Image

ഉണ്ണികളെ ഒരു കഥ പറയാം പൊന്നോണത്തിന്‍ കഥ പറയാം: രാജു മൈലപ്ര

രാജു മൈലപ്ര Published on 29 August, 2020
ഉണ്ണികളെ ഒരു കഥ പറയാം പൊന്നോണത്തിന്‍ കഥ പറയാം: രാജു മൈലപ്ര
പണ്ട് പണ്ട് മഹാബലി എന്നു പേരുള്ള നല്ലവനായ ഒരു ചക്രവര്‍ത്തി ഈ നാട് ഭരിച്ചിരുന്നു. അടുത്ത കൂട്ടുകാര്‍ അദ്ദേഹത്തെ 'മാവേലി' എന്നാണ് വിളിച്ചിരുന്നത്.

'മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം'
എന്നാണ് ഈ കാലത്തെപ്പറ്റി പാണന്മാര്‍ പാടി നടന്നിട്ടുള്ളത്.

അതായത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അടിപൊളി സെറ്റപ്പ്.

കോഴി കൂവുന്നു- സൂര്യ ഭഗവാന്‍ എഴുന്നെള്ളുന്നു. പൂക്കള്‍ വിരിയുന്നു-മന്ദമാരുതന്‍ വീശുന്നു- ചിത്രശലഭങ്ങള്‍ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി പാറിപ്പറന്നു നടക്കുന്നു.

മലയാളികള്‍ മയക്കത്തില്‍ നിന്നും ഉണരുന്നു. പ്രത്യേകിച്ച് പണിയൊന്നുമില്ല. അതൊക്കെ ബംഗാളില്‍ അഥവാ '്അഥിതിത്തൊഴിലാളികള്‍' ചെയ്തു കൊണ്ടും.

ഭക്ഷണം കഴിക്കുക, ഇഷ്ട വിനോദങ്ങളിലേര്‍പ്പെടുക- ഇതു മാത്രമാണ് പണി.

കളിയും തേവാരവുമൊക്കെ കഴിഞ്ഞാല്‍ പ്രഭാത ഭക്ഷണമായി.

ഇഡലി, ദോശ, പൂരി, മസാലദോശ, സാമ്പര്‍, തേങ്ങാച്ചമ്മന്തി തുടങ്ങിയ വിഭവങ്ങളാണ് ആഢ്യന്മാര്‍ക്ക്- പാലപ്പം, വെള്ളയപ്പം ഇടിയപ്പം, മുട്ടറോസ്റ്റ്, താറാവുകറി തുടങ്ങിയവ അക്കാലത്തെ ആഢ്യന്മാരുടെ ആശ്രിതന്മാരായിരുന്നനസ്രാണികള്‍ക്ക് (അന്ന് പൊറോട്ട കണ്ടു പിടിച്ചിരുന്നില്ല).

'മാനുഷരെല്ലാമൊന്നു പോലെ' എന്നൊരു ഓളത്തിനങ്ങ് പാടിപ്പോകുമെങ്കിലും 'കോരന് അന്നുമിന്നും കഞ്ഞ് കുമ്പിളില്‍ തന്നെ'.

ഉച്ചയ്ക്കാണ് പ്രധാന സദ്യ- ഇലവെട്ടിയൊരു ഇടിവെട്ട് ഊണ്.
 
പരിപ്പ്, പര്‍പ്പിടകം, എരിശ്ശേരി, പുളിശ്ശേരി, പുരട്ടി, പിന്നെ പലതരം വെറൈറ്റി പ്രഥമനും, പായസവും- ഈ ഭൂമി മലയാളത്തിലുള്ള സകല വിഭവങ്ങളും മേലാളന്മാര്‍ക്ക്.

ചില കള്ളുഷാപ്പുകളുടെ മുന്നില്‍ എഴുതി വച്ചിരിക്കുന്നത് പോലെ, കാട, കോഴി, താറാവ്, കാള, പോത്ത്, തവള, ചെമ്മീന്‍, നെയ്മീന്‍, ആവോലി, മത്തി, താറാവ് ഇവയെല്ലാം കൂട്ടിയുള്ള ശാപ്പാട് കീഴാളന്മാര്‍ക്ക്.

അപ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. പണ്ടോരു മൂത്ത കോരന്‍ പറഞ്ഞത് പോലെ 'രാവിലെ കഞ്ഞി, ഉച്ചയ്ക്കും കഞ്ഞിയാ പിന്നെ രാത്രി മാത്രം കഞ്ഞി.'

അന്ന് കള്ള് വാങ്ങിക്കണമെങ്കില്‍ ഇന്നത്തെ പോലെ 'വെബ്-ക്യൂ' ആപ്പൊന്നും വേണ്ടാ; ക്യൂവില്‍ നില്‍ക്കണ്ട. ആന്‍ണി മുഖ്യമന്ത്രി ആകുന്നതിന് മുമ്പേയുള്ള കാലമാണെന്നോര്‍ക്കണം. ആവശ്യത്തിനുള്ള ചാരായം വീട്ടില്‍ തന്നെ വാറ്റിയെടുക്കാം- നോ പ്രോബ്‌ളം. ഇഷ്ടം പോലെ തെങ്ങിന്‍ തോട്ടം തെങ്ങിന്റെ മണ്ടയില്‍ മായം കലരാത്ത മധുരക്കള്ള്. ആനന്ദ ലബ്ദിക്കിനിയെന്ത് വേണം.


ഒരു ഉച്ചമയക്കത്തിന് ശേഷം വിനോദ പരിപാടികളാണ്. ചീട്ടുകളി, നാടന്‍ പന്തുകളി, വടംവലി, കുമ്മിയടി, തിരുവാതിര, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം, എന്റെ പൊന്നോ ഒന്നും പറയണ്ടാ- അതൊക്കെ ഒരു കാലമായിരുന്നു.

അന്ന് സ്വര്‍ണ്ണമില്ല- സ്വപ്‌നയില്ല.
സോളാറില്ല- സരിതയില്ല
സൈനഡില്ല- ജോളിയില്ല
അംബാനിയില്ല- അദാനിയുമുല്ല
ക്വാറിയില്ല- ഉരുള്‍പൊട്ടലില്ല
മലയിടിച്ചിലില്ല- വെള്ളപ്പൊക്കമില്ല
കോണ്‍ഗ്രസില്ല- കമ്മ്യൂണിസ്റ്റില്ല
ഫൊക്കാനയില്ല- ഫോമയുമില്ല,
എപ്പോഴും 'താളമേലം, പാട്ടുകൊട്ടും,നാടിനാഘോഷം'
അങ്ങിനെ കാര്യങ്ങളൊക്കെ നല്ല സ്മൂത്തായിപൊയ്‌ക്കോണ്ടിരുന്നപ്പോഴാണ് ഈ പോക്ക് അത്ര ശരിയല്ല എന്ന് ദേവന്മാര്‍ക്ക് തോന്നിയത്- അവര്ഡ വാമനനെ വിട്ട്, ഒരു ചതിയിലൂടെ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.

ആണ്ടിലൊരിക്കല്‍ വേണമെങ്കില്‍ വന്ന് പ്രജകളെ സന്ദര്‍ശിച്ചു കൊണ്ട് വരുവാനുള്ള ഒരു ഔദാര്യം അനുവദിച്ചുകൊടുത്തു.

മാവേലി ഭരണം കഴിഞ്ഞപ്പോള്‍ മുതല്‍ കേരളത്തിന്റെ ഗതി, അതോഗതിയായി തുടങ്ങി.

ഒരിക്കല്‍ ഒരു പ്രാദേഷിക ആഘോഷം മാത്രമായിരുന്ന ഓണം, ജോലി തെണ്ടിത്തിരിഞ്ഞ് മലയാളികള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമായപ്പോള്‍ ഒരു വിശ്വോത്സവമായി മാറി.

അമേരിക്കയിലെ ഓണക്കാലം കുറഞ്ഞത് ഒരു രണ്ട് മാസക്കാലമെങ്കിലും കാണും. ഫൊക്കാന, ഫോമാ നേതാക്കന്മാര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല അവസരമായിരുന്നു ഇത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഓട്ടത്തോത് ഓട്ടം.

തങ്ങളില്ലെങ്കില്‍ എന്ത് ഓണം? എന്നൊരു ഭാവം.

സിനിമാ താരങ്ഹളുടെ കൊയ്ത്തു കാലമായിരുന്നു. ഇന്ന് തിയേറ്ററുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു. താരങ്ങളെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ. ഇനി അവരുടെ ജാഡാ ആരുടെ അടുത്ത് കാണിക്കുവാന്‍?

എല്ലാം 'കൊറോണ' നശിപ്പിച്ചില്ലേ? നമ്മുടെ വായും, മൂക്കും, എന്തിനേറെ, കണ്ണുവരെ കെട്ടിക്കളഞ്ഞില്ലേ?

ഇപ്പോള്‍ അമേരിക്കയില്‍ സംഘടനകളുടെ തിരഞ്ഞെടുപ്പും മറ്റും ഓണ്‍ലൈന്‍ വഴിയാണല്ലോ? അതിനെ ചുറ്റപ്പറ്റിയുള്ള കോടതി നടപടിയൊക്കെ സൂം വഴി ആയിരിക്കും. ഒരു വെര്‍ച്ച്വല്‍ ഓണ സദ്യയും പ്രതീക്ഷിക്കാം.

കടലാസ്സില്‍ 'പഞ്ചസാര' എന്ന് എഴുതിയിച്ച് നക്കിനോക്കിയാല്‍ നാവില്‍ മധുരം വരുമോ എന്തോ?

പല അമേരിക്കന്‍ മലയാളികളും അവരുടെ പച്ചക്കറിത്തോട്ടഹ്ങളുടെ വീഡിയോയും, ഫോട്ടോസും, ഫെയ്‌സ്ബുക്കിലിട്ടാണ് ഓണം ആഘോഷിക്കുന്നത്. റിട്ടയര്‍മെന്റ് കാലത്ത് ക്യാഷിറക്കിയത് കൊണ്ടായിരിക്കും, പല കായ്ഫലങ്ങളും അത്ര പുഷ്ടി പോരാ ഒരുമാതിരി ചുക്കി ചുളിഞ്ഞിരിക്കുന്നു.

ഇത്തവണ ഞങ്ങളുടെ ഓണം ജന്മനാട്ടിലാണ്. ഒരു അമേരിക്കന്‍ പ്രവാസി മലയാളിയുടെ ഓണ സദ്യയില്‍ പങ്കെടുക്കുവാന്‍ ആരും വലിയ ഉത്സാഹം കാണിക്കുന്നില്ല. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍.

ഏറ്റവും അടുത്ത അയല്‍വാസിയും കൂട്ടുകാരനുമായ അഷാന്‍ പോലും ബ്ലാക്ക് ലേബല്‍, ബ്ലു ലേബല്‍, പൊന്നസി എന്നീ ചൂണ്ടകളിലൊന്നും കൊത്തുന്നില്ല.

എങ്കിലും പുഷ്പ എല്ലാ ചിട്ടവട്ടങ്ങളോടും കൂടിയുള്ള സദ്യ ഒരുക്കുന്നുണ്ട്.

'വരുവാനില്ലാരുമീങ്ങൊരുനാലുമീ വഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ...'

എന്ന പാട്ടും പാടി ഞാന്‍ ഉമ്മറപ്പടിയില്‍ കാത്തിരിക്കുകയാണ്.

ഗ്യാപ്പിട്ട്, സോപ്പിട്ട്, മാസ്‌ക്കിട്ട് ഈ ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.

ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ക്ക് ആനന്ദകരമായ ആരോഗ്യപ്രദമായ ഒരു പൊന്നോണം ആശംസിക്കുന്നു!
Join WhatsApp News
Mathew v. Zacharia, new yorker 2020-08-29 15:55:42
Raju. Description is great. I in New york am trying my best to welcome jesus every moment of my life while many are welcoming Maveli once a year from Sheol. Have a blessed celebration with your loved ones and neighbors in our God's own country .mathew v. Zacharia, new yorker
Astrologer 2020-08-30 04:43:49
Don't worry Mylapra. If Corona willing, we will have two presidents and two conventions for foma and fokana. Foma conventions in Niagra and New Jersey and fokana conventions in Atlantic city and Florida.
കോരസൺ 2020-09-03 00:11:11
സ്വന്തം ഓർമ്മകളുടെ അനുഭവങ്ങളുടെ പൂക്കൾ നിരത്തി പൂക്കളം തീർക്കുന്ന രാജുവിനും പുഷപക്കും ഓണാശംസകൾ. ഇത്തവണ പൂക്കൾക്കൊപ്പം ഒരിറ്റു കണ്ണീർപൂക്കൾകൂടി അറിയാതെ അടുക്കി വെയ്ക്കണം എന്ന് മാത്രമേയുള്ളു. എല്ലാ പ്രകൃതിമാറ്റങ്ങളും ആഘോഷിക്കപ്പെടുകതന്നെ വേണം . കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക