MediaAppUSA

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയുടെ പ്രസക്തി (ദല്‍ഹി കത്ത്: പി വി തോമസ്)

പി വി തോമസ് Published on 21 August, 2020
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയുടെ പ്രസക്തി (ദല്‍ഹി കത്ത്: പി വി തോമസ്)
കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന വളരെ ശ്രദ്ധേയം ആണ് അത് സത്യസന്ധവും ആത്മാര്‍ത്ഥവും ആണെങ്കില്‍. പ്രിയങ്ക പറഞ്ഞു അവര്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. കോണ്‍ഗ്രസിനെ നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ നയിക്കണം (അദ്ദ്യക്ഷന്‍/ അദ്ദ്യക്ഷ). അത് ആരായാലും ആ വ്യക്തിയുടെ കീഴില്ഡ ജോലി ചെയ്യുവാന്‍ അവര്‍ തയ്യാറാണ് താനും. ഈ പ്രസ്താവനക്ക് മുന്ന് മുനകള്‍ ഉണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍/ അദ്ധ്യക്ഷ നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും ആകാം. രണ്ട് അങ്ങനെ ഒരു വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുവാന്‍ പ്രിയങ്ക തയ്യാര്‍ ആണ്. മൂന്ന് പ്രിയങ്ക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥി അല്ല. വളരെ പ്രസക്തം ആണ് വ്യക്തമായ ഈ പ്രസ്താവന അതിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും തല്‍ക്കാലം ചോദ്യം ചെയ്യേണ്ടതില്ല. ഈ പ്രസ്താവനയുടെ കാരണങ്ങള്‍ പലതായിരിക്കും. അവയിലേക്ക് വഴിയെ വരാം. ഏതായാലും ഒന്ന് വ്യക്തം ആണേ ഇനി കോണ്‍ഗ്രസിനെ നയിക്കുവാന്‍ നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മുമ്പോട്ട് വരുകയില്ല. കുടുംബ വാഴ്ച ഇവിടെ തീരുകയാണ്. പ്രിയങ്കയുടെ പ്രസ്താവനയുടെ ഒപ്പം തന്നെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഇല്ലെന്ന് വ്യക്തമാക്കുകയുമ്ടായി. അദ്ധ്യക്ഷ സ്ഥാനം ഇല്ലാതെ തന്നെ കോണ്‍ഗ്രസിന്‍രെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണെന്നും രാഹുല്‍ പറയുന്നു.

നെഹ്‌റു- ഗാന്ധി കുടുംബത്തിലെ ഒരംഗം തലപ്പത്ത് ഇല്ലാതെ എന്താണ് കോണ്‍ഗ്രസിന്റെ ഭാവി? ഇനി ഈ കുടുംബത്തിലെ ഒരംഗം തലപ്പത്ത് ഉണ്ടായാലും കോണ്‍ഗ്രസിന് നല്ല ഒരു ഭാവി ഉണ്ടോ?

135 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ന് ഒരു നേതാവില്ലാതെ അലയുന്നത്. ഈ പാര്‍ട്ടി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ നയിച്ചതാണ്. രാജ്യത്തിന് ആറ് പ്രധാന മന്ത്രിമാരെ പ്രധാനം ചെയ്തിട്ടുണ്ട്. ആധുനിക ഭാരതത്തിനെ ശില്‍പിയാണ്. എന്നിട്ടും അതിന് ഒരു നേതാവില്ലേ?

നേതൃ പ്രശ്‌നം ആരംഭിക്കുന്നത് 2019 മെയ് മാസത്തിലെ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ ആണ് . അതിന് ശേഷം സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷ ആയി സ്ഥാനം ഏറ്റെടുത്തെങ്കിലും അത് ഇന്നും തുടരുകയാണ്. വര്‍ഷം ഒന്ന് കഴിഞ്ഞു. പ്രായവും രോഗവും സോണിയയെ അലട്ടുന്നുണ്ട്. എങ്കിലും പുതിയ ഒരു അദ്ധ്യക്ഷനെ കണ്ടെത്തുവാന്‍ ഇത് വരെയും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. എന്ത് കൊണ്ട്? കുടുംബ വാഴ്ടക്കപ്പുറം ഒരു നേതൃത്വം വിഭാവന ചെയ്യുവാന്‍ കോമ്#ഗ്രസിന് സാധിക്കുന്നില്ല. അത്ര ജീര്‍ണിച്ചിരിക്കുന്നു പാര്‍ട്ടി. അടുത്തതായി ഒരു രണ്ടാം നിര നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഈ കുടുംബ വാഴ്ചയും പാദസേവ സംസ്‌ക്കാരവും നടന്യമായി നിലകൊണ്ടു. ഇതിന്‍രെ എല്ലാം പരിണിതഫലം ആണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നത്.

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍ദശയില്‍ ആണ് ഇന്ന്. കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് പുറത്തായിട്ട് ആറ് വര്‍ഷം കഴിഞ്ഞും തുടര്‍ച്ചയായി രണ്ട് ലോകസഭ തെരഞ്ഞെടുപ്പ് തോറ്റ് (2014, 2019). ഒട്ടേറെ സമുന്നതരായ നേതാക്കന്മാര്‍ പാര്‍ട്ടി വിട്ടു. വളരെ പേര്‍ ആശയകുഴപ്പത്തില്‍ ആണ്.

കോണ്‍ഗ്രസുകാര്‍ ഒരു അവലോകനം നടത്തിയാല്‍ നന്ന്. സ്വാതന്ത്യ സമര കാലത്ത് അത് ഒരു വന്‍ ശക്തിയായിരുന്നു. അന്ന് മുസ്ലീം ലീഗ് എന്നൊരു കക്ഷി ഉണ്ടായിരുന്നതിനാല്‍ കോണ്‍ഗ്രസ് സ്വാഭാവികമായും ഒരു ഹിന്ദു പാര്‍ട്ടി ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. പക്ഷെ ഗാന്ധിയും നെഹ്‌റുവും അത് അംഗീകരിച്ചിരുന്നില്ല. എങ്കിലും ഭൂരിപക്ഷം ഹിന്ദുക്കളുടെയും വികാരം അതായിരുന്നു. മുസ്ലീം ലീഗ് പാക്കിസ്ഥാനും ആയി പോയി. സ്വാതന്ത്ര്യം മുതല്‍ 1977 വരെ കോണ്‍ഗ്രസിന് തുടര്‍ച്ചയായി ഇന്ത്യഭരിക്കുവാന്‍ സാധിച്ചു. ഒട്ടേറെ നല്ലകാര്യങ്ങള്‍ നാടിന്റെ പുരോഗതിക്കായി ചെയ്തു.2020 ആഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്‍രെ ശിലാസ്ഥാപനം പ്രധാനമന്ത്രി നേേരന്ദ്ര മോദി നിര്‍വ്വഹിക്കുന്നതിന് മുമ്പേ 1951 ആഗസ്റ്റ് 18 ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും വിദ്യാഭ്യാസമന്ത്രി മൗലാന ആസാദും ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ശിലാസ്ഥാപനം നടത്തിയിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ ഒരുഭാരതം ആയിരുന്നു അവരുടെ സ്വപ്‌നം. പുരാണത്തിലും കെട്ടുകഥയിലും ഊന്നിയ ഓരു ഭാരതം ആയിരുന്നില്ല അവര്‍ വിഭാനവ ചെയ്ത ആധുനിക യുഗ ഭാരതം.

ആര്‍ എസ് എസിന്റെയും ഹിന്ദുമഹാസഭയുടേയും ഹിന്ദുമഹാസഭയുടെയും ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന് അന്നൊന്നും പ്രചാരം ലഭിച്ചില്ല. ഇന്ദിര ഗാന്ധിയുടെ അടിയന്തിരാസ്ഥയും ജനത പാര്‍ട്ടിയുടെ ആവിര്‍ഭാവവും കോണ്‍ഗ്രസിന് ഏറ്റ ആദ്യ ആഘാതങ്ങള്‍ ആയിരുന്നു. ഹിന്ദു മഹാസങ ബി ജെ പി ആയി ജനത പാര്‍ട്ടിയില്‍ നിലകൊണ്ടു. ഒട്ടനേകം പ്രാദേശിക പാര്‍ട്ടികളുടെ രൂപീകരണവും വളര്‍ച്ചയും കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചു. തമിഴ് നാട്ടില്‍ ദ്രാവിഡ് പാര്‍ട്ടികളും ആന്ധ്ര പ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ജനത ദളും ബഹുജന്‍ സാമാജ് പാര്‍ട്ടിയും ബീഹാറില്‍ രാഷ്ട്രീയ ജനത ദളും, കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കി. ബ്രാഹ്മണരും ദളിതരും മുസ്ലീംങ്ങളും ഒന്നടങ്കം  വോട്ട് ചെയ്ത് അധികാരത്തിലേറ്റിയിരുന്ന കോണ്‍ഗ്രസ്ഉത്തര്‍ പ്രദേശിലും ബീഹാറിലും രണ്ടാം കക്ഷി പോലും അല്ലാതെയായി.

ഹിന്ദുത്വ ആശയത്തിന്റെ സംഘപരിവാര്‍ തക്കം പാത്തിരിക്കയായിരുന്നു. 1990 ല്‍ രാമക്ഷേത്ര മുന്നേറ്റം ഉണ്ടായി. അപ്പോള്‍ പ്രധാനമന്ത്രി തന്നെ വി പി സിംങ്ങിന്റെ മണ്ഡല്‍ മുന്നേറ്റവും ഉണ്ടായി. രാമക്ഷേത്ര മുന്നേറ്റം അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തു ഒരു രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായിരുന്നു. ലാല്‍ കിഷന്‍ അദ്വാനി അതിന്നേതൃത്വം നല്‍കി. അതാണ് സോമനാഥ് മുതല്‍ അയോദ്ധ്യ വരെയുള്ള രാമരഥയാത്ര. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നതിനായിരുന്നു. ഇതിനെ മണ്ഡല്‍ വേഴ്‌സസ് കമണ്ഡല്‍ യുദ്ധം എന്ന് വിളിച്ചിരുന്നു. ഒടുവില്‍ ക മണ്ഡല്‍ വിജയിച്ചു. മണ്ഡല്‍ രാഷ്ട്രീയമായി തോറ്റു. സാമൂഹ്യ പരിഷ്‌ക്കരണത്തെക്കാള്‍ മതവികാരങ്ങള്‍ക്കാണ് മുന്‍കൈ എന്ന് ഇവ തെളിയിക്കുന്നു.

ഇതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഇതില്‍ കോമ്#ഗ്രസ് ഒരു മൃദു ഹിന്ദുത്വ രാഷ്ട്രീയം കളിക്കുവാന്‍ ശ്രമിച്ചെങ്കിലും അതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. എന്താണ് ഇനി കോണ്‍ഗ്രസിന്റെ ഭാവി?  ബി ജെ പിയുടെ ഒരു ബി ടീമായി  മൃദു ഹിന്ദുത്വ രാഷ്ട്രീയം കളിച്ചാല്‍ രക്ഷയില്ല. എങ്കില്‍ ബാബരി മസിജിദിന്‍രെ പൂട്ട് തുറന്നുകൊടുത്ത് ആരാധന അനുവദിക്കുകയും രാമക്ഷേത്രത്തില്‍ 1989 ല്‍ ശിലാസ്ഥാപനം നടത്തുവാന്‍ സഹായിക്കുകയും ചെയ്ത രാജീവ് ഗാന്ധി വിജയിക്കുമായിരുന്നു.

നെഹ്‌റു- ഗാന്ധി കുടുംബം നയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ഭാവി അതീവ ദുര്‍ഗ്ഗടം ആണ്. രണ്ചാമത് കുടുംബത്തിനപ്പുറം ആരുണ്ട് കോണ്‍ഗ്രസിനെ നയിക്കുവാന്‍? ആരും ഇല്ലഎന്നതാണ് ഒറ്റ ഉത്തരം. ഇനി പാര്‍ട്ടിയുടെ ഭാവി ഇരുണ്ടതാണെന്ന് പറയുവാന്‍ കാരണം. 2019-ല്‍ 20%  വോട്ടും 52 സീറ്റും ആണ് കോണ്‍ഗ്രസിന് ലഭിച്ചത്. സോണിയ ഗാന്ധി കോണ്‍ഗ്രസിനെ ഓരുമിച്ച് നിര്‍ത്തിയേക്കാം. എത്രകാലം? ഈ വോട്ട് ശതമാനത്തിനും സീറ്റ് വിഹിതത്തിനും അപ്പുറം ഒരു ഭരണകക്ഷിയാകുവാന്‍ കോമ്#ഗ്രസിനെ നയിക്കുവാന്‍ നെഹ്‌റു- ഗാന്ധി കുടുംബത്തിനോ പുറത്തു നിന്നുള്ള ഒരു നേതാവിനോ സാധിക്കുമോ? ഇപ്പോഴത്തെ രാഷ്ട്രീയ- നേതൃ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. ശരിയാണ് അടുത്തയിടെ നടന്ന ചില സംസ്ഥാന തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കുകയുണ്ടായി. മദ്ധ്യപ്രദേശും രാജസ്ഥാനും ഇതില്‍ വരും, അവിടെയെല്ലാം അധികാരം പോയി എന്നത് ബി ജെ പിയുടെ മാത്രം കുറ്റം അല്ല, കോണ്‍ഗ്രസ് നേതൃത്വത്തിന്‍രെ പരാജയം ആണ് അത് ചൂണ്ടികാണിക്കുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം പൊതു തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചൂണ്ടു പലക അല്ല. (പൊതു തിരഞ്ഞെടുപ്പ് ഫലത്തെ നിയന്ത്രിക്കുന്നത് ദേശീയ നേതൃത്വവും ദേശീയ വിഷയവും ആണ്. 2014 ലും 2019 ലും ബി ജെ പിക്ക് മോദിയും ഹിന്ദുത്വവും ഉണ്ടായിരുന്നു. ഇവ ഇപ്പോള്‍ കൂടുതല്‍ വ്യാപകവും ശക്തവും ആണ്. സംസ്ഥാന തിരഞ്ഞെടുപ്പിനെ നയിക്കുന്നത് പ്രാദേശിക നേതൃത്വവും വിഷയങ്ങളും ആണ് പ്രധാനമായും. 2018 ല്‍ ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി  70 ല്‍ 62 സീറ്റുകള്‍ നേടി. ബി ജെ പി 8 ഉം കൊണ്‍ഗ്രസ് ശൂന്യം. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി  ഏഴില്‍ ഏഴ് സീറ്റും വിജയിച്ചു. ഇതാണ് കഥ. അതുകൊണ്ട് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് ആശ്വാസകരം ആയി കാണേണ്ട. കോണ്‍ഗ്രസിന്റെ ഭാവി നിശ്ചയിക്കുന്നത് നെഹ്‌റു- ഗാന്ധി കുടുംബമോ അല്ലെങ്കില്‍ അതിന് വെളിയിലുള്ള ഏതാനം വ്യക്തികളോ അല്ല. കോണ്‍ഗ്രസിന് ജനങ്ങളുടെ വിശ്വാസം ആര്‍ജീക്കുവാന്‍ സാധിക്കണം. ദേശീയ പ്രതിഛായയുള്ള ഒരു നേതാവ് അതില്‍  വലിയ ഒരു ഘടകം തന്നെ ആണ്. ആരാണ് ഒന്നാം കുടുംബത്തിനപ്പുറം ഒരു നേതാവ് 2 ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയില്‍ ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും ബി ജെ പി യുമായിട്ടുള്ള ഒളിച്ചു കളിയിലൂടെ വിശ്വാസ്യത നശിപ്പിച്ച് ഇനി ശശി തരൂര്‍? രംഗത്ത് വന്നാല്‍ അദ്ദേഹത്തെ ആദ്യം അട്ടി മറിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തന്നെ ആയിരിക്കും.

കോണ്‍ഗ്രസിന്റെ  നേതൃപ്രശ്‌നം ഇവിടെ ഇങ്ങനെ പരിഹരിക്കപ്പെടുവാന്‍ പോകുന്നില്ല. പക്ഷെ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഒട്ടേറെ ദുരൂഹത പരിഹരിച്ചു. സോണിയ സ്ഥാനം ഒഴിഞ്ഞാല്‍ രാഹുലും പ്രിയങ്കയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാവുകയില്ല. പക്ഷേ, കോണ്‍ഗ്രസിനെ ആര് നയിക്കും? ആര് രക്ഷിക്കും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക