MediaAppUSA

കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാന്‍ മടിക്കുന്നവര്‍ (ദല്‍ഹികത്ത്- പി വി തോമസ്)

പി വി തോമസ് Published on 24 July, 2020
കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാന്‍ മടിക്കുന്നവര്‍ (ദല്‍ഹികത്ത്- പി വി തോമസ്)
കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാന്‍ മടിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ സംഘടനയായ കോണ്‍ഗ്രസ് ആണ് ഇവിടെ വിഷയം. പല മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരും വേദനയോടെ വിലയിരുത്തിയതുപോലെ ഇത് നിലനില്‍പിന്റെ മാത്രം പ്രശ്‌നം അല്ല. കോണ്‍ഗ്രസ് ഇന്ന് ആത്മഹത്യാപരമായ ഒരു പാതയിലാണ് നീങ്ങുന്നത്.

മധ്യപ്രദേശും ഇപ്പോള്‍ രാജസ്ഥാനും ഇതാണ് ചൂണ്ടിക്കാണിക്കുന്നത്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരം 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ചെങ്കിലും (2018) അത് നഷ്ടമായി. രാജസ്ഥാനിലും ബിജെപിയില്‍ നിന്നും അധികാരം തിരിച്ച് പിടിച്ചെങ്കിലും അവിടെയും അനിശ്ചിതാവസ്ഥയില്‍ ആണ്. മധ്യപ്രദേശിലും രാജസ്ഥാനിലും നഷ്ടമായത് കോണ്‍ഗ്രസ്സിന്റെ പുതുതലമുറയുടെ വാഗ്ദാനങ്ങള്‍ ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറിനേയുംമാണ്. ഇതെല്ലാം കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് എന്ന നിഷ്ഗുണ പരബ്രഹ്മത്തിന്റെ പരാജയത്തെ ആണ് വെളിപ്പെടുത്തുന്നത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ എല്ലാം എല്ലാം ആയ ഓന്നാം കുടുംബത്തിന്റെ- സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പരാജയത്തെ ആണ് തെളിയിക്കുന്നത്.

രാജസ്ഥാനിലെ ഇപ്പോഴത്തെ ഉള്‍പ്പാര്‍ട്ടി കലാപത്തെ കോണ്‍ഗ്രസ്സ് ബിജെപിയുടെ തലയില്‍ കെട്ടിവച്ചിട്ട് കാര്യമില്ല. മധ്യപ്രദേശിലെ പോലെ തന്നെ ഇതും ബിജെപി ആസൂത്രണം ചെയ്തത് ആണെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ കോണ്‍ഗ്രസിന്റെ ദല്‍ഹി നേതൃത്ത്വം എവിടെ ആയിരുന്നു? ബി ജെ പിയുടെ കയ്യില്‍ അധികാരവും (കേന്ദ്രം) ആയിരക്കണക്കിന് കോടി രൂപയും ഉണ്ട് എം എല്‍ എമാരെ വിലക്ക് വാങ്ങുവാന്‍. പക്ഷെ, കോണ്‍ഗ്രസ്സ് എന്തുകൊണ്ട് കരുതിയിരുന്നില്ല. കുടുംബ വാഴ്ചയും അതിന്റെ ഗര്‍വ്വും പാദസേവകരുടെ പൊള്ളയായ സ്തുതിപാടനം കൊണ്ടും ഈ പാര്‍ട്ടി നിലനില്‍ക്കില്ല.

രാജസ്ഥാനിലെ കഥയിലേക്ക് ആദ്യം വരാം. അവിടെ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതില്‍ സച്ചിന്‍ പൈലറ്റ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകം ആണ്. പക്ഷെ, തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ അശോക് ഗെലോട്ടിനെ സോണിയ മുഖ്യമന്ത്രി ആക്കി. രാഹുലിന്റെ പുതിയ തലമുറപിന്‍തുണപ്പെട്ടു. സച്ചിനെ ഉപമുഖ്യമന്ത്രിയാക്കിടെന്നത് ശരിതന്നെ. പക്ഷെ ഗെലോട്ട് സച്ചിനെ ഭരണതലത്തിലെങ്ങും അടുപ്പിച്ചില്ല. ഉപമുഖ്യമന്ത്രി എന്നൊരു പദവി തന്നെ ഭരണഘടനയില്‍ ഇല്ല. അതിന് പ്രത്യേക യാതൊരു പദവിയും ഇല്ല. ഇത് കരയുന്ന കുട്ടിക്ക് നല്‍കിയ കളിപ്പാട്ടം ആണെന്ന് സച്ചിന് അറിയാമായിരുന്നു. അദ്ദേഹവും അതിന് ആ വില മാത്രമേ നല്‍കിയിട്ടുള്ളു. ഗെലോട്ട് അതിന് അത്രയും കൂടി വിലനല്‍കിയില്ല. എന്തിനേറ വിവരിക്കണം മന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് കഴിഞ്ഞ 18 മാസമായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ സംസാരിച്ചിട്ടേയില്ല. ഗെലോട്ട് സച്ചിനെ പഴിചാരും. പക്ഷെ, ഇവിടെ പ്രതികൂട്ടില്‍ സോണിയ ആണ്, രാഹുല്‍ ആണ്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയേയും അനുനയിപ്പിച്ച് കൊണ്ടുപോകുവാന്‍ അവരെ പരസ്പരം സംസാരിക്കുന്ന രീതിയില്‍ എങ്കിലും ആക്കുവാന്‍ സ ാധിക്കുന്നില്ലെങ്കില്‍ എന്ത് കേന്ദ്രനേതൃത്വം? എന്ത് ഹൈക്കമാന്റ്? സച്ചിന്‍ ബി ജെ പി  ക്യാമ്പിലേക്ക് ആകൃഷ്ടനായതിനെ ന്യായീകരിക്കുവാന്‍ ആവുകയില്ലെങ്കിലും അത് തടയുവാന്‍ സോണിയയും രാഹുലും എന്ത് ചെയ്തു.? ഒന്നും ചെയ്തില്ല. രാജസ്ഥാനില്‍ ഇപ്പോള്‍ ഗെലോട്ട് - സച്ചിന്‍ പക്ഷങ്ങള്‍ തമ്മില്‍ നടക്കുന്ന നിയമയുദ്ധത്തിന് മൂകസാക്ഷി ആയിരിക്കുവാന്‍ മാത്രമേ സോണിയക്കും രാഹുലിനും സാധിക്കുന്നുള്ള. എന്തൊരു പരാജയം നിഷ്‌ക്രിയത്വം ആണ് ഇത്. മിതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ആയ കപില്‍ ബിബല്‍ ട്വീറ്റ് ചെയ്തത് പോലെ കുതിരകള്‍ ലായം വിട്ട് പോയികഴിയുമ്പോള്‍ ലായം പൂട്ടി സൂക്ഷിക്കുന്ന ബുദ്ധി ശൂന്യതയാണ് രാജസ്ഥാനില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നത്.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യസിദ്ധ്യ ശക്തനായ ഒരു യുവ നേതാവായിരുന്നു കോണ്‍ഗ്രസ്സിന്റെ. സച്ചിനെയും ഇതില്‍ പ്രസാദയെ പോലെ (ഉത്തര്ഡപ്രദേശ്) മിലിന്‍ര് ദിയോരയെ പോലെയും (മഹാരാഷ്ട്ര) അദ്ദേഹം കോണ്‍ഗ്രസ്സിന് നാളെയുടെ വാഗ്ദാനം ആയിരുന്നു. മധ്യപ്രദേശില്‍ ബി ജെ പിയെ തോല്‍പിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ സിന്ധ്യ വഹിച്ച പങ്ക് എല്ലാവരും അംഗീകരിച്ചതും ആയിരുന്നു. സിന്ധ്യയെ ആണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി ആയി ചൂണ്ടികാട്ടിയതും. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിന്ധ്യയെയംങ്ങ് തൂക്കി കമല്‍ നാഥ് വെട്ടി. കമല്‍ നാഥും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ദ്വിഗ് വിജയ് സിംങ്ങും കൂടെ സിന്ധ്യയെ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ വളരെ സുന്ദരമായി ഒതുക്കി. അവര്‍ അവരുടെ പിന്തുടര്‍ച്ചാവകാശികളായി മക്കളേയും എം എല്‍ എ മാരായി പ്രതിഷ്ടിച്ചു. അങ്ങനെയാണ് നകുല്‍ നാഥും ജയവര്‍ദ്ധന്‍ സിംങ്ങും നിയമസഭയിലെത്തിയത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ പോലും സിന്ധ്യക്ക് രണ്ടാം പരിഗണനയാണ് ലഭിച്ചത്. ഒന്നാം പരിഗണന കിട്ടിയത് ദ്വിഗ്വിജ.് സിംങ്ങിന് ആയിരുന്നു. രണ്ടാം പരിഗണനക്കാരന്‍ ജയക്കണം എന്ന് നിര്‍ബന്ധം ഇല്ല. അപ്പോഴൊന്നും സഹപ്രവര്‍ത്തകനെ സഹായിക്കുവാന്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്നില്ല. സോണിയ പഴയ തലമുറകള്‍ക്കൊപ്പം ആയിരുന്നു. എന്താണ് സോണിയയുടെ രാഷ്ട്രീയ ദീര്‍ഘ വീക്ഷണം ? എന്താണ് രാഹുലിന്റെ രാഷ്ട്രീയ ഷണ്ടത്വം?

കോണ്‍ഗ്രസ് ഇങ്ങനെ ഒട്ടേറെ യുവനേതാക്കന്മാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയിട്ടുണ്ട്. സാമന്ത ബിശ്വസര്‍മ്മ (ആസാം) വിജയ് ബഹുഗനെ (ഉത്തരാഖണ്ഡ്), റീത്ത (ഉത്തര്‍പ്രദേശ്) ഇരുവരും ഹേമവതി നന്ദന്‍ ബഹുഗുണയുടെ മക്കള്‍, ജഗന്‍ മോഹന്‍ റെഢി (ആന്ദ്രാപ്രദേശ്) ഇവരില്‍ ചിലര്‍മാത്രം ആണ്. സാമന്ത ബിശ്വസര്‍മ്മക്ക് തരുണ്‍ ഗൊഗോയിയും ആയിട്ടുള്ള സമരത്തിലാണ് പാര്‍ട്ടി വിടേണ്ടിവന്നത്. സോണിയ പഴയതലമുറയെ തുണച്ചു. സാമന്ത സര്‍മ്മ ഇന്ന് ആസാമിലെ ഒരു മന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവും വടക്ക്- കിഴക്കന്‍ പര്‍വ്വത സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വിജയത്തിന്റെ സൂത്രധാരനും ആണ്. അദ്ദേഹം സന്ധി സംഭാഷണത്തിനായി രാഹുലിനെ കാണുവാന്‍ ദല്‍ഹിയില്‍ എത്തിയപ്പോള്‍ സംസാരത്തിന്റെ ഭൂരിഭാഗവും രാഹുല്‍ വളര്‍ത്തു നായയും ആയി കളിക്കുന്ന തിരക്കിലായിരുന്നത്രെ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരിക്കവെ വിമാനാപകടത്തില്‍ മരിച്ച വൈ എസ് രാജശേഖര റെഢിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഢി വിധവയായ അമ്മയുമായി ദല്‍ഹിയില്‍ അപകടമരണത്തിന് ഏതാനും ദിവസം കഴിഞ്ഞ് ദല്‍ഹിയില്‍ എത്തിയപ്പോള്‍ സോണിയയെ കാണുവാന്‍ കഴിഞ്ഞത് മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു. ജഗന് അച്ഛനെ പിന്തുടരുവാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ സോണിയ ജഗന്‍ മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചു. ജഗനും മാതാവും വൃണിത ഹൃദയരായി ഹൈദരാബാദിന് പോയി. പിന്നീട് നടന്നത് ചരിത്രം ആണ്. ജഗന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിനെ തോല്‍പിച്ച് മുഖ്യമന്ത്രിയും ആയി. പക്ഷെ ഇതൊന്നും സോണിയക്കും ഹൈക്കമാന്റിനും ബാധകമല്ല.

കോണ്‍ഗ്രസ് ഇന്ന് ഒരിക്കുന്ന സംസ്ഥാനങ്ങള്‍ പഞ്ചാബും ഛത്തീസ്ഘട്ടും ആണ്, ഝാര്‍ഖണ്ഡില്‍ അത് ഭരണത്തില്‍ കൂട്ടുകക്ഷിയാണ്. തീര്‍ന്നു കഥ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിന് കേരളത്തില്‍ മാത്രമേ സ്വാധീനം ഉള്ളു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും കര്‍ണ്ണാടകയിലും ബലഹീനം ആണ്. കര്‍ണ്ണാടക ഒഴിച്ചാല്‍ അതും രണ്ടാം സ്ഥാനത്തുപോലും അല്ല. ഇത് തന്നെയാണ് ഉത്തര്‍പ്രദേശിലെയും, ബീഹാറിലേയും ബംഗാളിലേയും, ഒഡീഷയിലേയും, ജമ്മുകാശ്മീരിലേയും അവസ്ഥ. വടക്ക്- കിഴക്കന്‍ പര്‍വ്വത സംസ്ഥാനങ്ങളില്‍ അത് തുടച്ച് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.

പക്ഷെ ഇതിലൊന്നും വ്യാകുലര്‍ അല്ല കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്ന അദൃശ്യ വസ്തുത സോണിയഗാന്ധിക്ക് പാര്‍ട്ടിയെ ഒന്നായി കൊണ്ടുപോകുവാന്‍ ഒരു പരിധിവരെ സാധിച്ചു. പക്ഷെ സിന്ധ്യയും സച്ചിനും മറ്റും ഇതിന് അപവാദം ആണ് പാര്‍ട്ടിയെ ഒരു പരിധിവരെ ഒന്നിപ്പിച്ചു കൊണ്ടുപോകാം എന്നല്ലാതെ അതിനപ്പുറം അതിനെ അധികാരത്തിലേക്ക് നയിക്കുവാന്‍ സോണിയക്ക് സാധിക്കുകയില്ല.

2004- 2009 വ്യത്യസ്ഥം ആണ് ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറിയിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും. രാഷ്ട്രീയ മൂല്ല്യങ്ങള്‍ മാറിയിരിക്കുന്നു, ഭരണഘടനാവരമായ് മതേതരകാഴ്ചപ്പാട് മാറിയിരിക്കുന്നു. സോണിയയും കോണ്‍ഗ്രസ്സും ഇതൊന്നും അറിയുന്നില്ല. അതല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണ്.

കോണ്‍ഗ്രസ്സിന്റെ ഈ ആത്മഹത്യാപരമായ സമീപനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ശക്തമായ ഒരു പ്രതിപക്ഷത്തെ ആണ് നഷ്ടമാകുന്നത്. അവിടെയാണ് മോദി- ഷാ മാരുടെ ഏകാധിപത്യ പ്രവണതകള്‍ തല ഉയര്‍ത്തുന്നത്. അതിനെ ചെറുത്തു നില്‍്ക്കുവാന്‍ കോണ്‍ഗ്രസ് ജീര്‍ണ്ണിച്ചുപോയ കുടുംബ വാഴ്ചയില്‍ നിന്നും മുക്തി നേടണം. കുടുംബത്തിനപ്പുറം ദേളീയ തലത്തില്‍ അതിനെ നയിക്കുവാനുള്ള നേതാക്കന്മാര്‍ ഉണ്ടാകണം. പാദസേവകരും സ്തുതിപാഠകരും അല്ല പാര്‍ട്ടിയെ നയിക്കേണ്ടത്. ആദര്‍ശസ്ഥിരതയുള്ള ഒരു യുവതലമുറയെയാണ് കോണ്‍ഗ്രസ്സിന് ഇന്ന് ആവശ്യം.
Ninan Mathulla 2020-07-24 09:17:50
For a viable national leadership for Congress first change necessary is in the mindset of Individual citizens. Rare are those who can see India as one and all Indians as brothers and sisters as is in our pledge. Now it is difficult for most to see beyond their race, and religion. Most people identify with their race or religion and not as Indian primarily.The divisive politics of the last few decades contributed to this.
GeorgeNeduvelil 2020-07-24 10:48:36
Thank God Finally P.VThomas got enlightened. The article shows that P.VThomas is no more Party Vaka Thomas. Congratulations to the enlightened and emancipated P.V Thomas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക