Image

രാമായണം ഒരു ദുരന്തകാവ്യം (രാമായണ ചിന്തകൾ -2: സുധീർ പണിക്കവീട്ടിൽ)

Published on 13 August, 2020
രാമായണം ഒരു ദുരന്തകാവ്യം (രാമായണ ചിന്തകൾ -2: സുധീർ പണിക്കവീട്ടിൽ)

വ്യാഖ്യാനങ്ങളുടെ ഔദാര്യവും മറയുമില്ലാതെ പരിശോധിക്കുമ്പോൾ അനുകരിക്കാനോ, മാതൃകയാക്കാനോ അർഹതയുള്ള ഒരു കഥാപാത്രവും രാമായണത്തിലില്ല. ഇതിലെ നായകനായ രാമനെ മര്യാദാപുരുഷോത്തമൻ എന്നൊക്കെ പലരും വാഴ്ത്തിയിട്ടുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വിലയിരുത്തുമ്പോൾ അദ്ദേഹം ദയനീയ പരാജയമായിരുന്നുവെന്നു കാണാം. ഈ ഗ്രൻഥത്തിലെ പല കഥാപാത്രങ്ങളുടെയും മഹത്വം പലരും വർണ്ണിക്കയും പുകഴ്ത്തുകയും ചെയ്യുന്നത് കഥ നടന്ന കാലഘട്ടത്തിന്റെ സാമൂഹ്യസ്ഥിതി വച്ചായിരിക്കും. എന്നാൽ ഇന്ന് അതിനു പ്രസക്തിയില്ലെന്ന് ആരും മനസ്സിലാക്കാത്തത് രാമനെ ദൈവമായി കാണുന്നത്കൊണ്ടാണ്. രാമായണത്തെ ഒരു ഇതിഹാസ ഗ്രൻഥമായി ഭാരതം ആദരിക്കുന്നു. ഇതിഹാസം എന്ന് പറയുമ്പോൾ അത് മനുഷ്യരുടെ കഥയാണ്. പുരാണമാണ് ദേവന്മാരുടെ കഥ. അപ്പോൾ രാമായണത്തെ പുരാണേതിഹാസം എന്ന് പറയേണ്ടി വരും. കാമാന്ധത മാറ്റി നിറുത്തിയാൽ രാവണനെ പല കാര്യത്തിലും  അനുകരിക്കാം.

വാസ്തവത്തിൽ വർഷ ഋതുവിൽ (അതായത് കർക്കിടക മാസം) ഇത് വായിക്കുന്നത് ഒരു പക്ഷെ ഭക്തിപ്രസ്ഥാനം വേരുറപ്പിക്കാനായിരിക്കും. പേമാരി കോരിചൊരിഞ്ഞു കുളിർമ്മ പകർന്നു നിൽക്കുന്ന പ്രകൃതി ശൃങ്കാര രസത്തിന്റെ ഉച്ചസ്ഥായിയിലാണ് അപ്പോൾ.  മനുഷ്യമനസ്സുകളെ പൂവമ്പൻ വേട്ടയാടാതിരിക്കാൻ അവരെ ഭക്തിനിർഭരരാക്കുക എന്ന ഉദ്ദേശ്യവും കാണാം. വളരേ സങ്കടകരമായ വിവരണങ്ങൾ മാത്രമുള്ള ഒരു ഗ്രൻഥം പാരായണം ചെയ്യുന്നതിലൂടെ എന്ത് പ്രയോജനമായിരിക്കും വായനക്കാർക്ക് ലഭിക്കുക എന്നത് ഓരോരുത്തരും വിഷയങ്ങളെ വിശകലനം ചെയ്യുന്ന രീതിയനുസരിച്ചിരിക്കും. രാമന്റെ യാത്ര എന്നതിനേക്കാൾ അതിനെ സീതയുടെ ദണ്ഡനം (torture) എന്ന് പറയുന്നതാണ് ശരി. സീത എന്ന് പറയുമ്പോൾ സ്ത്രീ. മൊത്തം സ്ത്രീകൾക്കും അപമാനകരമായ സംഭവങ്ങൾ ഒരു മര്യാദപുരുഷോത്തമൻ ചെയ്യുന്നുവെന്നത് എത്രയോ ലജ്ജാകരം. 
രാമായണം  എഴുതാൻ മുനിക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ ശോകത്തിൽ നിന്നുമുതിർന്ന ഒരു ശ്ലോകമത്രെ. ഒരു വേടൻ അവന്റെ ആഹാരത്തിനായി ഒരു പക്ഷിയെ അമ്പെയ്തു കൊന്നു. അത് കണ്ട് മുനി വെപ്രാളപ്പെട്ട് കമണ്ഡലുവിൽ നിന്ന് വെള്ളം തെളിച്ച് വേടനെ അനുഷ്ടുപ്പ് വൃത്തത്തിൽ ശപിച്ചു. വിശന്നു വലഞ്ഞ വേടന് പക്ഷികൾ കാമമോഹിതരായിരുന്നുവെന്നൊന്നും അറിഞ്ഞുകൂടാ. അവനു ദിവ്യജ്ഞാനം ഉണ്ടായിരുന്നെങ്കിൽ ഹേ, മഹർഷേ ചിതൽപ്പുറ്റ് വന്നു കയറുന്നതിനുമുമ്പ് അങ്ങും ഇത് തന്നെയല്ലേ ചെയ്തിരുന്നത് എന്ന് ചോദിച്ചേനെ. എന്തായാലും ഇണയെ നഷ്ടപ്പെട്ട് എങ്ങോട്ടോ പറന്നുപോയ ആൺകിളിയെപോലെ കഥാനായകനായ രാമൻ ദുരിതങ്ങൾ അനുഭവിക്കുന്നത് മുനി വിസ്തരിച്ച് എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് ദുരന്തങ്ങൾ അദ്ദേഹത്തെ പിന് തുടർന്നത്.
പൊള്ളയായ ആദർശങ്ങൾ, ആചാരങ്ങൾ എന്നിവയുടെ പരിഗണന, സ്ത്രീകളെ തരം   താണവരായും അധീനപ്പെട്ടവരായും കരുതുന്ന ചിന്താഗതി, തീരുമാനങ്ങളിലെ  ചാഞ്ചല്യം, ഇതൊക്കെ ഒരാൾക്ക് ഒരിക്കലും മനസമാധാനം തരികയില്ല. രാമൻ അങ്ങനെയാണെന്ന് പറയുകയല്ല.  രാവണവധത്തിനു ശേഷം രാമനെ കാണാൻ സീതാദേവി ആകാംക്ഷഭരിതയാകുമ്പോൾ     രാമൻ വിഭീഷണനെ രാജാവായി അഭിഷേകം ചെയ്യുന്നതാണ്     മുഖ്യമായി കണ്ടത്. പിന്നെ സീതയെ രാമന്റെ മുന്നിൽ കൊണ്ടുവന്നപ്പോൾ രാമൻ പറഞ്ഞ വാക്കുകൾ വാൽമീകി രേഖപ്പെടുത്തിയത് സംഗ്രഹിച്ച് എഴുതുന്നു. എഴുത്തച്ഛൻ ആ ഭാഗം വിഴുങ്ങിയെന്നു തോന്നുന്നു. കവിയും പണ്ഡിതനും ആയിരുന്ന എ ,കെ. രാമാനുജൻ മുന്നൂറോളം  രാമായണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.  അതിലെല്ലാം വ്യത്യസ്ത തരത്തിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. 

രാമന്റെ വായിൽ വാൽമീകി തിരുകിക്കൊടുത്ത വാക്കുകൾ വാ യിക്കുക."ഞാനീ  യുദ്ധം ജയിച്ചത് എന്റെ യശസ്സിനേറ്റ കളങ്കമില്ലാതാക്കാനാണ്. എന്റെ കുലത്തിന്റെ മാനം രക്ഷിക്കാനാണ്.  നിന്റെ സ്വഭാവം സംശയത്തിന്റെ നിഴലിൽ ആണ്.  നീ എന്റെ അരികിൽ നിൽക്കുന്നത് എനിക്ക് അസുഖകരമാണ്.നേത്രാതുരനായ ഒരാൾക്ക് വിളക്ക് കാണുന്നപോലെ. അതുകൊണ്ട് ജനകാത്മജേ നിനക്ക് ഞാൻ സമ്മതം തരുന്നു ; പത്തുദിക്കുകളിൽ ഏതിലേക്കും നിനക്ക് യഥേഷ്ടം  പോകാം. ഏതു തേജസ്വിയായ പുരുഷൻ, ഉന്നതകുലജാതൻ വേറൊരു പുരുഷന്റെ അന്തപ്പുരത്തിൽ കഴിഞ്ഞവളെ സ്വീകരിക്കും. കൂടാതെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പോൾ അയാളുടെ മടിയിൽ പരിക്ലിഷ്ടയായ നീ അവന്റെ ദുർനോട്ടങ്ങൾക്ക് പാത്രമായ നീ, നിന്നെ ഞാൻ എങ്ങനെ സ്വീകരിക്കും. നിനക്ക് വേണമെങ്കിൽ ലക്ഷ്മണനെയോ, വിഭീഷണനെയോ വേൾ ക്കാം. എനിക്ക് നിന്നെ വേണ്ട. നിരാലംബയായ  ഒരു സ്ത്രീയുടെ മുന്നിൽ മര്യാദാപുരുഷോത്തമൻ കസറി.
ഇത്രയും നിഷ്ടൂരമായി, നിർദ്ദയമായി രാമൻ പറഞ്ഞപ്പോൾ സീത രാമനോട് ചോദിക്കുന്നുണ്ട്. ഹേ വീരനായ മഹാബാഹുവായ രാമാ നീ എങ്ങനെ ഒരു സാധാരണ പുരുഷൻ ഒരു സാധാരണ സ്ത്രീയോട് സംസാരിക്കുന്ന പ്രകാരം എന്നോട് സംസാരിക്കുന്നു. ഏതെങ്കിലും സ്ത്രീ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്തിനു നീ സ്ത്രീ വംശത്തിനെ മുഴുവനായി പഴിക്കുന്നത്. പിന്നെ അവർ ചോദിക്കുന്നത് ആശാന്റെ ഭാഷയിൽ "
നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?

ഹേ വീര ഹനുമാനെ എന്നടുത്ത് പറഞ്ഞയച്ചപ്പോൾ നീ എന്നെ ഉപേക്ഷിക്കയാണെന്നു പറയാമായിരുന്നില്ലേ എങ്കിൽ ഞാൻ അപ്പോൾ എന്റെ ജീവൻ വെടിയുമായിരുന്നു. പിന്നീട് വിറയാർന്ന ശബ്ദത്തോടെ അവർ ലക്ഷ്മണനോട് തീകുണ്ഡം തയ്യാറാക്കാൻ പറഞ്ഞു “രാമനെയല്ലാതെ  ആരെയെങ്കിലും മനസ്സാ വാചാ കർമ്മണാ ഓർത്തിട്ടുണ്ടെങ്കിൽ അഗ്നിയിൽ ഞാൻ എരിഞ്ഞുപോകട്ടെ എന്ന് ചുറ്റിലുമുള്ള എല്ലാവരെയും അറിയിച്ച്  അഗ്നിയിൽ ചാടി പരിശുദ്ധി തെളിയിക്കാൻ  സീത ഒരുമ്പെടുന്നു, ലക്ഷ്മണൻ തീകുണ്ഡം തയ്യാറാക്കി കൊടുക്കുന്നു. സീതയെ അഗ്നിദേവൻ ഒട്ടുമേ പൊള്ളൽ ഏൽക്കാതെ രാമനെ ഏൽപ്പിക്കുന്നു. ഈ സന്ദർഭത്തിൽ വാല്മീകി രാമൻ  പ്രഭു നാരായണനാണെന്നും സീത സാക്ഷാൽ ലക്ഷ്മിയാണെന്നു വെളിപ്പെടുത്തുന്നുണ്ട്.
രാമൻ അവരെ സ്വീകരിക്കുന്നു. അപ്പോൾ രാമൻ പറയുന്നു സീത  പരിശുദ്ധയാണെന്നു എനിക്കറിയാം. പക്ഷെ മൂന്നു ലോകങ്ങളെയും ബോധ്യപ്പെടുത്താനാണ് അവൾ അഗ്നിയിൽ ചാടാൻ ശ്രമിച്ചപ്പോൾ തടയാതിരുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്തണമെന്നു നിർബന്ധമുണ്ട് മര്യാദപുരുഷോത്തമനു. അതിനായി എന്ത് ക്രൂരതയും ചെയ്യുന്നതിൽ ഇദ്ദേഹം ലജ്ജിതനല്ല. അയൽക്കാരനെയും നാട്ടുകാരനെയും ബോധ്യപ്പെടുത്തികൊണ്ട് മനുഷ്യർ ജീവിക്കാൻ ശ്രമിച്ചാൽ ലോകത്തിന്റെ ഗതി എന്താകുമെന്ന് ആലോചിക്കുക. ഒരു പക്ഷെ ത്രേതാ യുഗത്തിലെ വിശേഷങ്ങൾ അങ്ങനെയാകാം. അങ്ങനെയെങ്കിൽ  വിമാനങ്ങളും, റോക്കറ്റുകളും അങ്ങനെ അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങൾ ഉള്ള ഇന്നത്തെ മനുഷ്യർ പഞ്ചവടിയിൽ നിന്നും കാൽനടയായി ശ്രീലങ്ക വരെ പോയി യുദ്ധം ചെയ്ത രാമനെ എന്തിനു അനുകരിക്കണം.

ഈ ദുരന്തകാവ്യം ആരംഭിക്കുന്നത് തന്നെ അനപത്യദുഃഖത്താൽ ദശരഥൻ സങ്കടപ്പെടുന്നതും അതിനായി പുത്രകാമേഷ്ടി യാഗം നടത്തുന്നതുമാണ്. അങ്ങനെ പായസം കഴിച്ച് രാജ്ഞിമാർ ഗര്ഭിണികളാകുന്നു. കലിയുഗം അത് വായിച്ച് നെറ്റി ചുളിക്കുന്നു. ശാസ്ത്രം പുരികമുയർത്തുന്നു.  അന്നത്തെ കാലത്തെ മഹർഷിമാരുടെ ഭാഷ കടമെടുത്താൽ അസംഭവ്യം. പിന്നെ രാജ്ഞിമാർ നാല് പുത്രന്മാരെ പ്രസവിക്കുന്നു. പുത്രന്മാർ വളർന്നപ്പോൾ അവരെ വിശ്വാമിത്രൻ കൂട്ടികൊണ്ടുപോയി ശല്യം ചെയ്യുന്ന രാക്ഷസന്മാരെ കൊന്നൊടുക്കുന്നു. എല്ലാ പുത്രന്മാരും വിവാഹിതരാകുന്നു. അപ്പോഴാണ് യുവരാജാവായി രാമനെ അഭിഷേകം ചെയ്യാൻ ദശരഥൻ ആഗ്രഹിക്കുന്നതും കൈകേയി അത് മുടക്കുന്നതും. വീണ്ടും അച്ഛൻ രാജാവിന്റെ ദുഖവും പണ്ട് ഒരു മുനികുമാരനെ കൊന്നപ്പോൾ കിട്ടിയ ശാപത്തിന്റെ ഓർമ്മയും കൊട്ടാരം ദുഖാനിര്ഭരം. രാമനും സീതയും കൂടെ ലക്ഷ്മണനും വനവാസത്തിന് പോകുന്നു. ദശരഥൻ ദുഃഖഭാരം സഹിക്കാതെ ഇഹലോകവാസം വെടിയുന്നു. ഭരതൻ അറിയുന്നു അതേച്ചൊല്ലി അമ്മയെ ശകാരിക്കുന്നു. "ഭർത്താവിനെ കൊന്ന  പാപേ ! മഹാഘോരേ, നിസ്ത്രപേ! നിർദ്ദയേ ! ദുഷ്ടേ ! നിശാചരി (എഴുത്തച്ഛൻ). പിന്നെ സംഘർഷങ്ങളുടെ നാളുകൾ, അയോധ്യയുടെ സിംഹാസനത്തിൽ  രാമന്റെ മെതിയടി കയറിയിരിക്കുന്നു. രാമനും സീതയും ലക്ഷമണനും വനവാസത്തിനു പോകുന്നു. ശൂർപ്പണഖ കാമാതുരയായി രാമലക്ഷ്മണന്മാരെ സമീപിക്കുന്നു.  അതിനോടനുബന്ധിച്ചുള്ള  കോലാഹലങ്ങൾ, സീതാപഹരണം അങ്ങനെ രാവണനെ കാലപുരിക്കയക്കുകയും ചെയ്യുന്നു.

സ്ത്രീയെ ഉപഭോഗവസ്തുവായും ഉപകരണമായും    ഉപയോഗിക്കുന്ന കുടിലതന്ത്രങ്ങൾ ഈ ഇതിഹാസഗ്രൻഥത്തിലും ഒളിച്ചിരിക്കുന്നുണ്ട്. രാവണനെ കൊല്ലാൻ രാമനെ നിയോഗിച്ചത് വിശ്വസിക്കാം പക്ഷെ അതിനു സീതയെ കരുവാക്കുമ്പോൾ സ്ത്രീത്വം അപമാനിക്കപ്പെടുന്നു. വേറൊരുത്തൻ തട്ടിക്കൊണ്ടുപോയി എന്ന ദുഷ്‌പേര് ചാർത്തികൊടുത്ത് അവർക്ക് നേരെ അപവാദശരങ്ങൾ തൊടുത്ത് വിടുമ്പോൾ അവർ പരിഹാസപാത്രമാകയാണ്. ഇങ്ങനെ ഒരു സ്ത്രീയെ പരിഹസിക്കാതെ കോദണ്ഡപാണിയായ രാമന് രാവണനെ വധിക്കാൻ കഴിയുമായിരുന്നില്ലേ. സീത പവിത്രയാണ് പരിശുദ്ധയാണെന്നൊക്കെ അഗ്നിക്ക് മാത്രമേ അറിയൂ എന്ന ഗതികേട് വരുമ്പോൾ സാധാരണ സ്ത്രീകളുടെ വിധി എന്താകും. ഇന്ന് കാലത്ത് ഒരു സ്ത്രീക്കും അഗ്നിയിൽ ചാടി പൊള്ളൽ ഏൽക്കാതെ രക്ഷപ്പെടാൻ കഴിയില്ല അവൾ എത്ര പരിശുദ്ധയാണെങ്കിലും. അപ്പോൾ പിന്നെ ഏതോ ഒരു മുനി എഴുതിയ കാവ്യം വായിച്ച് രസിക്കാമെന്നല്ലാതെ അതിനു ദൈവീകത്വം കൽപ്പിച്ച് അത് ആരാധിച്ച് നടക്കുന്നത് എത്രമാത്രം യുകതമാണെന്നു ചിന്തിക്കുക തന്നെ വേണം. പുരുഷന്റെ ആദർശധീരത സ്ത്രീയുടെ ജീവിതം ചവുട്ടിമെതിച്ചാകാം എന്ന സൂചന ഇതിൽ നിന്നും കിട്ടുന്നു. രാമൻ ആദർശവാനായ രാജാവ് എന്ന ഖ്യാതി നേടുമ്പോൾ രണ്ട് പ്രാവശ്യം അപമാനിതയായി, മക്കളോടൊപ്പം കാനനത്തിൽ കഴിയേണ്ടിവരുന്ന ഒരു സ്ത്രീയെ ആലോചിക്കുക.  രാവണനെ കൊല്ലാൻ വേണ്ടി ഒരു സ്ത്രീക്ക് അവളുടെ ജീവിതം ബലി കഴിക്കേണ്ടി വരിക, അവളുടെ മാനം ശങ്കിക്കപ്പെടുക, കാമാന്ധനായ ഒരു രാക്ഷസന്റെ ബലിഷ്ഠ കരങ്ങളിൽ നിസ്സഹായയായി ബന്ധിക്കപ്പെടേണ്ടി വരിക. എന്തിനു വേണ്ടി?  രാമനെ പ്രകീർത്തിക്കാൻ. അപ്പോൾ ഇത് പുരുഷമേധാവിത്വത്തിനെ അനുകൂലിക്കുന്ന ഒരു കൃതിയെന്നു വിശ്വസിക്കേണ്ടി വരുന്നു.

പുരുഷൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നത് ശരിയെന്ന വിശ്വാസവും ഇതിൽ കാണാം. അച്ഛന്റെ വാക്ക് പാലിക്കാൻ അയോധ്യ വിടുന്നു രാമൻ. അപ്പോൾ പ്രജകളുടെ ക്ഷേമം പ്രശ്നമായിരുന്നില്ല. ഗർഭിണിയായ ഭാര്യയുടെ സ്വഭാവശുദ്ധിയിൽ സംശയിച്ച് അവളെ കാട്ടിലേക്ക് അയക്കുമ്പോൾ രാമന്  രണ്ട് വഴികൾ ഉണ്ടായിരുന്നു. ഒന്ന് കൊട്ടാരവും സൗകര്യങ്ങളും അധികാരങ്ങളും ഉപേക്ഷിച്ച് സീതയോടോത്ത് പോകുക, രണ്ട് സീതയെ അപവാദിനിയാക്കി നിഷ്ക്കരുണം കാട്ടിലേക്ക് തള്ളുക. രാമൻ രണ്ടാമത്തേത് ചെയ്തപ്പോൾ അയാൾ പുരുഷനായി എന്ന് ജനം. വിവാഹജീവിതത്തിനു ഒരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹമായിരിക്കണം ത്രേതാ യുഗം. അതായത് നേരത്തെ സൂചിപ്പിച്ചപോലെ സ്ത്രീ വെറും ഉപകരണം, ഉപഭോഗവസ്തു.  സാഹിത്യമൂല്യമുള്ള കൃതിയെന്ന നിലക്ക് ഇതിനെ കാണാമെന്നല്ലാതെ ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ പ്രായോഗികമല്ല, സ്വീകാര്യവുമല്ല. 

ശുഭം

2020-08-14 13:58:07
വേറിട്ട രാമായണ ചിന്തകൾ അയലത്തെ ഓട്ടോക്കാരൻ്റെ കൂടെ പോകുന്ന സീത. രാമനും സീതയും ഇന്നത്തെ കേരളത്തിൽ ആണ് ജീവിക്കുന്നത് എങ്കിൽ രാമൻ്റെ അയനം നടക്കുകയില്ല; അതിനാൽ രാമായണവും ഉണ്ടാവില്ല. കാരണം രാമൻ ഇത്തരം പീഡനം സീതയോടു് കാട്ടിയാൽ; ഇന്നത്തെ സീത രാമ പാദത്തിനു പുറകെ പോകില്ല, പകരം ഓട്ടോ റിക്ഷക്കാരൻ്റെ കൂടെ പോകും. അതാണല്ലോ ഇപ്പോളത്തെ സ്റ്റയിൽ! രാമായണം; ഇതിഹാസമാണോ, പുരാണമാണോ, കാവ്യമാണോ? എന്തുതന്നെ എങ്കിലും ഇ ശിലായുഗ സാഹിത്യം; ഇന്നത്തെ മനുഷന് എന്ത് ഗുണം ചെയ്യും? ഇന്നത്തെ മനുഷൻ; മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. കുറേപേർ രാമ! രാമ! എന്ന് കീറ്റുന്നു, രാമൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇ കീറ്റ് കേട്ടു കാട്ടിലേക്ക് ഓടിയേനെ; ഫോറസ്റ്റ് ഓഫീസേഴ്‌സ് പിടികൂടി കിണറ്റിനു മുകളിൽ കൂടി ഓടിച്ചേനെ. കമ്പിവല കൊണ്ട് മൂടിയ കിണറ്റിൽ, കമ്പിവലയുടെ ഒരു കണ്ണിപോലും പൊട്ടാതെ സ്ത്രീകളെ കിണറ്റിൽ ഇടുന്ന സൂത്രം കത്തനാർമ്മാർക്ക് മാത്രമേ അറിയാമായിരുന്നുള്ളു. ഇപ്പോൾ ഫോറസ്റ്റ്കാരും ആവിദ്യ കണ്ടുപിടിച്ചു. കേരളത്തിൽ അടുത്തകാലം വരെ കർക്കിടകം; പഞ്ഞ മാസം ആയിരുന്നു. ഇപ്പോൾ കൃഷിയുടെ വിളവ് എടുക്കാൻ പോലും ആളെ കിട്ടാൻ ഇല്ല. അത്രക്ക് സുഭിക്ഷമാണ് ഇന്നത്തെ കർക്കിടകം. അതിനാൽ അർത്ഥസൂന്യമായ ഇ രാമായണ പാരായണം എന്തിന്? പ്രായമായ അപ്പൻ ചാവാൻ താമസിച്ചാൽ കട്ടിലിൽ നിന്നും ഇറക്കി നിലത്തു കിടത്തി, അ കട്ടിലിൽ കയറി കിടക്കുന്ന മക്കൾ ഉള്ള കാലം ആണ് കേരളം. അതല്ല എങ്കിൽ വിർദ്ധ സദനത്തിൽ ആക്കും. അത്തരം മക്കൾ; അപ്പൻ്റെ വരം പാലിക്കുവാൻ കാട്ടിൽ പോകുമോ? അത്തരം വിഡ്ഢി മകൻ്റെ പുറകെ ഏതെങ്കിലും സ്ത്രീകൾ പോകുമോ? താൻ വേണേ പൊക്കോ എന്നെ കിട്ടില്ല എന്ന് പറഞ്ഞു അവൾ ഡൈവോർസിന് ഫയൽ ചെയ്യും. ഇപ്പോൾ ഇ രാമായണം വായിക്കുന്ന സ്ത്രീകളും, ഇ മലയാളിയിൽ സോയിര്യം നഷ്ടപ്പെടുത്തി രാമായണത്തെ പറ്റി തുടരെ എഴുതുന്ന സ്ത്രികളും രാമൻ്റെ കൂടെ കാട്ടിൽ പോകില്ല, പിന്നെ എന്തിനു ഇ പ്രഹസനം? ഒരു തടിയൻ വന്നു ഭാര്യയെ കട്ടോണ്ടു പോയി എങ്കിൽ, അവൾ എന്ത് പിഴച്ചു? രാമായണത്തിലെ സീത പുരുഷൻ്റെ അടിമയാണ്. ഇ മലയാളിയിലെ എഴുത്തുകാരികൾ ഭർത്താവിൻ്റെ അടിമ ആണോ? നേരെ മറിച്ചാകാൻ ആണ് സാദ്യത. എനിക്ക് അറിയാവുന്ന പല ഭർത്താക്കൻമ്മാർക്കും ഭയകര ബി പി -യാണ്- ഭാര്യയെ പേടി. ദശരദൻ കാണിച്ചവയും രാമൻ കാണിച്ചവയും ഒക്കെ ഇന്നത്തെ സമൂഹത്തിൽ നടക്കില്ല. അതിനാൽ, രാമായണത്തെക്കുറിച്ചു തുടരെ എഴുതുന്ന സ്ത്രികൾ; അമേരിക്കയിൽ ആയാലും, കേരളത്തിൽ ആയാലും; വെറുതെ സമയം പാഴ് ആക്കരുത്. ഇ സമയം; ലൂസിയെപ്പോലെ നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ സ്ത്രീ പീഡകരെ കണ്ടു പിടിച്ചു നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാൻ ഉപയോഗിക്കുക. സ്വതന്ത്ര ചിന്തകളോടെ വ്യത്യസ്തമായ വീക്ഷണത്തോടെ നല്ല ഒരു അപഗ്രഥനം കാഴ്ച്ചവെച്ച സുധീരനായ സുധീർ സാറിനും നന്ദി. വിദ്യാധരൻ്റെ തിരിച്ചു വരവിനും നന്ദി. -andrew
RajasreePinto 2020-08-14 17:18:57
സുധീർ സാറിന്റെ രാമായണത്തിന്റെ വ്യാഖാനത്തോട് പൂർണമായി യോജിക്കുന്നു .ഒരിക്കലും ശ്രീരാമനെ ഉത്തമപുരുഷൻ എന്ന് വിളിക്കാൻ തപര്യപ്പെടാത്ത ഒരു വ്യക്തിയാണ് ഞാനും .പക്ഷെ ആധ്യാത്മികതയുടെ പരിവേഷം കലർത്തിയെങ്കിലും കാലാതീതമായ ഒരു സാഹിത്യ സൃഷ്ടിയെ കുടുംബാന്തരീഷകത്തിൽ കുഞ്ഞുകുട്ടി ആബാലവൃദ്ധം ഒത്തു ചേര്ന്നു ആസ്വതിക്കാൻ എല്ലാ ആചാരങ്ങളെയും പോലെ രാമായണ മാസാചരണവും ഗുണം ചെയ്യും എന്ന് ചിന്തിക്കാനാണ് എനിക്ക് താത്പര്യം .ഇവിടെ മറ്റൊരു കാര്യം കൂടി പറയാതെ വയ്യ .എല്ലാ മത ഗ്രന്ഥങ്ങളും അത് എഴുതപെട്ട കാലത്തേ ശരികളാണ്. മനസിരുത്തി വ്യാഖാനിച്ചൊന്നു വായിച്ചാൽ ഭക്തി എല്ലാം കടല്കടക്കും .ഭക്തിയും യുക്തിയും ഒരുമിച്ചു പോകാത്തത് കൊണ്ട് എല്ലാം കാലത്തെ അതിജീവിച്ച കൃതികളായി കണ്ടു ആസ്വദിക്കുന്നതാണ് ഉത്തമം.
JosephAbraham 2020-08-15 08:30:33
രാമരാജ്യത്തിൻറെ തറക്കല്ലു ഇട്ടു കഴിഞ്ഞ ഈ കാലത്തിൽ യുക്തികളെയും അയുക്തതികളെയും വ്യവഛേദിച്ചുള്ള ഈ ലേഖനം വളരെ പ്രസക്തമാണ്. അഹിംസാ വാദിയായ ഗാന്ധി മുതൽ ഹിംസാ വാദികളായ ഇന്നത്തെ കൂട്ടർ വരെ രാമ നാമം തെരുവിൽ വിളിച്ചു പറയുന്നത് ഒരേ ലക്ഷ്യത്തോടെയാണ് . ഹിംസയെ ന്യായീകരിക്കാൻ വേണ്ടി നൽകിയ ഗീതോപദേശത്തെ അഹിംസാ വാദിയായ ഗാന്ധി നെഞ്ചോട് ചേർത്തത് വലിയ വിരോധാഭാസമായി തോന്നുന്നു. അതുപോലെ തന്നെയാണ് കരുണയുടെ ദൈവമായ യേശുവിനെ കുറിച്ച് പറയുന്ന കരിസ്മാറ്റിക് പ്രസ്ഥാനക്കാർ ഉഗ്രകോപിയും പ്രതികാരം ചെയ്യുന്നവനുമായ പഴയ നിയമത്തിലെ ദൈവത്തെ ഉയർത്തിക്കാട്ടി വിശ്വാസികളിൽ ഭയം നിറച്ചുകൊണ്ട് അവരുടെ ചൊൽപ്പടിക്ക് നിർത്താൻ ശ്രെമിക്കുന്നതു. സമാധാന മതക്കാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട . ചോരയുടെയും അസഹിഷ്‌ണതയുടെയും മണമാണ് അവരുടെ വഴികളിൽ . എമ്പാടും. രാമായണത്തെ ഒരു സാഹിത്യ കൃതിയായി എടുക്കുകയും രാമായണ പാരായണത്തെ ഒരു സാഹിത്യ ഉപാസനയായൂം എടുക്കുന്നത് തീർച്ചയായും ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താൻ ഉപകരിക്കും . ഇതൊക്കെ ആളുകൾ വായിച്ചു ആളുകൾ വഴി പിഴച്ചു പോകുമെന്ന ഭയമൊന്നും ലേഖകൻ പുലർത്തേണ്ടതില്ല കാരണം മത ഗ്രന്ഥങ്ങൾ വായിച്ചു ഒരു മനുഷ്യനും നന്നായ ചരിത്രം ഇതുവരേയ്ക്കും ഇല്ല അതുകൊണ്ടു വഴിപിഴക്കാനും ഇടയില്ല. മത ഗ്രന്ഥങ്ങൾ അല്ല മത നേതാക്കളാണ് ആളുകളെ വഴി പിഴപ്പിക്കുന്നതു .
SudhirPanikkaveetil 2020-08-15 20:03:42
അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക