MediaAppUSA

മുഖങ്ങള്‍, സ്വരങ്ങള്‍ മാത്രമാകുന്ന കാലം. (ഉയരുന്ന ശബ്ദം-2:ജോളി അടിമത്ര)

Published on 13 August, 2020
മുഖങ്ങള്‍, സ്വരങ്ങള്‍ മാത്രമാകുന്ന കാലം. (ഉയരുന്ന ശബ്ദം-2:ജോളി അടിമത്ര)
കൊറോണ വൈറസിന്റെ നദി കടന്ന് നമ്മള്‍ തമ്മില്‍ കാണുമ്പോള്‍ മുഖഛായകള്‍ ആകെ മാറിപ്പോയിട്ടുണ്ടാവും അല്ലേ. ഒറ്റപ്പെടലിന്റെ ദ്വീപില്‍ മാസങ്ങള്‍ കുടിപാര്‍ത്തിട്ട് സമൂഹത്തിന്റെ അലകടലിലേക്ക് നാം വീണ്ടുമിറങ്ങി ചെല്ലുമ്പോള്‍ എന്തെന്തു മാറ്റങ്ങളാവും ?
ജീവിതത്തെ ഇരട്ടി തീവ്രതയില്‍ നാം  പ്രണയിച്ചു തുടങ്ങുമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
ജീവന്റെ , പ്രാണവായുവിന്റെ, ആരോഗ്യത്തിന്റെ, സൗഹൃദങ്ങളുടെ, ബന്ധങ്ങളുടെ, സ്വാതന്ത്യത്തിന്റെയൊക്കെ വിലയെന്തന്ന് ഈ  മഹാമാരി  നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.

ഒക്കെ മാറിയാല്‍, എല്ലാം നാം അതിജീവിച്ചു കഴിഞ്ഞാല്‍, ഏറെനാള്‍ കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരികെയെത്തുന്ന   കുഞ്ഞുങ്ങളെപ്പോലെ നമ്മള്‍..
ആദ്യം മുഖം മുക്കാലും മറയ്ക്കുന്ന ഈ മാസക്  ചുരുട്ടിക്കൂട്ടി തീ കത്തിക്കണം, പിന്നെ ,നന്നായൊന്നു ശുദ്ധവായു ശ്വസിക്കണം. പൂക്കളുടെ നറും മണം, പഴങ്ങളുടെ സുഗന്ധം, മരങ്ങളുടെ നിശ്വാസഗന്ധം, പ്രകൃതിയുടെ മണം...
 ചുറ്റുമുള്ള  മുഖങ്ങളിലെ മനോഹരമായ പുഞ്ചിരി ആദ്യം കാണുന്ന   കൗതുകത്തോടെ കണ്ണെടുക്കാതെ നോക്കിയിരുന്ന് ,പഴയതുപോലെ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കണം.

ചിരിയുടെ മാന്ത്രികത, അതിന്റെ വില ഇതുവരെ നമ്മള്‍ ഇത്രയും മനസ്സിലാക്കിയിരുന്നില്ല.
ഏറെ കൊതിച്ച   യാത്രകള്‍ പോകണം, പാതിയാക്കിയ സ്വപ്നങ്ങളുടെ പിന്നാലെ വീണ്ടും ഓടണം. ഇതൊക്കെ ഓര്‍ത്തു കൊണ്ടിരിക്കെ ദാ, വരുന്നു ഒരു ഫോണ്‍ കോള്‍.

'ഈ മഴയില്‍ ഞാനൊറ്റയ്ക്ക്  വീട്ടിലിങ്ങനെ നേരം വെളുക്കുന്നതും കാത്ത് ... വല്ലാത്ത ഏതാണ്ട് ചിന്തകളൊക്കെ.. രോഗങ്ങളേറെയുള്ളതാണ്...' മറുതലയ്ക്കല്‍ ആകുലത നിറഞ്ഞ വൃദ്ധസ്വരം.

രാത്രി 10 മണി കഴിഞ്ഞാണ് ആ  കോള്‍ എന്നെ തേടി വന്നത്. പുറത്ത് പെരുമഴ തകര്‍ക്കുകയാണ്. നല്ല കാറ്റും തണുപ്പും..തലേ രാത്രിയിലാണ് രാജമലയിലെ ഉരുള്‍ദുരന്തം. നദികളില്‍ വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നു.. താണ പ്രദേശങ്ങളിലെ പാര്‍പ്പിടം വിട്ട് കൂട്ടത്തോടെ ആളുകള്‍ കോട്ടയത്തും പാലായനം തുടങ്ങി.
 പ്രായം കൊണ്ട്,  അന്തരമുണ്ടെങ്കിലും എന്റെ കൂട്ടുകാരിയെ പോലെയാണ് ഈ വിധവയായ വൃദ്ധ.

സ്‌നേഹത്തിന്റെ  കാണാചരടുകളാല്‍  അന്യരെത്തമ്മില്‍ ബന്ധിപ്പിക്കുന്ന ഏതോ അദൃശ്യശക്തി ഭൂമിയിലുണ്ട്.അങ്ങനെ ചേര്‍ത്തുകെട്ടപ്പെട്ട രണ്ടു പേരാണ് ഞങ്ങള്‍.അതീവ സുന്ദരിയായിരുന്നു ആന്റി പണ്ട്. അതിന്റെ തിരുശേഷിപ്പുകള്‍ക്കൊപ്പം അല്‍പ്പം 'ഗ്രേസ് ' കൂടി ചേര്‍ത്ത് അവരുടെ വാര്‍ധക്യത്തെ ദൈവം അത്യാകര്‍ഷകമാക്കിയിട്ടുണ്ട്.
ഞങ്ങള്‍ തമ്മില്‍ എന്തും പറയും, സങ്കടങ്ങളും സന്തോഷങ്ങളും പരിഭവവും മോഹങ്ങളുമെല്ലാം..  എത്ര പറഞ്ഞാലും തീരാത്ത പണ്ടത്തെ കഥകള്‍ അവരുടെ മനസ്സിലുണ്ട്.. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ഞാനത്ഭുതപ്പെടാറുണ്ട് ,ഇത്ര മുതിര്‍ന്ന ഒരാള്‍ പ്രായത്തില്‍ പത്തിരുപതു വയസ്സ് പിന്നിലുള്ള എന്നോടിങ്ങനെ മനസ്സ് മലര്‍ക്കെ തുറന്നിടുന്നതില്‍..

ആരുമറിയാതെ പോയ  കൗമാരകാല  വണ്‍വേ പ്രണയം, പഴയ ഗ്രാമീണകൗതുകങ്ങള്‍, ഇങ്ങോട്ടു കിട്ടിയ പ്രണയലേഖനം, മധുവിധു കാലത്ത്  തകര്‍ത്തു ചെയ്യുന്ന ഇടവപ്പാതിരാവില്‍  പുറത്തിറങ്ങി, കൈയ്യും മെയ്യും കോര്‍ത്ത്  മഴയില്‍ കുളിച്ചു കയറിയതിന്റെ ഇനിയും തീരാത്ത കുളിര്,അമ്മായിയമ്മപ്പോരിനെ നേരിട്ട സൂത്രങ്ങള്‍.... അങ്ങനെ എന്തെന്തു കഥകള്‍.
 കേട്ടിരിക്കാന്‍ എനിക്കും ഇഷ്ടം. മക്കളെപ്പറ്റി ചിലപ്പോള്‍ വല്ലാതെ പരിഭവിക്കും, ചിലപ്പോള്‍ അവരെ ഓര്‍ത്ത് കരയും, എന്നിട്ട് ആശ്വസിക്കും, 'ജീവിതം ഇതാണ് കുഞ്ഞേ ...'

മക്കള്‍ വിദേശവാസികളാണ്. പണത്തിന് പഞ്ഞമില്ല. ബാങ്കിലെ പലിശ മാത്രം മതി അമ്മച്ചിക്ക് സുഖമായി കഴിയാന്‍.അപ്പച്ചന്‍ പണിത വീട്ടില്‍ എല്ലാ സൗകര്യങ്ങളും മക്കള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷേ...
ഈ പക്ഷേയിലാണ് എല്ലാം.

മക്കള്‍ക്ക് അമ്മയെ കാണാന്‍ വിദേശത്തുനിന്ന് വരാനാവുന്നില്ല..
വീട്ടില്‍ വന്നു പോകുന്ന അടുക്കള സഹായി ഉച്ചവരെ മാത്രം. അയല്‍ക്കാരുണ്ടെങ്കിലും രാത്രികളിലെ ഇരുട്ടിന്റെ വിജനതയില്‍ അഴലോടെ.. വാതിലില്‍ കാറ്റൊന്നു മുട്ടിയാല്‍, ജനാല വലിഞ്ഞൊന്നടഞ്ഞാല്‍, ഞെട്ടി ഉണര്‍ന്ന്.. ഒരു തലകറക്കം തോന്നിയാല്‍,  നെഞ്ചിനൊരു വേദന തോന്നിയാല്‍... പിന്നെ ഉറക്കമില്ലാതെ പുലരും വരെ.. അപ്പോഴവരുടെ മനസ്സിലേക്ക് യൗവ്വനകാലം ഓടിക്കയറും. അവിടെ  മക്കളുടെ കളി ചിരികളും വഴക്കും അടിപിടിയും  നിറയും.അവരുടെ അപ്പന്റെ ശാസനകളുടെ ഉഗ്രശബ്ദം ഉയരും. മക്കളോരോരുത്തരുടെയും പ്രിയ ഭക്ഷണത്തിന്റെ മണം മനസ്സിലെ അടുക്കളയില്‍ നിറയും. തന്നെ ഒറ്റയ്ക്കാക്കി യാത്രയായ ഭര്‍ത്താവിനെ നഷ്ടബോധത്തോടെ ഓര്‍ക്കും. പാതിരാവിലും പഴയ ആല്‍ബത്താളുകള്‍ മറിയ്ക്കും...

 മക്കള്‍ മാറി മാറി വിളിച്ചിട്ടും മറുനാട്ടില്‍ പോകാന്‍ അവര്‍ തയ്യാറല്ല. മക്കളെ നാട്ടില്‍ കൂടെ നിര്‍ത്തി അവരുടെ ജീവിതം ഒറ്റപ്പെടുത്താനും സമ്മതിക്കില്ല ..
''കൊച്ചേ, വയസ്സായവര്‍ക്ക്  കള്ളന്മാരെയല്ല പേടി, അവന്മാരു വന്നാല്‍, ന്നാ ,എടുത്തോന്നു പറഞ്ഞ് ഞാന്‍ താക്കോലിട്ടു കൊടുക്കും. തപ്പിക്കോട്ടെ. കുറെ പഴന്തുണീം പത്തോ മൂവായിരം രൂപയും കാണും. അതെടുത്തോട്ടെ. കഴുത്തേലെ മിന്നു പോലും കരിമണിമാലേലാക്കി.ഞങ്ങക്ക് പേടി ഇരുട്ടിനെയാണ്. മൂവന്തിയാകുമ്പോഴേക്കും ചങ്കിടിക്കും, എന്തിനെന്നറിയാതെ.. ,പിന്നെ പുലരുന്നതും കാത്ത് .. അല്ലാതെന്നാ ചെയ്യാനാ  .. ''

ഇരുട്ടിലെ ഭീതി മരണഭയമാണെന്ന് അവര്‍ പറഞ്ഞില്ല, ഞാനൊട്ട് മിണ്ടിയുമില്ല.
കൂടെപോയേ പറ്റൂ എന്നറിയാമെങ്കിലും മരണമെത്തുന്ന നേരത്ത് അരികിലൊരാളെങ്കിലും കാണുമോ എന്ന ആശങ്ക. 
 അത് പുറത്തു ഭാവിക്കുന്നില്ലെങ്കിലും മരണത്തിന്റെ കാലൊച്ച ഭയക്കുന്നവര്‍.
ഞാന്‍ ആന്റിയെ ആശ്വസിപ്പിച്ചു.കുറെ നേരം കഴമ്പില്ലാത്ത പലതും പറഞ്ഞ് ചിരിപ്പിച്ചു.. ഭയത്തിന്റെ  മഴ തെല്ലു ശാന്തമായപ്പോള്‍ മണി പതിനൊന്നര..

ആര്‍ക്കാണ് ഭയമില്ലാത്തത്?നമ്മളൊക്കെ  കൂടുതല്‍ പേടിത്തൊണ്ടന്മാരാവുകയാണ്. ലോകം തന്നെ ഭയത്തിലാണ്.കൊറോണപ്പേടിയില്‍ നമ്മളെല്ലാം ഓരോ തുരുത്തുകളിലായി.

എന്റെ ആത്മസുഹൃത്തുക്കളായ കൂട്ടുകാരികളെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ ഞാന്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാറുണ്ട്, ഉമ്മ കൊടുക്കാറും വാങ്ങിക്കാറുമുണ്ട്. അത് സ്‌നേഹത്തിന്റെ ഒരവകാശമാണ്. ഇപ്പോള്‍ വിദൂരങ്ങളില്‍ നിന്ന് കേള്‍ക്കുന്ന കേവലസ്വരങ്ങള്‍ മാത്രമായി ഉറ്റമിത്രങ്ങള്‍.
''എന്നാ, നമ്മള്‍ കാണുക ,എനിക്കൊത്തിരിപറയാനുണ്ട്, സങ്കടങ്ങളുടെ നടുവിലാണ് ഞാന്‍'' ,കോഴിക്കോട്ടുകാരി രത്‌നയുടെ  സങ്കടങ്ങള്‍ .

'' ചേച്ചീ പെരുമഴക്കാലത്ത് എന്നെ വിളിക്കാതിരുന്നപ്പോള്‍ സങ്കടം വന്നു, മറന്നോ എന്നെ '', ഇടിഞ്ഞു വീഴുന്ന വയനാടന്‍ ചുരത്തിലെ സ്ഥിരം യാത്രിക പ്രീതയുടെ പരിഭവം. കൂട്ടുകാരുടെ സങ്കടങ്ങളുടെ പാതി ചുമക്കാന്‍ നമ്മള്‍ക്കാവില്ലെങ്കിലും അരികിലൊന്നു ചെന്നാല്‍ത്തന്നെ ആശ്വാസമാകും. പക്ഷേ, തീവണ്ടിയില്ല, ബസ്സില്ല, പരസ്പരം രോഗഭീതിയും.

' അമ്മയും അപ്പയും ഇനി എന്നാ ഞങ്ങളെ കാണാനെത്തുക? ' കാനഡയില്‍ നിന്ന് നാലു മാസക്കാരന്‍ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണിച്ച് മകന്റെ സങ്കടചോദ്യം. പരസ്പരം ചേര്‍ത്തു പിടിക്കാനാവാതെ ഇടയ്‌ക്കൊരു കൂറ്റന്‍ മതില്‍ കെട്ടിക്കളഞ്ഞില്ലേ വൈറസ്.

'ജൂലായില്‍ വരാമെന്നു വാക്കു പറഞ്ഞിട്ട്...' പാതി വഴിയില്‍ വാക്കുകള്‍ മുറിഞ്ഞ് മറ്റൊരു രാജ്യത്തു നിന്ന്  മകള്‍. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനാവാതെ പോകുന്നു, ആശകള്‍ക്കുമീതെ നിരാശകള്‍ പൊരുന്നിരിക്കുന്നു. അതൊക്കെ ജീവിതത്തില്‍ തെല്ലു ഉത്കണ്ഠ പരത്തിയേക്കാം, അപ്രതീക്ഷിതമായി നഷ്ടമായ ജോലി, പലരുടെയും സാമ്പത്തിക അടിത്തറ തകര്‍ത്തിട്ടുണ്ടാവാം. ബുദ്ധിമുട്ടുകള്‍ നീറ്റുന്നുണ്ടാവും..
പക്ഷേ നാം തോല്‍ക്കില്ല. കുഞ്ഞുമക്കളുടെ കൈയ്യും പിടിച്ച് ഒരു തൂമ്പയും വെട്ടുകത്തിയുമായി കുടിയേറ്റത്തിനു പുറപ്പെട്ടുപോയ  പൂര്‍വ്വികരുടെ ചോര തിളച്ചുമറിയുന്ന ഞരമ്പാണ് നമ്മള്‍ക്കുള്ളത്. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ പോരാടിയ പഴയ വഴിത്താരകള്‍ മറന്നെന്നോ? എല്ലാം അവസാനിച്ചെന്നു തോന്നിയ ശൂന്യ ദിനങ്ങളില്‍
  നിന്ന്  വെട്ടിപ്പിടിച്ചവയല്ലേ നമ്മുടെ ഇന്നുള്ള ജീവിതം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക