ഓണം മലയാളിയ്ക്ക് ഒരു വികാരമാണ് , മനസ്സിൻറെ മുറ്റത്ത് വൈകാരിക സ്മരണകളുടെ പൂക്കളം തീർക്കുന്ന ആർദ്ര മായ കുറച്ച് ദിനങ്ങൾ . ഓണം എനിക്ക് പ്രിയപ്പെട്ടതാക്കുന്നത് പൂവിളികളോ പൂക്കളമോ പാൽ പായസമോ .. സദ്യയോ അല്ല . ചൊൽക്കവിത കളുടെ ലോകത്തേയ്ക്ക് എനിക്ക് വാതിൽ തുറന്നു കിട്ടിയത് പണ്ടെങ്ങോ ഒരു ഓണനാളിലായിരുന്നു .
മൂന്നു വയസ്സിലോ അതുകഴിഞ്ഞോ ആകണം പപ്പ ഉമ്മറത്തിരുന്നു ധാരാളം പദ്യങ്ങളും .. അമരകോശവും .. ദേവീ ദേവന്മാരുടെ പര്യായവും അമ്പത്തൊന്നക്ഷ രാളിയും പരിചയ പ്പെടുത്തിയത് . ഇതെല്ലം കാണാതെ ചൊല്ലാൻ അന്ന് പഠിച്ചത് ഇന്നും ഓർമ്മയിലുണ്ടെന്ന് ഞാൻ ഇടയ്ക്കിടെ കുട്ടികളെ പ്പോലെ ചൊല്ലി ഉറപ്പു വരുത്തും .. വിഷ്ണൂ.. നാരായണോ കൃഷ്ണോ.. .; ലക്ഷ്മീ ..പത്മാലയ.. പത്മ ..കമലശ്രീ .. ; ഉമാ.. കാർത്ത്യായനീ.. ഗൗരീ .. കാളീ .. ഇല്ല ഒന്നും മറന്നിട്ടില്ല
അഞ്ചു വയസ്സിലെ ഒന്നാം ക്ലാസ്സ് വിദ്യാഭ്യാസം തകൃതിയായി നട ന്ന കാലം .. പ്രൈവറ്റ് സ്‌കൂൾ എക്‌സാമിനേഷൻ ബോർഡ് ആണ് അന്ന് പരീക്ഷകൾ നടത്തിയിരുന്നത് .അവരുടെ വക ജില്ലാതലത്തിൽ വർ ഷം തോറും ഒരു മത്സര പരീക്ഷ യുണ്ട് .. സ്‌കൂളിൽ നിന്ന് ഒന്നാം ക്ലാസ്സ് നായികയായി ഞാൻ പരീക്ഷയ്ക്ക് പോകാൻ തിരഞ്ഞെടുക്കപ്പെട്ടു . ഭാഗ്യം എന്നേ പറയേണ്ടൂ വലിയ ബുദ്ധി യൊന്നുമില്ലാതിരുന്നിട്ടും തൃശ്ശൂർ മൂന്നാം സ്ഥാനം കിട്ടി .വീട്ടിൽ ഉത്സാഹമായി .. സമ്മാനം നൽകുക വലിയ ഒരു ചടങ്ങിൽ ആയിരിക്കും .. അതും തൃശ്ശൂർ റീജിയണൽ തിയ്യറ്ററിൽ (ഇന്നത്തെ ലളിതകലാ അക്കാദമി ഹാൾ ) . 'അമ്മ പുത്തനുടുപ്പും മാച്ചിങ്ങ് റിബ്ബൺ വള, മാല എല്ലാം റെഡി യാക്കുന്ന തിരക്കിൽ ആയി . പഠനം ജീവിതവിജയത്തിനുള്ള പ്രധാന ഉപാധിയാണെന്നു കരുതുന്ന മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ അമിതമായി ആവേശം കൊള്ളും . അതിൽ തകർന്നാൽ അവർ ഏറെ നിരാശരാകും. (“അതി സർവത്ര വർജയേൽ” - അതാണ് ശരിയായ വഴി .. വൈകാരിക മായാലും .. ബൗദ്ധിക മായാലും - അതു തന്നെ ശരി )
മറ്റൊരു ഓഫർ കൂടി പരീക്ഷ അധികൃതർ വെച്ചു .സമ്മാനാനാർഹരായവർക്ക് വിവിധ കലാപരിപാടിക ളിൽ പങ്കെടുക്കാം . പപ്പ യ്‌ക്ക് ഉത്സാഹമായി .. പദ്യോച്ചാരണം എന്ന പേരിലാണ് അന്ന് കവിത ചൊല്ലൽ . അത് പല വൃത്തത്തിലുള്ള കവിതകൾ കോർത്തിണക്കിയ ഒരു മാല്യം. ഭംഗിയായി ചൊല്ലണം . എന്നെ കൃഷ്ണഗാഥ മുതൽ തുള്ളൽ പാട്ടിലൂടെ .. ഒടുവിൽ ഒരു ശ്ലോകത്തിൽ അവസാനിപ്പിക്കുന്ന കാവ്യ മാലിക പഠിപ്പിക്കുന്ന തിരക്കിലായി . ഒപ്പം പ്രകട പ്രസംഗം എന്ന കല യും "സംപൂജ്യ സദസ്സിനു സാദരം കൂപ്പുകൈ .. മഹാത്മജി നമ്മുടെ രാഷ്ട്ര പിതാവ് ..." ഇങ്ങിനെ യാണ് അതിന്റെ ഒരു ഇത് . അതിൽ പല സ്ഥലത്തും കയ്യും കലാശവുമൊക്കെ കാണിക്കണം . അതും ഹൃദിസ്ഥമാക്കി . രണ്ടു ഐറ്റവും പഠിച്ചു റെഡി ആയി . പുത്തനുടുപ്പ് ഇട്ട് തിയ്യറ്ററിൽ എത്തി . (വിശിഷ്ടാ തിഥി സമ്മാനം നല്കുന്നതുവരെയെങ്കിലും നീ ഉടുപ്പിൽ ചെളിയാക്കരുതെന്നുള്ള തുടർച്ചയായ ശാസന 'അമ്മ തന്നുകൊണ്ടിരുന്നു, സാധാരണ തുള്ളിച്ചാട്ടം കൂടുതലായ കുട്ടി എന്ന പരാതി എന്നെപറ്റി എല്ലാർക്കും ഉണ്ട് . എന്തും ക്ഷണനേരം കൊണ്ട് തരിപ്പണമാക്കും, അതമ്മയ്ക്കു അറിയാവുന്നത് കൊണ്ട് വല്ല ചെളിയിലും ഉരുണ്ട് വീണ് ഉടുപ്പ് നശിപ്പിച്ചാൽ സ്റ്റേജിൽ കയറുന്നതെങ്ങിനെ )
സമ്മാനം വാങ്ങി .. ഭംഗിയുള്ള ഉടുപ്പിൽ ചുവന്ന റിബ്ബണിൽ തയ്ച്ചു വെച്ച ഓട്ടു മെഡൽ ആണ് മൂന്നാം സ്ഥാനം . അതിഥി എന്റെ ഉടുപ്പിൽ അത് കൊളുത്തി തന്നു . അടുത്തത് കലാ പരിപാടി .ഞാൻ സ്റ്റേജിലെത്തി ... മൈക്കിനു മുന്നിൽ , പെട്ടെന്ന് കണ്ണ് കാണാതായി മൊത്തം ഇരുട്ട് . ഡാൻസ് കളിയ്ക്കാൻ പലപ്പോഴും കയറിയിട്ടുണ്ട് കുഞ്ഞിലേ തന്നെ പക്ഷേ അതൊക്കെ കടുക് പൊട്ടിത്തെറിക്കുന്ന പോലുള്ള കളി . ഇത് മൈക്കിന്റെ മുന്നിലെ കളി .. കണ്ണുകാണാത്ത കളി .. പഠിച്ച തെല്ലാം മറന്നു .. 'പൂക്കുന്നിതാ മുല്ല' പോലും ഞാൻ മറന്നു .. ആ കുട്ടി ആ തിയ്യറ്റർ സ്റ്റേജിൽ കരഞ്ഞു . ആളുകൾ ഒന്നടങ്കം ചിരിച്ചു .. എന്താലേ, പ്രബുദ്ധ ജനം അഞ്ചു വയസ്സുള്ള ഒരു കുട്ടിയെ നോക്കി അവൾ ചെയ്‌ത അപരാധം നോക്കി ചിരിക്കുന്നു . പപ്പ നിരാശ പ്പെട്ടു .. 'അമ്മ നാണം കെട്ടു .. അഥവാ ഞാൻ അവരെ നാണം കെടുത്തി .. തിരിച്ചു വീട്ടിലെത്തി , ശ്മശാന തുല്യം (അവരുടെ നിരാശ എനിക്കിന്ന് മനസ്സിലാകും . ചുറ്റുമുള്ളത് തൃശ്ശൂർ ജില്ലയിലെ അവരുടെ കൂട്ടുകാരായ അധ്യാപകരും മറ്റു രക്ഷാ കർത്താക്കളും, മാത്രമല്ല സമീപ ത്തുള്ള സ്‌കൂളുകളിലെ പല പ്രസംഗ വീരന്മാർക്കും അതെഴുതി കൊടുക്കുന്ന മാസ്റ്ററാണ് പപ്പ!! ) അഞ്ചു വയസ്സ് കാരി നാണിച്ചു താൻ ചെയ്‌ത അപരാധ മോർത്ത് ഏങ്ങി കരഞ്ഞു . പിന്നീടൊരിക്കലും പൊതു സ്ഥലത്ത് അവൾ കവിത ചൊല്ലിയിട്ടില്ല ചൊല്ലാൻ ധൈര്യ പെട്ടിട്ടില്ല . പല യുവജനോത്സവ വേളകളിലും അവൾ സ്റ്റേജിനു ചുറ്റും നിശ്ശബ്ദ മോഹങ്ങളുമായി മണ്ടി നടന്നതോർമ്മയുണ്ട്. കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല .. അത് അതിന്റെ പാട്ടിനു പോകും , കൂട്ടത്തിൽ നമ്മളും .
അങ്ങിനെ ഇരുപത് വ ർഷ ങ്ങ ൾ ക്ക് ശേഷം . അന്നത്തെ അഞ്ചു വയസ്സ് കാരി 25 വയസ്സുകാരിയായി കേരളത്തിന് പുറത്ത് ഒരു സ്ഥലത്ത് താൽക്കാലിക മായി ഒരു ജോലി യുമായി കൂടുന്നു . താമസം മറ്റൊരു മലയാളി പെൺകൊടിക്കൊപ്പം .. ഓണം വന്നു. മലയാളികൾ ഒത്തുകൂടുന്നു .. ആദ്യമായാണത്രെ അവിടെ ഓണം ആഘോഷിക്കാൻ ശ്രമങ്ങൾ തുടങ്ങുന്നത് . ഉത്സാഹികൾ കലാകാരി /കലാകാരന്മാരെ തിരഞ്ഞു തുടങ്ങി എന്റെ റൂം മേറ്റ് ഉത്സാഹികളോട് ഞാൻ രഹസ്യമായി നടത്തിപോന്ന കവിതാലാപനത്തെ പറ്റി പറഞ്ഞു .. ഉത്സാഹ കമ്മിറ്റി എന്നെ വിളിച്ചു
അങ്ങിനെ ഓണാഘോഷത്തിന് ചുള്ളിക്കാടിന്റെ "സന്ദർശനം " ഒരൊറ്റ ചൊല്ലലാണ് ( ഇതിനകം പല കടമ്പകൾ കടന്നത് കൊണ്ട് മൈ ക്ക് കണ്ടാൽ കണ്ണ് കാണാതാവുന്ന അസുഖം അന്ന് ഭേദമായിരുന്നു !) അങ്ങിനെ അന്ന് "സന്ദർശനം" കേട്ടവർ കവിതാലാപന സദസ്സുകളിലേയ്ക്ക് എനിക്ക് സ്ഥിരം ടിക്കറ്റ് നൽകി . ഇന്ന് ചുള്ളിക്കാട് എന്ന ഇഷ്ടകവി "സൗകര്യം ഇല്ല " എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വരികളിലൂടെ ചൊൽക്കവിത അവതരിപ്പിക്കാൻ തുടങ്ങിയ ഒരാൾ എന്ത് പറയണമെന്നറിയാതെ ഒരു ഓണക്കാലത്തെ ഓർത്തെടുക്കുന്നു . അന്നത്തെ ഉത്സാഹ കമ്മിറ്റി നേതാവി നേയും .. എന്നെ കവിത ചൊല്ലാൻ തള്ളിവിട്ട പ്രിയ റൂം മേറ്റിനേയും ഈ ഓണത്തിന് ഹൃദയത്തിൽ ചേർത്തു വെയ്ക്കുന്നു . പിന്നെ എത്രയോ വേദികൾ തുറന്നു കിട്ടി. എനിക്ക് വളർത്തമ്മ പുറംനാടുകൾ തന്നെ . അതിൽ പ്രധാനം അമേരിക്ക തന്നെ യെന്ന് സമർത്ഥിക്കാൻ ഇതുപോലെ കാരണങ്ങൾ ഏറെ യാണ് . പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ഓണാശംസകൾ!