StateFarm

ഡോണ്ട് വറി മുസ്തഫ, ടേക്ക് ഇറ്റ് ഈസി എസ്തഫ (ഹാസ്യവീക്ഷണം: സുധീർ പണിക്കവീട്ടിൽ)

Published on 20 August, 2020
ഡോണ്ട് വറി മുസ്തഫ, ടേക്ക് ഇറ്റ് ഈസി എസ്തഫ (ഹാസ്യവീക്ഷണം: സുധീർ പണിക്കവീട്ടിൽ)
വളരെ പോപ്പുലറായ പഴയ ഒരു ഗാനത്തിന്റെ വരിയും കൂട്ടത്തിൽ തന്റെ പ്രസംഗമദ്ധ്യേ അച്ചായൻ തിരുകികയറ്റിയ വരിയുമാണ് നിങ്ങൾ  ഇതിന്റെ തലക്കെട്ടായി വായിക്കുന്നത്. വിനാശകാലേ, വിപരീതബുദ്ധി എന്ന് പറയുമ്പോലെ അത്യാവശ്യം എഴുത്തും ചുരുങ്ങിയ പ്രസംഗവുമായി നടന്നിരുന്ന അച്ചായന് ഒരു പാട്ട് പാടണമെന്നു തോന്നേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. ബാത്ത്റൂമിലോ, വീടിനകത്തോ, ഭാര്യയുണ്ടെങ്കിൽ അവളുടെ ചെവിയിലോ ഒന്ന് മൂളിയിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഒരു നിറഞ്ഞ സദസ്സിൽ വച്ച് ഒന്നു  പാടാൻ തോന്നി. പാടി. ജനം ചിരിക്കട്ടെ എന്ന് കരുതി ചെയ്തത് കൊലപാതകമായിരുന്നെങ്കിലും അതു ആത്മഹത്യയുടെ വക്കത്തുവരെ എത്തിച്ചു.

ഇംഗളീഷ് വാക്കുകൾ നിറഞ്ഞ പാട്ട് പറഞ്ഞിട്ടും (പാടി എന്ന് പറഞ്ഞാൽ ശരിയാകില്ല) ജനം കേട്ട ഭാവം നടിച്ചില്ല ഈയിടെയായി പൊതുജനത്തിന് കഥ, കവിത, മൊത്തത്തിൽ സാഹിത്യം ഇത്യാദികളിൽ വലിയ കമ്പമാണത്രെ. അതായത് എഴുത്തുകാരുടെ എണ്ണം കൂടിവരുന്നു. അതുകൊണ്ട് പണ്ടത്തെപോലെ "ഓ അറിയാം, നിങ്ങൾ പ്രശസ്ത എഴുത്തുകാരനല്ലേ എന്ന് ആരും പറയുകയില്ല. പകരം "നീ ഞെളിയൊന്നും വേണ്ട സമീപഭാവിയിലെ ഒരെഴുത്തുകാരൻ അല്ലെങ്കിൽ ആചാര്യനാണ് ഞാൻ എന്ന ഭാവമാണ് പലർക്കും. എഴുത്തുകാരുടെ എണ്ണം കൂടിയതുകൊണ്ടായിരിക്കണം വായനക്കാർ വിരളം എന്ന ഒരു സഹൃദയൻ വിലപിച്ചത്. പാവം കണ്ണീരൊക്കെ സൂക്ഷിച്ചുവയ്ക്കട്ടെ. ഇവിടെ നാലപ്പാടന്മാർ എപ്പോൾ പൊട്ടിമുളയ്ക്കും എന്ന് അറിയാൻ വയ്യ. എന്തായാലും ആനപ്പുറത്ത്  കയറി ഈരണ്ട് വര്ഷം കൂടുമ്പോൾ മണ്മറഞ്ഞ പ്രശസ്ത എഴുത്തുകാർ ഇവിടെ വരാറുണ്ട്.  അസന്മാർഗിക്ക് സുശീലൻ എന്ന് പേരിടും പോലെ  പരേതാത്മാക്കളുടെ പേരിലുള്ള അവാർഡുകൾ ചിലർക്ക് കിട്ടുന്നു. ആരുണ്ടിവിടെ ചോദിക്കാൻ എന്ന് തോന്നിപോകുന്നു.

തന്നെയുമല്ല ഇപ്പോൾ സാഹി.ത്യസംഘടനകൾ പ്രതിദിനം കൂടിവരുന്നു. ആചാര്യഭാവത്തോടെ ഒരാൾ കണ്ണട വച്ച്   പരിശോധിക്കുന്ന കൃതികൾ മാത്രം ഉത്തമകൃതികൾ . കൃതികൾ സമർപ്പിച്ച് ഓച്ഛാനിച്ച് നിൽക്കുന്നയാളെ
കാണപ്പെട്ട ദൈവം നോക്കുന്നു. ചുണ്ടുകൾ മന്ത്രിക്കുന്നു. എന്റെ കാലു നക്കാമെങ്കിൽ നീയാണെഴുത്തുകാരൻ . പലരും അതുകേട്ട് കുനിയുന്നു. നട്ടെല്ലില്ലാത്തവർക്ക് കുനിയാൻ എളുപ്പം.

തന്നെയുമല്ല സാഹിത്യ സംഘടനകൾ ഇപ്പോൾ ആളെക്കൂട്ടാൻ ഒരു മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു, അവരുടെ പരസ്യം "ഞങ്ങളുടെ അംഗങ്ങളാകുക, ആകർഷകമായ അവാർഡുകൾ (ഇപ്പോൾ വർഷത്തിലൊരിക്കൽ അതു മാസം തോറുമാക്കാൻ ശ്രമിക്കാം) മസാലദോശ തിന്നാം, ചായ കുടിക്കാം, പരദൂഷണം പറയാം, ഹാവൂ  എന്തൊരു കുളിർമ്മ , അങ്ങനെ സ്വർഗ്ഗീയാനുഭൂതികൾ മാടിവിളിക്കുമ്പോൾ, ചുളിവിൽ ഒരാചാര്യനായി കയറിപ്പറ്റാൻ സാധ്യതയുള്ളപ്പോൾ ജനങ്ങൾ എന്തിനു വേറൊരുത്തന്റെ കഥ വായിക്കുന്നു. പ്രസംഗം കേൾക്കുന്നു. എന്തിനു ആദർശം, സത്യം, നീതി, പോക വേദാന്തമേ നീ. ജനങ്ങൾ അങ്ങനെ ഓരോന്നും കണ്ടും കേട്ടും അൽപ്പം തലക്കനത്തിലിരിക്കുമ്പോഴാണ് ഉണ്ടിരിക്കുന്ന നായക്ക് കുരയ്ക്കാൻ  തോന്നിയപോലെ അച്ചായൻ പാടിയത്.

ഡോണ്ട് വറി  മുസ്തഫ
ടേക്ക്  ഇറ്റ് ഈസി എസ്തഫ

അച്ചായൻ ഇങ്കളീഷിൽ പാട്ടു പാടുന്നതകേട്ടു സദസ്സിലെ യുവജനങ്ങൾ ഇളകി. അവർ അതു ഏറ്റു പാടി. നാട്ടിലെ വിശേഷങ്ങൾ കേട്ടുകേൾവി മാത്രമുള്ള ടീനേജുകാരും, ടീനേജുകാരികളും അച്ചായനെ ഉഷ ഉതുപ്പായി തെറ്റിദ്ധരിച്ചു. പല്ലില്ലാത്ത തന്തമാർ തുപ്പുന്നതുപോലെ അമേരിക്കൻ ഈണത്തിൽ പിള്ളേർ ഉതുപ്പ് എന്ന് കോറസ്സായി പാടി ആർത്തലച്ചു.

അച്ചായൻ പറഞ്ഞു "കൊച്ചുപിള്ളേരെ ഉഷ ഉതുപ്പ് അവളാണ്.അവനല്ല. ഞാൻ "ദേ .. ഛെ കാണിച്ചുകൊടുക്കാൻ മീശയുണ്ടായിരുന്നത് വടിച്ചും കളഞ്ഞല്ലോ? ഉടുത്തിരിക്കുന്നത് മുണ്ടും ജുബ്ബയും. പിള്ളേർക്ക് എന്തറിയാം. നിന്റെയൊക്കെ പപ്പയുടെയും മമ്മിയുടെയും പോലെ ബർമുഡയും ഒറ്റ പാവാടയുമൊക്കെ ധരിക്കാൻ അച്ചായന് ആശയില്ല. അച്ചായാൻ തനി മലയാളി. ഓ പറഞ്ഞു വന്നത് പാട്ടിന്റെ കാര്യമാണ്.

രണ്ട് വരിയിൽ ഒരു കൊച്ചു പാട്ട് പറഞ്ഞു ഒപ്പിച്ച് അച്ചായൻ പുറത്ത് വരാന്തയിൽവന്നു നിന്ന് ഒന്ന് വിശ്രമിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ പാഞ്ഞടുത്തു. എല്ലാവരും പരിചയമുള്ളവർ ;അതുകൊണ്ട് പേടിച്ചില്ല. പക്ഷെ അവരുടെ കണ്ണുകൾ  രോഷം പൂണ്ടിരുന്നു. "വെള്ളമടിച്ചിട്ടാകും" എന്ന സമാധാനത്തോടെ അച്ചായൻ ഒന്ന് പുഞ്ചിരിതൂകി.  അതും കുഴപ്പമായി.

"താനെന്താ ആളുകളെ കളിയാക്കി ചിരിയ്ക്കാ" അതുകേട്ടു അച്ചായൻ സ്ഥലത്തെ ഒരു പ്രധാന ദിവ്യൻ ഞെട്ടാറുള്ളതുപോലെ ഒന്ന് ഞെട്ടി. മുന്നിൽ നിൽക്കുന്നവർ ആജാനുബാഹുക്കൾ അച്ചായനു കുറച്ച് ഉയരകുറവുണ്ട്.  അതുകൊണ്ട് മേലോട്ട് നോക്കേണ്ടിവന്നു. എല്ലാവരും കലിതുള്ളുകയാണ്.

എന്താണ് സംഗതി, എന്താണ്? അച്ചായൻ തിരക്കി.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അവിടെ ജനിച്ചുവളർന്ന നാം സഹോദരി സഹോദരന്മാരാണ്.ഇതൊക്കെയറിയാവുന്ന താൻ മുസ്ലീമായ ഒരു മുസ്തഫയെയും കൃസ്ത്യാനിയായ ഒരു എസ്തഫാനെയും മാത്രം പറഞ്ഞതെന്ത്. മഹത്തായ ഒരു ജനതയെ പ്രതിനിധാനം ചെയ്യാൻ തനിക്ക് ഈ രണ്ട് മതക്കാരെ മാത്രമേ കിട്ടിയുള്ളൂ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുവിന്റെ ചാതുർ വർണ്യത്തിലൊതുങ്ങുന്നവരേയും അല്ലാത്തവരെയും താൻ മനഃപൂർവം വിട്ടുകളഞ്ഞതെന്തു? ഇടയിൽ കയറി കറിയാച്ചൻ ഒരു തട്ട് കൊടുത്തു. "എസ്തഫാൻ എന്ന പേര് നല്ല കൃസ്ത്യാനിയുടെയല്ലെന്നാണ് എന്റെ അറിവ്. ബൈബിളിൽ എത്ര പേരുകൾ കിടക്കുന്നു.

അച്ചായൻ ഷേക്‌സ്‌ഫിയരെ മനസ്സിൽ ധ്യാനിച്ചു. മഹാത്മാവേ, അങ്ങ് പറഞ്ഞതിൽ ചിലതു തെറ്റിപ്പോയി. പേരിൽ പലതുമിരിക്കുന്നു. ഇരിക്കയല്ല , ഇപ്പോൾ  , ദാ ഇവിടെ പലരും എന്റെ മുന്നിൽ നിൽക്കുന്നു. അച്ചായൻ ആലോചനയിലാണെന്നു മനസ്സിലാക്കിയ മല്ലന്മാർ ഒന്ന് ഇളകി. പഹയന്മാർ ദേഹോപദ്രവം ഏൽപ്പിക്കുമോ, എന്ന് ഭയന്ന് അച്ചായൻ വിനീതനായി അറിയിച്ചു. പാട്ടു ഒരു വർഗീയതയ്ക്ക് കളമൊരുക്കാൻ കാരണമാകുമെന്ന് കരുതി പാടിയതല്ല. അല്ലെങ്കിലും അച്ചായാൻ ഒരു പാട്ടുകാരനല്ല. എന്റെ പാട്ടിനു ഇത്ര പ്രാധാന്യം കിട്ടിയ സ്ഥിതിക്ക് ഞാൻ അതൊന്നുകൂടി പാടാം. ഭാരതഭൂമിയിലെ മുഖ്യ മതങ്ങളുടെ അനുയായികളുടെ പേരോടെ . ഇതാ വേണമെങ്കിൽ താളമടിച്ച് കൂടെ പാടിക്കോളൂ . ഡോണ്ട് വറി മുസ്തഫ, ടേക്ക് ഇറ്റ് ഈസി എസ്തഫ , ഫർഗെറ്റ് ഇറ്റ് തങ്കപ്പാ..

കുഴപ്പം ഇതോടെ തീരുമെന്നാണ് അച്ചായൻ ആഗ്രഹിച്ചത്. പക്ഷെ സംഗതികൾ വീണ്ടും വഷളായി. അമേരിക്കൻ മലയാളികളിൽ പലരുടെയും ഭക്ഷണത്തിന്റെ പ്രധാന ഇനമായ കോഴിക്കാൽ കഴിച്ചിട്ടും കോഴികാലുള്ള ഒരു കോഴി ഒറ്റ കൂവൽ . "ഛെ  തങ്കപ്പൻ, തനിക്ക് വേറെ പേരൊന്നും കിട്ടിയില്ലേ? തങ്കപ്പൻ എന്ന് പറഞ്ഞാൽ ഏതു ജാതിയാണെന്നു എങ്ങനെ അറിയാം. പട്ടർ, നമ്പുതിരി എന്നിവയിൽ ഈ തങ്കപ്പനൊന്നുമില്ല.  അച്ചായൻ ആ പേര് മാറ്റി പാടുക.  ആ പേരിനു ഒരു ആഢ്യത്വമില്ല. അത് കേൾക്കണ്ട താമസം ചുറ്റിലും കൂടിയിരുന്നവർ ബഹളമായി. വഴക്ക് അവർ തമ്മിലായി. "എന്താ തങ്കപ്പൻ എന്ന പേരിനു ഒരു കുറവ് , ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. ജനം അക്രമാസക്തമാവുകയാണ്. അകത്ത് ഹാളിൽ ഏതോ നിർദോഷി പ്രസംഗിക്കുന്നു. ജനങ്ങൾ അധികപ്രസംഗം കേട്ട്  അസഹനീയരാകുകയാണ്.

ഒരു പാട്ടു പാടാൻ തോന്നുന്നത് അത്തരം അവസരത്തിലാണ്.

ചുറ്റും കൂടിയവർ കോപാകുലരാകുന്നത്  അച്ചായൻ ശ്രദ്ധിച്ചു. അച്ചായൻ പേടിച്ചുപോയി. എന്തായാലും ചെറുപ്പത്തിലേ പ്രസംഗിച്ച് തഴക്കം വന്നതുകൊണ്ട് അച്ചായൻ ഒരു കൈനോക്കാനുള്ള പുറപ്പാടായി. അച്ചായൻ എല്ലാവരോടും  ശ്രദ്ധിക്കാൻ പറഞ്ഞു വീണ്ടും പാടി.
ഡോണ്ട് വറി മുസ്തഫ
ടേക്ക് ഇറ്റ് ഈസി എസ്തഫ
ഫർഗെറ്റ്  ഇറ്റ് നമ്പൂരിച്ചാ
ഫർഗെറ്റ്  ഇറ്റ് പട്ടരപ്പ
ഫർഗെറ്റ് ഇറ്റ് ഈഴവച്ചാ
ഫർഗെറ്റ് ഇറ്റ് പുലയപ്പ

അതുവരെ മിണ്ടാതെ നിന്ന നമ്പൂതിരി കയർത്തു. ഏഭ്യാ .. നോമും അച്ഛൻ അങ്ങ് ദൂരെ നിൽക്കേണ്ട ഈഴവനും അച്ഛൻ " അത് അത്രയ്ക്ക് ശരിയായില്ല, ഉടനെ പട്ടർ ഇളകി. "നീ എന്ന ശോല്ലറെൻ, അന്ത പുലയനും നാനും ഒരേ മാതിരിയാടാ. അപ്പ അപ്പോ കഷ്ടം. നീ മാറ്റി ചൊല്ല്.  Change the entire song.

അതുകേട്ടു സ്ഥലത്തെ ഹാസ്യവിരുതന്മാർ പറഞ്ഞു. അച്ചായൻ അച്ഛൻ അച്ഛൻ എന്ന പദങ്ങളാണല്ലോ ഉപയോഗിക്കുന്നത്. ഒരച്ഛൻ ഉണ്ടാകണമല്ലോ? അതല്ലേ മാന്യത. തന്തയില്ലാത്തവർ എന്ന് പറഞ്ഞില്ലല്ലോ?

അച്ചായൻ സൗമ്യനായി പറഞ്ഞു. ഒന്നിനെക്കുറിച്ചും വിഷമിക്കാതെ, എല്ലാ കാര്യങ്ങളും ഈസിയായി നിങ്ങൾ എടുക്കണമെന്ന് ഞാൻ പറയുകയായിരുന്നു. അല്ലാതെ ഇന്ത്യയിലെ ചാതുർവർണ്യവും നാനാത്വത്തിലെ ഏകത്വവുമൊന്നും എന്റെ വിഷയമായിരുന്നില്ല. എന്തായാലും ഒരു കാര്യം മനസ്സിലായി. വെറുതെയല്ല ഇവിടെ ചില എഴുത്തുകാർ പറയുന്നത് അവരുടെ കഥകൾ, കവിതകൾ, ഹാസ്യകവിതകൾ ഒന്നും കക്കല്ലെ. അവിടന്നും ഇവിടന്നും പകർത്തി എഴുതല്ലേ എന്ന്. ശരിയാണ് പ്രസിദ്ധ സംഗീതസംവിധായാകൻ  റഹ്‌മാൻ ഈണമിട്ട് കണ്ഠ ശുദ്ധിയുള്ളവർ പാടിയ പ്രസിദ്ധ പാട്ടു അച്ചായൻ പാടി കുളമാക്കി. സ്വന്തം പൊടിപ്പും തൊങ്ങലും അതിന്മേൽ തിരുകി നാശമാക്കി.  ഒന്നും അനുകരിക്കരുത്, മൗലികമായ പ്രതിഭക്കാണ് ഭംഗി.

ഉത്കണ്ഠയോടെ അച്ചായൻ ആളുകളുടെ പ്രതികരണം ശ്രദ്ധിച്ചു.  ആളുകൾ ഇതിനകം ജാതിചിന്തക്കടിമയായി പരസ്പരം വാളെടുക്കാൻ തുടങ്ങി. അച്ചായൻ അമ്പരന്നു പോയി. എന്താ കഥ. മതേതര രാഷ്ട്രമായ ഭാരതത്തിലെ ജനങ്ങളാണോ ജാതിയുടെ പേരും പറഞ്ഞു അടിപിടി കൂട്ടുന്നത് അതും അമേരിക്കയിലെ ന്യുയോർക്കിൽ. അച്ചായൻ മനസ്സിൽ പറഞ്ഞു. "ഡോണ്ട് വറി മുസ്ഥഫ" നീ അയല്പക്കമായ പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുവരുമ്പോഴും ഇവിടെയുള്ളവർ പൂണുലിന്റെ മാഹാത്മ്യം പറഞ്ഞിരിക്കും. ഒരു പാഠം പഠിച്ചു , വല്ലവനും പറഞ്ഞതോ, എഴുതിയതോ എടുത്ത് ഒരിടത്തും വിളമ്പരുതെന്ന്.

ശുഭം

vayankaran 2020-08-20 18:21:00
അമേരിക്കൻ മലയാളി സമൂഹത്തിലെ ജാതി വ്യവസ്ഥയെ ഒന്ന് പരാമർശിച്ചപോലെ ഉണ്ട്. എല്ലാ ജാതിക്കാർക്കും മതക്കാർക്കും സംഘടനാ ഉണ്ടെന്നുള്ളത് തന്നെ അവർ തമ്മിലുള്ള ഐക്യം കാണിക്കുന്നു. ലേഖകൻ വളരെ സൗമ്യതയോടെ ഹാസ്യരൂപേണ എഴുതി ഇതിന്റെ ഗൗരവം കുറച്ച് എന്നാണഭിപ്രായം രൂക്ഷമായി പരിഹസിക്കേണ്ടിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക