MediaAppUSA

സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികം ആഘോഷിക്കുന്ന നേരം : മീര കൃഷ്ണൻ കുട്ടി

Published on 15 August, 2020
സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികം ആഘോഷിക്കുന്ന നേരം : മീര കൃഷ്ണൻ കുട്ടി
ആകാശം  തെളിഞ്ഞിരുന്നു.കാറ്റടങ്ങിയിരുന്നു.  കൊട്ടിഘോഷിച്ചുവന്ന മഴയും പെട്ടെന്ന്  മടങ്ങിയിരുന്നു . അതു കൊണ്ട്  അകത്തെ ടെലിവിഷൻ സ്ക്രീനിനു വെളിച്ചം  വറ്റാതെ  പിടിച്ചു  നില്ക്കാനായി.   
നന്നായി. 
കോവിഡിന്റെ  ഭീഷണിയുടെ  പശ്ചാത്തലത്തിൽ,  എന്തും,  കാണാനും  കേൾക്കാനും, അറിയാനും ആശ്രയമായിരുന്ന  ഏകജാലകം തത്സമയം പണിമുടക്കാതിരുന്നത്   ഭാഗ്യമായി  ! 

നാട് സ്വാതന്ത്ര്യത്തിന്റെ 74-മത്തെ വാർഷികം  ആഘോഷിക്കുന്ന  നേരം. പലയിടങ്ങളിലായി 
ഉയർന്നു പൊങ്ങിയിരുന്ന  ത്രിവർണ്ണപതാകകളുടെ  കാഴ്ചകൾ  ഉള്ളം  കുളിർപ്പിച്ചു. 

സ്‌ക്രീനിൽ  ആവേശമായി  അലയടിച്ച   വന്ദേമാതരവും,  ജനഗണമനയും  മന സ്സിലുണർത്തിയത് 
സമാനതകളില്ലാത്ത ആർജവം, ഉത്സാഹം.  
  അഭിമാനത്തോടെ,  ആത്മവീര്യത്തോടെ, ആദരവോടെ,  നമ്മുടെ  ദേശീയ പതാകയെ  വന്ദിക്കുമ്പോൾ മനസ്സിൽ വിരിഞ്ഞത്  പല  മഴവില്ലുകൾ !

ഇതെന്റെ  നാട്.  ചുറ്റിനും  എന്റെ  സഹോദരങ്ങൾ. ജാതിമത ലിംഗഭേദങ്ങൾക്കും ഭാഷാ ഭേദങ്ങൾക്കും 
ഉപരിയായി,    ഒരേമനസ്സ്,  ഒരേ  ജനതയെന്ന ഭാവം,  ഏവർക്കും..  
ഇവിടെ  എനിക്ക്   ഇഷ്ടാനുസരണം  ചിന്തിക്കാനും  പറയാനും  കേൾക്കാനും,  പ്രവർത്തിക്കാനും, എങ്ങോട്ടും  നീങ്ങാനും,  എവിടെയും  തങ്ങാനും, അധികാരവും  അവകാശവും  പൂർണം.
അതെ ! നേട്ടമാവുന്നത് 
സ്വർണത്തേക്കാൾ മൂല്യമുള്ള  സ്വാതന്ത്ര്യം! ജീവശ്വാസം  പോലെ വിലയേറിയ ഊർജാമൃതം   !

ജീവിതം പണയം വെച്ചും,  ആയുസ്സ്  തന്നെ ഹോമിച്ചും,  അതു  നേടിത്തന്ന  മഹാത്മാക്കൾക്കും,  നേടിയത് തരിമ്പും ചോരാതിരിക്കാൻ    ജീവൻ  മറന്നും കാവൽ  നിൽക്കുന്ന ശ്രേഷ്ഠ 
 വീരർക്കും, നന്ദിയെത്ര പറഞ്ഞാലും  തീരുമോ,   കടം ! 
പുറത്ത്  വീണ്ടും കാണാ റായത്  മഴക്കാറിന്റെ  ഭീഷണി.  മനസ്സിലും  പൊടിഞ്ഞതപ്പോൾ, ഇരുട്ടിന്റെ  പൊട്ടുകൾ... 
 വന്നു  വീണതപ്പോൾ,  അന്യന്റെ വായമൂടികെട്ടാനും,  ചെവികടിച്ചുപറിക്കാനും, കണ്ണുകെട്ടിക്കാനും,അവന്റെ  വഴിമുടക്കികൊണ്ടവനവന്റെ   വഴിവെട്ടാനും, മുതിരുന്നവരുടെ ചിത്രങ്ങൾ ,  ശബ്ദങ്ങൾ !
 അധികാരത്തിന്റെ  ഹൂംകാരങ്ങൾ,  അഹംകാരത്തിന്റെ  അട്ടഹാസങ്ങൾ, അസഹിഷ്ണുതയുടെ ആക്രോശങ്ങൾ !
ഒക്കെയും തോന്നലാവാം  എന്നു സമാധാനിച്ചു. അതല്ലാതെ  മറ്റെന്തു  വഴി !
    
നഷ്‌ടപ്പെടുമ്പോഴേ  നേട്ടത്തിന്റെ  വിലയറിയൂ! അല്ലെങ്കിൽ, ഈ 
കൊറോണ കാലത്തെ  ചെറിയ  അടപ്പുകളും  തളപ്പുകളും  മറകളും പോലും , 
എത്രത്തോളം അസ്വാതന്ത്ര്യകര 
മാകുന്നുവെന്നത്  നമ്മൾ അറിഞ്ഞതല്ലേ? എന്നിട്ടും  പഠിക്കാൻ വെളിച്ചം  പോരെന്ന  അവസ്ഥയോ? അവനവന്റെ  സ്വാതന്ത്ര്യം  അന്യന്റേത്  
തട്ടിപ്പറിച്ചാവരുതെന്ന കാര്യം, ബുദ്ധിയിലുദിക്കാൻ ഇനിയും  സമയമായില്ലെ ന്നോ ?? 

 വേണ്ടെ,   നമുക്ക് സുപ്രഭാതങ്ങൾ? 
മൂടിക്കെട്ടാത്ത മനസ്സുകൾ!
ഓരോ  സ്വാതന്ത്ര്യ ദിനാഘോഷവും എന്നല്ല, സ്വാതന്ത്ര്യത്തിന്റെ  ഓരോ  ആഘോഷാവസരവും  നമ്മുടെ  കടമകളുടെ   ഉണർത്തു  ചടങ്ങുകളാക്കേണ്ട കാലം  വൈകി!!

രാഷ്ട്രത്തിനും  ജനതക്കും  നിരന്തര സമാധാനവും  സന്തോഷവും  ആശംസിച്ചു കൊണ്ട്,  ഉച്ചത്തിൽ  ഒരു ജയ്   ഹിന്ദ് !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക