ഇലക്ഷൻ അടുത്തുവരികയല്ലേ, ട്വിസ്റ്റ് എപ്പോഴാണ് വരുന്നതെന്ന് പറയാൻ പറ്റത്തില്ലല്ലോ!
പക്ഷേ, ഇന്ന് രാവിലെ പ്രസിഡന്റ് ട്രമ്പ് ഞെട്ടിച്ചുകളഞ്ഞു. വരാൻപോകുന്ന "നവംബർ 3 ലെ പ്രസിഡൻഷ്യൽ ഇലക്ഷൻ തൽക്കാലം മാറ്റിവെച്ചാലോ?" അമേരിക്കൻ ജനതയ്ക്ക് വേണ്ടവിധം സൗകര്യമായും സുരക്ഷിതമായും വോട്ട് ചെയ്യാനുള്ള അന്തരീക്ഷം ഇല്ലല്ലോ ഇപ്പോൾ. ഇങ്ങനെ ഒരു ആശയം പരസ്യമായി പ്രസ്താവിച്ചത് തന്നെ പ്രസിഡന്റിന്റെ ആ പദവിക്ക് യോജിച്ചതല്ലെന്നാണ് 'ദി വാഷിംഗ്ടൺ പോസ്റ്റ്' തത്സമയം പ്രതികരിച്ചത്.
അമേരിക്കൻ തിരഞ്ഞെടുപ്പ് വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസത്തിനു തുരങ്കം വെയ്ക്കുന്ന നിർദ്ദേശമാണ് ട്രമ്പ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നു പറയാൻ കാരണമുണ്ടത്രെ; അടുത്തകാലത്തെ സർവ്വേകളിൽ ട്രമ്പിന്റെ ജനസമ്മതി വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നുവത്രേ. മെയിൽ-ഇൻ വോട്ടിങ് സംവിധാനം അഭൂതപൂർവമായ കൃത്രിമങ്ങൾക്കു വഴി തെളിക്കുമെന്നു ട്രമ്പ് ഉറപ്പിച്ചു പറയുന്നു.
ആദ്യ സംശയം പെട്ടെന്ന് മനസ്സിലുദിച്ചതു പ്രസിഡന്റിന് പെട്ടെന്ന് തോന്നുമ്പോൾ തന്റെ പരമാധികാരം പ്രയോഗിച്ചു ഇലക്ഷൻ മാറ്റി വെക്കാമോ എന്നതായിരുന്നു.
അത് നടപ്പില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ II അനുസരിച്ചു ഇലക്ഷൻ തീയതി തീരുമാനിക്കുന്നതിന് കോൺഗ്രസ്സിന് അധികാരം ഉണ്ടെന്നാണ്. നവംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ച ആയിരിക്കണം പ്രസിഡൻഷ്യൽ ഇലക്ഷൻ നടത്തുന്ന ദിവസം എന്നത് 1845 ഫെഡറൽ നിയമത്തിലൂടെ പാസ്സാക്കിയതാണ്.
എന്നാലും നവംബർ ഇലക്ഷൻ മാറ്റിവെക്കാൻ സാധ്യതയുണ്ടോ? പ്രസിഡന്റ് ട്രമ്പ് ഒരു നിർദ്ദേശം പറഞ്ഞതുകൊണ്ട്, മാറ്റിവെക്കാവുന്നതല്ല പ്രസിഡന്റ് ഇലക്ഷൻ തീയതി. ഡെമോക്രറ്റ്സ് നിയന്ത്രിക്കുന്ന ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സ് , റിപ്പബ്ളിക്‌സ് നിയന്ത്രിക്കുന്ന സെനറ്റ് ഇവയോടൊപ്പം പ്രസിഡന്റ് ഇവരെല്ലാം കൂടി പാസ്സാക്കിയാൽ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാൻ സാധ്യതയുണ്ട് . അത് വല്ലതും എന്നെങ്കിലും നടക്കുമോ ?
അഥവാ ഇതെല്ലാം കൂടി ഒത്തു കൂടിയാലും, മറ്റൊരു തീയതി കണ്ടുപിടിച്ചു ഉറപ്പിക്കാനും ബുദ്ധിമുട്ടുണ്ട്. കാരണം ഭരണസംഘടന നിർദേശിക്കുന്നത്, ജനുവരി 3 നു കോൺഗ്രസ്സ് അധികാരമേൽക്കണം, മാത്രമല്ല ജനുവരി 20 നു പ്രസിഡന്റിന്റെ അധികാരകാലാവധി തുടങ്ങേണ്ടതുമാണ്. ഈ തീയതികൾ ഒന്നും മാറ്റാൻ നിയമം അനുവദിക്കുന്നില്ല.
അമേരിക്കയിലെ വോട്ടിങ് വ്യവസ്ഥയിൽ, നേരിട്ടായാലും മെയിൽ-ഇൻ വോട്ടിങ് ആണെങ്കിലും, വ്യാജനും കൃത്രിമത്തിനും സാധ്യതകൾ വളരെ വിരളമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ അന്വേഷണം നടത്താൻ ട്രമ്പ് തന്നെ നിയോഗിച്ച സമിതി, ഒരു തെളിവും ലഭിക്കാഞ്ഞതിനാൽ, 2018 ഇൽ പിരിച്ചുവിടുകയുണ്ടായി എന്നതും ഓർക്കേണ്ടതുണ്ട്.
" അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ, 2020 ലെ ഇലക്ഷൻ ആഗോള മെയിൽ-ഇൻ മൂലം കൃത്രിമവും കൃത്യമല്ലാത്തതുമാവാൻ സാധ്യതയുണ്ട്. അമേരിക്കയെ ആശങ്കയിലാക്കാൻ ഇതിനു കഴിയും. അമേരിക്കൻ ജനതയ്ക്കു സൗകര്യമായി സുരക്ഷിതമായി വോട്ട് ചെയ്യാനുള്ള അവസരം ആകുന്നതുവരെ വോട്ടിങ് മാറ്റിവെക്കുന്നത് ഉചിതമായിരിക്കും" എന്നാണു പ്രസിഡന്റ് ട്രമ്പ് ട്വീറ്റ് ചെയ്തത്.
അമേരിക്കയിലെ പല സ്റ്റേറ്റുകളിലും മെയിൽ-ഇൻ വോട്ടിങ്. സൗകര്യപ്രദമായി നടന്നുവെന്ന് പറയുന്നു. വളരെയധികം ആൾക്കാർക്ക് യാത്രചെയ്യാതെയും ക്യുവിൽ നിന്ന് ബുദ്ധിമുട്ടാതെയും വോട്ട് ചെയ്യാൻ സാധിച്ചത് ഒരു വിജയമായിരുന്നെന്നും അവകാശപ്പെടുന്നു. മുമ്പ് കൊളറാഡോ, ഹവായി, ഒറിഗോൺ, യൂട്ടാ, വാഷിംഗ്ടൺ തുടങ്ങിയ അഞ്ചു സ്‌റ്റേറ്റുകളിൽ മെയിൽ-ഇൻ വോട്ടിങ്ങ് മുഖേന തിരഞ്ഞെടുപ്പുകൾ വിജയകരമായി നടന്നിട്ടുണ്ട്.
മറ്റൊരു കാര്യം, ഇന്നത്തെ കോവിഡ് മഹാമാരിയുടെ മൂര്ധന്യാവസ്ഥ ഇതുവരെ വന്നെത്തിയിട്ടില്ലെന്നതും, മൂന്നു മാസങ്ങൾക്കുള്ളിൽ ലോക്ക് ഡൗണുകൾ ഇനിയും വേണ്ടി വരുമോ എന്നതും പ്രവചിക്കാനാവില്ല. ഈ മഹാമാരി ഇനിയും പടരുകയാണെങ്കിൽ, പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യുന്നതിൽ ഗണ്യമായ കുറവുണ്ടാകും.
പോളിംഗ് നീട്ടിവെക്കുന്നതിനെപ്പറ്റി ഹൂസ്റ്റണിലുള്ള ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ, അദ്ദേഹം പറഞ്ഞതും കൂടി ഇവിടെ കുറിക്കട്ടെ: " ഇലക്ഷൻ നീട്ടിവെച്ചാൽ ട്രമ്പിന് വളരെ ഗുണം ചെയ്യും. ഇപ്പോൾ കോവിഡ് കാരണം, പ്രായം ചെന്നവരൊന്നും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ മടിക്കും. പ്രായം കൂടിയവരിൽ ഭൂരിപക്ഷവും ട്രമ്പിനെ സപ്പോർട്ട് ചെയ്യുന്നവരാണ്. അതുകൊണ്ട് ഇപ്പോൾ ട്രമ്പിന്റെ വോട്ട് കുറയാൻ കാരണമാവും. പിന്നെ ഒരു കാര്യമുണ്ട്, അമേരിക്കയിലെ ഡെമോക്രാറ്റ് എന്ന് പറഞ്ഞാൽ കേരളത്തിലെ മാർക്സിസ്റ്റ്കാരെപ്പോലെയാണ്. എന്ത് വന്നാലും അവര് വോട്ട് ചെയ്തേ അടങ്ങു. അതുകൊണ്ട്, പോളിംഗ് മാറ്റിവെച്ചാൽ കണിശ്ശമായും റിപ്പബ്ലിക്കൻസിന് വിജയസാധ്യത കൂടും"
ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു കേൾക്കാനിരിക്കുന്നു വിഭോ!