നതായും സമീപഭാവിയില്‍തന്നെ ജനങ്ങളില്‍ എത്തിച്ചേരുമെന്നും ഫിലഡല്‍ഫിയ ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. തോമസ് ഫാര്‍ലെയുടെ പ്രസ്സ് ബ്രീഫിഗില്‍ പ്രതീക്ഷാജനകമായി പ്രസ്താവിച്ചു. കോവിഡ്-19 മരണവും പകര്‍ച്ചവ്യാധിയും പരിപൂര്‍ണ്ണമായി തടയുവാനുള്ള വാക്‌സിനേഷന്‍ അമേരിയ്ക്കയില്‍ 8 റിസേര്‍ച്ച് സെന്ററുകളില്‍ മാസങ്ങളായി പരീക്ഷണാര്‍ത്ഥം നടത്തുന്നതായും ഈ വര്‍ഷാന്ത്യത്തോടെയോ അടുത്തവര്‍ഷം ആദ്യമായിട്ടോ ഭയചകിതരായ ലോകജനതയ്ക്ക് കൊടുക്കാമെന്നും ഉറപ്പായി ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ലേഖന പരമ്പരയില്‍ പരസ്യമായി പറഞ്ഞിരിക്കുന്നു. അനേകവര്‍ഷങ്ങള്‍ക്ക് പിന്നില്‍ മാരകമായ വസൂരി ബാധയെ നിശ്ശേഷം നിര്‍മ്മാര്‍ജനം ചെയ്തതുപോലെ കൊറോണ വൈറസിനെ തടയുവാന്‍ സാധിയ്ക്കുമോ എന്ന സംശയം പൊതുവായി ശക്തമാകുന്നുണ്ട്.
പുതിയ വാക്‌സിന്‍മൂലം കോവിഡ്-19 രോഗാവസ്ഥയും മരണനിരക്കും പരിപൂര്‍ണ്ണമായി നീക്കംചെയ്യപ്പെടും എന്ന ഉറപ്പ് പരമ പ്രധാനമായി ജനങ്ങളില്‍ ഉണ്ടാകണം. കൊറോണവൈറസ് വാക്‌സിനേഷന്‍ ആരംഭിയ്ക്കുന്നതിന് മുന്‍പായി ജനങ്ങളെ പുതിയ വാക്‌സിനേഷനെ സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കി ബോധവത്ക്കരിക്കണം. വിവിധ രോഗാവസ്ഥയിലുള്ളവരിലും പ്രായാധിക്യം ഉള്ളവരിലും വാക്‌സിന്‍ എപ്രകാരം ഫലപ്പെടുമെന്ന് ഇപ്പോള്‍ അറിയുന്നില്ല. അടുത്തനാളില്‍ 2200 വ്യക്തികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 493 ആളുകള്‍ കൊറോണ വൈറസ് വാക്‌സിന്‍ എടുക്കുവാന്‍ വിസമ്മതിയ്ക്കുന്നതായി മെഡിക്കല്‍ പബ്ലിക്കേഷനില്‍നിന്നും വ്യക്തമാകുന്നു. സുദീര്‍ഘമായ പരീക്ഷണത്തിനുശേഷം പരസ്യമായി കോവിഡ്-19 വാക്‌സിനേഷന്‍ ലഭ്യമായാല്‍ ഉടനെ വെറും 30 ശതമാനം അമേരിക്കന്‍സ് ദ്രുദഗതിയില്‍ ആശുപത്രികളിലോ,
ഡോക്‌ടേഴ്‌സ് ഓഫീസുകളിലോ, വിവിധ ആരോഗ്യപ്രവര്‍ത്തന കേന്ദ്രങ്ങളിലോ എത്തി പുതിയ വാക്‌സിന്‍ എടുക്കുവാന്‍ സാധ്യതയുള്ളതായി സര്‍വ്വേ പറയുന്നു. ഒരു വലിയ വിഭാഗം ജനങ്ങള്‍ വിപത്തുകള്‍ ഉണ്ടാകുമെന്ന ശങ്കയോടെ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ ശാരീരികസ്ഥിതി മെച്ചപ്പെട്ടതായി തോന്നിയതിനുശേഷമേ വാക്‌സിനേഷന്‍ സ്വീകരിക്കുകയുള്ളു. ഭാരതീയരായ നമ്മുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണ്. വൈദ്യരോടും മരുന്നുകളോടുമുള്ള അമിതവിശ്വാസംമൂലം കൊറോണവൈറസില്‍നിന്നും അതിശീഘ്രം മുക്തിനേടാന്‍വേണ്ടി യാതൊരുവിധ ഭാവഭേദമില്ലാതെ വാക്‌സിനേഷന്‍ എടുക്കും.
കുട്ടികളുടെ വാക്‌സിനേഷനെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ ചിന്താഗതി വ്യത്യസ്തമായിരിക്കും. വാക്‌സിന്‍ ആവശ്യമാണോ എന്ന സംഭ്രാന്തിയും സുരക്ഷിതമാണോ എന്ന ഭയാനകമായ ചിന്താകുഴപ്പവും സജീവമായിരിക്കും. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ മാതാപിതാക്കളോട് വ്യക്തമായി സംസാരിച്ച് മനസ്സിലാക്കണം. അമേരിക്കയില്‍ വര്‍ക്ഷവിവേചനം അനിയന്ത്രിതമായി അരങ്ങേറുന്നതിനാല്‍ കറുത്തവര്‍ക്ഷക്കാരും ഹിസ്പാനിക് മാതാപിതാക്കളും കുട്ടികളുടെ വാക്‌സിനേഷനില്‍ കൂടുതല്‍ സംശയങ്ങള്‍ ഉന്നയിക്കുവാന്‍ സാദ്ധ്യതയുണ്ട്.
ലോകജനതയ്ക്കാവശ്യമായ 60 ശതമാനത്തിലധികം വിവിധ വാക്‌സിന്‍ ഇന്‍ഡ്യയില്‍തന്നെ ഉല്പാദിപ്പിക്കുന്നു. ഇന്‍ഡ്യയില്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് കോവിഡ്-19 മഹാമാരിയെ തടയുവാനുള്ള വാക്‌സിനേഷന്‍ സകലവിധ പരീക്ഷണങ്ങള്‍ക്കുംശേഷം ലോകജനതയ്ക്ക് സമര്‍പ്പിക്കുമെന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ച് ഡയറക്ടര്‍ ബലറാം ഭാര്‍ഗവ പരസ്യപ്രസ്താവന നടത്തിയെങ്കിലും ശോചനീയമായി പിന്മാറി. 2021 തുടക്കത്തില്‍ മാത്രമേ സജ്ജമാവുകയുള്ളു എന്ന് ഖേദപുര്‍വ്വം വീണ്ടും മാദ്ധ്യമങ്ങളെ അറിയിച്ചു. ഇന്‍ഡ്യ-യൂറോപ്യന്‍ യൂണിയന്‍ ഉന്നതതല സമ്മേളനത്തിലെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജന്‍ണ്ടയിലെ മുഖ്യവിഷയം കൊറോണ വൈറസ് വാക്‌സിനേഷനാണ്.
ആഗോളതലത്തില്‍ 100 ലധികം റിസേര്‍ച്ച് സെന്ററുകളില്‍ കൊറോണ വൈറസ് വാക്‌സിനേഷനുവേണ്ടി വിവിധ പരീക്ഷണങ്ങള്‍ ദ്രുദഗതിയില്‍ നടത്തുന്നു. ലണ്ടനില്‍ ആസ്ട്രാ സെനികാ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനി ഉല്പാദിപ്പിച്ചു പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിയ്ക്കുന്ന കൊറോണ വൈറസ് വാക്‌സിനേഷന്‍ എത്രയുംവേഗം സമൂഹമദ്ധ്യേ എത്തുമെന്നു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ജേണല്‍ എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റോണ്‍ ഉറപ്പോടെ പറയുന്നു. കൊറോണ വൈറസിനെ ശക്തിയായി പ്രതിരോധിയ്ക്കുവാന്‍ പ്രാപ്തമായ വാക്‌സില്‍ ഉല്പാദിപ്പിച്ച് പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ച് അവസാനഘട്ടത്തില്‍ എത്തിയതായും സമീപഭാവിയില്‍തന്നെ ജനങ്ങളില്‍ എത്തിച്ചേരുമെന്നും അമേരിയ്ക്കല്‍ ഗവണ്മെന്റിലെ ഉന്നത പകര്‍ച്ചവ്യാധി വിദഗ്ദ്ധന്‍ ആന്റണി ഫായിസ് അസ്സോസിയേറ്റ് പ്രസ്സ് മുഖേന പ്രസ്താവിച്ചു.
ജൂലൈ 27ന് 30,000 ത്തിലധികം വോളന്റിയേഴ്‌സ് അടങ്ങുന്ന അമേരിയ്ക്കന്‍ ജനാവലി പുതുതായി പൂര്‍ത്തീകരിച്ച വാക്‌സിന്‍ സ്വന്തം ശരീരത്തില്‍ കുത്തിവച്ച് കൊറോണവൈറസിന്റെ പ്രതിരോധശക്തി നിര്‍ണ്ണയിക്കും. കഴിഞ്ഞമാസം ആദ്യമായി പരീക്ഷണാര്‍ത്ഥം വാക്‌സിന്‍ സ്വീകരിച്ച 45 വോളന്റിയേഴ്‌സിന്റെ പ്രതിരോധനശക്തി വളരെ അംഗീകൃതമായി അനുഭവപ്പെട്ടതായി പ്രതീക്ഷയോടെ അറിയപ്പെടുന്നു. 45 പേരിലും ഗൗരവകരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പകുതിയില്‍ അധികം വാക്‌സിനേഷന്‍ പങ്കാളികള്‍ക്ക് നേരിയ പനിയും തലവേദനയും സാധാരണ വാക്‌സിനേഷന്‍ സ്വീകരിക്കുമ്പോഴുള്ളതുപോലെ അനുഭവപ്പെട്ടു. ഇത്തരുണത്തില്‍ സൂഷ്മപരിശോധന നടത്തുന്ന വാക്‌സിനേഷന്‍ അംഗീകരിച്ചാല്‍ ഒരുമാസം ഇടവിട്ട് രണ്ട് ഡോസ് കുത്തിവെയ്പ് നടത്തണം. ഗവേഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാഷിംഗ്ഡണ്‍ സ്റ്റേറ്റ്, സിയാറ്റിലെ കൈസര്‍ പെര്‍മനേറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ലിസാ ജാക്‌സന്‍ ഈ വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ ആരംഭിക്കാമെന്ന് ശുഭപ്രതീക്ഷയോടെ പറഞ്ഞു.