Image

മായാത്ത സഹൃദയ രേഖകൾ (പുസ്തകനിരൂപണം: ജ്യോതിലക്ഷ്മി നമ്പ്യാർ,മുംബൈ)

Published on 19 July, 2020
മായാത്ത സഹൃദയ രേഖകൾ (പുസ്തകനിരൂപണം: ജ്യോതിലക്ഷ്മി  നമ്പ്യാർ,മുംബൈ)
(ശ്രീമതി സരോജ വർഗീസിന്റെ സഹൃദയ രേഖകൾ എന്ന സമാഹാരം)

കഥകൾ , ലേഖനങ്ങൾ യാത്രവിവരണങ്ങൾ അഭിമുഖങ്ങൾ എന്നിങ്ങനെ നാല് പ്രധാന മുഖങ്ങൾ എന്ന സവിശേഷതയോടെയാണ് ശ്രീമതി സരോജ വർഗ്ഗീസിന്റെ 'സഹൃദയ രേഖകൾ എന്ന പുസ്തകത്തിനു ജീവൻ നല്കിയിരിയ്ക്കുന്നത്. ഈ പുസ്തകം അവരുടെ ഭർത്താവിന് ജന്മദിനസമ്മാനമായി സമർപ്പിച്ചതാണ്. ഭർതൃവിയോഗത്താൽ ഒറ്റപ്പെട്ട മനസ്സ്, വേർപാടിന്റെ ആഴക്കടലായ് മാറിയപ്പോൾ  എഴുതപ്പെട്ടതാണ് ശ്രീമതി സരോജയുടെ 'പ്രിയ ജോ നിനക്കായ് ഈ വരികൾ’ എന്ന പുസ്തകം. പ്രിയപ്പെട്ടവനൊത്ത് ഒരുമിച്ച് കഴിഞ്ഞ നാളുകളുടെ ഓർമ്മകൾ അലയടിക്കുന്ന ഒരു ദുഃഖസമുദ്രമാണ് ഈ പുസ്തകം. തീവ്രമായ വേദനകളുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന വൈധവ്യതീരത്തെ ചുട്ടുപഴുത്ത മണൽതരികളിൽ ചവുട്ടിനിന്നു ഇനിയും അവർക്കായി ബാക്കി കിടക്കുന്ന ആയുസ്സിന്റെ കരകാണാക്കടൽ വിഷാദമൂകയായി നോക്കി നിന്ന് കണ്ണീർ വാഴ്ത്തുന്നു പുസ്തകത്തിലെ ഓരോ വരികളിലൂടെ. ഇവർ കാലങ്ങളോളം അമേരിക്കയിലായിരുന്നിട്ടും ഭാരതസംസ്കാരത്തിലും,  കുടുംബമൂല്യങ്ങളിലും ഇന്നും അടിയുറച്ചു  വിശ്വസിയ്ക്കുന്നു എന്നതാണ് ഈ രണ്ടു പുസ്തകങ്ങളും സ്പഷ്ടമാക്കുന്നത്.
 
ഏതൊരു എഴുത്തുകാരന്റേയും വളർച്ചയിൽ ആദ്യചുവട് കുടുംബത്തിൽ നിന്നുള്ള പ്രോത്സാഹനമാണ്. ഈ അനുഗ്രഹീത എഴുത്തുകാരിയുടെ സാഹിത്യയാത്രയിലും ആദ്യ ചുവട് ഭർത്താവിന്റെയും മക്കളുടെയും പ്രോത്സാഹനം തന്നെയാണ്   എന്നവർ ഈ പുസ്തകത്തിന്റെ മുഖവുരയിൽ നിസ്സംശയം വ്യക്തമാക്കുന്നു. ഈ പുസ്തകത്തിന്റെ എല്ലാ മുഖങ്ങളിലും കണ്ണോടിച്ചാൽ ലേഖനം എന്ന വിഭാഗം മറ്റു വിഭാഗങ്ങളെക്കാൾ വളരെ ഉയർന്ന നിലവാരം പുലർത്തുന്നതായി കാണാം. കാരണം താൻ പ്രതിനിധാനം ചെയ്യുന്ന  സമൂഹത്തിൽ കാണപ്പെടുന്ന പല വിഷയങ്ങളെയും കുറിച്ച് സൂക്ഷ്‌മമായി പഠിച്ച് അതിനെ വളരെ ശക്തമായും അതേസമയം ഹൃദ്യമായ ഭാഷാപ്രയോഗത്താൽ മാർദ്ദവമായ ഒരു തലോടൽ പോലെയുമാണ് അവരുടെ പ്രതികരണം. ഓരോ വ്യക്തിയുടെയും ജീവിതം ആദർശഭരിതമാകണം എന്ന സന്ദേശത്തിനു അവർ എഴുത്തിലൂടെ ഊന്നൽ കൊടുത്തിരിയ്ക്കുന്നതായി കാണപ്പെടുന്നു.

വ്യത്യസ്തമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിനാറ് ലേഖനങ്ങളിലൂടെ ശ്രീമതി സരോജ സമൂഹത്തിനു ഒരു സന്ദേശവും മാർഗദർശനവും നൽകുന്നു. ഓരോ ലേഖനത്തെയും കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ലെങ്കിലും അതിൽ ചിലതെല്ലാം  വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും  മനസ്സിലാക്കാവുന്ന,  പ്രായോഗികമാക്കാവുന്ന നിർദ്ദേശങ്ങളാണ് അവർ ലേഖനങ്ങളിൽ നൽകുന്നത്. ജീവിത സായാഹ്‌നം എങ്ങനെ ഉന്മേഷപ്രധാനമാക്കാം, പ്രതികൂലങ്ങളിലെ അമൂല്യകൃപ, സമയം തക്കത്തിൽ ഉപയോഗിക്കണം, കുടുംബം ഒരു പറുദീസാ, കുട്ടികൾക്ക് വേണ്ടത്  സ്നേഹവും അംഗീകാരവും  തുടങ്ങി ലേഖനങ്ങളിലെ തലക്കെട്ടു തന്നെ മനുഷ്യമനസ്സുകൾക്ക് പ്രതീക്ഷ നൽകുന്നവയാണ്. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ ഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന വിവരണങ്ങളും ഉപദേശങ്ങളും ഈ ലേഖനങ്ങളിൽ കാണാം. മഹാന്മാരുടെ വചനങ്ങൾ പലതും സന്ദർഭോചിതമായി അവർ ഉദ്ധരിച്ചിട്ടുണ്ട്. ഓരോ ലേഖനവും വായിച്ചു  തീരുമ്പോൾ വായനക്കാരിൽ ഒരു ശുഭാപ്തി വിശ്വാസം നിറക്കാൻ ലേഖികക്ക് കഴിയുന്നു. ഇന്ന് മനുഷ്യജീവിത മൂല്യങ്ങൾ തകരുന്നു, കുടുംബബന്ധങ്ങൾ ചിതറുന്നു,   പുതിയ തലമുറ വഴിതെറ്റുന്നു - ഇതെല്ലാം പക്വമതിയായ ഒരു സ്ത്രീയെപ്പോലെ, ഒരു അധ്യാപികയെപ്പോലെ, ഒരു ഗുരുവിനെപോലെ വിശകലനം ചെയ്തു വളരെ ലളിതമായി പ്രതിപാദിക്കുകയും എങ്ങനെ അവസരങ്ങളെ ഉപയോഗിച്ച് നമ്മൾ വിജയം പ്രാപിക്കണമെന്ന ഉപദേശവും ലേഖനങ്ങളിൽ ഉൾകൊള്ളിയ്ക്കുന്നു.
ലേഖനങ്ങളുടെ പ്രത്യേകത അവയെല്ലാം വളരെ  ഹൃസ്വമാണെന്നാണ്. ധാരാളം എഴുതി നീട്ടുന്നതിനേക്കാൾ ആശയങ്ങൾ വ്യകതമാകുംവിധം അവയെ സംഗ്രഹിച്ചു എഴുതുക എന്ന രീതി. ഇത് വളരെ ഫലപ്രദമാണ് വായനക്കാരുടെ മനഃശാസ്ത്രം നോക്കുമ്പോൾ.  വളരെ നീണ്ട ഒരു ലേഖനം കണ്ടാൽ ഭൂരിപക്ഷം പേരും അതു വായിക്കാൻ ശ്രമിക്കാറില്ല. എളുപ്പം വായിച്ച് തീരാവുന്ന ഒരു ലേഖനമാകുമ്പോൾ അതു കൂടുതൽ പേർ വായിക്കുകയും അതിന്റെ ഉദ്ദേശ്യം നിറവേറുകയും ചെയ്യും. സമൂഹ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരിയുടെ ശബ്ദം ശ്രീമതി സരോജയുടെ രചനകളിൽ കേൾക്കാവുന്നതാണ്.

‘ആദർശ്യധന്യമോ ഈ ജീവിതമെന്ന’ ലേഖനം അവർ അവസാനിപ്പിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. "അന്ധകാരത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന ലോകത്തെ പ്രകാശത്തിലേക്ക് നയിക്കുവാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്.
തികച്ചും വ്യത്യസ്തങ്ങളായ ജീവിതങ്ങളും, ആശയങ്ങളും വരച്ചു കാട്ടുന്ന ഏഴ് ചെറുകഥകളാണ്  ഈ പുസ്തകത്തിലെ  അടുത്ത ശ്രദ്ധേയമായ ഭാഗം. ‘അസ്തമിയ്ക്കാത്ത പൂനിലാവ്’ എന്ന കഥയിൽ ഭാര്യാഭർത്താക്കന്മാർ   വച്ചുപുലർത്തേണ്ട പരസ്പര വിശ്വാസമാണ് വിവാഹജീവിതത്തിന്റെ ആടിയുലയാത്ത അടിത്തറ എന്നവർ വ്യക്തമാക്കുന്നു. സ്ത്രീ സ്വാതന്ത്രത്തെയും, നവോത്ഥാനത്തെയും  പ്രോത്സാഹിപ്പിയ്ക്കുന്ന ഇവർ  വിവാഹിതയായ സ്ത്രീ, പുരുഷനോടൊപ്പം സഞ്ചരിയ്ക്കണം എന്ന്  പറയുന്നു. ഈ പഴയ വിശ്വാസത്തിൽ ഉറച്ചു  നിൽക്കുന്നത് ഒരുപക്ഷെ ഒറ്റയായ സ്ത്രീയെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്യാൻ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന  പുരുഷമേധാവിത്വത്തിന്റെ ദുരുദ്ദേശ്യങ്ങൾ  കണക്കിലെടുക്കുന്നതുകൊണ്ടാകാം. കുടുംബ സാഹചര്യങ്ങൾക്കൊണ്ടു അമേരിക്കയിൽ എത്തിപ്പെട്ടുവെങ്കിലും മലയാളത്തെയും, തനതായ സംസ്കാരത്തെയും മനസ്സിൽ താലോലിയ്ക്കുന്ന മലയാളികളുടെ കുടുംബ ജീവിതമാണ് സ്നേഹബിന്ദുവെന്ന കഥയിൽ പ്രതിപാദിയ്ക്കുന്നത്. മലയാള സംസ്കാരത്തെ മനസ്സിൽ താലോലിയ്ക്കുമ്പോഴും അമേരിക്കയുടെ തൊട്ടിലിൽ വളർത്തപ്പെടുന്ന മക്കളുടെ ജീവിതയാത്രയാൽ മാതാപിതാക്കൾ അനുഭവിയ്ക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മാനസിക സംഘര്ഷങ്ങളും ഇതിൽ വ്യക്തമാക്കുമ്പോൾ ഇതു പലർക്കും അവരുടെ കഥയാകുന്നു. 

വായനാസമ്പത്തിന്റെ സ്വാധീനം ശ്രീമതി സരോജയുടെ ചില രചനകളിൽ കാണുന്നു. ഏകാന്തതയുടെ തീരത്ത് എന്ന രചന ഇതിൽ ഒന്നാണ്.   ഏകാന്തത തന്നെയാണ് മനുഷ്യന്റെ എല്ലാ ദുഖങ്ങളുടെയും  അടിസ്ഥാനം  എന്ന തത്വം പഠിപ്പിക്കുന്ന ഒരു കവിത  അവർ ഈ കഥയിൽ പരാമർശിക്കുന്നുണ്ട്. മനുഷ്യജീവിതത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പാഠങ്ങൾ, ഉപദേശങ്ങൾ അവർ ഈ കഥയിൽ ചേർക്കുന്നു.    ഏതു വിഷയവും സൗന്ദര്യാത്മകമായി അവതരിപ്പിയ്ക്കുക എന്ന രീതി ഇവരുടെ എഴുത്തിന്റെ ഒരു പ്രത്യേകതയാണ്. നമ്മൾ ജീവിക്കാൻ മറന്നുപോകുന്ന കാലം നമുക്ക് വേണ്ടി കാത്തുനിൽക്കുകയില്ലെന്നു ഈ കഥയിലെ നായിക പറയുന്നുണ്ട്. ‘ആകാശത്തിലെ ദീപക്കാഴ്ച്ച’ എന്ന കഥയിൽ  സ്വന്തം കുടുംബവും സഹോദരങ്ങളും കഷ്ടപ്പെടുമ്പോൾ കിട്ടുന്ന സ്റ്റേജുകളിൽ നാട് നന്നാക്കാൻ  ഘോരഘോരം പ്രസംഗിക്കുന്ന കപടവേഷക്കാരെ  വിരൽചൂണ്ടി കാണിയ്ക്കുന്നു.  ധാർമ്മിക രോഷം ഇവരിലെ എഴുത്തുകാരിയെ പല സാഹചര്യത്തിലും എഴുത്തിലൂടെ പ്രതികരിയ്ക്കാൻ നിര്ബന്ധിതയാക്കുന്നു.  തന്റെ രചനകൊണ്ട് എന്തെങ്കിലും ഗുണം സമൂഹത്തിനുണ്ടാകുക  എന്ന സാമൂഹികബോധം വച്ചുപുലർത്തുന്നതായി ഇവരുടെ ഓരോ എഴുത്തിലും കാണപ്പെടുന്നു. 

മണിച്ചെപ്പ് തുറക്കുമ്പോൾ’ എന്ന കഥ എഴുത്തുകാരിയിലെ  ഗൃഹാതുരത്വം പ്രകടിപ്പിക്കുന്നു. പ്രവാസിയായി കഴിയുമ്പോഴും ജനിച്ച നാടും അവിടത്തെ പ്രകൃതിയും അവരെ സ്പര്ശിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഓർമ്മകളിൽ മുഴുകുമ്പോൾ അത് ഒരു കലാസൃഷ്ടിയായി പിറക്കുന്നു. ആധുനിക കഥകളുടെ വായനക്കാർക്ക് ശ്രീമതി സരോജയുടെ കഥകളെ കഥകളായി കാണാൻ പ്രയാസമായിരിക്കും. കാരണം അവർ മലയാള ചെറുകഥകളുടെ  മധ്യകാല കഥകളോട് ചേർന്നുനിൽക്കുന്നു.  ഓരോ കഥയിലും മനുഷ്യജീവിതത്തിന്റെ ഒരു പരിച്ഛേദം അവർ കൊണ്ടുവരുന്നുണ്ട്.  കഥ ജീവിതം തന്നെയാകുമ്പോൾ അവരുടെ കഥകൾ വിലപ്പെട്ടതാകുന്നു.

അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ഒരു കപ്പൽ യാത്രയും അവർ സന്ദർശിച്ച സ്ഥലങ്ങളും വളരെ ഹൃദ്യമായ ഭാഷയിലുള്ള വിവരണമാണ് മൂന്നാമത്തെ വിഭാഗത്തിൽ കാണുക. കപ്പൽ എന്ന് കേൾക്കുമ്പോൾ പണ്ടുകാലത്ത് ദൂരസ്ഥലങ്ങളിലേക്ക് പോകാൻ ഉപയോഗിച്ചിരുന്ന ഒരു വാഹനമെന്ന ധാരണയാണ് വായനക്കാരനുണ്ടാകുക. എന്നാൽ ഇത് ഉല്ലാസകപ്പലാണ്. സഞ്ചാരികളെ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോകുന്ന കപ്പൽ. അതിനുള്ളിലെ സജ്ജീകരണങ്ങളും യാത്രയും ശ്രീമതി സരോജ വർഗീസ് വായനക്കാരെക്കൂടി അവരുടെ ഉല്ലാസസംഘത്തിൽ പെടുത്തികൊണ്ട് വിവരണം തുടരുന്നു. നേർക്കാഴ്ച്ചകളുടെ നേർവിവരണങ്ങൾ . വായിപ്പിച്ചുകൊണ്ട് നമ്മളെയെല്ലാം അവർ കണ്ട സ്ഥലങ്ങളിലേക്ക് കാഴ്ച്ചകളിലേക്ക് കൊണ്ടുപോകുന്നു. ഇന്ത്യ വിട്ടു വിദേശങ്ങൾ സഞ്ചരിക്കാത്ത ഈ ലേഖികക്ക് അവയെല്ലാം വളരെ കൗതുകം ജനിപ്പിച്ചു.കപ്പൽ യാത്രയിൽ  സഹയാത്രികരുമായി സംസാരിക്കുമ്പോൾ ഭാരതീയസംസ്കാരത്തെപ്പറ്റി പറയാൻ ശ്രീമതി സരോജ ഉത്സാഹം കാണിക്കുന്നു. അന്നു വിവാഹം കഴിഞ്ഞിട്ട് മുപ്പത്തിയേഴു സംവത്സരങ്ങൾ പൂർത്തിയാക്കിയ അവർ അതു അഭിമാനപൂർവം പറയുന്നുണ്ട്. വിവാഹമോചനം സംഭവിക്കാതെ കുടുംബഭദ്രത എങ്ങനെ കൈവരിക്കാമെന്നും ഒരു സാമൂഹിക വക്താവായി  അവർ വാചാലയാകുന്നു. വാസ്തവത്തിൽ ശ്രീമതി സരോജ അവരുടെ സഞ്ചാരത്തിലൂടെ ഭാരതീയപൈതൃകവും സംസ്കാരവും പ്രസംഗിക്കാൻ കൂടി ഉപയോഗിച്ചുവെന്ന് കാണാം. ആറു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന ഈ യാത്രാവിവരണം വായിക്കാൻ വളരെ രസകരവും നമ്മുടെ ജിജ്ഞാസ വളർത്തുന്നതുമാണ്.
പുസ്തകത്തിന്റെ അവസാനം മൂന്നു അഭിമുഖങ്ങൾ ചേർത്തിട്ടുണ്ട്. അതിൽ ഒന്ന് മലങ്കര ഓർത്തോഡോക്സ് ചർച്ച് അമേരിക്കൻ ഭദ്രാസന കൗൺസിൽ മെമ്പറും ലേഖകനും ഇന്ത്യ പ്രസ്ക്ലബ് അംഗവുമായ ശ്രീ വറുഗീസ് പോത്താനിക്കാട് ശ്രീമതി സരോജ വർഗീസുമായി നടത്തിയ അഭിമുഖമാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ദീർഘകാലമായി അമേരിക്കയിലെ ന്യുയോർക്കിൽ താമസിക്കുന്ന സരോജ വർഗീസിന് അവിടത്തെ മേൽറ്റിംഗ് പോട്ടിൽ എത്രത്തോളം അലിയാൻ കഴിഞ്ഞു, ഭാരതീയ സംസ്കാരത്തിന് അമേരിക്കയിൽ എന്തെങ്കിലും പ്രഭാവം ഉണ്ടാക്കാൻ കഴിഞ്ഞോ തുടങ്ങിയവയാണ്. ശ്രീമതി സരോജയുടെ മറുപടികൾ മാതൃകാപരമാണ്,. ഒരു ഉദാഹരണം അവർ പറയുന്നത് ഒരു സംസ്കാരത്തെക്കുറിച്ചും നമ്മൾ കുട്ടികളുടെ മുന്നിൽ വച്ച് മോശമായി സംസാരിക്കരുതെന്നാണ്.  ഓരോ സംസ്കാരത്തിലും നല്ലതും ചീത്തയുമുണ്ടെന്ന ശ്രീമതി സരോജയുടെ അനുമാനങ്ങൾ പ്രശംസനീയമാണ്. അടുത്ത് വന്ദ്യദിവ്യശ്രീ കെ.എ. ഫിലിപ്പ് റംബാനുമായി ശ്രീമതി സരോജ വർഗീസ് നടത്തിയ അഭിമുഖമാണ്. ഒരു വൈദികന്റെ മതപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണിതിൽ. അടുത്തത് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ ബാവ തിരുമേനിയുമായ് ശ്രീമതി സരോജ നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരണമാണ്. തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ പ്രവൃത്തിക്കുന്ന ബാലഭവൻ, അവിടെ കുട്ടികൾക്ക് ലഭിക്കുന്ന സേവനങ്ങൾ, മറ്റു കാരു ണ്യപ്രവർത്തികൾ എന്നിവ ഈ അഭിമുഖത്തിൽ വിവരിച്ചിരിക്കുന്നു. ഇത്തരം അഭിമുഖങ്ങളിലൂടെ മഹാന്മാരായ വ്യക്തികൾ അവരുടെ ജീവിതം അഗതികൾക്കും ,വികലാംഗർക്കും മാറ്റി വച്ച് നിർഭാഗ്യരായ അവർക്ക് പ്രത്യാശയുടെ വെളിച്ചം നൽകുന്ന വിവരങ്ങൾ നമ്മെ നന്മകൾ ചെയ്യാനും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും അവസരം നൽകുന്നു.

ബഹുവിധ വിജ്ഞാനകോശം എന്ന് കുറച്ച് അതിശയോക്തി കലർത്തി ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.  സാഹിത്യലോകത്തെ പ്രയാണം നിലയ്ക്കാത്ത ഈ എഴുത്തുകാരിയുടെ സാഹിത്യസപര്യ  നിർവിഘ്‌നം തുടർന്നുപോകാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ.
ശ്രീമതി സരോജ വർഗീസിന് ഭാവുകാശംസകൾ. 
മായാത്ത സഹൃദയ രേഖകൾ (പുസ്തകനിരൂപണം: ജ്യോതിലക്ഷ്മി  നമ്പ്യാർ,മുംബൈ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക