Image

ക്രിസ്ത്യാനിയുടെ ശവദാഹം (ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)

Published on 12 August, 2020
ക്രിസ്ത്യാനിയുടെ ശവദാഹം (ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)


'എറണാകുളം കരിങ്ങാച്ചിറ പള്ളിയിലെ ഒരു അംഗത്തിന്റെ മൃതദേഹം ദഹിപ്പിച്ചുകൊണ്ടു യാക്കോബായ സഭയിലെ കരിങ്ങാച്ചിറപ്പള്ളിയും മാതൃകയാവുന്നു'

' ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെയും മൃതദേഹം ദഹിപ്പിക്കുവാന്‍ കാതോലിക്കാബാവാ അംഗീകാരം നല്‍കുന്നു' (വാര്‍ത്തകള്‍).

കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ മരണങ്ങള്‍ കുതിച്ചുയര്‍ന്നു, കുമിഞ്ഞു കൂടുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പലയിടത്തും സ്ഥലമില്ലാതായിരിക്കുന്നു. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും പണ്ടേ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന രീതിയിലായതിനാല്‍, അവര്‍ക്ക് ഇതൊരു പ്രശ്‌നമല്ല. പ്രത്യേകിച്ചും കോവിഡ് ബാധിച്ചു മരിച്ചവരെ പ്രത്യേകം എട്ടടി താഴ്ചയില്‍ കുഴി കുത്തിയതില്‍ മാത്രമേ അടക്കാന്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നുള്ളു. പക്ഷെ പ്രത്യേകം കുഴികള്‍ കുത്താന്‍ സാധാരണ പള്ളികളിലോ സെമിത്തേരികളിലോ സ്ഥലമില്ലാതായിരിക്കുന്നു. അങ്ങനെയാണ് ശവം ദഹിപ്പിക്കുന്നതാണ് ഉത്തമം എന്ന ധാരണ മറ്റു മതങ്ങളിലേക്കും പടര്‍ന്നുകയറിയത്.

ശവസംസ്‌കാരങ്ങളില്‍ പലതിലും സംബന്ധിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും ഓര്‍മ്മയില്‍ നില്‍ക്കുന്നത് രണ്ടു പ്രമുഖ വ്യക്തികളുടേതാണ്. ഒന്നാമത്തേത്, 1970 ഫെബ്രുവരിയില്‍ നായര്‍ സൊസൈറ്റിയുടെ സ്ഥാപകന്‍ മന്നത്ത് പദ്മനാഭന്‍ അവര്‍കളുടെ ശവദാഹമായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലമായിരുന്നതിനാല്‍, ഒരു വോളന്റീര്‍ ആയി ഏറ്റവും അടുത്തുനിന്നു കാണുവാന്‍ സാധിച്ചുവെന്നത് മറക്കാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുത്ത ആ ചടങ്ങില്‍ മുഖ്യ അതിഥിയായി വന്ന് ചേര്‍ന്ന എം ജി ആര്‍ വന്നിറങ്ങിയത് എന്റെ മുമ്പിലേക്കായിരുന്നു. ചന്ദനമുട്ടികള്‍ അടുക്കി, സാംപ്രാണിത്തിരി നിരത്തി, നെയ്യും ഒഴിച്ച് തയ്യാറാക്കിയ ചിതയില്‍, മന്നത്തിന്റെ ഭൗതികശരീരം കത്തിയമരുന്നത്, ഇന്നും ഒരു ദുഖത്തിന്റെ കരിനിഴല്‍ മനസ്സില്‍ അലയടിക്കുന്ന സ്മരണയാണ്.

അതേ 'പുരച്ചിത്തലൈവര്‍ മക്കള്‍ തിലകം' എം ജീ ആര്‍ 1987 ഡിസമ്പര്‍ 24 നു ദിവംഗതനായപ്പോള്‍ മദ്രാസ് സിറ്റിയിലുണ്ടായിരുന്ന ഈ ലേഖകനും, അദ്ദേഹത്തിന്റെ ശവമടക്ക് ഘോഷയാത്ര ദൂരെ നിന്ന് കാണാന്‍ സാധിച്ചു, അന്നത്തെ മാറത്തടിച്ചു വിലപിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ഉന്തും തള്ളും, മറ്റൊരു ജനപ്രിയ നേതാവിന് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പക്ഷേ എം ജി ആറിന്റെ ശവസംസ്‌കാരം ശവദാഹമായിരുന്നില്ല; ഡി എം കെ യുടെ മറ്റു നേതാക്കളെപ്പോലെ 'എം ജീ ആര്‍ തോട്ട'ത്തില്‍ അടക്കുകയായിരുന്നു.

ശവദാഹം എന്നും ഒരു ഭീതിജനകമായ കാഴ്ച ആയിരുന്നു. വാരണാസിയില്‍ ഗംഗാ നദിക്കരയില്‍ ഒരേ സമയത്ത് പത്തും മുപ്പതും ചിതകള്‍ കത്തിയമരുന്നതും, ചില തലയോട്ടികള്‍ ശബ്ദത്തോടെ പൊട്ടുന്നതും വര്‍ഷങ്ങള്‍ക്കു മുമ്പ് നേരിട്ടുകണ്ടതും, ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മാംസം കരിയുന്ന ദുര്‍ഗന്ധവും മറക്കാനാവില്ല.

മൃതശരീരം ദഹിപ്പിച്ചാല്‍ സ്വര്‍ഗത്തില്‍ പോകില്ലായെന്ന ഒരു തെറ്റിദ്ധാരണ ക്രിസ്ത്യാനികള്‍ക്കിടയില്‍ എന്നും നിലനിന്നിരുന്നു. ക്രിസ്ത്യാനികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍, മരിച്ചവര്‍ ഉയര്‍ത്തെഴുനേല്‍ക്കും എന്നുള്ള വിശ്വാസത്തിന്റെ മറവില്‍, ശവശരീരം ദഹിപ്പിക്കുന്നതിനോട് പൊതുവെ അംഗീകാരമില്ലായിരുന്നു. മറ്റു പുറംജാതികള്‍ കാലാകാലമായി ശവദാഹം ആചരിച്ചിരുന്നെങ്കില്‍, പൊതുവെ, ക്രിസ്ത്യാനികള്‍ക്ക് അതിനെപ്പറ്റി ചിന്തിക്കുന്നതുപോലും തെറ്റായി കണക്കാക്കപ്പെട്ടിരുന്നതായി തോന്നുന്നു.

'കാനോന്‍' നിയമമനുസരിച്ചു ഒരു ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കേണ്ടിവന്നാല്‍, അതിന്റെ ഭസ്മം (ചാരം) ഒരു വൈദികന്റെ നേതൃത്വത്തില്‍ ദേവാലയത്തിന്റെ സെമിത്തേരിയിലോ കബറിനുള്ളിലോ (ഒന്നുമല്ലെങ്കില്‍ സമുദ്രത്തിലോ?) അടക്കം ചെയ്യേണ്ടതാണ്. കൃത്യമായി പറഞ്ഞാല്‍, മൃതദേഹത്തിന്റെ ഭസ്മം സാധാരണ രീതിപോലെ സംസ്‌കരിക്കണമെന്നു സാരം.

എന്നാല്‍ മഹാവ്യാധികള്‍, പകര്‍ച്ചവ്യാധികള്‍, യുദ്ധങ്ങള്‍ തുടങിയ സമയങ്ങളില്‍ ആയിരക്കണക്കിന് മൃതശരീരങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ യൂറോപ്പില്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ട സ്ഥിതിവിശേഷങ്ങള്‍ സംജാതമായിട്ടുണ്ട്. പ്രത്യേകിച്ചും പ്‌ളേഗ്, മസൂരി തുടങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍, ശവങ്ങള്‍ ദഹിപ്പിക്കുന്നതില്‍ ശാസ്ത്രീയ കാരണങ്ങളും പിന്‍ബലം നല്‍കിയിരുന്നു. 1873 കളില്‍ വിയന്നാ എക്സ്പോസിഷനില്‍ ഇറ്റലിക്കാരന്‍ പ്രൊഫസ്സര്‍ ലുഡോവികോ ബ്രൂണേറ്റിയുടെ ശവദഹന യന്ത്രം കണ്ടതിനു ശേഷം, വിക്ടോറിയ രാഞ്ജിയുടെ കൊട്ടാര ഡോക്ടര്‍ സര്‍ ഹെന്റി തോംപ്‌സണ്‍, ആരോഗ്യസംരക്ഷണത്തെ മുന്‍ നിര്‍ത്തി, ശവദാഹത്തെ അനുകൂലിച്ചു ശുപാര്‍ശ ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. 1874 ല്‍ ക്രിമേഷന്‍ സൊസൈറ്റി ഓഫ് ഇന്ഗ്ലണ്ട് എന്ന സംഘടനാ സ്ഥാപിച്ചതും സര്‍ തോംപ്‌സണ്‍ ആയിരുന്നു. എന്നാല്‍ ഗവണ്‍മെന്റില്‍നിന്നും സഭാതലത്തില്‍നിന്നും, പൊതുവേ ആദരിക്കപ്പെടുന്ന സെമിത്തേരികളില്‍ ശവദാഹം നടത്തുന്നതില്‍ അന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.


1884 ജനുവരിയില്‍, അരക്കിറുക്കനെന്നു പൊതുവെ അറിയപ്പെട്ടിരുന്ന വില്യം പ്രൈസ് എന്ന വെയില്‍സ് ഡോകടര്‍ തന്റെ മകന്‍ ലേസു ഗ്രിസ്റ്റ് മരിച്ചപ്പോള്‍ ശവദാഹം നടത്താന്‍ ശ്രമിച്ചപ്പോള്‍, പൊതുജന പ്രതിഷേധം മൂലം തടയുകയുണ്ടായി. നിയമലംഘനം ചുമത്തി ശിക്ഷിക്കപ്പെട്ടെങ്കിലും, മാര്‍ച്ചു 14, 1884 ന് വിജാതീയകര്‍മ്മങ്ങള്‍ ആചരിച്ചുകൊണ്ടു തന്റെ ദൗത്യം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചതാണ്, ആദ്യത്തെ വ്യക്തിപരമായ ശവദാഹമായി ബ്രിട്ടന്‍ കരുതുന്നത്.

1885 മാര്‍ച്ചു മാസം 26ന്, അന്നത്തെ ശാസ്ത്ര സാഹിത്യരംഗത്ത് അറിയപ്പെട്ട ജീനെറ്റ് പിക്കേഴ്‌സ്ഗില്‍ എന്ന മഹതിയുടെ ശവദാഹം, സൂറയിലെ ക്രിമേഷന്‍ സൊസൈററി നടത്തിയതാണ് ആദ്യത്തെ നിയമാനുസ്രണ ശവദാഹമായി രേഖപ്പെടുത്തിയിരിക്കുന്നു.

1892 ല്‍ മാഞ്ചെസ്റ്ററിലും 1895 ല്‍ ഗ്ലാസ്ഗോയിലും ക്രിമേഷന്‍ സൊസൈറ്റികള്‍ സ്ഥാപിച്ചതിനു പിന്നാലെ 1905 ക്രിമേഷന്‍ ആക്ട് പാസ്സാക്കിയതോടെ ബ്രിട്ടനില്‍ ശവദഹനം പരക്കെ അംഗീകരിക്കപ്പെട്ടു . നൂറ്റാണ്ടുകള്‍ ഇന്‍ധ്യയില്‍ കൊളോണിയല്‍ ഭരണം നടത്തുമ്പോള്‍, അവിടുത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ മതാചാരപ്രകാരം മരിച്ചവരുടെ ശവദാഹം നടത്തുന്നത് നൂറ്റാണ്ടുകള്‍ കണ്ടതിന്റെ പ്രഭാവമായിരിക്കണം, ബ്രിട്ടീഷുകാര്‍ക്ക് ശവദാഹത്തിനോട് വേഗം യോജിക്കാന്‍ സാധിച്ചത് .

വളരെക്കാലമായി ക്രിസ്ത്യാനികള്‍ ശവദാഹത്തിനു എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ഇന്ന് മിക്കവാറും രാജ്യങ്ങളില്‍ ക്രിസ്ത്യാനികളും ശവദാഹം നടത്തുന്നുണ്ട് .ബ്രിട്ടനിലും സമാനമായ ക്രിസ്തീയ ചിന്താഗതികള്‍ വളറെക്കാലം മുമ്പേ അംഗീകരിച്ചു നടപ്പിലാക്കിയിരുന്നു. ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലെ സ്ഥലപരിമിതി മൂലം, ശവദാഹം ഏറ്റവും അനുയോജ്യമായിരിക്കുമെന്നു പൊതുധാരണ വളര്‍ത്താനും കഴിഞ്ഞു

അമേരിക്കയിലെ പല വലിയ ദേവാലയങ്ങളിലും സ്വന്തമായി ഇതിനുവേണ്ടി മനോഹരമായ ക്രിമേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചും മൃതശരീരം ദഹിപ്പിക്കുന്നത് അംഗീകരിച്ചുകൊണ്ട്, അവരുടെ പല ചര്‍ച്ചകളിലും ചാപ്പലുകളിലും പ്രത്യേക മൃതദേഹ ദഹന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു മനോഹരമായ പൂന്തോട്ടങ്ങളും ചുറ്റും നിലനിര്‍ത്തി നല്ല അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ജര്‍മ്മനിയില്‍ കത്തോലിക്കരേക്കാള്‍ പ്രോട്ടസ്ടന്റ് വിഭാഗങ്ങള്‍ ശവദഹനങ്ങള്‍ നടുത്തുന്നുണ്ട്.

കത്തോലിക്കാ വിഭാഗത്തേക്കാള്‍, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലും, പെന്തകോസ്ത് വിഭാഗങ്ങളിലും ശവദാഹത്തോടു എതിര്‍പ്പുകള്‍ നന്നേ കുറവായിരുന്നു. സിറ്റികളെക്കാള്‍ നാട്ടിന്‍പുറങ്ങളില്‍, പഴയ രീതിയിലുള്ള ശവസംസ്‌കാരം ഇന്നും നിലനില്‍ക്കുന്നു. ഒന്നാം ലോക യുദ്ധത്തിനു ശേഷം പ്രോട്ടസ്ടന്റ് സഭകള്‍ പൊതുവെ ശവദാഹത്തിനു സമ്മതിച്ചുകൊണ്ടിരുന്നു. നവീന രീതിയിലുള്ള ക്രിമേഷന്‍ സെന്ററുകള്‍, പഴയ രീതിയിലുള്ള ചിതകളില്‍ മൃതദേഹം വെച്ച് ആചാരപൂര്‍വം തീ കൊളുത്തുന്നതില്‍ നിന്നും എളുപ്പവും ലളിതവുമായിരുന്നു.

മതാചാരങ്ങള്‍ ഏറ്റവും മുറുക്കിപ്പിടിച്ചിരുന്ന കത്തോലിക്കാ സഭയില്‍ 1963 ല്‍, ക്രിമേഷനോട് കാട്ടിയിരുന്ന എതിര്‍പ്പ് അന്നത്തെ പോപ്പ് നീക്കം ചെയ്യുകയും, 1966 മുതല്‍ ക്രിമേഷന്‍ നടത്തുന്ന ശവസംസ്‌കാരവേളകളില്‍ കത്തോലിക്കാ പുരോഹിതര്‍, മതാചാര ശുശ്രൂഷകള്‍ നടത്തുന്നതിന് അനുമതിയും നല്‍കിയിട്ടുണ്ട്.

എന്നാല്‍ സൗത്തേഷ്യന്‍ രാജ്യങ്ങളിലും തെക്കേ അമേരിക്കയിലും, ഫിലിപ്പൈന്‍സ് പോലെയുള്ള ചില രാജ്യങ്ങളിലും ഇന്നും ഇതിനോട് യോജിക്കാത്ത ക്രിസ്തീയ വിഭാഗങ്ങള്‍ ധാരാളമാണ്. പ്രത്യേകിച്ചും ചിതയൊരുക്കി മൃതദേഹം അതില്‍ കിടത്തി മകനെക്കൊണ്ട് തീ കൊളുത്തുന്ന ഹിന്ദു ആചാരം, ക്രിസ്ത്യാനിക്ക് ഒട്ടും ദഹിക്കയില്ല. കാരണം ബൈബിളില്‍ അത് പറഞ്ഞിട്ടില്ല, യേശുനാഥനെ പോലും ശവക്കല്ലറയില്‍ ആണ് അടക്കിയത്. യേശു ക്രിസ്തുവിന്റെ രണ്ടാം പ്രത്യക്ഷതയില്‍ അവനോടുകൂടെ, ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗീയ മഹോന്നതങ്ങളില്‍ എത്തിച്ചേരേണ്ടിയതാണ്. അതിന് വേണ്ടവിധം സെമിത്തേരിയിലോ കല്ലറയിലോ തങ്ങളുടെ ഭൗതിക ശരീരവും അടക്കം ചെയ്യണമെന്നത്, ഇതുവരെ അനുവര്‍ത്തിച്ചു വന്ന മതാചാരവും വിശ്വാസവുമാണ്. ബൈബിളില്‍ ശവദാഹത്തെപ്പറ്റി പ്രത്യേക പരാമര്‍ശമില്ല. അങ്ങനെ ആത്മീയമായ നിരോധനം നല്‍കാത്ത ഒരു വിഷയമായതിനാല്‍, പുരോഗമനാത്മകമായ മാറ്റങ്ങള്‍ കൈക്കൊള്ളാന്‍ ക്രിസ്ത്യാനികള്‍ എന്നും മുന്നോട്ട് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ത്തന്നെ മിക്കവാറും പള്ളികളില്‍ ശവമടക്കിനുള്ള സ്ഥല സൗകര്യങ്ങള്‍ ഇല്ല. കൂനിന്മേല്‍ കുരുവായി കോവിഡ് പടര്‍ന്ന്, ദിനവും മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ക്രിസ്ത്യാനികള്‍ ശവദാഹത്തിനു അംഗീകാരം നല്‍ജേണ്ടി വരും. കത്തോലിക്കവിഭാഗങ്ങള്‍ ഇന്ത്യയിലും ഇത് നടപ്പിലാക്കി ക്കഴിഞ്ഞു.

ആചാരങ്ങളെയും വിശ്വാസങ്ങളെയും കാലാകാലങ്ങളില്‍ പുതുക്കി ലളിതമാക്കേണ്ടതുണ്ട് . മണ്ണില്‍ കുഴിച്ചു മൂടിയാലും, കോണ്‍ക്രീറ്റ് കബറിനുള്ളില്‍ വെച്ച് സിമന്റിട്ടു സീല്‍ വെച്ചാലും, പുനരുത്ഥാനത്തിനു കഴിവേകുന്ന ദൈവത്തിനു, ഭസ്മമായാലും നൊടിയിടയില്‍ പുനരുജ്ജീവിപ്പിക്കാന്‍ ശക്തിയുള്ളവനാണെന്നു വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചാല്‍ സംഗതി ക്‌ളീന്‍.

പിന്നെ ഏറ്റവും അനുകരണീയമായ മൂന്ന് സംഗതികള്‍ ശവദാഹത്തിനോട് ചേര്‍ത്തു ചിന്തിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി, മൃതശരീരങ്ങള്‍ ദഹിപ്പിച്ചു ഭസ്മമാക്കുമ്പോള്‍, സ്ഥലപരിമിതി എന്ന ദുര്‍ഘടാവസ്ഥയ്ക്കു പരിഹാരമായിരിക്കും.

രണ്ടാമതായി, ശവദാഹത്തിനു മറ്റു രീതികളെക്കാള്‍ ചെലവ് തീരെ കുറവാണ് എന്നത് ആകര്‍ഷണീയമായ നേട്ടമാണ്. ഇന്ന് പ്രതാപമായി നടത്തുന്ന ശവസംസ്‌കാരത്തിനു ലക്ഷങ്ങള്‍ ചിലവാകുന്നുണ്ട്. അത്രയും പണം കണ്ടെത്താന്‍ കഷ്ടപ്പെടുന്നവരുമുണ്ട്. പണക്കാര്‍ക്ക് ആ തുക പാവപ്പെട്ടവരെ സഹായിക്കുന്നതിനോ മറ്റു ദാനധര്‍മങ്ങള്‍ക്കോ മാറ്റിവയ്ക്കാം. മാത്രമല്ല ശവദാഹത്തിനു ചെലവ് വളരേ കുറവാണ്, പ്രത്യേകിച്ചും ഗ്യാസ് , ഇലക്ട്രിക് ക്രമേഷന്‍ കഴിഞ്ഞാല്‍ മിനിട്ടുകള്‍ക്കകം, ഭസ്മം ചെറു കുടത്തിലോ പേടകത്തിലോ ആക്കി, മറ്റു രീതിയിലുള്ള നിമഞ്ജനത്തിനു നമ്മളെ ഏല്പിക്കയും ചെയ്യും.
 
അമേരിയ്ക്കയില്‍ 2018 ലെ കണക്കുകള്‍ പ്രകാരം 53.1% മൃതദേഹങ്ങളും ശവദാഹത്തിലൂടെയാണ് സംസ്‌കരിക്കപ്പെട്ടത് . 2035 ആകുമ്പോഴേക്കും ഈ നിരക്ക് 79.1% ആയേക്കാമെന്ന് കണക്കാക്കപ്പെടുന്നു.

കേരളത്തില്‍ പ്രൈവറ്റ് മോര്‍ച്ചറികള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ മൊട്ടി മുളച്ചതുപോലെ, പ്രൈവറ്റ് ക്രിമേഷന്‍ കേന്ദ്രങ്ങള്‍ ഒരു ആദായ മാര്‍ഗ്ഗമാക്കുമെന്നും , കാലക്രമേണ എല്ലാവരും ഇതും അംഗീകരിച്ച വ്യവസ്ഥയാകുമെന്നതില്‍ സംശയമില്ല
ക്രിസ്ത്യാനിയുടെ ശവദാഹം (ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)
Join WhatsApp News
Szachariah 2020-08-13 09:30:45
Very insightful article. 🙏🙏🙏
VarugheseAbrahamDenver 2020-08-13 20:03:03
Yes, I agree to cremation to an extent. Some people may prefer the other way, it is their prerogative and I am a proponent of keeping things very simple. Dr. Joys' article is very timely.
Jesus 2020-08-13 23:03:43
There is only one Christian alive and that is Trump and rest of them are all dead. Actually he cremated them all .
ThomasKVarghese 2020-08-20 21:53:27
Good and relevant article. People need freedom from the ties of religion. People need freedom to believe and accept God. Religion is not the God. People need to think and give freedom to themselves.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക